സമാധാന കരാറില്‍ ഒപ്പുവച്ചു. അമേരിക്ക – ഇറാന്‍ സമാധാന കരാര്‍ യാഥാര്‍ത്ഥ്യമായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സില്‍വച്ചാണ് കരാറില്‍ ഒപ്പുവത്. ഉപരോധം അവസാനിപ്പിച്ച് ഹോര്‍മുസ് കടലിടുക്ക് തുറന്നതോടെ എണ്ണവില കുത്തനെ ഇടിഞ്ഞു. യുദ്ധകാലത്ത് 114 ഡോളറായി ഉയര്‍ന്ന ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 75.81 ഡോളറായി കുറഞ്ഞു. ഹോര്‍മൂസില്‍ മൂന്നു മാസമായി കുടുങ്ങിക്കിടന്ന ഇന്ത്യന്‍ കപ്പല്‍ 62,370 മെട്രിക് ടണ്‍ എല്‍എന്‍ജിയുമായി ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തും. ഇന്ധനവും രാസവളവും അടങ്ങിയ 34 ഇന്ത്യന്‍ കപ്പലുകള്‍ കൂടി പിറകേ എത്തും.

 

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തടയുമെന്നും വിജയിന്റെ ടിവികെ സര്‍ക്കാര്‍. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്നും നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി. ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിച്ചശേഷം ദേശീയഗാനം ആലപിച്ചാണു സമ്മേളനം തുടങ്ങിയത്. വന്ദേമാതരം ആലപിച്ചില്ല.

 

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു വിലയിരുത്തിയ ധവളപത്രത്തിലെ വിദഗ്ധ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചാകും ബജറ്റ്. വരുമാന വര്‍ധനയക്കുള്ള നടപടികളിലൂടെ സമ്പദ് വ്യവസ്ഥ ശക്തമാക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള പദ്ധതി പ്രഖ്യാപനങ്ങള്‍ക്കു സാധ്യത. കിഫ്ബിയുടെ പുന:സംഘടനയുമുണ്ടാകും.

 

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം തലവന്‍ എസ്പി എസ് ശശിധരന്‍ കോടതിയില്‍ സമര്‍പ്പിച്ചു. പ്രഭാമണ്ഡലത്തില്‍നിന്ന് സാമ്പിള്‍ ശേഖരിച്ച കാര്യം റിപ്പോര്‍ട്ടില്‍ അറിയിച്ചു. തൊണ്ടിമുതല്‍ ഇല്ലാത്ത കേസായതിനാല്‍ ശാസ്ത്രീയ പരിശോധനാ ഫലം കോടതിയുടെ തീരുമാനത്തെ സ്വാധീനിക്കും.

 

മലപ്പുറം തിരൂരില്‍ 4,300 രൂപ കൈക്കൂലി വാങ്ങിയ നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റിലായി. തിരുവനന്തപുരം നെയ്യാറ്റിന്‍കര വഴുതൂര്‍ സ്വദേശി ജി.വി. വിനോദ് കുമാറിനെ (47) യാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. തിരൂര്‍ കന്മനം സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി.

 

അവയവ കച്ചവടക്കേസില്‍ സംശയമുള്ള അഞ്ചിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ പരിശോധന. കൊച്ചിയിലെ പ്രധാന സ്വകാര്യ ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കൊല്ലത്ത് ഇടനിലക്കാരന്റെ വീട്ടിലും പുളിയത്തുമുക്ക് സ്വദേശി ശ്രീജയുടെ വീട്ടിലും പരിശോധന നടത്തി.

 

ഗാര്‍ഹിക പീഡന പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ബിജെപി തൃശൂര്‍ ജില്ലാ സൗത്ത് പ്രസിഡന്റ് എ ശ്രീകുമാറിനെതിരെ പോലീസ് രണ്ടാമതും കേസെടുത്തു. ഭീഷണിപ്പെടുത്തിയ പെരിഞ്ഞനം സ്വദേശി ഗിരീഷിനെ (50) അറസ്റ്റു ചെയ്തു. തന്നെ മര്‍ദ്ദിച്ചെന്ന് ആരോപിച്ചു ഭാര്യ നല്‍കിയ പരാതിയിലാണ് ശ്രീകുമാറിനെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

 

ഷിഗെല്ല രോഗവ്യാപനം തടയാന്‍ ഐസ് ഫാക്ടറികളില്‍ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധര്‍. ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് രോഗത്തിന് കാരണമാകുന്നുണ്ടോയെന്ന് വിദഗ്ധര്‍ക്ക് സംശയമുണ്ട്.

 

കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എംഎല്‍എയുമായ മാത്യു കുഴല്‍നാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് നഗരത്തില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍. കോണ്‍ഗ്രസ് പുനഃസംഘടന ചര്‍ച്ചകള്‍ സജീവമായിരിക്കേയാണ് ഈ നീക്കം.

 

തിരുവനന്തപുരത്ത് വിൽപനയ്ക്കായി എത്തിച്ച 42 ഗ്രാം എംഡിഎംഎയുമായി പോത്തൻകോട് സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് പത്താംകല്ലിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. ഷുക്കൂർ എന്നയാളുടെ നിർദ്ദേശപ്രകാരമാണ് മയക്കുമരുന്ന് കടത്തിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

 

വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി. പ്രതിയെ രണ്ട് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ടു. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യം തള്ളിയത്. സ്ക്രീൻ ഷോട്ടിൻ്റെ ഉറവിടം കണ്ടെത്താൻ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

 

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ കണ്ടക്ടർ രാമദാസിന്റെ ലൈസൻസ് സസ്പെൻസ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. കണ്ടക്ടർക്ക് ബോധവത്കരണം നൽകാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. വടക്കാഞ്ചേരി ജോയിന്റ് ആർടിഓ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചു വരുത്തി വിശദീകരണം കേട്ട ശേഷമാണ് നടപടി.

 

രാഹുല്‍ ഗാന്ധിക്ക് സവര്‍ണ ബോധമുള്ളതിനാലാണ് പിണറായിയെ ആലിംഗനം ചെയ്യില്ലെന്നു രാഹുല്‍ ഗാന്ധി പറഞ്ഞതെന്ന് സിപിഎം നേതാവ് എകെ ബാലന്‍. മോദിയെ കെട്ടിപ്പിടിക്കുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് കുഴപ്പമില്ലെന്നും ബാലന്‍ പറഞ്ഞു.

 

കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ മോഹിനിയാട്ടത്തിനുള്ള ജൂനിയര്‍ ഫെല്ലോഷിപ്പ് കലാമണ്ഡലം വേണിക്ക്. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയിലെ മോഹിനിയാട്ടം വിഭാഗം അധ്യാപികയാണു കലാമണ്ഡലം വേണി. മലപ്പുറം വട്ടംകുളം പ്രേമന്റേയും സരസ്വതിയുടേയും മകളാണ്. കലാമണ്ഡലത്തിലെ മൃദംഗ അധ്യാപകനായ ഷൈജുവാണ് ഭര്‍ത്താവ്. മക്കള്‍ : സങ്കീര്‍ത്തന, സൗപര്‍ണിക.

 

ഡ്രൈവിങ് ലൈസന്‍സില്‍ പേരിനൊപ്പം എം.എല്‍.എ. എന്ന പദവി അനധികൃതമായി കൂട്ടിച്ചേര്‍ത്തത് കെ.ബി. ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണെന്നു കണ്ടെത്തി. ആധാര്‍ ഉള്‍പ്പെടെയുള്ള അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഉള്ളതുപോലെ വേണം ലൈസന്‍സിലെ പേര്.

 

തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജിലെ 25 ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കു ഭക്ഷ്യ വിഷബാധ. ഛര്‍ദിയും വയറിളക്കവും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കോളേജിന് താത്ക്കാലിക അവധി പ്രഖ്യാപിച്ചു.

 

 

പി എസ് സി ബുള്ളറ്റിനില്‍ മികച്ച തിരക്കഥാകൃത്തിന്റെ ഫോട്ടോയ്ക്കു പകരം കൊലക്കേസ് പ്രതിയുടെ ഫോട്ടോ. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടിയ രാജേഷ് തില്ലങ്കേരിക്കു പകരം ഷുഹൈബ് വധ കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയാണ് പ്രസിദ്ധീകരിച്ചത്. മേയ് 15ലെ ബുള്ളറ്റിനിലാണ് ഗുരുതര പിഴവ്.

 

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെന്നു സംശയിക്കുന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബലാല്‍സംഗത്തിനിടെയുള്ള കൊലപാതകമെന്ന സംശയത്തിലാണ് പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ വണ്ടിപ്പെരിയാര്‍ പൊലീസ് പിടികൂടി ചോദ്യം ചെയ്തുവരികയാണ്.

 

ആഭിചാരക്രിയകള്‍ക്കിടെ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മുന്‍ ബിജെപി നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയംഗവും പോരുവഴി പഞ്ചായത്ത് സമിതി മുന്‍ പ്രസിഡന്റുമായിരുന്ന പോരുവഴി ഇടയ്ക്കാട് തെക്ക് കാഞ്ഞിരവിള വടക്കതില്‍ (അമ്പാടി) ടി. രഞ്ജു (52) ആണ് അടൂര്‍ പൊലീസിന്റെ പിടിയിലായത്.

 

പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് ഉടൻ കത്തയക്കും. പദ്ധതി അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെ സർക്കാർ നയം മാറ്റിയതിനെ ബിജെപി ഡീൽ ഉയർത്തി നേരിടാനാണ് എൽഡിഎഫ് തീരുമാനം.

 

 

പിഎം ശ്രീ പദ്ധതിയിൽ സർക്കാരിനെ പരിഹസിച്ച് സിപിഎം നേതാവ് എ കെ ബാലൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്നാണ് കെ എം ഷാജി പറഞ്ഞതെന്നും അറബിക്കടലിൽ വലവീശി എറിഞ്ഞിട്ട് ഒരു തുമ്പ് പോലും കിട്ടിയിട്ടില്ലെന്നും എ കെ ബാലൻ പരിഹസിച്ചു.

 

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിനെതിരെ കാന്തപുരം വിഭാഗം സമസ്ത രംഗത്ത്. മുൻ സർക്കാർ ഉപേക്ഷിച്ച പദ്ധതി വീണ്ടും നടപ്പാക്കുന്നത് രാഷ്ട്രീയ സത്യസന്ധതയ്ക്ക് നിരക്കാത്തതാണെന്ന് എസ് വൈ എസ് ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി ആരോപിച്ചു

 

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ ഹാജരാക്കിയ രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍. സിഎംആര്‍എല്‍ കമ്പനിയുമായി എക്സാലോജിക് ഉണ്ടാക്കിയ കരാറടക്കമുളള രേഖകള്‍ വീണ ഇഡിക്ക് കൈമാറിയെന്നാണ് സൂചന.

 

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കെ സുധാകരൻ എംപി നൽകിയ മാനനഷ്ട കേസ് കോടതി തള്ളി. പരാതിക്കാരൻ തുടർച്ചയായി കോടതിയിൽ ഹാജരാകാതെ വന്നതോടെയാണ് എറണാകുളം സിജെഎം കോടതി കേസിന്ന് തള്ളിയത്. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സുധാകരന്റെ അഭിഭാഷകൻ അറിയിച്ചു..

 

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനിൽ നിന്നെത്തിയ 52കാരിക്കാണ് എബോളയുണ്ടോ എന്ന് സംശയിക്കുന്നത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ പനി ആയി എത്തിയതാണ്.

 

വാൽപാറ വാൻ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയുമാണെന്ന് മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ചുരമിറങ്ങുമ്പോൾ എഞ്ചിൻ ബ്രേക്കിങ് ഉപയോഗിക്കാതെ നിരന്തരം ബ്രേക്ക് ഉപയോഗിച്ചത് ബ്രേക്ക് നഷ്ടപ്പെടാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടം നടന്ന വളവിലെ സംരക്ഷണ ഭിത്തിക്ക് ഉയരമില്ലായിരുന്നെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

 

ചെർപ്പുളശ്ശേരി ഗവൺമെൻ്റ് വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു വീണു. സ്‌കൂളിന് ചുറ്റും ആറു മാസം മുമ്പ് പണിത മതിലാണ് തകർന്നു വീണത്. നിർമ്മാണത്തിലുണ്ടായ അശാസ്ത്രീയതയാണ് മതിൽ തകർന്നു വീഴാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

 

കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ നാടകീയ ചുവടുമാറ്റങ്ങള്‍. പുറത്താക്കിയ ബിജെപി എംഎല്‍എമാര്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ കണ്ടാണ് പിന്തുണ അറിയിച്ചത്. മൂന്ന് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയും കോണ്‍ഗ്രസിനാണ്. ഇതോടെ അഞ്ച് സ്ഥാനാര്‍ത്ഥികളെയും ജയിപ്പിക്കാനാവശ്യമായ വോട്ട് കോണ്‍ഗ്രസ് ഉറപ്പാക്കി.

 

സമാജ് വാദി പാര്‍ട്ടിയിലും പിളര്‍പ്പ് ഭീഷണി. മുതിര്‍ന്ന നേതാവ് രാംഗോപാല്‍ യാദവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി പിളര്‍ത്തി ബിജെപിയേക്കു പോകുമെന്ന അഭ്യൂഹം ശക്തമായി. രാംഗോപാല്‍ യാദവ് അമിത്ഷാക്ക് കത്തു നല്‍കിയെന്ന ആരോപണം ആവര്‍ത്തിച്ച് ഓംപ്രകാശ് രാജ്ഭര്‍ രംഗത്തെത്തി. രാംഗോപാല്‍ യാദവ് പ്രതികരിച്ചിട്ടില്ല. സമാജ് വാദി പാര്‍ട്ടി പിളരില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

 

കേന്ദ്ര സര്‍ക്കാരിനെതിരേ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ വീണ്ടും സമരത്തിന്. ഓഗസ്റ്റ് 10 മുതല്‍ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങാനാണ് തീരുമാനം. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചപ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണു പ്രക്ഷോഭം. ഇന്ത്യ യുഎസ് വ്യാപാര കരാര്‍ കര്‍ഷകര്‍ക്കു ദോഷമാണെന്നും കര്‍ഷക നേതാക്കള്‍.

 

അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ജഹാംഗീര്‍ ഖാനുള്‍പ്പെടെയുള്ള നേതാക്കളെതെരുവിലൂടെ നടത്തിച്ച് ബംഗാള്‍ പോലീസ്. പാര്‍ട്ടിക്കും ജഹാംഗീറിനും ഏറെ സ്വാധീനമുള്ള മണ്ഡലമായ ഫാല്‍ത്തയിലെ റോഡിലൂടെയാണ് വിലങ്ങണിയിച്ചും അരയില്‍ കയര്‍ കെട്ടിയും നടത്തിച്ചത്. പോലീസ് സ്റ്റേഷന് നേരെ പ്രതിഷേധവുമായി ജഹാംഗീറിന്റെ ഭാര്യയും കൂട്ടാളികളുമെത്തി.

 

സർക്കാരിൻ്റെ ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം. തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലാണ് ജവാൻ റം ഉൽപ്പാദിപ്പിക്കുന്നത്. മദ്യം നിറയ്ക്കേണ്ട കുപ്പി, ലേബൽ, അടപ്പ് എന്നിവ നൽകുന്ന കമ്പനികൾ കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് ഉൽപാദനം നിർത്തേണ്ടിവന്നത്.

 

നാഗ്പുരില്‍ ആത്മഹത്യചെയ്ത നീറ്റ് പരീക്ഷാര്‍ഥി ആകാന്‍ക്ഷ ചതുര്‍വേദിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കെ. സര്‍ക്കാരിന്റെ പരാജയമാണ് ആത്മഹത്യക്കു കാരണമെന്ന് അദ്ദേഹം ആരോപിച്ചു.

 

ഫെബ്രുവരിയില്‍ ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളിനു നേരെയുണ്ടായ മിസൈല്‍ ആക്രമണം ആരും മനപ്പൂര്‍വ്വം ചെയ്തതല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധത്തിലെ തെറ്റാണതെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിലെ എവിയാന്‍-ലെ-ബെയിന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പ്രതിപക്ഷ നിരയിലുണ്ടായ പിളർപ്പുകൾ കാരണം എൻഡിഎ സർക്കാർ ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് തൊട്ടരികെയെത്തി. ഭരണഘടനാ ഭേദഗഗതി ബില്ലുകൾ പാസാക്കാൻ ഇനി വെറും 6 വോട്ടുകൾ മാത്രം മതി എന്നതിനാൽ, വനിതാ സംവരണം, മണ്ഡല പുനർനിർണ്ണയം പോലുള്ള നിർണ്ണായക ബില്ലുകൾ സർക്കാർ വീണ്ടും പരിഗണിച്ചേക്കും

 

യുദ്ധസാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും മാനുഷികതയ്ക്കാണ് ഇന്ത്യ വില നല്‍കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാന്‍സിലെ ജി 7 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മോദി. യുദ്ധം താങ്ങാനാകാത്ത നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

 

പശ്ചിമേഷ്യൻ സമാധാന കരാർ നിലവിൽ വന്നതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്. യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് ക്രൂഡ് ഓയിൽ വില തിരിച്ചെത്തുകയാണ്. ​WTI ക്രൂഡ് ഓയിൽ ബാരലിന് 75 ഡോളർ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ബ്രെൻ്റ് ക്രൂഡ് ഓയിൽ ബാരലിന് 78 ഡോളർ ആണ് ഇന്നത്തെ വില.

 

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്ക് കർശന മാർഗനിർദേശങ്ങളുമായി എഫ്എസ്എസ്എഐ. തുരുമ്പെടുക്കാത്തതും, ഫുഡ്-ഗ്രേഡ് ഗുണനിലവാരമുള്ളതുമായ കത്തികളും ബ്ലേഡുകളും മാത്രമേ അടുക്കളകളിൽ ഉപയോഗിക്കാവൂ എന്ന് നിർദേശം.

 

ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ നിയന്ത്രണം വിട്ട കുതിരവണ്ടി മറിഞ്ഞ് 18 വയസ്സുള്ള ഇന്ത്യൻ ടൂറിസ്റ്റ് രോമഞ്ച് മഹാജൻ മരിച്ചു. ഡ്രൈവർ കുതിരയുടെ അരികിൽ നിന്ന് മാറിയപ്പോൾ നിയന്ത്രണം വിട്ട കുതിര ഓടുകയും, വണ്ടിയിൽ നിന്ന് തെറിച്ചുവീണ രോമഞ്ചിന് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.

 

ബംഗാൾ ഉൾക്കടലിൽ 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ തകർന്നടിഞ്ഞ ശേഷം ആദ്യമായി സൈനിക സാന്നിധ്യം ശക്തമാക്കാൻ പാകിസ്ഥാൻ നാവികസേന ഒരുങ്ങുന്നു. ചൈനയിൽ നിന്ന് അടുത്തിടെ വാങ്ങിയ അത്യാധുനിക ‘ഹംഗോർ ക്ലാസ്’ അന്തർവാഹിനി ഇതിനായി വിന്യസിക്കുമെന്നാണ് റിപ്പോർട്ടുകൾ.

 

പാക് അധിനിവേശ കശ്മീരിൽ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം രൂക്ഷമായി. വിലക്കയറ്റത്തിനെതിരെ തുടങ്ങിയ സമരം, നിയമസഭയിലെ സീറ്റ് സംവരണത്തിലെ തർക്കങ്ങളിലേക്ക് വഴിമാറിയതോടെ സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുകയും സംഘർഷം വ്യാപിക്കുകയുമായിരുന്നു.

 

ഉസ്ബെക്കിസ്ഥാനെതിരെ കൊളംബിയയ്ക്ക് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കു വിജയം. ആദ്യപകുതി തീരാന്‍ അഞ്ച് മിനിറ്റ് ശേഷിക്കെ ഉസ്ബക് ബോക്‌സിലേക്ക് ലൂയിസ് ഡിയാസ് നല്‍കിയ ലോങ്ങ് ത്രൂ ബോള്‍ ഞൊടിയിടയില്‍ ഒരു ചെറിയ ടച്ചിലൂടെ ഡാനിയല്‍ മുനോസ് വലയിലാക്കി. രണ്ടാം പകുതിമുതലാണ് ഉസ്ബെക്കിസ്ഥാന്‍ ആക്രമണം പുറത്തെടുത്തത്. അറുപതാം മിനിറ്റില്‍ അബ്ബോസ്‌ബെക്ക് ഫയ്‌സുലെവ് ഉസ്ബെക്കിന് വേണ്ടി ഗോള്‍ മടക്കി. അറുപത്തഞ്ചാം മിനിറ്റില്‍ ലൂയിസ് ഡിയാസ് കൊളമ്പിയയ്ക്കു വേണ്ടി ഗോള്‍ മടക്കി. അവസാന നിമിഷം ജാമിന്റണ്‍ കാമ്പസ് കൊളംബിയയുടെ ഗോള്‍ നില മൂന്നാക്കി ഉയര്‍ത്തി.

 

പനാമയെ ഇഞ്ചുറി ടൈം ഗോളില്‍ വീഴ്ത്തി ഘാനയ്ക്ക് നാടകീയ വിജയം. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഘാന പനാമയെ പരാജയപ്പെടുത്തിയത്. മത്സരം ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുകയാണെന്ന് ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് 95-ാം മിനിറ്റില്‍ കലെബ് യിറെങ്കിയിലൂടെ ഘാന വിജയഗോള്‍ അടിച്ചെടുത്തത്.

 

മെക്സിക്കോയെ നേരിടാനൊരുങ്ങുന്ന ദക്ഷിണ കൊറിയന്‍ ടീമിന്റെ പരിശീലന ക്യാമ്പിനു മുകളില്‍ അനധികൃതമായി പറന്ന ഡ്രോണ്‍ മെക്സിക്കന്‍ സൈന്യം വെടിവച്ചിട്ടു.

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *