തമിഴ്നാട് വിപണിയെ ലക്ഷ്യമിട്ട് ‘അക്ഷയ തങ്ക മാളിക’ എന്ന പേരില്‍ പുതിയ ബ്രാന്‍ഡ് പുറത്തിറക്കി കല്യാണ്‍ ജുവലേഴ്സ്. കല്യാണ്‍ ജുവലേഴ്സ്, കാന്‍ഡിയര്‍ എന്നിവയ്ക്ക് ശേഷം ഗ്രൂപ്പ് അവതരിപ്പിക്കുന്ന മൂന്നാമത്തെ ബ്രാന്‍ഡാണിത്. കല്യാണ്‍ ജുവലേഴ്സ് ഇന്ത്യയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ‘കെ.ജെ.ജി ബ്രാന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന ഉപകമ്പനിക്ക് കീഴില്‍ വരുന്ന പ്രധാന ബ്രാന്‍ഡുകളില്‍ ഒന്നാണ് എ.ടി.എം. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഈ പുതിയ സംരംഭത്തിനായി 300 കോടി രൂപയാണ് കമ്പനി നിക്ഷേപിക്കുന്നത്. തമിഴ് നടന് ശിവകാര്‍ത്തികേയനാണ് എ.ടി.എമ്മിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ചെന്നൈയിലെ പ്രമുഖ റീറ്റെയ്ല്‍ ഹബ്ബായ ടി. നഗറിലെ പനഗല്‍ പാര്‍ക്കില്‍ ഓഗസ്റ്റ് 21നാണ് അക്ഷയ തങ്ക മാളികയുടെ ആദ്യ ഷോറൂം പ്രവര്‍ത്തനം ആരംഭിക്കുന്നത്. വരും മാസങ്ങളില്‍ സംസ്ഥാനത്ത് നാല് സ്റ്റോറുകള്‍ കൂടി തുറക്കുമെന്ന് കല്യാണ്‍ ജുവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന് വ്യക്തമാക്കി. തമിഴ്നാട്ടിലെ ഉപഭോക്താക്കളുടെ സവിശേഷമായ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എ.ടി.എം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
‘അക്ഷയ തങ്ക മാളിക’യുമായി കല്യാണ്‍ ജുവലേഴ്സ്
