20251017 141017 0000

തെക്ക് കിഴക്കൻ അറബിക്കടലിൽ, ലക്ഷദ്വീപിന് സമീപത്തായി ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.

 

ഇടുക്കിയിൽ അതിശക്തമായ മഴയെ തുടർന്ന് പലയിടത്തും മണ്ണിടിച്ചിലും മലവെള്ള പാച്ചിലുമുണ്ടായി. ഇടുക്കിയിൽ വിവിധയിടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ജെസിബി ഉൾപ്പെടെയുള്ള വാഹനങ്ങൾ ഒലിച്ചു പോയി.

തോട് കര കവിഞ്ഞതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെ സമീപത്തുള്ള ഹോളിഡേ ഹോം ഡോർമിറ്ററി ബിൽഡിങ്ങിലേക്കും മാറ്റി. കുമളി ചെളിമട ഭാഗത്തും, ആന വിലാസം ശാസ്തനട ഭാഗത്തും വെള്ളം പൊങ്ങി. വണ്ടിപ്പെരിയാർ, കക്കികവല ആറ്റിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് സമീപത്തെ വീടുകളിൽ വെള്ളം കയറിയതോടെ ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

 

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സ്പിൽവേയിലെ മൂന്ന് ഷട്ടറുകൾ തുറന്നു. സെക്കന്‍ഡിൽ 1063 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. വൃഷ്ടി പ്രദേശങ്ങിൽ അതിശക്തമായ മഴ പെയ്തതോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. രാവിലെ 137 അടിക്ക് മുകളിൽ ജലനിരപ്പ് എത്തിയിരുന്നു. ഇതോടെയാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടാൻ തീരുമാനിച്ചത്. പെരിയാർ നദിയിൽ ജലനിരപ്പ് കുറവായതിനാലാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

 

നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. കൊലപാതകത്തിനും (302) അതിക്രമിച്ചു കടക്കലിനും (449)നും ചേര്‍ത്താണ് ഇരട്ട ജീവപര്യന്തം തടവ്. ഇരട്ട ജീവപര്യന്തത്തിനൊപ്പം 3.25 ലക്ഷം പിഴയും കോടതി വിധിച്ചു. തെളിവ് നശിപ്പിക്കലിന് (201) അഞ്ചു വര്‍ഷം തടവ് ശിക്ഷയും കാല്‍ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും.

 

നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധിക്കിടെയും യാതൊരു ഭാവഭേദവുമില്ലാതെ പ്രതി ചെന്താമര. അതേസമയം വിധിയിൽ തൃപ്തരാണെന്ന് സജിതയുടെ മക്കളായ അതുല്യയും അഖിലയും പ്രതികരിച്ചു. പ്രതി ഇനി ജയിലിൽ നിന്ന് പുറത്തിറങ്ങരുതെന്നും പ്രതീക്ഷിച്ച വിധിയാണെന്നും പ്രതിക്ക് പരോളും ജാമ്യവും അനുവദിക്കരുതെന്നും മക്കള്‍ പറഞ്ഞു.

 

ശബരിമലയിലെ നിയുക്ത മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. നിലവിൽ ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തിയാണ് പ്രസാദ് നമ്പൂതിരി. മാളികപ്പുറം മേൽശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെ തെരഞ്ഞെടുത്തു. നിലവിൽ കൊല്ലം കൂട്ടിക്കട ധർമ്മശാസ്താ ക്ഷേത്രത്തിലെ മേൽശാന്തിയാണ് എംജി മനു നമ്പൂതിരി. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമ ശബരിമല മേൽശാന്തിയുടെയും പന്തളം കൊട്ടാരത്തിലെ മൈഥിലി വർമ മാളികപ്പുറത്തെ മേൽശാന്തിയുടെയും നറുക്കെടുത്തു.

 

കൊച്ചി പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥിനിക്ക് ഏത് സ്കൂളിലും പ്രവേശനം നേടാൻ അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അതേ സമയം ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിലൂടെ വർഗീയ പ്രചാരണം നടത്തിയെന്ന് പരാതി. സ്കൂളിലെ പിടിഎ പ്രസിഡന്റ് ജോഷിക്കെതിരെ പിടിഎ എക്‌സിക്യൂട്ടിവ് അംഗമാണ് പരാതി നൽകിയത്. പിടിഎ അംഗമായ ജമീർ ആണ് പരാതി നൽകിയത്. സൈബർ പൊലീസിന് നൽകിയ പരാതി പള്ളുരുത്തി കസബ സ്റ്റേഷനിലേക്ക് മാറ്റി.

 

പള്ളുരുത്തി സെന്‍റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രൻ. വോട്ട് ബാങ്കിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി അടിസ്ഥാനമില്ലാത്ത കാര്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി കോടതി ഉത്തരവുകളും മറ്റും പരിശോധിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യൂണിഫോം നിശ്ചയിക്കാൻ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ എംകെ വര്‍ഗീസ് നല്ല മനുഷ്യനാണെന്നും എന്നാൽ, അദ്ദേഹത്തെ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വരന്തരപ്പിള്ളിയിലെ കലുങ്ക് സൗഹൃദ സദസിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ചങ്ങലയ്ക്ക് ഇട്ടിരിക്കുന്നതിനാല്‍ മേയര്‍ക്ക് ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

 

ദേശീയപാത വികസനം പൂർത്തിയാകുന്ന മുറയ്ക്ക്, തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വെറും മൂന്നര-നാല് മണിക്കൂറിനുള്ളിൽ യാത്ര സാധ്യമാക്കുന്ന ആധുനിക ബിസിനസ് ക്ലാസ് ബസ് സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകൾക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകൾ നിരത്തിലിറങ്ങുകയെന്നും, ഇത് സംസ്ഥാനത്തെ യാത്രാനുഭവങ്ങളിൽ ഒരു പുതിയ അധ്യായം തുറക്കുമെന്നുറപ്പാണെന്നും മന്ത്രി പറ‍ഞ്ഞു.

 

ഇന്ത്യയിലെ ആദ്യത്തെ ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെലായ ‘യാന’ത്തിന്‍റെ ഒന്നാം പതിപ്പിന് വര്‍ക്കലയില്‍ തുടക്കമായി. കേരള ടൂറിസം സംഘടിപ്പിക്കുന്ന ത്രിദിന പരിപാടി വര്‍ക്കല ക്ലിഫിലെ രംഗകലാ കേന്ദ്രത്തില്‍ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 19 വരെയാണ് ഫെസ്റ്റിവെല്‍. ടൂറിസം പ്രചാരണത്തിനായി വ്യത്യസ്ത ആശയങ്ങള്‍ കേരളം നടപ്പിലാക്കിവരുന്നു. അത്തരത്തിലൊരു പ്രചാരണ പരിപാടിയാണ് സഞ്ചാരവും സാഹിത്യവും ഒത്തുചേരുന്ന യാനമെന്ന് മന്ത്രി വ്യക്തമാക്കി.

 

കെപിസിസി നടത്തുന്ന ശബരിമല വിശ്വസ സംരക്ഷണ ജാഥ സമാപനത്തിന് ക്യാപ്റ്റൻമാരിൽ ഒരാളായ കെ മുരളീധരൻ പങ്കെടുക്കില്ല. മുരളീധരൻ, ഗുരുവായൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചുപോകും. നാല് ജാഥാ ക്യാപ്റ്റൻമാരിൽ ഒരാളായ കെ മുരളീധരൻ സമാപനത്തിൽ പങ്കെടുക്കാതിരിക്കുന്നത് കോൺഗ്രസിന് ക്ഷീണമാകും. ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കൾ അനുനയ നീക്കം തുടരുകയാണ്.

 

ബത്തേരി അർബൻ ബാങ്ക് നിയമന അഴിമതിയിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയെ പ്രതിയാക്കി വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. നിയമനങ്ങൾക്ക് പണം വാങ്ങിയെന്ന കുറ്റം ചുമത്തിയാണ് കേസടുത്തത്. എൻ എം വിജയൻ്റെ മരണത്തിന് പിന്നാലെ ഉയർന്നുവന്ന നിയമന അഴിമതി വിവാദത്തിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. അതേ സമയം ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും കേസെടുത്ത സാഹചര്യത്തിൽ സ്ഥാനത്തു തുടരാൻ അർഹതയില്ലെന്നും വയനാട് സിപിഎം ജില്ലാ സെക്രട്ടറി റഫീഖ് വ്യക്തമാക്കി.

 

യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ അബിൻ വർക്കിയെ ഒഴിവാക്കിയതിൽ ഓർത്തഡോക്സ് സഭയ്ക്ക് അതൃപ്തി. അബിനെ വെട്ടി ഒതുക്കിയെന്ന് കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാ‍ർ ദീയസ് കോറോസ് പറഞ്ഞു. അബിൻ വർക്കി മികച്ച നേതാവാണ്, അബിനെ തഴഞ്ഞത് ശരിയായില്ലെന്നും കേരളത്തിൽ നിറഞ്ഞ് നിൽക്കണമെന്നും, ചാണ്ടി ഉമ്മനോടും അനീതി കാണിച്ചുവെന്നും ഭദ്രാസനാധിപൻ യൂഹാനോൻ മാ‍ർ ദീയസ്കോറോസ് പറഞ്ഞു.

 

പത്തനംതിട്ട പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തേക്ക് ഒരു വിഭാഗം സമുദായ അംഗങ്ങളുടെ പ്രതിഷേധ മാർച്ച്‌. ആലുവ എൻഎസ്എസ് കർമ്മസമിതിയുടെ നേതൃത്വത്തിലാണ് മോചനയാത്ര എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സുകുമാരൻ നായർ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എൻഎസ്എസ് ഹിന്ദു കോളജിന് സമീപത്തുവച്ച് പോലീസ് മാർച്ച് തടഞ്ഞു.

 

കാസർകോട് ചന്തേരയിൽ നിന്നും കാണാതായ നാല് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്നലെയാണ് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ നിന്നും നാല് ആൺകുട്ടികളെ ഉച്ചഭക്ഷണ സമയത്ത് കാണാതായത്. അധ്യാപകരുടെ നേതൃത്വത്തിൽ സമീപത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നാലെ ചന്തേര പൊലീസിൽ പരാതി നൽകുകയായിരുന്നു.

 

വിതുര പഞ്ചായത്തിലെ മാലിന്യം മേമലയിൽ ശ്മശാനത്തിനായി വാങ്ങിയ ഭൂമിയിലിട്ട് കത്തിച്ച സംഭവത്തിൽ കരാറുകാരന് പിഴയിട്ടു. യൂസർ ഫീ വാങ്ങി ഹരിത കർമ സേന മികച്ച രീതിയിൽ മാലിന്യ സംസ്കരണം നടത്തുന്ന പഞ്ചായത്തിലാണ് സ്വന്തം മാലിന്യം പൊതു സ്ഥലത്ത് നിക്ഷേപിച്ച് കത്തിച്ചത്. പ്ലാസ്റ്റിക് മാലിന്യമടക്കം കത്തിച്ചത് വിവാദമായതോടെ കരാറുകാരൻ മേമല സ്വദേശി ശ്രീകുമാറിന് 5000 രൂപ പിഴയിട്ടു.

 

അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി ഉൾവനത്തിൽ കുഴിച്ചിട്ടതായി രണ്ടാം ഭർത്താവിന്റെ വെളിപ്പെടുത്തൽ. ഇലച്ചിവഴി സ്വദേശി വള്ളിയമ്മയെ (45) ആണ് രണ്ടാം ഭ‍ർത്താവായ പഴനി(46) കൊലപ്പെടുത്തിയത്. പുതൂർ പഞ്ചായത്തിൽ ഇലച്ചിവഴി സ്വദേശിയായ വള്ളിയമ്മയെ രണ്ട് മാസം മുമ്പ് കാണാതായിരുന്നു. അമ്മയെ കാണാനില്ലെന്ന് വ്യക്തമാക്കി മകൾ പുതൂ‍‍‍ർ പൊലീസിൽ പരാതി നൽകി. തുട‍ർന്നാണ് നിർണായക വിവരം പുറത്തറിയുന്നത്.

 

എസി കോച്ചുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പുതപ്പിന് ഇനി മുതൽ കവറുകളുമുണ്ടാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ശുചിത്വം മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക് സുരക്ഷിതവും വൃത്തിയുള്ളതും സുഖകരവുമായ യാത്രാനുഭവം നൽകുന്നതിനുമാണ് ഈ നീക്കമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഉദ്ഘാടനവും അശ്വിനി വൈഷ്ണവ് നിർവഹിച്ചു.

 

മൊസാംബിക്കിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ 5 ഇന്ത്യാക്കാർക്കായി തെരച്ചിൽ തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാണാതായവരിൽ എറണാകുളം പിറവം സ്വദേശിയുമുണ്ടെന്നാണ് വിവരം. എന്നാൽ ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. പിറവത്തെ ബന്ധുക്കൾക്ക് വിവരം ലഭിച്ചതായാണ് ഒടുവിലത്തെ വിവരം.

 

പ്രതിസന്ധിയൊഴിയാതെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് മഹാസഖ്യം മുന്നണിയിലെ സീറ്റ് വിഭജനം. ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളിൽ മഹാസഖ്യം സ്ഥാനാർത്ഥികൾ നേർക്കുനേർ മത്സരിച്ചേക്കും. ഒരേ മണ്ഡലങ്ങളിൽ മഹാസഖ്യത്തിലെ ആർജെഡിയും, കോൺഗ്രസും, സിപിഐയും നാമനിർദ്ദേശപത്രിക സമർപ്പിച്ചു. അനുരഞ്ജനത്തിന് തയ്യാറാകാതെ പാർട്ടികൾ നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥികളെ പിൻവലിക്കുന്നതിലും തർക്കം തുടരുകയാണ്.

 

പൊതുഇടങ്ങളിൽ ആർഎസ്എസ് പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി കർണാടകയിൽ കോൺഗ്രസ് സർക്കാർ നിയമം കൊണ്ടുവന്നതിന് പിന്നാലെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ. പഞ്ചായത്ത് വികസന ഓഫീസറായ പ്രവീൺ കുമാർ കെ.പി.യെയാണ് ആർ.എസ്.എസ്സിന്റെ ശതാബ്ദി പരിപാടിയിൽ പങ്കെടുത്തതിന് ഗ്രാമ വികസന, പഞ്ചായത്ത് രാജ് വകുപ്പ് വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തത്.

 

കരൂര്‍ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ കടുപ്പിച്ച് ഡിഎംകെ. വിജയ് ആര്‍എസ്എസ് ഗണവേഷത്തിൽ ചോരയിൽ കുളിച്ചു നിൽക്കുന്ന പോസ്റ്റര്‍ ചേര്‍ത്തുള്ള എക്സ് പോസ്റ്റിലാണ് ഡിഎംകെ വിജയ്ക്കെതിരെ തുറന്നടിച്ചത്. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന വിജയുടെ ഗ്രാഫിക്സ് ചിത്രമാണ് പുറത്തുവിട്ടത്. കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്സ് പോസ്റ്റിൽ ഡിഎംഎകെയുടെ വിമര്‍ശനം.

 

മൈസൂരു സരഗൂരിൽ കടുവയുടെ ആക്രമണത്തിൽ കര്‍ഷകന് ഗുരുതര പരിക്ക്. സരഗൂര്‍ ബഡഗലപ്പുരയിലെ മഹാദേവ എന്ന കര്‍ഷകനെ കടുവ കടിച്ചുകീറുകയായിരുന്നു. വനംവകുപ്പിന്‍റെ ഓപ്പറേഷനിടെയാണ് കര്‍ഷകന് ഗുരുതരമായി പരിക്കേറ്റത്. വനംവകുപ്പ് സംഘം തുരത്തിയോടിച്ച കടുവ കൃഷിഭൂമിയിലെത്തി കര്‍ഷകനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ചികിത്സാ ചെലവ് വഹിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വനംവകുപ്പിനോട് നിർദേശിച്ചു.

 

പഞ്ചാബിൽ സിർഹിന്ദിന് സമീപം അമൃത്സർ-സഹർസ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. സിർഹിന്ദ് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് കോച്ചിനകത്ത് തീ പിടിത്തമുണ്ടായത്. 3 കോച്ചുകളിലേക്ക് തീ പടർന്നു. ഒരു കോച്ച് പൂർണമായും കത്തി നശിച്ചു. തീ കണ്ട ഉടനെ യാത്രക്കാരെ മാറ്റി തീയണച്ചെന്ന് റെയിൽവേ അറിയിച്ചു. ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.

 

ഉന്നത സൈനിക ഉദ്യോഗസ്ഥർക്കെതിരെ കൂട്ട നടപടിയുമായി ചൈന. കമ്യുണിസ്റ്റ് പാർട്ടിയുടെ പിബി അംഗം അടക്കം 9 മുതിർന്ന സൈനിക മേധാവിമാരെ പുറത്താക്കി. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ ആരോപിച്ചാണ് ഈ ഒമ്പത് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. പ്രസിഡന്റ് ഷീ ജിൻ പിങ്ങിന്റെ വിശ്വസ്തരടക്കമുള്ളവരെയാണ് സൈന്യത്തിൽ നിന്നും പുറത്താക്കിയത്.

 

ബ്രിട്ടീഷ് സൈന്യത്തിലെ യുദ്ധവിമാന പൈലറ്റുമാർക്ക് പരിശീലനം നൽകാൻ ഇന്ത്യൻ വ്യോമസേന. യുകെയുടെ റോയൽ എയർഫോഴ്സ് യുദ്ധവിമാന പൈലറ്റുമാർക്കാണ് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുമായി മുംബൈയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സുപ്രധാന ഉടമ്പടി പ്രഖ്യാപിച്ചത് ഇന്ത്യൻ വ്യോമസേനയിലെ രണ്ട് പരിശീലകർ ആയിരിക്കും ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുകൾക്ക് പരിശീലനം നൽകുക.

 

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങളടക്കം 8 പേർ കൊല്ലപ്പെട്ടു. കബീർ അഗ്ഗാ, സിബ്ഗത്തുള്ള, ഹാറൂൺ എന്നീ മൂന്ന് ക്രിക്കറ്റ് താരങ്ങളാണ് കൊല്ലപ്പെട്ടതെന്നും, ഇവരെ കൂടാതെ മറ്റ് അഞ്ച് പേർ കൂടി ആക്രമണത്തിൽ മരിച്ചുവെന്നും എസിബി അറിയിച്ചു. അടുത്ത മാസം നടക്കാനിരുന്ന ത്രിരാഷ്ട്ര പരമ്പരയിൽ പങ്കെടുക്കുന്നതിന് വേണ്ടി പാകിസ്ഥാൻ അതിർത്തിയായ ഊർഗൻ എന്ന സ്ഥലത്ത് നിന്ന് ഷാറാനയിലേക്ക് യാത്ര ചെയ്തവരാണ് മരിച്ചതെന്നും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

 

പാക് വ്യോമാക്രമണത്തില്‍ 3 പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പട്ടതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്‍മാറി അഫ്ഗാനിസ്ഥാന്‍. അഫ്ഗാനിസഥാനിലെ പാക്തിക പ്രവിശ്യയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ അടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടത്.ആക്രമണത്തെ അപലപിച്ച അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പാകിസ്ഥാന്‍റെ നടപടി ഭീരുത്വമാണെന്ന് ആരോപിച്ചു.

 

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യുക്രെയ്‌ന്‍ യുദ്ധവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്ക് ശേഷം പ്രസിഡൻറ് സെലൻസ്കിയുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് അവകാശവാദം ആവർത്തിച്ചത്. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദി തനിക്ക് ഫോൺ സംഭാഷണത്തിൽ ഉറപ്പുനൽകിയതായി കൂടിക്കാഴ്ച്ചക്കിടെ ട്രംപ് സെലെൻസ്കിയെ അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *