കെഎസ്ആർടിസിയിലെ പ്രതിദിനയാത്രക്കാരുടെ എണ്ണം ഒരു ലക്ഷമായി വർധിക്കുകയും, 1.19 കോടി രൂപ വരുമാനവും ലഭിച്ചെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. സംസ്ഥാനത്തെ വിവിധ ബസ് സ്റ്റേഷനുകളുടെ വികസനത്തിന് സർക്കാർ 120 കോടി രൂപ വകയിരുത്തി.കൊട്ടാരക്കര, കായംകുളം, തൃശ്ശൂർ, കൊല്ലം, ആറ്റിങ്ങൽ, എറണാകുളം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തികൾ ഉടനെ ആരംഭിക്കും. ജീവനക്കാർക്കായി ഒരു കോടി രൂപയുടെ ഇൻഷുറൻസ് പദ്ധതി നടപ്പാക്കി. മൂന്നാറിൽ തുടങ്ങിയ ഡബിൾ ഡെക്കർ ബസ് സർവീസിലൂടെ കെ എസ് ആർ ടി സിക്ക് ലഭിക്കുന്ന പ്രതിദിന ലാഭം 48,000 രൂപയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുനലൂർ കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് പുതുതായി ആരംഭിക്കുന്ന വിവിധ സർവീസുകളുടെ ഉദ്‌ഘാടനവും ഡിപ്പോയുടെ നവീകരണത്തിനായി അഞ്ചു കോടി രൂപയുടെ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
കെഎസ്ആർടിസിയിലെ പ്രതിദിനയാത്രക്കാരുടെ എണ്ണം വർധിച്ചെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ
