സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിലും നാളെ 9 ജില്ലകളിലും ഓറഞ്ച് അലർട്ട്. കാസർകോടും വയനാടും എറണാകുളത്തും ആലപ്പുഴയിലും കോട്ടയത്തും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ഓറഞ്ച് അലർട്ട് നിലവിലുള്ള സാഹചര്യത്തിലാണ് അവധി. കേരളതീരത്ത് മീൻപിടിത്തത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷത്തിനിടെ 10 നാവികർ ഉൾപ്പെടെ 16 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. വിവിധ ആക്രമണങ്ങളിലും അനിഷ്ട സംഭവങ്ങളിലുമായി 75 ഓളം ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് രാജ്യസഭയിൽ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാനും ഇന്ത്യൻ എംബസികൾ വഴി നടപടികൾ സ്വീകരിച്ചുവരികയാണെന്നും സർക്കാർ വ്യക്തമാക്കി.
ദില്ലിയിലെ നീറ്റ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എത്ര കേസുകൾ ഉണ്ടെങ്കിലും പിൻവലിക്കുമെന്നും ഇതിനായി ഡിജിപിക്ക് നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.
പി എം ശ്രീയുമായി മുന്നോട്ടുപോകാനുള്ള സർക്കാർ തീരുമാനത്തിൽ വെട്ടിലായി മുസ്ലിം ലീഗ്. ലീഗ് അണികൾക്കും, മുസ്ലിം സംഘടനകൾക്കുമുള്ള അതൃപ്തി പരിഹരിക്കുന്നതിലാണ് ലീഗ് നേതൃത്വത്തിന് തലവേദന. പദ്ധതിയിൽ നിന്ന് പിന്മാറാൻ നിയമപരമായി കഴിയില്ലെന്നതാണ് ന്യായീകരണം. സ്കൂളുകളും സിലബസും സംസ്ഥാനത്തിന് തീരുമാനിക്കാനാകണം എന്ന് ഉപാധി വയ്ക്കാൻ ഒരുങ്ങുകയാണ് കേരളം.
പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു. പി എം ശ്രീയിൽ നിന്ന് പിന്മാറിയാൽ കാര്യമായി ഒന്നും സംഭവിക്കില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ പിഎംശ്രീ പദ്ധതിയുടെ ആനുകൂല്യം മാത്രമേ നഷ്ടമാകൂ എന്നാണ് രാജ്യസഭയിൽ അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കിയത്.
പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ആഭ്യന്തരവകുപ്പ് ക്ലീൻചിറ്റ് നൽകിയതിനെതിരേ സിപിഎം. പുനർജനി കേസിൽ അസാധാരണ പ്രഖ്യാപനമാണ് നടന്നതെന്നും സ്വന്തം മന്ത്രിസഭയിലെ മന്ത്രിയെക്കൊണ്ട് മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നേടിയിരിക്കുകയാണെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ ഇത്തരം ഒരു മുൻചരിത്രം ഇല്ലെന്നും ഇത് അധികാര ദുർവിനിയോഗമാണെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽ യോഗം ഇന്ന്. ഇന്നും യോഗത്തിന് എത്തിയില്ലെങ്കിൽ, സുഗതൻ തുടർച്ചയായി പങ്കെടുക്കാത്ത മൂന്നാമത്തെ കൗൺസിൽ യോഗമാകും ഇത്. അങ്ങനെയെങ്കിൽ അയോഗ്യത നടപടിയുണ്ടാകും. ഇത് ഒഴിവാക്കാൻ, സുഗതന്റെ അവധി അപേക്ഷ പാസാക്കാനാണ് ബിജെപി നീക്കം. അവധി അപേക്ഷയേ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷ തീരുമാനം.
കോഴിക്കോട് പേരാമ്പ്ര ബിആർസിയിലെ അധ്യാപകർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. നാലംഗ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. എസ് എസ് കെ സ്റ്റേറ്റ് അഡീഷണൽ പ്രോജക്ട് ഡയറക്ടർ എ കെ ഷൈൻമോനാണ് അന്വേഷണ ചുമതല. പേരാമ്പ്ര ബിആർസിയിലും സമീപ ബിആർസികളിലും സമിതി അന്വേഷണം നടത്തും.
മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം വിധി. രണ്ടാം പ്രതി അശോകൻ മാത്രം കുറ്റക്കാരനെന്നാണ് കോടതിയുടെ കണ്ടെത്തൽ. അശോകൻ മരിച്ചുപോയതിനാൽ ശിക്ഷ വിധിച്ചില്ല.
എം ഗീതാനന്ദൻ ഉള്‍പ്പെടെ 4 പ്രതികള്‍ക്ക് 5 വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു. വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട വിനോദിന്‍റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകാനും കോടതി വിധിച്ചു. പരിക്കേറ്റ സലാമിന് 3 ലക്ഷവും ശശിധരന് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകണം.
മുത്തങ്ങ സമരത്തിനിടെ പൊലീസുകാരനായ കെ.വി. വിനോദ് വെട്ടേറ്റ് കൊല്ലപ്പെട്ട കേസിലെ കോടതിവിധിയിൽ തൃപ്തരല്ലെന്ന് കുടുംബം. മരവിച്ച മനസുമായാണ് കോടതി വിധി കേട്ടതെന്നും കേസ് നടത്തിപ്പിൽ സന്തുഷ്ടരല്ലെന്നും വിനോദിന്റെ സഹോദരനായ റിട്ട. എസിപി കെ.വി. ബാബു പ്രതികരിച്ചു.
ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മിൽമയുടെ പാക്കറ്റുകളിലാണ് നെയ്യ് ശബരിമലയിൽ എത്തിയിരിക്കുന്നത്. അതിനാൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യമാണന്നാണ് ദേവസ്വം സെക്രട്ടറി ആവശ്യപ്പെടുന്നത്.
നെയ്യ് ക്രമക്കേട് നടന്നത് കഴിഞ്ഞ സീസണിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. പ്രശ്നങ്ങൾ വരുന്നതിനും മുൻപ് തന്നെ നെയ് പുറത്തുനിന്ന് വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും ഇപ്പോൾ അത് നല്ലതായെന്ന് തോന്നുന്നുവെന്നും ജയകുമാർ പ്രതികരിച്ചു.
യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റിന്‍റെ ദുബൈ – കൊച്ചി വിമാനം 12 മണിക്കൂറിലേറെയായി വൈകുന്നു. മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ ഇരിക്കേണ്ടി വന്ന യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വൈകാതെ വിമാനം കൊച്ചിയിൽ എത്തുമെന്നാണ് അറിയിപ്പ്.
തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി നിർദേശം നടപ്പിലാക്കാൻ കേരളം. തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്. അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. പ്രാഥമിക പ്രോട്ടൊക്കോൾ തയ്യാറാക്കി.
അങ്കമാലി – കൊരട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ‘ബെസ്റ്റ് വേ’ എന്ന സ്വകാര്യ ബസിൽ വിദ്യാർത്ഥികളും ഇതരസംസ്ഥാനക്കാരും ഒഴികെയുള്ള പുരുഷന്മാർക്ക് ഇന്ന് സൗജന്യ യാത്ര. സംസ്ഥാന സർക്കാരിൻ്റെ പ്രിയദർശിനി പദ്ധതിക്കെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായി സ്വകാര്യ ബസുടമകളുടേതാണ് തീരുമാനം. അങ്കമാലി ടൗൺ ജംഗ്ഷനിൽ ഇന്ന് സ്വകാര്യ ബസുടമകൾ പ്രതിഷേധ ധർണ നടത്തും.
ഉപയോഗിച്ച രണ്ടായിരത്തോളം ഗർഭ നിരോധന ഉറകൾ നടുറോഡിൽ തള്ളി. എംസി റോഡിൽ ചെങ്ങന്നൂർ വെള്ളാവൂർ ജംഗ്ഷനിൽ ആണ് സംഭവം. ഇന്നലെ രാത്രി 10 മണിയോടെയാണ് രണ്ടായിരത്തോളം ഗർഭനിരോധന ഉറകൾ നടുറോഡിൽ കണ്ടെത്തിയത്. വാഹനം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. ഉടൻ തന്നെ റോഡിൽ നിന്ന് അവ നീക്കം ചെയ്യാൻ നഗരസഭ നിർദേശം നൽകി.
കെസ്ആർടിസി വാങ്ങിയ ബിസിനസ് ക്ലാസ് ബസുകള്‍ ഒരു വര്‍ഷമായിട്ടും നിരത്തിലിറങ്ങിയില്ല. കോടികള്‍ മുടക്കി വാങ്ങിയ ബസുകള്‍ നികുതി സംബന്ധിച്ച തർക്കം മൂലം പാപ്പനംകോട്ടെ സെന്‍ട്രൽ വർക്ക്ഷോപ്പിലാണ്.
കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പാൽക്കുളങ്ങര സ്വദേശി രാജു (39) ആണ് കൊല്ലപ്പെട്ടത്. കടവൂരിൽ ആണ് സംഭവം. മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ ഒരാളെ പിടികൂടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരവും മോർഫ് ചെയ്തതുമായ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് മെറ്റാ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനും നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കുമെതിരെ ഹൈദരാബാദ് സൈബർ ക്രൈം പോലീസ് കേസെടുത്തു. ബി.ജെ.പി പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി
മഹാരാഷ്ട്രയിലെ ഭിവാണ്ഡിയിൽ നാലുനില കെട്ടിടം തകർന്നുവീണ് ഒൻപതുപേർ മരിച്ചു. ബാലാജിനഗറിലെ കോഹിനൂർ ബിൽഡിംഗിന്റെ ഒരുഭാഗമാണ് തകർന്നുവീണത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം.അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
രാജ്യമാകെ അലയടിച്ച നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ താൻ മൗനം പാലിച്ചതിന്‍റെ കാരണം വ്യക്തമാക്കി രാജ്യസഭാ എംപി രാഘവ് ഛദ്ദ.പ്രതിപക്ഷത്തായിരുന്നപ്പോൾ ജനങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയായിരുന്നു തന്റെ ഉത്തരവാദിത്തമെന്നും എന്നാൽ ഭരണപക്ഷത്ത് എത്തിയപ്പോൾ ചോദ്യങ്ങൾ ചോദിക്കുക എന്നതിലുപരി പരിഹാരങ്ങൾ കണ്ടെത്തുക എന്നതാണ് പ്രധാനമെന്നും രാഘവ് ഛദ്ദ വ്യക്തമാക്കി. എഎപി വിട്ട് ബിജെപിയിൽ എത്തിയ രാഘവ് ഛദ്ദയുടെ മൌനം ഏറെ ചർച്ചയായിരുന്നു.
ഇ20 പെട്രോൾ സംബന്ധിച്ച മന്ത്രാലയങ്ങളുടെ വിശദീകരണത്തിൽ ഭിന്നത. ഇ20 പെട്രോൾ ഉപയോഗിച്ചാൽ രണ്ട് മുതൽ ആറ് ശതമാനം വരെ മൈലേജ് കുറഞ്ഞേക്കാം എന്ന് ഉപരിതല ഗതാഗത വകുപ്പിന്‍റെ റിപ്പോർട്ട്. എന്നാൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ മൈലേജ് കുറഞ്ഞേക്കാം എന്നാണ് പെട്രോളിയം മന്ത്രാലയം രാജ്യസഭയിൽ നേരത്തെ അറിയിച്ചത്.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്ത പത്തൊൻപതുകാരനായ വിദ്യാർത്ഥിക്ക് ബെംഗളൂരുവിൽ ക്രൂരമർദ്ദനം. ബെംഗളൂരു ബെൽ സർക്കിളിൽ വെച്ചാണ് ബൈക്കിലെത്തിയ നാലംഗ സംഘം വിദ്യാർത്ഥിയെ അക്രമിച്ചത്. സംഭവത്തിൽ ജാലഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോയ്ക്ക് താഴെ പരിഹാസ കമൻ്റുമായി കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെ. മോദിയുടെ ചർമ്മം രാജ്യത്തിന്റെ ഭാവിയേക്കാൾ തിളക്കമുള്ളതാണെന്നാണ് ദീപ്കെയുടെ പരിഹാസം. ചോദ്യപ്പേപ്പർ ചോർച്ച ബില്ല് പാർലമെൻ്റിൻ്റെ ഇരുസഭകളിലും പാസായതിനെ പ്രശംസിച്ച് മോദി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയാണ് ദീപ്കെ കമൻ്റിട്ടത്.
ജന്തർമന്തറിലെ സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരേ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ യുവതിക്കെതിരേ പൊലീസ് കേസെടുത്തു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കാളിയായ രുചിക സിംഗി(25)നെതിരേയാണ് നോയിഡയിലെ എക്സ്പ്രസ് വേ പൊലീസ് സ്റ്റേഷനിൽ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും (സി.ഇ.സി) തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും (ഇ.സി) തിരഞ്ഞെടുക്കാനുള്ള സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിൻ്റെ കാരണം വ്യക്തമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കുക മാത്രമല്ല, അത് സ്വതന്ത്രമാണെന്ന് ജനങ്ങൾക്ക് അനുഭവപ്പെടുകയും വേണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ദില്ലിയില്‍ നടന്ന പൊലീസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന തേടി പ്രതിപക്ഷം ഇന്നും പാര്‍ലമെന്‍റ് സ്തംഭിപ്പിക്കും. രാജ്യസഭയില്‍ നടന്ന പരീക്ഷ ഭേദഗതി ബില്‍ ചര്‍ച്ചയിലും അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരുന്നു. എഫ്സിആര്‍എ അടക്കം വരാനിരിക്കുന്ന ബില്ലുകളിലും പ്രതിഷേധമറിയിച്ച് പങ്കെടുക്കാനാണ് പ്രതിപക്ഷ നീക്കം.
ചെങ്കടൽ മേഖലയിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും ഊർജ്ജ വിതരണ പാതകൾക്കും സംരക്ഷണം നൽകുന്നതിനായി പുതിയ ബഹുരാഷ്ട്ര സമുദ്ര പ്രതിരോധ സഖ്യം രൂപീകരിക്കാൻ പദ്ധതി പ്രഖ്യാപിച്ച് സൗദി അറേബ്യ. യമനിലെ ഹൂതി വിമതരുടെ ആക്രമണം മൂലം ആഗോള വ്യാപാര പാതയിലുണ്ടായ തടസ്സങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണായക നീക്കം.
ജില്ലകളിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ വർഗ്ഗീയ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അക്രമങ്ങൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചതോടെ പ്രാദേശിക ഭരണകൂടം വിവിധ ജില്ലകളിൽ കർഫ്യൂ ദീർഘിപ്പിച്ചു. നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്. പ്രധാനമന്ത്രി ബാലേന്ദ്ര ഷാ സമാധാനവും സാമൂഹിക ഐക്യവും പാലിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
സ്പെയിനിന്റെ വടക്കേ ആഫ്രിക്കൻ അതിർത്തി നഗരമായ സെവൂത്തയിലേക്ക് ആയിരക്കണക്കിന് അഭയാർത്ഥികൾ ഇരച്ചുകയറുന്നതിനെ തുടർന്ന് സ്ഥിതിഗതികൾ വഷളായി. കടൽ നീന്തിക്കടക്കാൻ ശ്രമിക്കുന്നതിനിടെ ഒമ്പത് പേർ മരിക്കുകയും സ്പാനിഷ് സർക്കാർ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. അഭയാർത്ഥികളെ തിരിച്ചയക്കാൻ സ്പെയിനും മൊറോക്കോയും ധാരണയിലെത്തിയെങ്കിലും സംഘർഷാവസ്ഥ തുടരുകയാണ്.
യുഎസിലെ യൂണിവേഴ്സിറ്റികളിൽനിന്ന് പഠിച്ചിറങ്ങി രാജ്യത്ത് തന്നെ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് വൻ തുക ഫീസ് ചുമത്താൻ ഡോണാൾഡ് ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ട്. വ്യാഴാഴ്ച ദ വാൾ സ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഗാസയിൽ ഹമാസ് ഉൾപ്പെടെയുള്ള സായുധ സംഘങ്ങളെ പൂർണമായും നിരായുധരാക്കുന്നതിനായി ‘ബോർഡ് ഓഫ് പീസ്’ ചരിത്രപരമായ കരാറിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇത് ഗാസയിൽ പുതിയ പലസ്തീൻ ഭരണകൂടം സ്ഥാപിക്കുന്നതിനും ഇസ്രയേൽ സൈന്യം ഘട്ടംഘട്ടമായി ഗാസയിൽനിന്ന് പിന്മാറാനും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
