1700 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട്ആദായ നികുതി വകുപ്പ്കോൺഗ്രസിന് വീണ്ടും നോട്ടീസ് നൽകി. 2017-18 മുതൽ 2020-21 വരെയുള്ള വർഷങ്ങളിലെ പിഴയും പലിശയും അടക്കമാണ് ഈ തുക.ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണുഗോപാൽ രംഗത്തെത്തി. കോൺഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യo. നരേന്ദ്ര മോദി നടത്തുന്ന ഗൂഢപദ്ധതിയുടെ ഭാഗമായാണ് ഈ നടപടി എന്നും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി.
എഐ നിർമിത ഉള്ളടക്കങ്ങളുടെ ഡീപ്പ് ഫേക്ക് തട്ടിപ്പുകള്‍ തുടക്കത്തിലേ തടയണമെന്നും, വാട്ടർമാർക്ക് നിർബന്ധമാക്കണമെന്നും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സുമായുള്ള ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. എഐ ഉപയോഗിച്ച് എന്തൊക്കെ ചെയ്യാം, എന്തൊക്കെ അരുത് എന്ന ബോധവൽക്കരണം നടത്തണമെന്ന് മോദി ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ യുട്യൂബിൽ പുറത്തുവിട്ടു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ബിജെപിക്ക് ചോര്‍ത്തിനല്‍കുന്നുവെന്ന് ആം ആദ്മി പാർട്ടി. ആം ആദ്മി പാര്‍ട്ടിയും ഇന്ത്യ മുന്നണിയും തമ്മിലുള്ള ചര്‍ച്ചകളുടെ വിശദാംശങ്ങളും വിവരങ്ങളും ബിജെപിക്ക് ചോര്‍ത്തിക്കൊടുക്കുന്നുവെന്ന്ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന പറഞ്ഞു.
പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പുതിയ വൈസ് ചാന്‍സിലറായി ചുമതലയേറ്റ ഡോ. കെഎസ് അനില്‍. സിദ്ധാർത്ഥിന്റെ അച്ഛനും അമ്മയ്ക്കും പറയാനുള്ളത് കേട്ടു. അന്വേഷണ കമ്മീഷന്‍റെ പ്രവർത്തനങ്ങൾക്കാവശ്യമായ ധന സഹായം നൽകും എന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിൽ. പവന് 50,400 ആണ് നിലവില്‍ വില.ഒരു ഗ്രാമിന് 6,300ഉം. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം.
പാലക്കാട് എൻഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്‍റെ ഫോട്ടോ വച്ച് ബിജെപി ഭാരത് അരി വിതരണത്തിന് നീക്കം നടത്തിയെന്ന് സിപിഎം. പാലക്കാട് ഭാരത് റൈസ് വിതരണത്തിന് ബിജെപി സ്ഥാനാർത്ഥിയുടെ ചിത്രം ഉപയോഗപ്പെടുത്താൻ ശ്രമിച്ചത്. എന്നാൽ സിപിഎം ഇതിനെതിരെ അതിശക്തമായ രീതിയിൽ പ്രതികരിച്ചിരുന്നു.പ്രതിഷേധത്തെ തുടര്‍ന്ന് അരിവിതരണം നടന്നിട്ടില്ല.
കോഴിക്കോട് അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്‍മാന്‍റെ ഭാര്യ റൗഫീനയെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. അനുവിന്‍റെ കൊലപാതകത്തെക്കുറിച്ച് റൗഫീനയ്ക്ക് അറിവുണ്ടായിരുന്നു, റൗഫീനയെ ഏല്‍പ്പിച്ചിരുന്ന മോഷണ സ്വര്‍ണം വിറ്റ പണം പൊലീസ് കണ്ടെടുത്തു. റിമാന്‍ഡിലുളള പ്രതി മുജീബ് റഹ്‍മാനെ വിശദമായി ചോദ്യം ചെയതതിലൂടെയാണ് കേസില്‍ റൗഫീനയുടെ പങ്ക് വ്യക്തമായത്.
അന്ധകാര ശക്തികളിൽ നിന്നും മണിപ്പൂരിൽ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. ക്ഷുദ്ര ശക്തികൾക്കെതിരെ നിലപാട് സ്വീകരിക്കണമെന്നും ദു:ഖവെള്ളി ദിനത്തിലെ സന്ദേശത്തിൽ ആർച്ച് ബിഷപ്പപ്പ് തോമസ് ജെ നെറ്റോ. മണിപ്പൂർ വിഷയത്തിൽ രൂക്ഷഭാഷയിൽ തന്നെ അദ്ദേഹം കേന്ദ്രസർക്കാരിനെ വിമർശിച്ചു. ദു:ഖവെള്ളി സന്ദേശത്തിലാണ് മാർ തോമസ് തറയിലിന്റെ പ്രസംഗം.
ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ വിശ്വാസമെന്ന് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മരണമടഞ്ഞ വിദ്യാർത്ഥി സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ്. ഈ അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പ്, സാധിച്ചിരുന്നെങ്കില്‍ സര്‍ക്കാര്‍ അത് അട്ടിമറിച്ചേനെയെന്നും ജയപ്രകാശ് പറഞ്ഞു.
തന്റേത് ഉള്‍പെടെ പല എല്‍ഡിഎഫ് നേതാക്കളുടെയും ഫോട്ടോ മോര്‍ഫ് ചെയ്ത് വൃത്തികെട്ട രീതിയില്‍ ആണ് യുഡിഎഫ് പ്രചാരണം നടത്തുന്നത് എന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ . അത് അനുവദിക്കാനാകില്ല, യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും കെ കെ ശൈലജ അറിയിച്ചു.
ഏപ്രിൽ മൂന്നിന് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുമെന്നും അന്നേദിവസം തന്നെ അദ്ദേഹം നാമനിർദ്ദേശപത്രിക സമർപ്പിക്കും എന്നും കോൺഗ്രസ് ഔദ്യോഗിക നേതൃത്വം അറിയിച്ചു. മൂന്നു ജില്ലകളിലായി കിടക്കുന്ന മണ്ഡലത്തിൽ എത്ര ദിവസം രാഹുലുണ്ടാകുമെന്നതിൽ വ്യക്തത വന്നിട്ടില്ല.
വാഹനങ്ങളുടെ ഇനം, ക്യുബിക് കപ്പാസിറ്റി (സി.സി.), കയറ്റാവുന്ന ഭാരം, യാത്രക്കാരുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കി വാഹന ഇന്‍ഷുറന്‍സ് നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ കമ്പനികള്‍ തീരുമാനിക്കും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിശ്ചയിക്കുന്ന താരിഫുകള്‍ അതോടെ ഇല്ലാതാകും. കേന്ദ്രസർക്കാർ ആണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രണം. 301 കോളനിക്ക് സമീപം വയൽപ്പറമ്പിൽ ഐസക്കിൻ്റെ ഷെഡ് ആണ് ആക്രമിച്ചത്. സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. സമീപവാസികൾ ബഹളം വച്ച് കാട്ടാനയെ തുരത്തുകയായിരുന്നു.
ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്.
നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവർ അടൂര്‍ പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി നടന്ന വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത. ടൂര്‍ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയത്. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്നും,ഓട്ടത്തിനിടയിൽ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോർ മൂന്ന് തവണ തുറന്നു, ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്ന തോന്നലുണ്ടായിരുന്നു, അകത്ത് മൽപ്പിടുത്തം നടന്നതായി സംശയിക്കുന്നുവെന്നും സംഭവം കണ്ട ദൃക്സാക്ഷി പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.
ജമ്മു കശ്മീരിൽ പുലര്‍ച്ചെ 1.15ഓടെ റാംബനിൽ നടന്ന വാഹനാപകടത്തിൽ 10 മരണം. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോയ പാസഞ്ചർ ടാക്സിയാണ് അപകടത്തിൽപ്പെട്ടത്.വാഹനം 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പൂര്‍ണമായി അവസാനിച്ചിട്ടില്ല.
മുക്താർ അൻസാരിയുടെ മരണം സർക്കാർ സ്പോൺസേർഡ് കൊലപാതകമെന്ന ആരോപണവുമായി പ്രതിപക്ഷo. മരണത്തെ തുടർന്ന് യുപിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് യുപി സർക്കാർ.
ഇന്ത്യയിൽ നീതിപൂർവ്വമായ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ. പൗരന്മാരുടെയും രാഷ്ട്രീയപാർട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും യു.എന്‍. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് പറഞ്ഞു.
അരവിന്ദ് കെജ്‌രിവാളിനെതിരെ നടപടി കടുപ്പിക്കാൻ ഇഡി. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ കെജ്‌രിവാളിനോട് പാസ്‌വേഡ് ആവശ്യപ്പെടും. പാസ്‌വേഡ് നൽകിയില്ലെങ്കിൽ മറ്റ് രീതിയിൽ രേഖകൾ ശേഖരിക്കാൻ ആണ് ഇഡിയുടെ നീക്കം. മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാനും ഇഡി തീരുമാനിച്ചിട്ടുണ്ട്. അഴിമതിയുടെ മുഖ്യ ആസൂത്രകൻ കേജ്രിവാൾ എന്നാണ് ഇഡിയുടെ ആരോപണം.
മഹാരാഷ്ട്രയിലെ ഭരണ-പ്രതിപക്ഷ സഖ്യങ്ങളിൽ പ്രതിസന്ധി രൂക്ഷം. സ്ഥാനാർത്ഥികളിൽ മാറ്റമില്ലെന്ന് ശിവസേന ഉദ്ദവ് വിഭാഗo പ്രഖ്യാപിച്ചു. ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിൽ പരിഗണന കിട്ടുന്നില്ലെന്ന വിമർശനവുമായി കേന്ദ്രമന്ത്രി രാംദാസ് അത്തേവലെയും രംഗത്തെത്തി.ആദ്യ ഘട്ട പട്ടികയിലെ പതിനേഴ് സ്ഥാനാർത്ഥികൾക്കു പുറമെ അഞ്ചു സ്ഥാനാറത്ഥികളെ കൂടി പ്രഖ്യാപിക്കും.