മുന്‍നിര എഐ മോഡലുകളുടെ നിരക്കുകള്‍ വെട്ടിക്കുറച്ച് യു.എസ് കമ്പനിയായ ഓപ്പണ്‍എഐ. ജിപിടി – 5.6 വകഭേദങ്ങളായ ജിപിടി – 5.6 ലൂണ, ജിപിടി – 5.6 ടെറ എന്നീ രണ്ട് മോഡലുകളുടെ നിരക്ക് കുറയ്ക്കുന്നതായി ഓപ്പണ്‍എഐ സിഇഒ സാം ഓള്‍ട്ട്മാന്‍ പ്രഖ്യാപിച്ചു. കിമി കെ3 പോലുള്ള ചൈനീസ് ഓപ്പണ്‍-വെയ്റ്റ് മോഡലുകളില്‍ നിന്ന് ഓപ്പണ്‍എഐ കടുത്ത മത്സരം നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ജിപിടി – 5.6 ലൂണ നിരക്കില്‍ 80 ശതമാനം കുറവാണ് വരുത്തുന്നത്. ജിപിടി – 5.6 ടെറ നിരക്കുകള്‍ 20 ശതമാനമാണ് കുറച്ചിട്ടുള്ളത്. ലൂണ, ടെറ എന്നിവയുടെ നിരക്ക് കുറച്ചതോടെ അവ നിലവില്‍ കിമി കെ3 യെക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും. നിലവില്‍ വിപണിയിലുള്ള ഏറ്റവും വലിയ ഓപ്പണ്‍-വെയ്റ്റ് അക മോഡലാണ് കിമി കെ3. ചൈനീസ് കമ്പനിയായ മൂണ്‍ഷോട്ട് ഇത് പുറത്തിറക്കിയത് ആഗോള എഐ വ്യവസായത്തെതന്നെ ഞെട്ടിച്ചിരുന്നു. വളരെ കുറഞ്ഞ ചിലവില്‍ ഉപയോഗിക്കാം എന്നതാണ് ശ്രദ്ധേയമായ സവിശേഷത.
