പിറന്നാള്‍ ദിനത്തില്‍ നയന്‍താരയ്ക്ക് 9.5 കോടി രൂപയുടെ റോള്‍സ് റോയ്‌സ് സമ്മാനിച്ച് വിഘ്‌നേഷ് ശിവന്‍. റോള്‍സ് റോയ്‌സിന്റെ ഇലക്ട്രിക് കാര്‍ സ്‌പെക്ടറിന്റെ ബ്ലാക് ബാഡ്ജ് എഡിഷനാണ് സമ്മാനം. പുതിയ വാഹനത്തിനൊപ്പം നയന്‍താരയും മക്കളായ ഉയിരും ഉലകും വിഘ്‌നേഷും നില്‍ക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയിലാണ് റോള്‍സ് റോയ്‌സ്, സ്‌പെക്ടര്‍ ബ്ലാക് ബാഡ്ജിനെ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. ആഡംബര സൗകര്യങ്ങളില്‍ മറ്റൊരു വാഹനത്തോടും താരതമ്യം പോലും അസാധ്യമായ സ്‌പെക്ടറില്‍ 102 കിലോവാട്ട്അവര്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ബാറ്ററിക്ക് മാറ്റങ്ങളൊന്നുമില്ലെങ്കിലും സ്‌പെക്ടര്‍ ബ്ലാക് ബാഡ്ജിന് കരുത്തു കുടുതലുണ്ട്. 530 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന സ്‌പെക്ടറിന്റെ കരുത്ത് 585 എച്ച്പിയും ടോര്‍ക്ക് 900 എന്‍എമ്മുമാണെങ്കില്‍. സ്‌പെക്ടര്‍ ബ്ലാക് ബാഡ്ജിന് 659 ബിഎച്ച്പി കരുത്തും 1075 എന്‍എം ടോര്‍ക്കുമുണ്ട്. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് സ്പെക്ടറില്‍. 2890 കിലോഗ്രാം ഭാരമുള്ള ഈ കാറിന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 4.5 സെക്കന്‍ഡ് മതി. 195 കിലോവാട്ട് ഡിസി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ വെറും 34 മിനിറ്റില്‍ 10 ല്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
9.5 കോടിയുടെ റോള്‍സ് റോയ്‌സ് നയന്‍താരയ്ക്ക് സമ്മാനം
