ദിവസത്തില്‍ രണ്ട് തവണയില്‍ കൂടുതല്‍ ആന്റി-ബാക്ടീരിയല്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. സാന്‍ ജുവാന്‍ ഓവര്‍വെയ്റ്റ് അഡല്‍റ്റ്‌സ് ലോഞ്ചിറ്റിയൂഡിനല്‍ സ്റ്റഡിയില്‍ 40 മുതല്‍ 65 വയസുവരെ പ്രായമായ 945 പേരാണ് ഭാഗമായത്. ദിവസവും രണ്ടു തവണയോ അതില്‍ കൂടുതലോ മൗത്ത് വാഷ് ഉപയോഗിക്കുന്നത് പ്രമേഹത്തിനോ പ്രീ-ഡയബറ്റിസ് അവസ്ഥയോ ഉണ്ടാകാനുള്ള സാധ്യത 49 ശതമാനം മുതല്‍ 55 ശതമാനം വരെ കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. പ്രായം, പുകവലി, വ്യായാമം, ഭക്ഷണക്രമം തുടങ്ങിയ മറ്റ് ഘടകങ്ങള്‍ പരിഗണിച്ച ശേഷവും ഈ അപകടസാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. അതേസമയം, ദിവസത്തില്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്നവരില്‍ താരതമ്യേന ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയില്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. നമ്മുടെ വായയില്‍ നൂറുകണക്കിന് ബാക്ടീരിയകളുണ്ട്. ഇതില്‍ നല്ല ബാക്ടീരിയകളും ഉള്‍പ്പെടുന്നു. ആന്റിബാക്ടീരിയല്‍ മൗത്ത് വാഷുകള്‍ ഉപയോഗിക്കുമ്പോള്‍ അവ ദോഷകരമായ ബാക്ടീരിയകള്‍ക്കൊപ്പം ഈ നല്ല ബാക്ടീരിയകളെയും നശിപ്പിക്കുന്നു. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമായേക്കാമെന്നും ഗവേഷകര്‍ പറയുന്നു. വായനാറ്റം, മോണരോഗം എന്നിവയുള്ളവര്‍ക്ക് മൗത്ത് വാഷ് ഗുണകരമാണ്. രക്തസമ്മര്‍ദമോ പ്രമേഹമോ ഉള്ളവര്‍ ആന്റിബാക്ടീരിയല്‍ മൗത്ത് വാഷുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ദിവസവും രണ്ടുനേരം പല്ല് തേക്കുന്നതും കൃത്യമായ ഇടവേളകളില്‍ ഡെന്റിസ്റ്റിനെ കാണുന്നതുമാണ് വായുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച വഴി.
