അമ്മയുടെ വാത്സല്യം തുളുമ്പുന്ന അമ്മിഞ്ഞപ്പാലിനോളം വരില്ല ഒരിക്കലും പാല്‍പ്പൊടികളുടെ മേന്മ. എന്നാല്‍ സൗകര്യവും സാഹചര്യങ്ങളും കാരണം പലരും കുഞ്ഞുങ്ങള്‍ക്ക് പാല്‍പ്പൊടി നല്‍കാറുണ്ട്. എന്നാല്‍ ഇത് കുഞ്ഞുങ്ങള്‍ക്ക് എത്രത്തോളം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രധാനമായും പശുവിന്റെ പാല് അടിസ്ഥാനപ്പെടുത്തിയാണ് പാല്‍പ്പൊടികള്‍ നിര്‍മിക്കുന്നത്. ഈ പ്രക്രിയയില്‍ കാല്‍സ്യം, പ്രോട്ടീന്‍ തുടങ്ങിയ ധാരാളം ഗുണങ്ങള്‍ നിലനിര്‍ത്തുമ്പോഴും ശുദ്ധമായ പാലില്‍ കാണപ്പെടുന്ന കൊഴുപ്പുകളെ വിഘടിപ്പിക്കാന്‍ സഹായിക്കുന്ന ലിപേസ് പോലുള്ള ചില എന്‍സൈമുകള്‍ ഒഴിവാക്കപ്പെടുന്നു. കൂടാതെ ഇത് ഓക്സിഡൈസ്ഡ് കൊളസ്ട്രോള്‍ രൂപപ്പെടുന്നതിലേക്ക് നയിച്ചേക്കാമെന്നും ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പാല്‍പ്പൊടി സ്ഥിരമായി കുടിക്കുന്നത് കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ വീക്കം, ഹൃദ്രോഗ സാധ്യത എന്നിവ വര്‍ധിപ്പിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. കൂടാതെ ഇത്തരം പാല്‍പ്പൊടികളില്‍ അധികമായി പഞ്ചസാര ചേര്‍ക്കാറുണ്ട്. ഇത് കുഞ്ഞുങ്ങളുടെ ഇന്‍സുലിന്‍ പ്രതിരോധശേഷിയെ കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ശുദ്ധമായ പാലിനെ അപേക്ഷിച്ച് പാല്‍പ്പൊടി രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാന്‍ കാരണമാകും. പതിവായി പാല്‍പ്പൊടി കഴിക്കുന്ന കുട്ടിയുടെ പാന്‍ക്രിയാസിനെ സമ്മര്‍ദത്തിലാക്കും. ഇത് പ്രമേഹത്തിന് കാരണമാവുക മാത്രമല്ല, അനാരോഗ്യകരമായ ഭക്ഷണക്രമത്തിന് കാരണമാവുകയും ചെയ്യും.
പാല്‍പ്പൊടി കുട്ടികളില്‍ പ്രമേഹസാധ്യത വര്‍ധിപ്പിക്കും
