തെലുങ്ക് സൂപ്പര്‍താരം നാനി നായകനായ ‘ഹിറ്റ് 3’ മെഗാ ബ്ലോക്ക്ബസ്റ്റര്‍ കുതിപ്പ് തുടരുകയാണ്. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തില്‍ എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 101 കോടി പിന്നിട്ടു. ആദ്യ വീക്കെന്‍ഡില്‍ നിന്ന് തന്നെ നൂറു കോടി ക്ലബിലെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ നാനി ചിത്രം. ആദ്യ ദിനം 43 കോടി നേടിയ ചിത്രം രണ്ടാം ദിനം 19 കോടിയും മൂന്നാം ദിനം 20 കോടിയുമാണ് നേടിയത്. നാലാം ദിനത്തിലും 19 കോടി ഗ്രോസ് കളക്ഷന്‍ നേടിയാണ് ചിത്രം 101 കോടിയിലെത്തിയത്. കേരളത്തിലും മികച്ച പ്രതികരണവും കളക്ഷനുമാണ് ചിത്രം നേടുന്നത്. ഇതോടെ നൂറു കോടി ക്ലബ്ബിലേക്ക് എത്തിയ നാനിയുടെ മൂന്നാമത്തെ ചിത്രമായി ഹിറ്റ് 3 മാറി. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന നാനി ചിത്രം കൂടിയാണിത്. വിദേശത്തു നിന്ന് രണ്ട് മില്യണ്‍ ഡോളര്‍ ആണ് ചിത്രം നേടിയ ഗ്രോസ്. രണ്ട് മില്യണ്‍ ഗ്രോസ് നേടുന്ന മൂന്നാമത്തെ നാനി ചിത്രമാണ് ഹിറ്റ് 3. ആദ്യ വീക്കെന്‍ഡ് കൊണ്ട് തന്നെ ചിത്രം മുടക്കു മുതല്‍ തിരിച്ചു പിടിച്ചു കഴിഞ്ഞു. വമ്പന്‍ ലാഭമാണ് ചിത്രത്തിന് എല്ലാ മാര്‍ക്കറ്റില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
കുതിപ്പ് തുടര്‍ന്ന് നാനി നായകനായ ‘ഹിറ്റ് 3’
