കടല്‍ കടക്കാന്‍ ഒരുങ്ങി ഗോലി സോഡ. പുതിയ ഫ്ളേവറുകളില്‍ മനോഹരമായ ബ്രാന്‍ഡിങ്ങില്‍ യുഎസ്, യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഗോലി സോഡ റീ ബ്രാന്‍ഡിങ്ങ് ചെയ്യപ്പെടുന്നത്. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സംസ്‌കരിച്ച കാര്‍ഷിക ഭക്ഷ്യ ഉല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റിയാണ് ഗോലി സോഡയുടെ റീബ്രാന്‍ഡിങ്ങിന് പിന്നില്‍. ‘പഴയ കുപ്പിയില്‍ പുതിയ പാനീയം’ എന്ന നിലയിലാണ് സിഗ്നേച്ചര്‍ പോപ്പ് ഓപ്പണര്‍ നിലനിര്‍ത്തിക്കൊണ്ട് വ്യത്യസ്ത തരം ഫ്ളേവറുകളില്‍ സോഡ വിദേശ വിപണികളിലേക്ക് എത്തുന്നത്. പേരിലും ചെറിയൊരു പരിഷ്‌കാരം പുതിയ ദൗത്യത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. ഗോലി സോഡ എന്നതിന് പകരം ഗോലി പോപ് സോഡ എന്നാണ് പുതിയ പേര്. ഗള്‍ഫിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലകളിലൊന്നായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇതിനോടകം ഗോലി പോപ് സോഡ ഇടം പിടിച്ചുകഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം പറയാനുണ്ട് ഗോലി സോഡകള്‍ക്ക്. കാര്‍ബണേഷന്‍ പ്രക്രിയയിലൂടെ തയ്യാറാക്കുന്ന പാനീയം പ്രത്യേകം രൂപകല്‍പന ചെയ്തതും കഴുത്തില്‍ ഗോലിയുള്ളതുമായ കുപ്പിയില്‍ ഉപഭോക്താക്കളിലേക്ക് എത്തുകയും ചെയ്തതോടെയാണ് ഗോലി സോഡ ജനപ്രിയമായത്.