മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനി ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കുന്നതിനു മുമ്പ് എങ്ങനെ നികുതിയടച്ചെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ചോദിച്ച ചോദ്യത്തിനല്ല മറുപടി നല്‍കിയത്. മാപ്പു പറയേണ്ടത് ധനമന്ത്രിയാണ്. ധനവകുപ്പിന്റേത് കാപ്‌സ്യൂള്‍ മാത്രമാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
വീണ വിജയന്‍ ഐജിഎസ്ടി വഴി അടച്ച നികുതി കേരളത്തിന് കിട്ടിയെന്നു മാത്യു കുഴല്‍നാടന് മറുപടി കൊടുത്തെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 2017 ജൂലൈയിലാണ് ജി എസ് ടി നിലവില്‍ വന്നത്. അതിനു മുന്‍പ് സര്‍വ്വീസ് ടാക്‌സ് സെന്‍ട്രല്‍ ടാക്‌സാണ്. മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള ആക്രമണത്തിന്റെ ഭാഗമായാണ് വീണക്കെതിരായ ആരോപണമെന്നും ധനമന്ത്രി പറഞ്ഞു.
കരിമണല്‍ കമ്പനിയില്‍നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ 1.72 കോടി സ്വീകരിച്ചത് മാസപ്പടിയല്ല, സേവനത്തിനുള്ള പ്രതിഫലമാണെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. വീണ നികുതിയടച്ചിട്ടുണ്ടെന്നും ഓരോ ദിവസവും കുഴല്‍നാടന്‍ കള്ളപ്രചരണം നടത്തുകയാണെന്നും ബാലന്‍ കുറ്റപ്പെടുത്തി.
സപ്ലൈകോയിലൂടെ വിതരണം ചെയ്യുന്ന പതിമ്മൂന്നു സബ്‌സിഡി ഇനങ്ങളുടെ വില ഉടന്‍ കൂട്ടണമെന്ന് സപ്ലൈകോ. ഏഴു വര്‍ഷമായി 13 ഇനങ്ങളുടെ വില കൂട്ടിയിട്ടില്ല. ഇതുമൂലം സപ്ലൈകോയ്ക്കു കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും മറികടക്കാന്‍ അടിയന്തരമായി പണം അനുവദിക്കണമെന്നുമാണ് ആവശ്യം.
കുവൈറ്റില്‍നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് അധിക സര്‍വീസ് ഈ മാസം 30 മുതല്‍. ആഴ്ചയില്‍ രണ്ടു ദിവസമാണ് സര്‍വീസ് നടത്തുക.
തിരുവനന്തപുരത്തു പെരുമഴ. നഗരത്തിലടക്കം പലയിടത്തും വെള്ളംകയറി. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്നില്‍ വന്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.
മുണ്ടക്കയം കോരുത്തോട് കുഴിമാവ് സ്വദേശിയായ യുവാവ് തലയ്ക്കടിയേറ്റു മരിച്ച സംഭത്തില്‍ അമ്മ സാവിത്രിയെ (68) പോലീസ് കസ്റ്റഡിയിലെടുത്തു.
പെരുമ്പാവൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗീകാതിക്രമം നടത്തിയ തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി മുഹമ്മദ് അസറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊട്ടാരക്കരയില്‍ മയക്കുമരുന്നു ഗുളികകളുമായി ദമ്പതികള്‍ എക്സൈസിന്റെ പിടിയില്‍. കോക്കാട് ശ്രീശൈലം വീട്ടില്‍ താമസിക്കുന്ന സുധീ ബാബു, ഭാര്യ ജിന്‍സി എന്നിവരാണ് പിടിയിലായത്. ചിരട്ടക്കോണം – കോക്കാട് റോഡില്‍ ബൈക്കില്‍ വന്ന ഇവരില്‍നിന്ന് 47 മയക്കുമരുന്ന് ഗുളികകളും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
മലയാളി വിദ്യാര്‍ത്ഥി യുഎഇയിലെ അജ്മാനില്‍ കെട്ടിടത്തില്‍നിന്നു വീണു മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി റൂബന്‍ പൗലോസ് എന്ന പതിനേഴുകാരനായ സച്ചുവാണ് മരിച്ചത്.
ഇസ്രയേലില്‍നിന്ന് 26 മലയാളികള്‍ അടക്കം 143 ഇന്ത്യക്കാരെ കൂടി ഓപ്പറേഷന്‍ അജയുടെ ഭാഗമായി തിരികെ എത്തിച്ചു.
ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്കു മുന്നിലേക്ക് എസ്എഫ്‌ഐ പ്രതിഷേധം. അനുമതിയില്ലാതെ പ്രതിഷേധിച്ച എസ് എഫ് ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എംബസിക്ക് ചുറ്റുംപൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വീട്ടില്‍ നവമിയോടനുബന്ധിച്ച് ‘കന്യാപൂജ’. 3േ00 ലധികം പെണ്‍കുട്ടികളെ ആരാധിച്ച പൂജയില്‍ ഭാപ്പാല്‍ നോര്‍ത്ത്, ഭോപ്പാല്‍ സെന്‍ട്രല്‍, ഭോപ്പാല്‍ സൗത്ത് വെസ്റ്റ്, നരേല, ഹുജൂര്‍, ഗോവിന്ദ്പുര എന്നിവിടങ്ങളിലെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലെയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്തു.
മഹാരാഷ്ട്രയിലെ പൂനെ നഗരത്തിന്റെ ചില ഭാഗങ്ങളില്‍ റോഡുകളില്‍ ഇസ്രായേല്‍ പതാകയുടെ സ്റ്റിക്കറുകള്‍ ഒട്ടിച്ചതായി കണ്ടെത്തി. പൊലീസ് നിരവധി പേര്‍ക്കെതിരേ കേസെടുത്തു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി മധ്യപ്രദേശിലെ ബിജെപിയില്‍ പ്രതിഷേധവും കലഹവും. മുന്‍ മന്ത്രി രുസ്തം സിംഗ് ബിജെപിയില്‍നിന്ന് രാജിവച്ചു. ജബല്‍പൂരില്‍ മുന്‍ മന്ത്രി ശരദ് ജെയിനിന്റെ അനുയായികള്‍ കേന്ദ്രമന്ത്രിയെ തടഞ്ഞിരുന്നു.
നടി ഗൗതമി ബിജെപിയില്‍നിന്ന് രാജിവച്ചു. തന്റെ പണം തട്ടിയെടുത്ത അഴകപ്പനെ ബിജെപി തമിഴ്‌നാട് ഘടകം പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചാണ് കാല്‍ നൂറ്റാണ്ടുകാലമായി ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗൗതമി രാജിവച്ചത്.
മണിപ്പൂര്‍ കലാപത്തിനിടെ വെടിവച്ച് അഞ്ചു പേരെ കൊന്ന കേസില്‍ യുവമോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്റ് മനോഹര്‍മയും സഹായി ബാരിഷ് ശര്‍മയും അറസ്റ്റില്‍. ഇക്കഴിഞ്ഞ 14 നാണ് വെടിവയ്പുണ്ടായത്.
തെരുവുനായ്ക്കളുടെ കടിയേറ്റ് ചികില്‍സയിലായിരുന്ന വ്യവസായി മരിച്ചു. വാഗ് ബക്രി ടീ ഗ്രൂപ്പ് ഉടമ പരാഗ് ദേശായി എന്ന നാല്‍പത്തൊമ്പതുകാരനാണ് സായാഹ്ന സവാരിക്കിടെ തെരുവുനായ്ക്കളുടെ കടിയറ്റ് മരിച്ചത്.
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയുമൊത്തുള്ള ചിത്രങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ശശി തരൂര്‍ എംപി. തന്റെ സഹോദരി അടക്കം 15 പേരുണ്ടായിരുന്ന പിറന്നാള്‍ ആഘോഷ പരിപാടിയിലെ ദൃശ്യങ്ങളില്‍ കൃത്രിമം കാണിച്ചാണു പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുലിനഖം ലോക്കറ്റാക്കിയ മാല ധരിച്ച് റിയാലിറ്റി ഷോയില്‍ പ്രത്യക്ഷപ്പെട്ട മല്‍സരാര്‍ത്ഥി അറസ്റ്റില്‍. വര്‍ത്തൂര്‍ സന്തോഷ് എന്നയാളാണ് ബിഗ് ബോസ് വേദിയില്‍നിന്ന് പിടിയിലായത്.
കോലാറില്‍ കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. ശ്രീനിവാസ്പുര സ്വദേശി എം ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ശ്രീനിവാസ്പുരയിലെ ഹൊഗലെഗെരെ റോഡില്‍ റോഡ് നിര്‍മാണ ജോലികള്‍ പരിശോധിക്കാനെത്തിയപ്പോള്‍ ആറംഗ സംഘം വെട്ടുകയായിരുന്നു.
മുന്‍ ഇന്ത്യന്‍ ക്യാപറ്റനും സ്പിന്നറുമായ ബിഷന്‍ സിംഗ് ബേദി അന്തരിച്ചു. 77 വയസായിരുന്നു.
സയനൈഡ് കൊണ്ടുള്ള രാസ ബോംബുകള്‍ ഉപയോഗിച്ച് ഹമാസ് ഇസ്രയേലിനെതിരെ ഭീകരാക്രണത്തിന് പദ്ധതിയിട്ടിരുന്നെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്. സയനൈഡ് വിതറി കൂട്ടക്കൊലയ്ക്കുള്ള നിര്‍ദേശങ്ങളടങ്ങിയ യുഎസ്ബി ഡ്രൈവുകള്‍ കൊല്ലപ്പെട്ട ഹമാസ് പ്രവര്‍ത്തകരുടെ മൃതദേഹത്തില്‍നിന്ന് കണ്ടെത്തിയെന്നാണ് ഇസ്രയേലിന്റെ ആരോപണം.
ഇസ്രയേല്‍ ഹമാസ് ഏറ്റുമുട്ടല്‍ വെസ്റ്റ് ബാങ്കിലേക്കും ലെബനോന്‍ അതിര്‍ത്തിയിലേക്കും വ്യാപിച്ചു. ഇറാന്റെ ആയുധ സഹായമുള്ള ഹിസ്ബുല്ല ഗ്രൂപ്പ് ലെബനോന്‍ അതിര്‍ത്തിയില്‍ ഇസ്രയേലിനെതിരേ യുദ്ധത്തിനിറങ്ങി. ഇതേസമയം, വ്യോമാക്രമണത്തിലൂടെ രണ്ട് ഹിസ്ബുല്ല സംഘങ്ങളെ ഇല്ലാതാക്കിയെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.
ഹമാസിനെതിരേ ഇസ്രയേല്‍ അത്യാധുനിക അയണ്‍ സ്റ്റിംഗ് സംവിധാനം ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ദൃശ്യങ്ങള്‍ ഇസ്രായേലി വ്യോമസേന പുറത്തുവിട്ടു. ആദ്യമായാണ് അയണ്‍ സ്റ്റിംഗ് സംവിധാനം യുദ്ധത്തില്‍ ഉപയോഗിക്കുന്നത്.
ബംഗ്ലാദേശില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു. കിഴക്കന്‍ നഗരമായ ഭൈരാബില്‍ ചരക്കു ട്രെയിന്‍ പാസഞ്ചര്‍ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.