മുൻ മന്ത്രി ജി സുധാകരൻ താൻ സഹോദരനെ പോലെ കാണുന്ന ആളാണെന്ന് സിപിഎം നേതാവ് എ കെ ബാലൻ. എസ്എഫ്ഐ കാലത്തെ കുറിച്ചുള്ള ഫേസ് ബുക്ക് കുറിപ്പ് സംബന്ധിച്ചാണ് എ കെ ബാലന്‍റെ വിശദീകരണം. താൻ പാർട്ടിയിൽ അവഗണിക്കപ്പെടുന്നുണ്ടെന്ന തോന്നൽ ജി സുധാകരനുണ്ടെന്ന് എ കെ ബാലൻ പറഞ്ഞു. മാനസിക വിഷമമുണ്ടെങ്കിൽ പാർട്ടിക്ക് പ്രതിസന്ധിയുണ്ടാകും വിധം പുറത്തു പറയരുത്. അവഗണനയെന്ന് തോന്നുമ്പോൾ അത്തരം വികാരങ്ങളുണ്ടാകും. അത് അതു പോലെ പുറത്തു വരരുത്. പണ്ട് തനിക്കും അതു പോലൊരു സ്വഭാവം ഉണ്ടായിരുന്നു. പ്രായം അത്തരം ചാപല്യങ്ങളെ ഇല്ലാതാക്കി. എസ്എഫ്ഐ ആയിരിക്കുമ്പോൾ ഉള്ള സ്വഭാവത്തിൽ ജി സുധാകരന് മാറ്റമില്ലെന്നും എ കെ ബാലൻ അഭിപ്രായപ്പെട്ടു.

 

മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് മുന്‍ മന്ത്രി ജി സുധാകരന്‍. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാന്‍ ശ്രമിച്ചു. പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചു. ടീ പാർട്ടി നടത്തി. അതിൽ സജി ചെറിയാനും പങ്കാളി ആണ്. സജി ചെറിയാനെതിരെ പാര്‍ട്ടി നപടി എടുക്കണം. പാർട്ടിയാണ് തന്നെ കുറിച്ച് നല്ലത് പറയേണ്ടത്. സജി ചെറിയാന്‍റെ കൂട്ടർ തന്നെ ബിജെപിയിൽ വിടാൻ ശ്രമിച്ചു. തന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല. . പുന്നപ്ര വയലാറിന്‍റെ മണ്ണിൽ നിന്നാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായ രണ്ടുദിവസത്തെ അവധിക്ക് ശേഷം സെന്‍റ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു. ഹിജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനി ഇന്ന് സ്കൂളിൽ എത്തില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണം അവധിയെടുത്തതാണെന്ന് രക്ഷിതാവ്. സ്കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടർന്നും കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കാനാണ് ആ​ഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

 

പളളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന. സർക്കാരിന് രേഖാമൂലം മറുപടി നൽകിയതായി പ്രിൻസിപ്പൽ അറിയിച്ചു. സ്കൂളിന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും സിസ്റ്റർ ഹെലീന് വ്യക്തമാക്കി. ഡിഡിഇ നൽകിയത് സത്യവിരുദ്ധമായ റിപ്പോർട്ടാണ്. യൂണിഫോം നിശ്ചയിക്കാൻ സ്കൂൾ മാനേജ്മെന്റിന് അധികാരമുണ്ട്. കുട്ടിക്ക് പഠനം നിഷേധിച്ചിട്ടില്ലെന്നും സിസ്റ്റര്‍ ഹെലീന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി സംസാരിച്ചത് കാര്യമറിയാതെയാണ്. സ്കൂളിന് എല്ലാ കുട്ടികളും ഒരുപോലെയാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.

 

പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ഥിനി ശിരോവസ്ത്രം ധരിച്ചെത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം വഷളാക്കാനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂള്‍ തലത്തില്‍ സമവായം ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞു. അങ്ങനെയാണെങ്കില്‍ അത് നല്ലതാണ്. അതോടെ വിവാദം അവസാനിക്കട്ടെ എന്നും മന്ത്രി പറഞ്ഞു.

 

എറണാകുളം പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ശിരോവസ്ത്ര തർക്കത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ തള്ളി പിടിഎ പ്രസിഡന്റ്. ശിരോവസ്ത്രം അ‌നുവദിക്കില്ലെന്ന സ്കൂളിന്റെ നയത്തിൽ മാറ്റമില്ലെന്നും നിയമം എല്ലാവർക്കും ബാധകമാണെന്നും പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

 

ദില്ലിയിൽ ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കുന്നതിന് സുപ്രീംകോടതിയുടെ അനുമതി. കർശന നിർദേശങ്ങളോടെയാണ് സുപ്രീംകോടതി അനുമതി നൽകിയത്. ഈ മാസം 18 മുതൽ 21 വരെ ഹരിത പടക്കങ്ങൾ ഉപയോഗിക്കാമെന്ന് ചിഫ് ജസ്റ്റിസ് ബിആര്‍ ഗവായി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇന്നു മുതൽ 21-ാം തീയതി വരെ ഹരിത പടക്കങ്ങളുടെ വിൽപ്പനയ്ക്കും അനുമതി നൽകിയിട്ടുണ്ട്. രാവിലെ ആറ് മുതൽ ഏഴ് വരെയും രാത്രി എട്ടു മുതൽ 10 വരെയുമാണ് പടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയത്.

 

കോഴിക്കോട് പേരാമ്പ്രയിൽ സംഘർഷം ഉണ്ടാക്കാൻ ബോധപൂർവ്വം ശ്രമം ഉണ്ടായെന്ന് സിപിഎം. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റിനോട് ഷാഫിക്ക് വ്യക്തിവിരോധം ഉണ്ടെന്നും പ്രസിഡന്റിനെ ഹർത്താൽ ദിനത്തിൽ കൈയേറ്റം ചെയ്തെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് കെ സജീഷ് മാധ്യമങ്ങളോട് പറഞ്ഞു. സംഘർഷത്തെ തുടർന്നുണ്ടായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ ലിസ്റ്റ് കൊടുക്കുന്ന പരിപാടി സിപിഎമ്മിന് ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

 

നാ​ലു​ ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു നേ​ര​ത്തെ നി​ശ്ച​യി​ച്ച​തി​ലും ഒ​രു ദി​വ​സം നേ​ര​ത്തേ തിരുവനന്തപുരത്തെത്തും. 21ന് ​നാണ് എത്തുക. ശ​ബ​രി​മ​ല, ശി​വ​ഗി​രി സ​ന്ദ​ർ​ശ​ന​വും മു​ൻ രാ​ഷ്‌​ട്ര​പ​തി കെ.​ ആ​ർ നാ​രാ​യ​ണ​ന്‍റെ പ്ര​തി​മ അ​നാ​ച്ഛാ​ദന​വും പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യും എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ന്‍റെ ശ​താ​ബ്ദി​യും രാ​ഷ്‌​ട്ര​പ​തി​യു​ടെ പ​രി​പാ​ടി​ക​ളി​ലു​ണ്ട്.

 

സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയർത്തുന്നയിടങ്ങളിൽ, ഐക്യരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 24ന്, ദേശീയപതാകയ്‌ക്കൊപ്പം യു.എൻ. പതാകയും ഉയർത്താമെന്നു പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. രാജ്ഭവൻ, നിയമസഭ, ഹൈക്കോടതി എന്നിവിടങ്ങളിൽ യു.എൻ. പതാക ഉയർത്താൻ പാടില്ല. മറ്റിടങ്ങളിൽ ഫ്ലാഗ് കോഡിലെ നിർദേശങ്ങൾ പാലിച്ച് പതാകകൾ ഉയർത്താമെന്നും നിർദേശത്തിൽ പറയുന്നു.

 

എ കെ ജി സെന്റർ ഭൂമി കേസിൽ പ്രതികരണവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 2021 ൽ 32 സെന്റ് ഭൂമി വാങ്ങിയത് നിയമ പ്രകാരമാണ്. വാങ്ങിയ ഭൂമിയിൽ 30 കോടി ചെലവഴിച്ചാണ് 9 നില കെട്ടിടം പണിതത് എന്നും എം വി ഗോവിന്ദൻ. സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്ത വിവരങ്ങളാണിത്. വാങ്ങുമ്പോൾ ഭൂമി സംബന്ധിച്ച കേസുകൾ ഇല്ലായിരുന്നു എന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

 

മുഖ്യമന്ത്രിയുടെയും സംഘത്തിൻ്റെയും വിവിധ ഗൾഫ് രാജ്യങ്ങളിലെ പര്യടനം നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ പ്രചരണത്തിനും ധനസമാഹരണത്തിനും വേണ്ടിയാണെന്ന് ചെറിയാൻ ഫിലിപ്പ്.പറഞ്ഞു.പ്രവാസി ക്ഷേമ പദ്ധതികൾ വിശദീകരിക്കുന്നതിനും വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനുമാണ് വിവിധ സർക്കാർ പരിപാടികൾ എന്ന വാദം അർത്ഥശൂന്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

 

തിരുവല്ലയിൽ മോട്ടോർ വാഹന വകുപ്പിന്‍റെ സെമിനാർ ഇന്ന് നടക്കും. വിഷൻ 2031 ല്‍ നിർബന്ധമായും പങ്കെടുക്കാൻ ദക്ഷിണ മേഖലാ RTO ഓഫീസുകളിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി. രണ്ട് ക്ലർക്കുമാരെ മാത്രം RTO ഓഫീസുകളിൽ നിലനിർത്തി ബാക്കി ഉദ്യോഗസ്ഥർ സെമിനാറിനെത്താനാണ് നിർദേശം നല്‍കിയിട്ടുള്ളത്. ഉദ്യോഗസ്ഥർക്ക് സെമിനാറിനെത്താൻ ആറ് ബസുകളും തയ്യാറാക്കിയിട്ടുണ്ട്.

 

ആറുവരി ദേശീയപാതയിൽ തലപ്പാടി – ചെങ്കള റീച്ച് നിർമാണം പൂർത്തിയാക്കി. കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി ദേശീയപാത അതോറിറ്റിക്ക് കൈമാറിക്കഴിഞ്ഞു. ഒറ്റത്തൂണിൽ തീർത്ത രാജ്യത്തെ ഏറ്റവും ഉയരവും വീതിയുമുള്ള മേൽപ്പാലമാണ് കാസർകോട്ടേത്. 1.2 കിലോമീറ്റർ നീളമുള്ള ഒറ്റ തൂണിലെ 6 വരി മേൽപ്പാലം അടക്കം ഈ റീച്ചിലാണ് ഉൾപ്പെടുന്നത്.

 

കൊച്ചിയില്‍ ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്‍ നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാനുളള നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടന്നിരിക്കുകയാണ്. നിര്‍മാണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് താമസ യോഗ്യമല്ലാതായി മാറിയ കൊച്ചി വൈറ്റിലയിലെ ചന്ദര്‍കുഞ്ജ് ഫ്ളാറ്റ് സമുച്ചയമാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം പൊളിക്കുന്നത്. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ ഇതു സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളെടുത്തു.

 

പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്. സജീർ ചെറുവണ്ണൂർ, അരുൺ മുയ്യോട്ട്, നസീർ വെള്ളിയൂർ, കൃഷ്ണനുണ്ണി വേളം, മുസ്തഫ മിദ്‌ലാജ്, റഷീദ് വാല്യക്കോട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

 

പാലക്കാട് അഗളി പുതുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കൃഷി. സത്യക്കല്ലുമലയുടെ താഴ്വാരത്ത് 60 സെന്റ് സ്ഥലത്ത് മൂന്നുമാസം പ്രായമായി പതിനായിരത്തോളം കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. കേരള തീവ്രവാദ വിരുദ്ധ സേനയും (ATS) പാലക്കാട് ജില്ല ലഹരി വിരുദ്ധ സേനയും പുതുർ പൊലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്.

 

ആറൻമുളയിലെ ആചാരലംഘന വിവാദം ഉണ്ടാക്കിയത് ദേവസ്വം ബോർഡ് തന്നെയെന്ന് പള്ളിയോട സേവാസംഘം. ബോർഡ് കൊടുത്ത കത്തിനാണ് തന്ത്രി മറുപടി നൽകിയത്. തന്ത്രി ചടങ്ങ് നേരിട്ട് കണ്ടിട്ടില്ലെന്നും വള്ളസദ്യ നേരത്തെ നടത്തി എന്ന തെറ്റായ വിവരം ബോർഡ് ആണ് കത്തിലൂടെ തന്ത്രിയെ അറിയിച്ചത്, ആചാരലംഘനം ഉണ്ടായിട്ടില്ല എന്നും പള്ളിയോട സേവാസംഘം പ്രസിഡൻറ് കെ വി സാംബദേവൻ പ്രതികരിച്ചു.

 

ഒപ്പം നിന്നവർക്ക് മാത്രം നന്ദി എന്ന് കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ കുടുംബം.കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു വിടവാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷമായി. കുടുംബത്തിൽ പോലും ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമം നടന്നു. നീതി അകലെയാണ്. നീതിക്ക് വേണ്ടി പോരാടും. പി പി ദിവ്യയുടെ മൊബൈൽ ഫോൺ പോലും ഇതുവരെ പരിശോധിച്ചിട്ടില്ലെന്ന് കുടുംബം പ്രതികരിച്ചു.

 

ഓൺലൈൻ ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രതയോടെ ഇരിക്കണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ജോലി വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും കാണുന്ന അവസരങ്ങളെയെല്ലാം കണ്ണും പൂട്ടി വിശ്വസിച്ചാൽ പണവും സമയവും നഷ്ടമാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

 

കൊല്ലം കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ആളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയ്ക്ക് ഒപ്പം രണ്ട് വർഷമായി താമസിക്കുന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. ഹോട്ടൽ ജീവനക്കാരനായ പ്രതിയെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. രണ്ട് വര്‍ഷത്തോളമായി പെണ്‍കുട്ടി പീഡനത്തിനിരയായി എന്നാണ് പൊലീസ് പറയുന്നത്.

 

അമ്മയുടെ കൺമുന്നിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം. സ്കൂൾ വാനിടിച്ചാണ് മൂന്ന് വയസുകാരന്‍ മരിച്ചത്. മാനിപുരം സ്വദേശി മുനീറിൻ്റെ മകൻ ഉവൈസിനാണ് ജീവന്‍ നഷ്ടപ്പെട്ടത്. വീടിന്‍റെ മുൻപിൽ വച്ചാണ് അപകടം നടന്നത്.സഹോദരിയെ വാനിൽ നിന്ന് ഇറക്കി ഡോർ അടയ്ക്കുന്ന സമയത്ത് അമ്മയുടെ കൈവിട്ടു പോയ കുട്ടി വാനിന് മുന്നിൽ പെടുകയായിരുന്നു.

 

കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത്‌ അന്തരിച്ചു. ശ്രീധരീയം ആശുപത്രിയിൽ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 6 ദിവസം മുമ്പാണ് ഒടുങ്കെ കൂത്താട്ടുകുളത്ത്‌ എത്തിയത്.

 

കൊലപാതക ശ്രമക്കേസിൽ ഒളിവിൽ പോയത് 48 വർഷം മുൻപ്. 77ാം വയസിൽ ലൈസൻസ് പുതുക്കാനുള്ള ശ്രമത്തിൽ ദീർഘകാലത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് പൊലീസ്. 1977ൽ മുബൈയിലെ കൊളാബയിൽ രജിസ്റ്റർ ചെയ്ത കൊലപാതക ശ്രമക്കേസിലെ പ്രതിയെയാണ് 48 വർഷങ്ങൾക്ക് ശേഷം പിടികൂടിയത്. ചന്ദ്രശേഖർ മധുകർ കലേകർ എന്ന 77കാരനെയാണ് കൊളാബ പൊലീസ് പതിറ്റാണ്ടുകൾക്കിപ്പുറം പിടികൂടിയത്.

 

തമിഴ്‌നാട്ടിലെ മധുരയിൽ വീട്ടിൽ ആത്മഹത്യ ചെയ്ത് പത്താം ക്ലാസുകാരൻ. പരിശീലനം ലഭിച്ച റൈഫിൾ ഷൂട്ടറായിരുന്നു കുട്ടിയെന്നും തോക്ക് ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തതെന്നും സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ആത്മഹത്യക്കായി തന്റെ സ്‌പോർടിംഗ് റൈഫിൾ ആണോ കുട്ടി ഉപയോഗിച്ചതെന്ന് ഉറപ്പായിട്ടില്ലെന്നും പുതൂർ പൊലീസ് സ്റ്റേഷനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

 

33 വർഷത്തിന് ശേഷം ക്ഷേത്രത്തിൽ നിന്ന് 6 കിലോയോളം സ്വ‍ർണാഭരണങ്ങൾ മോഷണം പോയ കേസിൽ 18 പേരെ കുറ്റവിമുക്തരാക്കി കോടതി. തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിൽ ഉൾപ്പെടെയുണ്ടായിരുന്ന 6 കിലോയോളം സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതികളെയാണ് പത്മനാഭപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയത്. കേസിൽ അറസ്റ്റിലായവർക്കെതിരെ കുറ്റം തെളിയിക്കാനോ ആവശ്യമായ തെളിവുകൾ ഹാജരാക്കാനോ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതി വിശദമാക്കിയത്.

 

ദില്ലി സൗത്ത് ഏഷ്യൻ സർവ്വകലാശാല ക്യാമ്പസിലെ പീഡന പരാതിയുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മലയാളി വിദ്യാർത്ഥികൾ. ഭയത്തോടെയാണ് ക്യാമ്പസിൽ കഴിയുന്നതെന്നാണ് മലയാളി വിദ്യാർത്ഥികൾ പ്രതികരിച്ചത്. ക്യാമ്പസിനകം പോലും സുരക്ഷിതമല്ല എന്നത് ഭയപ്പെടുത്തുകയാണ്. അതിക്രമത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്. സർവ്വകലാശാല അധികൃതർ തുടക്കത്തിൽ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും പോലീസിൻറെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

 

ദില്ലിയിലെ വായുമലിനീകരണം ഇന്നും മോശം അവസ്ഥയിൽ.ന​ഗരത്തിൽ ഇന്ന് രേഖപ്പെടുത്തിയ മലിനീകരണ തോത് 201 ആണ്.ഇന്നലെ മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയിരുന്നു.വരും ദിവസങ്ങളിൽ മലിനീകരണ തോത് രൂക്ഷമാകുമെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി.

 

പാകിസ്ഥാന് മുന്നിറിയിപ്പുമായി കരസേനയുടെ പശ്ചിമ കമാൻഡർ ലഫ് ജനറൽ എം കെ കത്വാർ രംഗത്ത്. ഓപ്പറേഷൻ സിന്ദൂർ 2.0 കൂടൂതൽ മാരകമാകും .യുദ്ധം ചെയ്ത് ജയിക്കാനുള്ള ശേഷി പാകിസ്ഥാനില്ല. അതിനാൽ പഹൽഗാം മോഡൽ ആക്രമങ്ങൾ വീണ്ടും നടത്തിയാൽ തിരിച്ചടി മാരകമാകും. ലോകരാജ്യങ്ങളോട് ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ച് കരസേന ഇന്നലെ വിശദീകരിച്ചതിന് പിന്നാലെയാണ് പ്രതികരണം അതിനിടെ അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ സംഘർഷത്തിൽ ഔദ്യോഗിക പ്രതികരണം ഒഴിവാക്കി ഇന്ത്യ. സംഘർഷം എങ്ങോട്ടു നീങ്ങുന്നു എന്ന് നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര സർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കി.

 

നാല് ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങൾ കൂടി വിട്ടുനൽകി ഹമാസ്. ഹമാസ് ആയുധം താഴെ വെക്കണമെന്നും അല്ലെങ്കിൽ അമേരിക്ക അവരെ നിരായുധീകരിക്കുമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കൂടുതൽ മൃതദേഹങ്ങൾ വിട്ടു നൽകിയത്. അതേസമയം ഹമാസ് സമാധാന കരാർ ലംഘിച്ചെന്നും അതിനാൽ ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായം നിയന്ത്രിക്കാനും ഈജിപ്തിലേക്കുള്ള തെക്കൻ അതിർത്തി തുറക്കുന്നത് വൈകിപ്പിക്കാനും തീരുമാനിച്ചതായി ഇസ്രയേൽ പ്രഖ്യാപിച്ചു.

 

വേണ്ടിവന്നാല്‍ 2026 ഫിഫ ലോകകപ്പിന്റെയും ഒളിമ്പിക്‌സിന്റെയും വേദികള്‍ മാറ്റുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി..അമേരിക്കയിലെ ബോസ്റ്റണിൽ നിന്ന് ലോകകപ്പ് വേദി മാറ്റാനുള്ള സാധ്യതയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ലോകകപ്പ് വേദി മാറ്റാനുള്ള നീക്കത്തെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ആഗോള അപൂർവ ധാതുക്കളുടെ വിതരണത്തിലെ ചൈനീസ് ആധിപത്യത്തെ ചെറുക്കാൻ ഇന്ത്യയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും പിന്തുണ പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ഉയർന്ന തീരുവ നിലനിർത്തുമ്പോഴാണ് യുഎസ് ട്രഷറി സെക്രട്ടറി ചൈനയ്ക്കെതിരെ പിന്തുണ ആവശ്യപ്പെടുന്നത്.

 

യുഎസിന്റെ പക്കൽനിന്ന് സോയാബീൻ വാങ്ങുന്നത് നിർത്തിവെച്ച ചൈനയുടെ തീരുമാനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിലെ സോയാബീൻ കർഷകർക്ക് പ്രയാസമുണ്ടാക്കുന്നതും സാമ്പത്തികമായി ശത്രുതാപരമായ നടപടിയാണ് ചൈനയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്നും ‍ട്രംപ് കൂട്ടിച്ചേർത്തു. ഇതിന് പകരമായി ചൈനയിൽനിന്നുള്ള പാചക എണ്ണയുടെ ഇറക്കുമതി നിർത്തുവെക്കുന്നതുൾപ്പെടെയുള്ള നടപടികൾ പരിഗണിക്കുകയാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

 

അഫ്ഗാനിസ്ഥാനും പാകിസ്താനുമിടയിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമാകന്നു. ബുധനാഴ്ച പുലര്‍ച്ചെ പാകിസ്താന്‍, അഫ്ഗാന്‍ സൈന്യങ്ങള്‍ അതിര്‍ത്തിയില്‍ രൂക്ഷമായ ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടുവെന്നും ഇരുവശത്തുള്ളവർക്കും പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *