night news hd 28

 

നുണ പ്രചാരണങ്ങളിലൂടേയും ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമത്തിലാണു ബിജെപിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ. രാഹുല്‍ഗാന്ധിക്കെതിരേ കേസു കൊടുത്തയാളും തട്ടിപ്പു കേസിലെ പ്രതികളായ ലളിത്, നീരവ് മോദിമാരും ഒബിസിക്കാരല്ല. എന്നാല്‍ ഒബിസിക്കാരെ അധിക്ഷേപിച്ചെന്ന വ്യാജപ്രചാരണമാണ് ബിജെപി നടത്തുന്നത്. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുല്യത നിഷേധിച്ച് രാഷ്ട്രീയ ജനാധിപത്യം തകര്‍ക്കുകയാണെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക പ്രതിസന്ധിമൂലം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണ കുടിശ്ശിക വൈകും. ഇത് സംബന്ധിച്ച് സംസ്ഥാന ധന വകുപ്പ് ഉത്തരവിറക്കി. കുടിശ്ശിക തുകയുടെ ആദ്യ ഗഡു ഏപ്രില്‍ ഒന്നിന് ജീവനക്കാരുടെ പിഎഫ് അക്കൗണ്ടില്‍ ലയിപ്പിക്കുമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

രാഹില്‍ഗാന്ധി വിഷയത്തില്‍ അമേരിക്കയ്ക്കു പുറമേ ജര്‍മനിയും ഇന്ത്യയുടെ ജനാധിപത്യത്തെക്കുറിച്ചു നിരീക്ഷിക്കുകയാണെന്നു പരസ്യമായി പ്രതികരിച്ചതോടെ വിമര്‍ശനവുമായി ബിജെപി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ രാഹുല്‍ഗാന്ധി വിദേശരാജ്യങ്ങളെ ഇടപെടുവിക്കുകയാണെന്നാണ് ബിജെപിയുടെ വിമര്‍ശനം.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തോടെ പ്രതിക്കൂട്ടിലായ സോണ്‍ട കമ്പനിക്കും രാജ് കുമാര്‍ പിള്ളയ്ക്കും എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജര്‍മ്മന്‍കാരന്‍ പാട്രിക്ക് ബൗവര്‍ പരാതി നല്‍കി. ഇന്ത്യയിലെ കമ്പനിയില്‍ നിക്ഷേപിച്ച താന്‍ ചതിക്കപ്പെട്ടെന്നാണ് പരാതി. രാജ്കുമാര്‍ പിള്ള കേരളത്തിലെ രാഷ്ട്രീയ നേതാവിന്റെ കുടുംബാംഗമാണെന്നും പരാതിയില്‍ പറയുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎമ്മുകാരായ മൂന്നു പ്രതികള്‍ വ്യത്യസ്ത അപ്പീലുമായി മേല്‍ക്കോടതിയിലേക്ക്. സിപിഎംതന്നെയാണ് അപ്പീല്‍ നല്‍കുക. പാര്‍ട്ടി പുറത്താക്കിയ സിഒടി നസീര്‍ സ്വന്തം നിലയില്‍ ഹര്‍ജി നല്‍കും. അതേസമയം 107 പ്രതികളെ വെറുതെ വിട്ടതിനെതിരെ പ്രോസിക്യൂഷന്‍ ഉടന്‍ അപ്പീല്‍ നല്‍കണമെന്നു കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. പ്രതികളെ സഹായിക്കാന്‍ കേസ് നടത്തിപ്പില്‍ ഗുരുതരമായ വീഴ്ച ഉണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവനന്തപുരം നന്ദന്‍കോട് പെട്രോള്‍ പമ്പും ഗ്യാസ് ഏജന്‍സിയും തുടങ്ങുമെന്ന് പ്രസിഡന്റ് അനന്തഗോപന്‍. 1,257 കോടി രൂപയാണ് ദേവസ്വം ബോര്‍ഡ് വരുമാനം. 1253 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റിന് അംഗീകാരം നല്‍കി. ശബരിമലയ്ക്കായി 21 കോടി രൂപ നീക്കിവച്ചു. വാരണാസിയിലെ ബോര്‍ഡ് വക സത്രം പുതുക്കി പണിയും.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിതമായ നിരക്കില്‍ ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വിമാന ടിക്കറ്റ് നിരക്കുകള്‍ ഭീമമായി വര്‍ധിച്ചതിനാല്‍ ഏപ്രില്‍ രണ്ടാം ആഴ്ച മുതല്‍ അധിക വിമാനങ്ങളും ചാര്‍ട്ടേഡ് വിമാനങ്ങളും ആരംഭിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

സിഡ്കോ മുന്‍ എംഡി സജി ബഷീറിനെയും കുടുംബത്തെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. സജി ബഷീര്‍, ഭാര്യ അനുഷ, അമ്മ ലിസ എന്നിവരെയാണ് ചോദ്യം ചെയ്തത്. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ കെടിയു വൈസ് ചാന്‍സലറുടെ ചുമതല ഏറ്റെടുത്തതില്‍ ഡോ. സിസ തോമസിന് വിരമിക്കുന്ന നാളെ ഹിയറിങ്. കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍ നടപടികളുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ സിസ തോമസിനോട് ഹാജരാവാന്‍ നിര്‍ദ്ദേശിച്ചത്.

അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയില്‍. സിങ്കു കണ്ടം സിമന്റ് പാലത്തിനടുത്ത് യൂക്കാലി മരങ്ങള്‍ക്കിടയിലാണ് അരിക്കൊമ്പനും അഞ്ച് ആനകളും സംഘമായി എത്തിയത്. കുങ്കിയാനകളെ പാര്‍പ്പിച്ചതിന് 500 മീറ്റര്‍ അകലെയാണ് ആനക്കൂട്ടം്.

ആദിവാസി ഊരിലെ എട്ടു മാസം ഗര്‍ഭിണിയായ പൊന്നമ്മ താമസിക്കുന്നത് മരത്തിന് മുകളിലെ ഏറുമാടത്തില്‍. പത്തനംതിട്ട ളാഹ മഞ്ഞത്തോട് ആദിവാസി ഊരില്‍ വന്യമൃഗ ശല്യംമൂലമാണ് നാല്‍പ്പത് അടി ഉയരത്തിലുള്ള ഏറുമാടത്തില്‍ താമസിക്കുന്നത്. രാജേന്ദ്രന്റെ മക്കളായ രാജമാണിക്യവും രാജമണിയും അമ്മയ്‌ക്കൊപ്പം ഏറുമാടത്തിലാണ് രാത്രിയില്‍ കഴിയുന്നത്.

അരിക്കൊമ്പനെ പിടികൂടുംവരെ സിങ്കുകണ്ടത്ത് രാപകല്‍ സമരം നടത്തുമെന്ന് സമരസമിതി. സിമന്റ് പാലത്തെ സമരം ആറു മണിയോടെ അവസാനിപ്പിക്കും. രാത്രിയില്‍ സിമന്റ് പാലത്തെ റോഡില്‍ കുത്തിയിരിക്കുമെന്ന തീരുമാനം പോലീസ് വിലക്കിയതോടെ സമരസമിതി പിന്‍വലിച്ചു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം. 765 പേര്‍ക്ക് രോഗം ബാധിച്ചു. ഒരു മാസത്തിനിടെ 20 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

തൈര് പാക്കറ്റുകളില്‍ ഹിന്ദി വാക്കായ ദഹിയെന്ന് എഴുതണമെന്ന ഉത്തരവ് ഭക്ഷ്യസുരക്ഷാ അതോറിറ്റി തിരുത്തി. തൈരിന്റെ പ്രാദേശിക പദത്തിന് പകരം ‘ദഹി’ എന്ന ഹിന്ദി വാക്ക് ചേര്‍ക്കണമെന്ന ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ തീരുമാനമാണ് തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളുടെ പ്രതിഷേധംമൂലെ പിന്‍വലിച്ചത്.

നെടുമ്പാശേരി വിമാന താവളത്തില്‍ 49 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. അബുദാബിയില്‍ നിന്ന് മലദ്വാരത്തിനകത്ത് നാലു ഗുളികകളാക്കി സ്വര്‍ണം കടത്തുകയായിരുന്ന തൃശൂര്‍ സ്വദേശി സംഗീത് മുഹമ്മദ് പിടിയിലായി.

തിരുവനന്തപുരം അരുവിക്കരയില്‍ ഭര്‍ത്താവിന്റെ വേട്ടേറ്റ ഭാര്യയും മരിച്ചു. ചികിത്സയിലായിരുന്ന മുംതാസാണ് മരിച്ചത്. വെട്ടിയശേഷം ആത്മഹത്യക്കു ശ്രമിച്ച അലി അക്ബര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വെട്ടേറ്റ ഭാര്യമാതാവ് സഹീറ നേരത്തെ മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലെ സൂപ്രണ്ടായ അക്ബര്‍ വിരമിക്കുന്നതിനു തലേന്നാണ് അതിക്രമം നടത്തിയത്. ഭാര്യ മുംതാസ് ഹയര്‍ സെക്കന്‍ഡറി അധ്യാപികയാണ്.

കാര്‍ നിയന്ത്രണം വിട്ട് പെരിയാര്‍വാലി കനാലിലേക്ക് മറിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു. പട്ടിമറ്റം സ്വദേശിയായ ചക്കരകാട്ടില്‍ അബദുള്‍ അസീസാണ് (73) മരിച്ചത്.

പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കൊന്നക്കല്‍ കടവ് കോഴിക്കാട്ട് വീട്ടില്‍ പാറുക്കുട്ടിയാണ് (75) മരിച്ചത്. ഭര്‍ത്താവ് നാരായണന്‍ കുട്ടി പോലീസില്‍ കീഴടങ്ങി.

നിര്‍മാണം പുരോഗമിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുമണിക്കൂറിലേറെ അദ്ദേഹം തൊഴിലാളികള്‍ക്കൊപ്പം സമയം ചെലവഴിച്ചു. നേരത്തെ സെന്‍ട്രല്‍ വിസ്ത നിര്‍മാണവും പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു.

മധ്യപ്രദേശില്‍ രാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിലെ കിണറിടിഞ്ഞുവീണ് നിരവധി പേര്‍ക്കു പരിക്ക്. ഇന്‍ഡോറിലെ ബെലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. അപ്രതീക്ഷിത അപകടത്തില്‍ 25 ഓളം പേരാണ് കിണറില്‍ കുടുങ്ങിയത്.

ത്രിപുര നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ. ബാഗ്ബസ മണ്ഡലത്തിലെ ജനപ്രതിനിധിയായ ജാദവ് ലാല്‍ നാഥ് പോണ്‍ കാണുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്.

കോഴി മൃഗമാണോ പക്ഷിയാണോയെന്നു ഗുജറാത്ത് ഹൈക്കോടതിയില്‍ തര്‍ക്കം. മൃഗങ്ങളെ കൊല്ലേണ്ടത് അറവുശാലകളില്‍ വെച്ചാണെന്നും കടകളില്‍ വെച്ചല്ലെന്നും ഉന്നയിച്ചാണ് അനിമല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനും അഹിംസ മഹാസംഘവും കോടതിയെ സമീപിച്ചത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *