Your paragraph text 17

സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പ്രകാരം യുഡിഎഫിന് മുന്നേറ്റം. ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം 18 വാര്‍ഡുകളിലാണ് യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്.
‎
‎38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 22 സിറ്റിംഗ് സീറ്റുമായി പോരാട്ടത്തിനിറങ്ങിയ യു ഡി എഫിന് 3 സീറ്റുകൾ നഷ്ടപ്പെട്ടു. നിലവിൽ 19 സീറ്റുകളിലാണ് വിജയിക്കുകയോ മുന്നിട്ട് നിൽക്കുകയോ ചെയ്യുന്നത്. 15 സീറ്റിൽ നിന്ന് എൽ ഡി എഫ് 18 ലേക്ക് ഉയർന്നപ്പോൾ ഒരു സീറ്റ് ട്വന്‍റി 20 ക്കാണ് ലഭിച്ചത്.

‎തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിലെ രമ്യ ഹരിദാസ് എം എൽ എയടക്കം വിവാദത്തിലായ തമ്മിലടിയും കയ്യാങ്കളിയും കാരണം രണ്ട് പ്രധാന സീറ്റുകളാണ് യു ഡി എഫിന് നഷ്ടമായത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മംഗലപുരം മുണ്ടയ്ക്കൽ വാർഡ് 139 വോട്ടിനും അഞ്ചുതെങ്ങ് ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് വാർഡും എൽ ഡി എഫ് പിടിച്ചെടുത്തു.
‎
‎ചിറയിൻകീഴ് നേരിട്ട തിരിച്ചടിയിൽ‌ രമ്യ ഹരിദാസ് എംഎൽഎയെ കുറ്റപ്പെടുത്തി എസ് സജാദ്. തോൽവിക്ക് ഉത്തരവാദി രമ്യയാണെന്നും എംഎൽഎയുടെ ഇടപെടൽ തോൽവിക്ക് കാരണമായെന്നും സജാദ് ആരോപിച്ചു.
‎
‎ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളം ജില്ലയിൽ എല്ലാവരും സിറ്റിംഗ് സീറ്റുകൾ നിലനിർത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ധര്‍മടം മണ്ഡലത്തിലെ പെരളശ്ശേരിയിലെ ബാവോട് ഈസ്റ്റ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കോഴിക്കോട് കോര്‍പറേഷന്‍ കുറ്റിച്ചിറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിന്റെ ഫര്‍സീന അറയ്ക്കല്‍ 436 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

‎ഡിഎച്ച്എസിന്റെ വിവാദ ശബ്ദ സന്ദേശത്തിൽ മാധ്യമങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് ഡിഎംഒമാരോടൊ ഡിഎച്ച്എസിനോടോ ചോദിക്കാമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. മരുന്ന് ക്ഷാമം ഇല്ല എന്നാൽ ചില മരുന്നുകളിൽ കുറവുണ്ട് എന്നതാണ് വസ്തുതയെന്നും മന്ത്രി പറഞ്ഞു.
‎
‎വേണ്ടി വന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കുമെന്ന് യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ. യൂത്ത് കോൺഗ്രസ് ദേശീയ വ്യാപകമായി പ്രഖ്യാപിച്ച സമരത്തിന്‍റെ ഭാഗമായാണ് അമിത് ഷായെ കരിങ്കൊടി കാണിച്ചത്. എന്തിനാണ് സംസ്ഥാന മന്ത്രിമാർക്കെതിരായ കരിങ്കൊടി പ്രതിഷേധമെന്ന് യുവമോർച്ചയ്ക്ക് പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‎
‎മുഖ്യമന്ത്രി വി ഡി സതീശനെ പൊതുചടങ്ങിൽ അപമാനിച്ച് പ്രസംഗിച്ചതുമായി ബന്ധപ്പെട്ട കേസിൽ ആന്‍റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകും. ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും എത്താതിരുന്നതിനാലാണ് നടപടി.
‎
‎നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ചേരുന്ന സി പി എം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ യോഗത്തിൽ കടുത്ത വിമർശനം ഉയർന്നു. പാർട്ടിയിൽ നിന്നും അകൽച്ചയിലുള്ളവരെയും അതൃപ്തിയുള്ളവരെയും ചേർത്തുനിർത്തി മുന്നോട്ട് പോകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
‎
‎നിലമ്പൂർ വനമേഖലയിലെ മുത്തപ്പൻകുന്ന് ഭാഗത്ത് കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന ഏകദേശം 7.5 ഹെക്ടറോളം വനഭൂമിയിൽ നിന്ന് തേക്കും ഈട്ടിയും ഇരുളും അടക്കം ഇരുപതോളം വിലപിടിപ്പുള്ള മരങ്ങൾ വെട്ടിക്കടത്തിയതായി കണ്ടെത്തി.
‎
‎തൊടുപുഴയിൽ വിദ്യാർഥിയുടെ ജനനേന്ദ്രിയം തകർത്ത കേസിൽ വിദ്യാഭ്യാസ സ്ഥാപനം വാഗ്ദാനം ചെയ്ത നഷ്ട പരിഹാരം ഇതുവരെ കിട്ടിയില്ലെന്ന് പരാതി. തൊടുപുഴയിലെ ഗ്രാൻഡിസ് ടെക്നോളജി എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളിൽ ചിലർ ലഹരി ഉപയോഗിക്കുന്ന വിവരം അധ്യാപകരെ അറിയിച്ചതിന് പ്രതികാരമായിട്ടാണ് അണക്കര സ്വദേശിയായ വിദ്യാർഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചത്

‎കണ്ണൂർ ആറളത്തെ മോഴയാനയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു. ആനയെ ലൊക്കേറ്റ് ചെയ്യാനാണ് ശ്രമം. ജനവാസമേഖലയിൽ എത്തിയാൽ മയക്കുവെടി വച്ച് പിടികൂടും. ദൗത്യത്തിനായി രണ്ട് കുങ്കി ആനകളും ആനിമൽ ആംബുലൻസും തയ്യാറായി നിൽക്കുകയാണ്.
‎
‎രാജധാനി എക്സ്പ്രസിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ മദ്യപിച്ചെത്തിയ സൈനികർ ശല്യം ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ സൈനികർക്കെതിരെ കണ്ണൂർ റെയിൽവേ പൊലീസ് കേസെടുത്തു. കണ്ണൂർ സ്വദേശികളായ മിഥുൻ,പ്രതീഷ് കുമാർ, തിരുവനന്തപുരം സ്വദേശി വിഷ്ണു, മുക്കം സ്വദേശി ബോണി എന്നിവർക്കെതിരെയാണ് കേസ്.
‎
‎പാലക്കാട് അകത്തേത്തറയിലെ റെയിൽവേ മേൽപ്പാലത്തെ ചൊല്ലി തർക്കം. സംസ്ഥാനത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആദ്യത്തെ റെയിൽവേ മേൽപ്പാലമാണ് പാലക്കാട് അകത്തേത്തറയിലെ പാലം. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന പദ്ധതിയുടെ ക്രെഡിറ്റ് അടിക്കാൻ പുതിയ സർക്കാരും കേന്ദ്രവും ശ്രമിക്കുന്നുവെന്നാണ് സ്ഥലം എംഎൽഎയുടെ ആക്ഷേപം.
‎
‎പോക്സോ കേസിലെ അതിജീവിതകളായ 16 വയസ്സുള്ള രണ്ട് പെൺകുട്ടികളെ പാലക്കാട് സംരക്ഷണകേന്ദ്രത്തിൽ നിന്ന് കാണാതായി. സർക്കാരിൻ്റെ മേൽനോട്ടത്തിൽ സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സംരക്ഷണകേന്ദ്രത്തിൽ നിന്നാണ് കുട്ടികളെ കാണാതായത്.
‎
‎
‎
‎ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മഴക്കെടുതിയിൽ ഇതുവരെ 62 പേർ മരിച്ചതായി സർക്കാർ വ്യക്തമാക്കുന്നു. മൂന്നുദിവസമായി പെയ്ത കനത്ത മഴയിൽ 46 ഓളം പേർക്ക് പരിക്ക് പറ്റി. ആയിരത്തിലധികം വീടുകൾക്ക് കേടുപാട് സംഭവിച്ചു. സ്കൂളുകൾക്കും മറ്റും അവധി തുടരുകയാണ്.
‎
‎തമിഴ്നാട്ടിൽ വീണ്ടും വിവാദത്തിലായി പ്രതിപക്ഷ നേതാവ് ഉദയിനിധി സ്റ്റാലിന്റെ പ്രസംഗം. ധരാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി വിജയ്ക്കെതിരേ ഉദയിനിധി നടത്തിയ ‘മൂഡ്’ പരാമർശമാണ് വിവാദത്തിലായിരിക്കുന്നത്.
‎
‎മധ്യപ്രദേശിലെ ഉജ്ജയിനിയിൽ ഷാഹി മസ്ജിദിന്റെ ഭാഗം പൊളിച്ച് നീക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ 15 പേര്‍ അറസ്റ്റിൽ. മസ്ജിദ് പൂർണമായി പൊളിച്ചെന്ന എഐ വീഡിയോകൾ പ്രചരിച്ചു. ഈ എഐ വീഡിയോകളുടെ ഉറവിടം അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
‎
‎
‎ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കാക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. ഗ്യാനേഷ് കുമാറിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടേക്കും. ഗോവയിലേതടക്കം എസ്ഐആർ അട്ടിമറിക്കാൻ ശ്രമിച്ചത് ചൂണ്ടിക്കാട്ടാൻ കോൺഗ്രസ് പ്രവർത്തക സമിതിയിൽ അഭിപ്രായം ഉയർന്നതായാണ് വിവരം.
‎
‎രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച് ഉത്തർപ്രദേശിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ മിത്തൽ. സിവിൽ സർവീസിൽനിന്ന് രാജിവെച്ചതിന് പിന്നാലെയാണ് ഇനി മുതൽ രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുമെന്ന് ദിവ്യ മിത്തൽ വ്യക്തമാക്കിയത്.
‎
‎കർണാടകത്തിൽ ഭാരത് ജോഡോ -2 പദയാത്ര നടത്താൻ കോൺഗ്രസ്. 2023ൽ കോൺഗ്രസിന് നഷ്ടപ്പെട്ട 84 നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പദയാത്രയ്ക്ക് സെപ്റ്റംബർ 30ന് തുടക്കമാകും.
‎
‎ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യാനും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും ശ്രമിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.
‎
‎ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയതായി നിർമിച്ച നാലാം നമ്പർ ടെർമിനലിന്റെ ആദ്യഘട്ട പ്രവർത്തനം ആരംഭിച്ചു. ഇതോടെ കേരളത്തിലേക്കുള്ളവ ഉൾപ്പെടെയുള്ള വിവിധ വിമാന സർവീസുകൾ ഇനി മുതൽ ഇവിടെ നിന്നായിരിക്കും പ്രവർത്തിക്കുക.
‎
‎സാമ്പത്തിക നഷ്ടത്തില്‍ പറക്കുന്ന എയര്‍ ഇന്ത്യയെ കരകയറ്റാന്‍ പദ്ധതികളുമായി പുതിയ സിഇഒ ടെവോള്‍ഡെ ഗെബ്രമറിയം. വിമാനക്കമ്പനിയുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനും ചെലവ് ചുരുക്കാനും മികച്ച ആശയങ്ങള്‍ നല്‍കുന്ന ജീവനക്കാര്‍ക്ക് പാരിതോഷികം നല്‍കാനാണ് പുതിയ സിഇഒയുടെ തീരുമാനം.
‎
‎രാമനെയും ശിവനെയും താരതമ്യം ചെയ്തുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനെതിരെ ബിജെപി. രാമൻ സമ്പന്നരുടെ ദൈവമാണെന്നും ശിവൻ ദരിദ്രരുടേതാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ ആണ് ബിജെപി രംഗത്തെത്തിയത്.
‎
‎എൻസിപി ലയന അഭ്യൂഹം തള്ളി ശരദ് പവാർ. എൻസിപി ആരുമായും ലയിക്കാനില്ലെന്നും ലയിക്കാൻ താത്പര്യമുള്ളവർ ഇങ്ങോട്ട് വരട്ടെയെന്നും എൻസിപി ശരദ് പവാർ (എസ്പി) വിഭാഗം അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു.
‎
‎യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ പുതിയ പരിശീലകൻ സിനദിൻ സിദാന്‍റെ കീഴിൽ ഫ്രാൻസിന് തുടർച്ചയായ രണ്ടാം വിജയം. ബ്രസെൽസിൽ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാൻസ് ബെൽജിയത്തെ പരാജയപ്പെടുത്തിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *