കേന്ദ്ര തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ ശ്രം ശക്തി നീതി 2025 എന്ന പുതിയ കരട് തൊഴിൽ നയം അങ്ങേയറ്റം തൊഴിലാളി വിരുദ്ധവും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുന്നതുമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഭരണഘടനാപരമായ തൊഴിലാളി അവകാശങ്ങളെയും സാമൂഹ്യനീതി എന്ന സങ്കൽപ്പത്തെയും പൂർണ്ണമായും നിരാകരിക്കുന്ന ഈ നയത്തെ കേരള സർക്കാർ ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു നയരേഖയ്ക്ക് ആധാരമായി ഇന്ത്യൻ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി പോലുള്ള പ്രാചീന ഗ്രന്ഥങ്ങളെയും രാജധർമ്മം, ശ്രമ ധർമ്മം തുടങ്ങിയ സങ്കൽപ്പങ്ങളെയും ഉദ്ധരിക്കുന്നത് അങ്ങേയറ്റം അപലപനീയവും പിന്തിരിപ്പനുമാണെന്നും ഇത് തൊഴിലാളികളെ അവകാശങ്ങളുള്ള പൗരന്മാർ എന്ന നിലയിൽ നിന്ന് വിധേയത്വമുള്ള അടിയാളർ എന്ന നിലയിലേക്ക് താഴ്ത്താനുള്ള ഗൂഢശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രം ശക്തി നീതി 2025 എന്ന പുതിയ കരട് തൊഴിൽ നയം തൊഴിലാളി വിരുദ്ധവും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുന്നതുമാണെന്ന് മന്ത്രി വി ശിവൻകുട്ടി
