അജയ് ദേവ്ഗണ്‍ നായകനാകുന്ന ‘ദൃശ്യം: ദ കണ്‍ക്ലൂഷന്‍’ ഒക്ടോബര്‍ 2ന് തിയേറ്ററുകളിലെത്തുമ്പോള്‍ കഴിക്കാന്‍ സൗജന്യമായി പാവ് ഭാജിയും. ചിത്രത്തിലെ പ്രധാന കഥാപാത്രമായ വിജയ് സാല്‍ഗോങ്കറും കുടുംബവും ഒക്ടോബര്‍ 2ന് പനാജിയില്‍ പോയി സ്വാമി ചിന്മയാനന്ദന്റെ സത്സംഗത്തില്‍ പങ്കെടുത്തെന്നും പാവ് ഭാജി കഴിച്ചെന്നുമാണ് പോലീസിനോട് പറയുന്നത്. ഇതിനെ അനുസ്മരിപ്പിക്കും വിധം പിവിആര്‍ ഐനോക്‌സില്‍ കുറഞ്ഞത് നാല് ടിക്കറ്റുകളെങ്കിലും ആദ്യം ബുക്ക് ചെയ്യുന്ന 500 പേര്‍ക്ക് സൗജന്യമായി പാവ് ഭാജി ലഭിക്കും. മുംബൈ, ഡല്‍ഹി-എന്‍സിആര്‍, ഗുരുഗ്രാം എന്നീ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പിവിആര്‍ ഐനോക്‌സ് തിയേറ്ററുകളില്‍ ഒക്ടോബര്‍ 2ന് മാത്രമായിരിക്കും ഈ കൂപ്പണ്‍ മാറി പാവ് ഭാജി വാങ്ങാന്‍ സാധിക്കുക. അഭിഷേക് പഥക് ഒരുക്കുന്ന ചിത്രത്തില്‍ ജയ്ദീപ് അഹ്ലാവത്ത്, പ്രകാശ് രാജ്, തബു, ശ്രിയ ശരണ്‍, രജത് കപൂര്‍ എന്നിവരുമെത്തുന്നു.
