സംസ്ഥാനത്ത് 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി. 22 സിറ്റിംഗ് സീറ്റില്‍ യു ഡി എഫിന് മൂന്നെണ്ണം നഷ്ടപ്പെട്ടു. യുഡിഎഫ് 19 സീറ്റു നേടി. 15 സീറ്റില്‍ നിന്ന് എല്‍ ഡി എഫ് 18 ലേക്ക് നില മെച്ചപ്പെടുത്തി. ഒരു സീറ്റ് ട്വന്റി 20 ക്കാണ് ലഭിച്ചത്. കണ്ണൂര്‍, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ എല്‍ഡിഎഫും ഇടുക്കി, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ യുഡിഎഫും നേട്ടമുണ്ടാക്കി.
ചിറയന്‍കീഴ് എം.എല്‍.എ. രമ്യ ഹരിദാസ് ഉള്‍പ്പെട്ട കയ്യാങ്കളി കേസ് തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടിയായി. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായിരുന്ന ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് വാര്‍ഡില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എസ് ബിജിമോള്‍ 359 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മംഗലപുരം മുണ്ടയ്ക്കല്‍ വാര്‍ഡ് 139 വോട്ടിനും അഞ്ചുതെങ്ങ് ഡിവിഷന്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡും എല്‍ ഡി എഫ് പിടിച്ചെടുത്തു. ഇതോടെ മംഗലപുരം പഞ്ചായത്തില്‍ എല്‍ ഡി എഫിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമായി.
ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളം ജില്ലയില്‍ എല്ലാവരും സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ധര്‍മടം മണ്ഡലത്തിലെ പെരളശ്ശേരിയിലെ ബാവോട് ഈസ്റ്റ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കോഴിക്കോട് കോര്‍പറേഷന്‍ കുറ്റിച്ചിറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിന്റെ ഫര്‍സീന അറയ്ക്കല്‍ 436 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെടുന്ന ഹര്‍ജി അടുത്തയാഴ്ച വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി. അഭിഭാഷകനായ ശൈലേഷ് മണി ത്രിപാഠിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റൊരു ഹര്‍ജിയും സുപ്രീം കാടതിയിലെത്തി. അതിനിടെ, എസ്‌ഐആആറില്‍ സംസ്ഥാന റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എസ് ചോക്കലിംഗം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
മരുന്നില്ലെന്നും അത്യാവശ്യ ഇനങ്ങള്‍ പ്രാദേശികമായി വാങ്ങണമെന്നും നിര്‍ദേശിച്ചുകൊണ്ട് ആരോഗ്യ വകുപ്പു ഡയറക്ടറുടെ വാട്സ്ആപ് ശബ്ദസന്ദേശം വിവാദമായതോടെ പിന്‍വലിച്ചു. പിന്‍വലിക്കേണ്ടതില്ലായിരുന്നെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. മരുന്നു ക്ഷാമമില്ലെന്നും 18 ഇനം മരുന്നുകള്‍ കുറവുണ്ടെന്നുമാണു മന്ത്രിയുടെ വിശദീകരണം. ഒരാഴ്ചക്കുള്ളില്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
മാസപ്പടി, ഹവാല കേസില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, മുന്‍ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഇ ഡി ശുപാര്‍ശ.
വന്യജീവി ആക്രമണങ്ങള്‍ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങള്‍ തേടി കര്‍ഷകരും വിദഗ്ധരും ജനപ്രതിനിധികളും പങ്കെടുക്കുന്ന സംസ്ഥാനതല കോണ്‍ക്ലേവ് തിരുവമ്പാടിയില്‍ ആരംഭിച്ചു. വനം – കൃഷി വകുപ്പുകളുടെ നേതൃത്വത്തിലാണ് പരിപാടി. മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ടി സിദ്ദിഖ്, എം പിമാരായ പ്രിയങ്ക ഗാന്ധി, ഷാഫി പറമ്പില്‍, എം കെ രാഘവന്‍ തുടങ്ങിയവരും ഉദ്യോഗസ്ഥരും വിദഗ്ധരും കര്‍ഷകരും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്.
മുഖ്യമന്ത്രി വി ഡി സതീശനെ അധിക്ഷേപിച്ചെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നല്‍കാന്‍ പൊലീസ്. ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെടും. ഇന്നലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും എത്താതിരുന്നതിനാലാണ് നടപടി.
വേണ്ടി വന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയില്‍. കഴിഞ്ഞ 10 വര്‍ഷക്കാലം പിണറായി സര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരെയും യുവമോര്‍ച്ച കരിങ്കൊടി കാണിച്ചിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് ദേശീയ വ്യാപകമായി പ്രഖ്യാപിച്ച സമരത്തിന്റെ ഭാഗമായാണ് അമിത് ഷായെ കരിങ്കൊടി കാണിച്ചത്. സംസ്ഥാന മന്ത്രിമാര്‍ക്കെതിരേ എന്തിനാണ് കരിങ്കൊടി കാണിച്ചതെന്ന് യുവമോര്‍ച്ചയ്ക്കു പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നു പൊലീസ്. എന്നാല്‍, സംസ്ഥാനത്തെ എല്ലാ മന്ത്രിമാരെയും യുവമോര്‍ച്ച നിരന്തരം തടയുമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു.
ഏഷ്യന്‍ ഗെയിംസില്‍ രണ്ട് വെള്ളി മെഡലുകള്‍ നേടി ചരിത്രം കുറിച്ച ഷൂട്ടിങ് താരം വിദര്‍ശ കെ. വിനോദിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. താരത്തിന് അനുയോജ്യമായ സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള കായിക മന്ത്രി ഒ.ജെ. ജനീഷ് മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു.
മട്ടന്നൂരിലെ ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ആകാശ് തില്ലങ്കേരി അടക്കം മൂന്ന് പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. തലശ്ശേരി മൂന്നാം അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നീതിപൂര്‍വം നടക്കില്ലെന്നായിരുന്നു പ്രതികളുടെ വാദം. എന്നാല്‍ ജഡ്ജിക്ക് എതിരായ ആരോപണം നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ രണ്ടു പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ജിത ഭാസ്‌കര്‍, ശ്രീലത എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് തള്ളിയത്. ഒന്നാം പ്രതിയും ബാങ്കിന്റെ മുന്‍ മാനേജരുമായ ബിജുവിന്റെ ഭാര്യയാണ് ജിതാ ഭാസ്‌കര്‍. കേസിലെ മൂന്നാം പ്രതിയും സീനിയര്‍ അക്കൗണ്ടന്റുമായ ജില്‍സിന്റെ ഭാര്യയാണ് ശ്രീലത. 108 കോടി രൂപയുടെ തട്ടിപ്പു കേസില്‍ 31 പ്രതികളാണുള്ളത്.
മുണ്ടംവേലി ഫ്ളാറ്റ് നിര്‍മ്മാണ പിഴവിനു ജിസി.ഡി.എയെ കുറ്റപ്പെടുത്തി കരാര്‍ കമ്പനിയായ ടി.ഡി.എല്‍.സി. റൂഫിങ് ഷീറ്റ് ഒഴിവാക്കുക, ഭാരമില്ലാത്ത സ്റ്റീല്‍ ഉപയോഗിക്കുക, സണ്‍ഷേഡുകളുടെ പ്രൊജക്ഷന്‍ കുറയ്ക്കുക തുടങ്ങി പ്രധാന ഡിസൈന്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ചത് ജി.സി.ഡി.എയാണെന്നാണ് ആരോപണം. മാലിന്യസംസ്‌കരണത്തിനുള്ള ട്രീറ്റ്മെന്റ് പ്ലാന്റ് വെട്ടിച്ചുരുക്കി സെപ്റ്റിക് ടാങ്കാക്കി മാറ്റിയതും ജി.സി.ഡി.എയുടെ തീരുമാനമായിരുന്നു എന്ന് കമ്പനി വ്യക്തമാക്കുന്നു.
നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ചേരുന്ന സി പി എം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ നേതൃത്വത്തിനെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടിയില്‍ നിന്നും അകല്‍ച്ചയിലുള്ളവരെയും അതൃപ്തിയുള്ളവരെയും ചേര്‍ത്തുനിര്‍ത്തി മുന്നോട്ട് പോകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ആര്‍എസ്എസ് പ്രചാരകനും തപസ്യ കലാസാഹിത്യവേദി, ബാലഗോകുലം എന്നിവയുടെ സ്ഥാപകനുമായ എം.എ.കൃഷ്ണന്‍ കൊച്ചിയില്‍ അന്തരിച്ചു. 97 വയസായിരുന്നു. കൊല്ലം ഐവര്‍കാല സ്വദേശിയാണ്.
നിലമ്പൂര്‍ വനമേഖലയിലെ മുത്തപ്പന്‍കുന്ന് ഭാഗത്ത് കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന ഏകദേശം 7.5 ഹെക്ടറോളം വനഭൂമിയില്‍ നിന്ന് തേക്കും ഈട്ടിയും ഇരുളും അടക്കം ഇരുപതോളം വിലപിടിപ്പുള്ള മരങ്ങള്‍ വെട്ടിക്കടത്തിയതായി കണ്ടെത്തി.
രാജധാനി എക്സ്പ്രസില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ മദ്യപിച്ചെത്തിയ സൈനികര്‍ ശല്യം ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ സൈനികര്‍ക്കെതിരെ കണ്ണൂര്‍ റെയില്‍വേ പൊലീസ് കേസെടുത്തു. കണ്ണൂര്‍ സ്വദേശികളായ മിഥുന്‍,പ്രതീഷ് കുമാര്‍, തിരുവനന്തപുരം സ്വദേശി വിഷ്ണു, മുക്കം സ്വദേശി ബോണി എന്നിവര്‍ക്കെതിരെയാണ് കേസ്.
പാലക്കാട് അകത്തേത്തറയിലെ റെയില്‍വേ മേല്‍പ്പാലത്തെ ചൊല്ലി തര്‍ക്കം. സംസ്ഥാനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആദ്യത്തെ റെയില്‍വേ മേല്‍പ്പാലമാണ് പാലക്കാട് അകത്തേത്തറയിലെ പാലം. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയുടെ ക്രെഡിറ്റ് അടിക്കാന്‍ പുതിയ സര്‍ക്കാരും കേന്ദ്രവും ശ്രമിക്കുന്നുവെന്നാണ് സ്ഥലം എംഎല്‍എയുടെ ആക്ഷേപം.
പോക്സോ കേസിലെ അതിജീവിതകളായ 16 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ പാലക്കാട് സംരക്ഷണകേന്ദ്രത്തില്‍ നിന്ന് കാണാതായി. സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സംരക്ഷണകേന്ദ്രത്തില്‍ നിന്നാണ് കുട്ടികളെ കാണാതായത്.
എറണാകുളം കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. മാരമംഗലം ഹാപ്പി നഗറില്‍ ഭാര്യ കുഞ്ഞമ്മ (61) യെ കുത്തിക്കൊന്നതിനു ഭര്‍ത്താവ് 65 വയസ്സുകാരനായ പി വി കുര്യാക്കോസിനെ കസ്റ്റഡിയിലെടുത്തു. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു കുര്യാക്കോസ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ യുവാവിന് രണ്ടുവര്‍ഷത്തെ തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുല്‍പ്പള്ളി റെയിന്‍ബോ നഗര്‍, പറോട്ടിയില്‍ വീട്ടില്‍ പി.എ സുജിത്തി(44) നെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടാന്‍ പ്രതിപക്ഷം. ഗോവയിലേതടക്കം എസ്ഐആര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചത് ചൂണ്ടിക്കാട്ടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. ജിജി തോംസണെ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ ക്ഷണിച്ചത് കടുത്ത വീഴ്ചയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ വിമര്‍ശിച്ചു.
അനധികൃത കുടിയേറ്റവും അസാധാരണമായ ജനസംഖ്യാ മാറ്റങ്ങളും പഠിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതി സംസ്ഥാന സര്‍ക്കാരുകളോട് മതാടിസ്ഥാനത്തില്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടു. ഭരണഘടനയുടെ മതേതര തത്വങ്ങള്‍ മുന്‍നിര്‍ത്തി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ മതാടിസ്ഥാനത്തില്‍ വിവരങ്ങള്‍ ശേഖരിക്കാത്തതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ നല്‍കാനായില്ല.
കര്‍ണാടകത്തില്‍ ബിജെപി ജയിച്ച നിയമസഭാ മണ്ഡലങ്ങളില്‍ ‘ഭാരത് ജോഡോ -2’ പദയാത്രയുമായി കോണ്‍ഗ്രസ്. 2023 ല്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ട 84 നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പദയാത്രയ്ക്ക് നാളെ തുടക്കമാകും. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദിയൂരപ്പയുടെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്രയുടെയും തട്ടകമായ ശിവമോഗ ജില്ലയിലെ ശിഖാരിപുര മണ്ഡലത്തിലാണു പദയാത്ര തുടങ്ങുന്നത്.
ഉത്തരേന്ത്യന്‍ ജയിലുകളിലുള്ള തടവുകാരെ റിക്രൂട്ടു ചെയ്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഖലിസ്ഥാന്‍ അനുകൂല സംഘടനകളുടെ രഹസ്യനീക്കമുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകള്‍ ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ അറസ്റ്റിലായ ഒരു ഭീകരനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയില്‍ ഇതുവരെ 62 പേര്‍ മരിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മൂന്നുദിവസമായി പെയ്ത കനത്ത മഴയില്‍ 46 ഓളം പേര്‍ക്ക് പരിക്ക് പറ്റി. ആയിരത്തിലധികം വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. സ്‌കൂളുകള്‍ക്കും മറ്റും അവധി തുടരുകയാണ്.
തമിഴ്നാട്ടില്‍ വീണ്ടും വിവാദത്തിലായി പ്രതിപക്ഷ നേതാവ് ഉദയിനിധി സ്റ്റാലിന്റെ പ്രസംഗം. ധരാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി വിജയ്ക്കെതിരേ ഉദയിനിധി നടത്തിയ ‘മൂഡ്’ പരാമര്‍ശമാണ് വിവാദത്തിലായത്.
മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ ഷാഹി മസ്ജിദിന്റെ ഭാഗം പൊളിച്ച് നീക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ 15 പേര്‍ അറസ്റ്റില്‍. മസ്ജിദ് പൂര്‍ണമായി പൊളിച്ചെന്ന എഐ വീഡിയോകള്‍ പ്രചരിച്ചു. ഈ എഐ വീഡിയോകളുടെ ഉറവിടം അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
സാമ്പത്തിക നഷ്ടത്തില്‍ പറക്കുന്ന എയര്‍ ഇന്ത്യയെ കരകയറ്റാന്‍ പദ്ധതികളുമായി പുതിയ സിഇഒ ടെവോള്‍ഡെ ഗെബ്രമറിയം. വിമാനക്കമ്പനിയുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനും ചെലവ് ചുരുക്കാനും മികച്ച ആശയങ്ങള്‍ നല്‍കുന്ന ജീവനക്കാര്‍ക്ക് പാരിതോഷികം നല്‍കാനാണ് പുതിയ സിഇഒയുടെ തീരുമാനം.
ഉത്തര്‍പ്രദേശിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ മിത്തല്‍ രാഷ്ട്രീയത്തിലേക്ക്. സിവില്‍ സര്‍വീസില്‍നിന്ന് രാജിവച്ചതിന് പിന്നാലെയാണ് ഇനി രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയത്.
രാമന്‍ സമ്പന്നരുടെ ദൈവമാണെന്നും ശിവന്‍ ദരിദ്രരുടേതാണെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തങ്ങള്‍ ശിവഭക്തരാണെന്നും മോദിയും ബിജെപിയുമെല്ലാം രാമ ഭക്തരാണെന്നും അദ്ദേഹം പറഞ്ഞു. ഈ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.
എന്‍സിപി ലയന അഭ്യൂഹം തള്ളി ശരദ് പവാര്‍. എന്‍സിപി ആരുമായും ലയിക്കാനില്ലെന്നും ലയിക്കാന്‍ താത്പര്യമുള്ളവര്‍ ഇങ്ങോട്ട് വരട്ടെയെന്നും ശരദ് പവാര്‍ പറഞ്ഞു.
ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയതായി നിര്‍മിച്ച നാലാം നമ്പര്‍ ടെര്‍മിനലിന്റെ ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ കേരളത്തിലേക്കുള്ളവ ഉള്‍പ്പെടെയുള്ള വിവിധ വിമാന സര്‍വീസുകള്‍ ഇനി ഇവിടെ നിന്നാകും.
ഐക്യരാഷ്ട്ര സഭ രക്ഷാസമിതി പുനസംഘടിപ്പിക്കാന്‍ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും. മാറുന്ന കാലത്തിനനുസരിച്ച് സ്ഥിരം സമിതിയും രക്ഷാസമിതിയും പുനസംഘടിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്. പലസ്തീന് പൂര്‍ണ്ണ യു എന്‍ അംഗത്വം നല്‍കണമെന്നും മൂന്ന് രാജ്യങ്ങളും ആവശ്യപ്പെട്ടു.
ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ട്രാപ്പ് ഷൂട്ടിങ്ങില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ നീരു ദണ്ഡ. ട്രാപ് ഷൂട്ടിങ്ങ് വനിതകളുടെ വ്യക്തിഗത വിഭാഗത്തില്‍ നീരു സ്വര്‍ണം നേടി. ഈ ഇനത്തില്‍ ഇന്ത്യയുടെ ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡലാണിത്. ഇത്തവണത്തെ ഗെയിംസില്‍ ഇന്ത്യയുടെ അഞ്ചാമത്തെ സ്വര്‍ണമാണിത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം പോരാട്ടത്തിനായി ഇന്ത്യ നാളെ ഗോഹട്ടിയിലെ ബര്‍സപാര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇറങ്ങും. തിരുവനന്തപുരത്ത് നടന്ന ആദ്യ മത്സരത്തില്‍ നേടിയ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ശുഭ്മന്‍ ഗില്ലും സംഘവും പരമ്പര സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ്.
യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ പുതിയ പരിശീലകന്‍ സിനദിന്‍ സിദാന്റെ കീഴില്‍ ഫ്രാന്‍സിന് തുടര്‍ച്ചയായ രണ്ടാം വിജയം. ബ്രസെല്‍സില്‍ നടന്ന ഗ്രൂപ്പ് എ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാന്‍സ് ബെല്‍ജിയത്തെ പരാജയപ്പെടുത്തിയത്.
അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ ഒരുങ്ങി ഇന്ത്യയിലെ എസ്റ്റാര്‍ ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി 1800 കോടി ഡോളര്‍ നിക്ഷേപിക്കാനാണ് ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളില്‍ ഒന്നായ എസ്സാര്‍ ഗ്രൂപ്പ് പദ്ധതിയിടുന്നത്. നിക്ഷേപിക്കുന്ന 1800 കോടി ഡോളറില്‍ 1500 കോടി ഡോളറും സ്റ്റീല്‍ പ്ലാന്റ് നിര്‍മ്മാണത്തിനാണ് വിനിയോഗിക്കുക. എസ്സാര്‍ ഗ്രൂപ്പ് ഉടമകളായ റൂയിയ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഓവല്‍ ഓഫീസില്‍ വച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. എസ്റ്റാറിന്റെ അമേരിക്കന്‍ അനുബന്ധ സ്ഥാപനമായ മെസാബി മെറ്റാലിക്‌സ് ആണ് പ്ലാന്റ് നിര്‍മ്മിക്കുക. മിനസോട്ടയിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഇരുമ്പയിര് ആണ് ഇതിന് ഉപയോഗിക്കുക. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ പ്ലാന്റ് ആയിരിക്കും ഇതെന്ന് ട്രംപ് പറഞ്ഞു. 2030ല്‍ പ്ലാന്റില്‍ ഉല്‍പ്പാദനം ആരംഭിക്കും. പ്രതിവര്‍ഷം ഒരു കോടി ടണ്‍ സ്റ്റീല്‍ ആണ് ഉല്‍പ്പാദിപ്പിക്കുക.
ഏറ്റവും പുതിയ എ.ഐ മോഡലായ ജി.പി.ടി 6.1 ആസ്ട്ര പുറത്തിറക്കുന്നത് റദ്ദാക്കി ഓപണ്‍ എ.ഐ. 2026 ഒക്ടോബറില്‍ പുറത്തിറക്കാന്‍ നിശ്ചയിച്ചിരുന്ന ഈ മോഡല്‍, കമ്പനിയുടെ ആഭ്യന്തര സുരക്ഷാ പരിശോധനകളില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ചാറ്റ് ജി.പി.ടിയിലും കോഡിങ് പ്ലാറ്റ്ഫോമായ കോഡെക്സിലും അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്ന മോഡലാണ് ആഭ്യന്തര പരിശോധനയിലെ കണ്ടെത്തലുകളെ തുടര്‍ന്ന് പുറത്തുവിടേണ്ടതില്ലെന്ന് കമ്പനി തീരുമാനിച്ചത്. മുന്‍ മോഡലിനെ അപേക്ഷിച്ച് ജി.പി.ടി 6.1 ആസ്ട്ര ചില മേഖലകളില്‍ മെച്ചപ്പെട്ടിരുന്നെങ്കിലും ‘അലൈന്‍മെന്റ്’ പരിശോധനയില്‍ ആവശ്യമായ നിലവാരം കൈവരിച്ചില്ലെന്ന് ഓപണ്‍ എ.ഐ സേഫ്റ്റി സിസ്റ്റംസ് മേധാവി സാച്ചി ജെയിന്‍ പറഞ്ഞു. മോഡല്‍ നിര്‍ദേശിച്ച പരിധിക്കും അനുമതിക്കും പുറത്തേക്ക് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കണ്ടെത്തി.
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘രാമായണ’ത്തിലെ ആദ്യ ഗാനം ‘ജയ് ജയ് റാം’ പുറത്ത്. സംഗീതം – എ.ആര്‍. റഹ്‌മാന്‍. മലയാള ഗാനരചന – വിനായക് ശശികുമാര്‍. ആലാപനം – ഹരിചരണ്‍, അമൃത രാജന്‍. ചിത്രത്തില്‍ രണബീര്‍ കപൂര്‍ (ശ്രീരാമന്‍), സായ് പല്ലവി (സീത), യഷ് (രാവണന്‍), സണ്ണി ഡിയോള്‍ (ഹനുമാന്‍), രവി ദുബെ (ലക്ഷ്മണന്‍) എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വന്‍ താരനിര അണിനിരക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ സിനിമയാണ്. ഈ ചിത്രത്തിലൂടെ ഓസ്‌കാര്‍ ജേതാവ് ഹാന്‍സ് സിമ്മറും ഇന്ത്യന്‍ സിനിമയിലേക്ക് എത്തുകയാണ്. ഇന്ത്യയിലൊഴികെ സോണി പിക്‌ചേഴ്‌സ് ആഗോളതലത്തില്‍ വിതരണം ചെയ്യുന്ന ‘രാമായണ പാര്‍ട്ട് വണ്‍’ 2026 ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും.
അജയ് ദേവ്ഗണ്‍ നായകനാകുന്ന ‘ദൃശ്യം: ദ കണ്‍ക്ലൂഷന്‍’ ഒക്ടോബര്‍ 2ന് തിയേറ്ററുകളിലെത്തുമ്പോള്‍ കഴിക്കാന്‍ സൗജന്യമായി പാവ് ഭാജിയും. ചിത്രത്തിലെ പ്രധാന കഥാപാത്രമായ വിജയ് സാല്‍ഗോങ്കറും കുടുംബവും ഒക്ടോബര്‍ 2ന് പനാജിയില്‍ പോയി സ്വാമി ചിന്മയാനന്ദന്റെ സത്സംഗത്തില്‍ പങ്കെടുത്തെന്നും പാവ് ഭാജി കഴിച്ചെന്നുമാണ് പോലീസിനോട് പറയുന്നത്. ഇതിനെ അനുസ്മരിപ്പിക്കും വിധം പിവിആര്‍ ഐനോക്സില്‍ കുറഞ്ഞത് നാല് ടിക്കറ്റുകളെങ്കിലും ആദ്യം ബുക്ക് ചെയ്യുന്ന 500 പേര്‍ക്ക് സൗജന്യമായി പാവ് ഭാജി ലഭിക്കും. മുംബൈ, ഡല്‍ഹി-എന്‍സിആര്‍, ഗുരുഗ്രാം എന്നീ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പിവിആര്‍ ഐനോക്സ് തിയേറ്ററുകളില്‍ ഒക്ടോബര്‍ 2ന് മാത്രമായിരിക്കും ഈ കൂപ്പണ്‍ മാറി പാവ് ഭാജി വാങ്ങാന്‍ സാധിക്കുക. അഭിഷേക് പഥക് ഒരുക്കുന്ന ചിത്രത്തില്‍ ജയ്ദീപ് അഹ്ലാവത്ത്, പ്രകാശ് രാജ്, തബു, ശ്രിയ ശരണ്‍, രജത് കപൂര്‍ എന്നിവരുമെത്തുന്നു.
ബ്രിട്ടിഷ് ആഡംബര വാഹന നിര്‍മാതാക്കളായ ബെന്റ്‌ലിയുടെ ആദ്യ ഇലക്ട്രിക്ക് പ്രൊഡക്ഷന്‍ മോഡലായ ടോര്‍ക്കല്‍ 2027 പകുതിയോടെ ഇന്ത്യന്‍ വിപണിയിലെത്തും. ഏകദേശം 4.5 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന വില. ബെന്റ്‌ലിയുടെ എസ്യുവി ബെന്റേഗയുടെ ഇവി പതിപ്പായി മാത്രം ടോര്‍ക്കലിനെ കാണാനാവില്ല. 800വി ഇലക്ട്രിക്കല്‍ ആര്‍ക്കിടെക്ച്ചറും 113 കിലോവാട്ട്അവര്‍ യൂസബിള്‍ ബാറ്ററി പാക്കുമാണ് നല്‍കിയിരിക്കുന്നത്. 888പിഎസ് കരുത്തുള്ള ടോര്‍ക്കല്‍ പരമാവധി 1,350 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഇരട്ട ഇലക്ട്രിക്ക് മോട്ടാറുകളും വാഹനത്തിനുണ്ട്. വെറും 2.9 സെക്കന്‍ഡില്‍ 0-100 കിലോമീറ്ററിലേക്ക് കുതിക്കാനും ടോര്‍ക്കലിന് സാധിക്കും. ഒറ്റ ചാര്‍ജില്‍ 600 കിലോമീറ്റര്‍ സഞ്ചരിക്കാനാവും. 400 കിലോവാട്ട് വരെയുള്ള ഡിസി ഫാസ്റ്റ് ചാര്‍ജിങും സാധ്യമാണ്. 400കിലോവാട്ട് വരെയുള്ള ഉയര്‍ന്ന ചാര്‍ജിങ് ശേഷിയുള്ള ഇതില്‍ 10-80 ശതമാനം വരെ ചാര്‍ജു ചെയ്യാന്‍ വെറും 16 മിനിറ്റ് മതിയെന്നതാണ് ബെന്റ്‌ലിയുടെ അവകാശവാദം.
എഴുത്തിനെ രാഷ്ട്രീയവായനയാക്കുന്ന പ്രതിബദ്ധതയുടെ രസതന്ത്രമാണ് അശോകന്‍ ചരുവിലിന്റെ ലേഖനങ്ങള്‍ പിന്നിട്ട ഓര്‍മ്മച്ചിത്രങ്ങളുടെ ഹൃദ്യതകള്‍ സമകാലിക യാഥാര്‍ത്ഥ്യങ്ങളുമായി ഇടകലര്‍ത്തിക്കൊണ്ടുള്ള രചന. ശുദ്ധീകരണവും ആവിഷ്‌കരണവും ആക്ടിവിസവുമായി രൂപാന്തരപ്പെടുന്ന എഴുത്ത്. ദുരുഹത ഇല്ലാത്ത ആഖ്യാനചാരുത. ജീവിതത്തെ സംബന്ധിക്കുന്ന വെളിപാടുകള്‍, ആസ്വാദകന്റെ വൈകാരികതലത്തിലേക്ക് കടന്നുചെല്ലുന്നു. ‘കഥകളിലെ വീട്’.
അശോകന്‍ ചരുവില്‍. ഗ്രീന്‍ ബുക്സ്. വില 285 രൂപ.
ഇന്ന് സെപ്റ്റംബര്‍ 29, ലോക ഹൃദയ ദിനം. നമ്മുടെ ഹൃദയത്തെ സംരക്ഷിക്കാന്‍ ഒരു മിനിറ്റ് പോലും പാഴാക്കരുതെന്ന സന്ദേശമാണ് ഈ ദിനം നല്‍കുന്നത്. ഹൃദയാഘാതം സംഭവിക്കുന്നതിന് 30 മിനിറ്റ് മുന്‍പ് വരെ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കും. നെഞ്ചില്‍ വലിയൊരു ഭാരം കയറ്റിവച്ച തോന്നല്‍ ഉണ്ടാകാം. ഈ വേദന പതിയെ നെഞ്ചില്‍ നിന്ന് തോളിലേക്ക് പടരും. ഇടത് തോളിനും കൈകളിലും കഠിനമായ വേദന അനുഭവപ്പെടാം. ഇതിനൊപ്പം താടിയെല്ല്, കഴുത്ത്, പിന്‍ഭാഗം എന്നിവിടങ്ങളിലും അകാരണമായ വേദനയോ ഭാരമോ അനുഭവപ്പെടാം. ശ്വാസമെടുക്കാന്‍ പ്രയാസം തോന്നാം. കിതപ്പ്, ശ്വാസംമുട്ടല്‍ എന്നിവ ഹൃദയം ശരിയായി രക്തം പമ്പ് ചെയ്യാത്തതിന്റെ സൂചനയാണ്. കൂടാതെ, അമിതമായി വിയര്‍ക്കുകയും ചെയ്യും. നെറ്റിയിലും കൈവെള്ളയിലും തണുപ്പും വിയര്‍പ്പും വരുന്നത് ഗൗരവമായി കാണേണ്ട ലക്ഷണങ്ങളാണ്. ഓക്കാനം, ഛര്‍ദ്ദി, വയറിന്റെ മുകള്‍ഭാഗത്ത് അസ്വസ്ഥത അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടായേക്കാം. ഈ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. രക്തത്തില്‍ കൊളസ്ട്രോള്‍ വര്‍ധിക്കുന്നതാണ് പലപ്പോഴും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് കാരണം. കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദം, പുകവലി, മദ്യപാനം, മാനസിക സമ്മര്‍ദം ഇവയൊക്കെ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും. ആഴ്ചയില്‍ അഞ്ച് ദിവസം കുറഞ്ഞത് 30 മിനിറ്റ് നേരം മിതമായ വ്യായാമത്തിനായി സമയം കണ്ടെത്തണം. നടത്തം, ഓട്ടം, സൈക്ലിങ് പോലുള്ള വ്യായാമ രീതികള്‍ പരീക്ഷിക്കാവുന്നതാണ്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 96.00, പൗണ്ട് – 127.06, യൂറോ – 108.93, സ്വിസ് ഫ്രാങ്ക് – 115.16, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 67.11, ബഹറിന്‍ ദിനാര്‍ – 254.75, കുവൈത്ത് ദിനാര്‍ -310.90, ഒമാനി റിയാല്‍ – 249.66, സൗദി റിയാല്‍ – 25.56, യു.എ.ഇ ദിര്‍ഹം – 26.14, ഖത്തര്‍ റിയാല്‍ – 26.34, കനേഡിയന്‍ ഡോളര്‍ – 67.65.
