സമാധാന നൊബേൽ ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ നര്‍ഗീസ് മുഹമ്മദിയെ ഇറാൻ വീണ്ടും അറസ്റ്റ് ചെയ്തു. നടപടിയെ അപലപിച്ച സമാധാന നൊബേൽ സമിതി ഉപാധികളില്ലാതെ നര്‍ഗീസ് മുഹമ്മദിയെ വിട്ടയക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2021 മുതൽ ജയിലിൽ കഴിഞ്ഞിരുന്ന 53കാരിയായ നര്‍ഗീസ് മുഹമ്മദിയെ കഴിഞ്ഞ ഡിസംബറിൽ ആരോഗ്യം മോശമായതോടെയായിരുന്നു മോചിപ്പിച്ചത് . കഴിഞ്ഞയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ ഖോസ്‌റോ അലികൊര്‍ദി എന്ന അഭിഭാഷകന്റെ അനുസ്മരണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അറസ്റ്റ്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന അലി കൊര്‍ദിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് സര്‍ക്കാര്‍ നടത്തിയ കൊലപാതകമാണെന്നും അനുസ്മരണത്തില്‍ പങ്കെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. അലികൊര്‍ദി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് ഇറാൻ വിശദമാക്കുന്നത്. ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കും വനിതകൾക്കെതിരായ അടിച്ചമർത്തലുകൾക്കുമെതിരെയുള്ള പ്രവർത്തനങ്ങൾക്കാണ് 2023ൽ നര്‍ഗീസ് മുഹമ്മദിയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്.
നര്‍ഗീസ് മുഹമ്മദിയെ ഇറാൻ വീണ്ടും അറസ്റ്റ് ചെയ്തു
