സംസ്ഥാനത്ത് 64 പൊലീസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒ സംവിധാനം മതിയെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. മറ്റ് സ്റ്റേഷനുകൾ സർക്കിൾ പദവിയിൽ മാറ്റാൻ ശുപാർശ. 212 സർക്കിൾ രൂപീകരിക്കും. ഓരോ ജില്ലാ എസ് പിമാരുമായും ചർച്ച ചെയ്താണ് തീരുമാനം. 484 പൊലീസ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.
മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരും. സിഎംആർഎൽ അപ്പീൽ തള്ളി. സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ രണ്ട് ആഴ്ചത്തേക്ക് ഈ ഉത്തരവ് തടയണമെന്ന സിഎംആർഎൽ അഭിഭാഷകൻ്റെ ആവശ്യവും തള്ളി. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ല എന്ന സിഎംആർഎല്ലിൻ്റെ വാദം ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരണമെന്ന ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് വിധിയെന്ന് ഷോൺ ജോർജ് പറഞ്ഞു.
കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധപ്പെട്ട മാസപ്പടി കേസിന് പിന്നിൽ വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും ഇക്കാര്യം ഇപ്പോൾ കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ എംഎൽഎ. കേസിൽ വിജിലൻസ് അന്വേഷണമോ സിബിഐ അന്വേഷണമോ വന്നാൽ പിണറായി വിജയൻ പ്രതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നുവെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ആരോപിച്ചു . സതീശന്‍ സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ കരിമണൽ കമ്പനിയുടെ പണം കൈപ്പറ്റിയവരാണ്. കേന്ദ്ര ഏജൻസികൾ ഇതും അന്വേഷിക്കണം. സംസ്ഥാന പൊലീസ് ഈ കേസ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി മോശമാണെന്നും ആരോഗ്യമേഖലയുടെ പുരോഗതിക്കായി സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. സർക്കാരിന്റെ യഥാർത്ഥ സാമ്പത്തികാവസ്ഥ പൊതുജനങ്ങൾക്ക് മുന്നിൽ ബോധ്യപ്പെടുത്താനാണ് ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
നിലവിളക്ക് വിവാദത്തില്‍ പ്രതികരണവുമായി സമസ്ത. മത വിശ്വാസികൾ ഇതര മത ആചാരങ്ങളിൽ നിന്നും വിട്ട് നിൽക്കണം. നിലവിളക്ക് കത്തിക്കൽ ഒരു മത ആചാരവുമായി ബന്ധപ്പെട്ടതാണ്, മതവുമായി ബന്ധിക്കാതെ നിലവിളക്ക് കത്തിക്കുന്നതിൽ തെറ്റില്ല. തെഹ്‌ലിയ നിലവിളക്ക് കത്തിച്ചതും, മന്ത്രി ഷംസുദ്ധീൻ കത്തിക്കാതെ മാറി നിന്നതിലുമാണ് പ്രതികരണം.
സിപിഎം നേതൃത്വത്തിനെതിരെയുള്ള കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനിയുടെ വിമർശനത്തിൽ പ്രതികരണവുമായി മുതിർന്ന നേതാവ് ഇപി ജയരാജൻ. വിമർശനത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും അവരോട് തന്നെ ചോദിക്കണമെന്നും ഇപി ജയരാജൻ പറഞ്ഞു.
മിഠായി വിതരണ വിവാദത്തിൽ വി മുരളീധരൻ എംഎൽഎക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെഎ തുളസി. എംഎൽഎയുടെ പ്രവൃത്തി അപ്രതീക്ഷിതമായിരുന്നുവെന്നും ചടങ്ങ് മോശമാക്കേണ്ട എന്ന് കരുതിയാണ് അപ്പോൾ പ്രതികരിക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു .
കുട്ടികൾക്ക് മിഠായി ഡസ്കിൽ വിതറി നൽകിയ സംഭവത്തിൽ പ്രതികരിച്ച് വി മുരളീധരൻ.ഇടതുപക്ഷം പലതിലും പ്രതിരോധത്തിലാണ്. അവർക്കെന്തെങ്കിലും പറയണം. ജനങ്ങൾക്കിടയിൽ ഞാൻ ജാതീയത ഉണ്ടാക്കിയെന്ന് പറഞ്ഞവർ മാപ്പ് പറയണമെന്നും വി മുരളീധരൻ പറഞ്ഞു.
താൻ രാജി സന്നദ്ധത അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന ഇത്തരം വാർത്തകളെ അദ്ദേഹം പരിഹസിച്ചു തള്ളി, വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
മലപ്പുറം വഴിക്കടവ് പൂവത്തിപ്പൊയില്‍, ആനമറി പ്രദേശങ്ങളില്‍ കാട്ടാനക്കുട്ടത്തിന്‍റെ പരാക്രമം. രണ്ട് വീടുകളുടെ അടുക്കള ഭാഗങ്ങള്‍ ഭാഗികമായി തകര്‍ത്തു. പ്രദേശങ്ങളില്‍ വ്യാപകമായി കൃഷി നാശവും വരുത്തി.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ നിയമസഭയില്‍ അവതരിപ്പിച്ച ധവള പത്രത്തില്‍ വിവിധ മേഖലകളിൽ സമൂലമായ മാറ്റമാണ് ആവശ്യപ്പെടുന്നത്. അതിലൊന്ന് വൈദ്യുതിരംഗത്ത് സ്വകാര്യ നിക്ഷേപം വേണമെന്നതാണ്. കെഎസ്ഇബി യുടെ നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതിരംഗം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കണമെന്ന് ധവളപത്ര നിര്‍ദ്ദേശിക്കുന്നത്.
വടകര ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പ്രചരിച്ച വിവാദ കാഫിർ സ്ക്രീൻ ഷോട്ട് സംബന്ധിച്ച് അന്വേഷണം തുടങ്ങാൻ പ്രത്യേക സംഘം. പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. വടകരയിലാണ് യോഗം ചേരുക. എന്തൊക്കെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം എന്ന് ചർച്ചയാകും.
എം വി ഗോവിന്ദന് നേരെ മുനവെച്ച വിമർശനവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കോടിയേരിയുടെ മരണശേഷം സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയെന്ന് വിനോദിനി. തങ്ങളെ നേതാക്കൾ തിരിഞ്ഞ് പോലും നോക്കിയില്ലെന്നും ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ആവശ്യത്തിന് വിളിച്ചാൽ ഫോണെടുക്കാറില്ലെന്നും തുറന്ന് പറച്ചില്‍.
സംസ്ഥാനത്ത് മഴ ശക്തമായി. 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. നാളെ വടക്കൻ ജില്ലകളിൽ റെഡ് അലർട്ട് ആണ്. ഈ സീസണിലെ ആദ്യ റെഡ് അലർട്ട് ആണിത്. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രശസ്തമായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ ‘ബാവലിക്കെട്ട്’ എന്ന പേരിൽ പുതിയൊരു ആചാരം കെട്ടിച്ചമയ്ക്കാൻ ശ്രമം നടക്കുന്നതായി ഹിന്ദു ഐക്യവേദി ആരോപിച്ചു. ക്ഷേത്രത്തിലെ സമാധാനാന്തരീക്ഷം തകർക്കാനും ഭക്തരെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പറഞ്ഞു.
അളിയന്റെ നിയമന’ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ്. നിയമനത്തിൽ നിയമപരമായ തടസ്സമില്ലെന്നും ബെന്നി തോമസ് മാതൃകാപരമായ പൊതുപ്രവർത്തനം നടത്തുന്ന ആളാണെന്നും മന്ത്രി പറഞ്ഞു. മികച്ച ഭൂരിപക്ഷത്തിൽ പഞ്ചായത്ത് പ്രസിഡൻ്റായ നേതാവാണ് ബെന്നി തോമസ്. തന്റെ ചീഫ് ഏജൻറ് ആയിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
മുസ്ലിംലീഗ് എംഎൽഎ ഫാത്തിമ തഹിലിയ പേരാമ്പ്രയിലെ റെസ്റ്റോറന്റ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. വിശ്വാസമില്ലാതെ ആചാരങ്ങൾ നിർവഹിക്കുന്നതിന് കുഴപ്പമില്ലെന്ന് ന്യായീകരിക്കുന്ന ആളുകൾ കൂട്ടത്തിൽ ഉണ്ട്, ഒരു മുസ്ലിം അങ്ങനെ പ്രവർത്തിച്ചാൽ അത് ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുമെന്ന് ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.
അഖിലേന്ത്യാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഒരു കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് അടക്കം നാല് പേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. സംഘാടക സമിതി വ്യാജ വൗച്ചറുകൾ നിർമ്മിച്ച് പണം തട്ടിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
ഉത്തർപ്രദേശിലെ നോയിഡയിൽ രണ്ടിടത്തായി വൻ തീപിടിത്തം. നോയിഡ സെക്ടർ 75-ലെ ‘ഐവി കൗണ്ടി’ എന്ന ആഡംബര പാർപ്പിട സമുച്ചയത്തിലെ ഫ്ലാറ്റിലും, സെക്ടർ 52-ലെ ഒരു പേയിംഗ് ഗസ്റ്റ് താമസകേന്ദ്രത്തിലുമാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയും പോലീസും ചേർന്ന് തീയണച്ചു. രണ്ടിടത്തും ആളപായമോ ആർക്കെങ്കിലും പരിക്കേൽക്കുകയോ ചെയ്തിട്ടില്ല
പേരക്കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് അമ്മൂമ്മയെ മര്‍ദ്ദിച്ചതായി പരാതി. പൊലീസ് അതിക്രമത്തില്‍ മർദനമേറ്റതായി പറഞ്ഞ് ഗുരുവായൂര്‍ താമരയൂര്‍ സ്വദേശി ജമീലയെ (65) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് തെരുവുനായ കുറുകെ ചാടിയുണ്ടായ സ്കൂട്ടർ അപകടത്തിൽ വി.എസ്.എസ്.സി.യിലെ ഗവേഷക വിദ്യാർത്ഥിയായ അതുൽ (26) മരിച്ചു. സ്കൂട്ടറിന്റെ പിന്നിലിരുന്ന അമ്മ ജിഷയ്ക്ക് പരിക്കേറ്റു. തുമ്പ ശാന്തിനഗർ മാർക്കറ്റിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം.
പതിനാറുവയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പാറശാല മുരിയങ്കര സ്വദേശി അരുണ്‍ എന്ന് വിളിക്കുന്ന അച്ചു( 29)വിനെ 58 വര്‍ഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴ ഒടുക്കുവാനും വിധിച്ചു. നെയ്യാറ്റിന്‍കര അതിവേഗ പോക്‌സോ കോടതി ഒന്ന് ജഡ്ജി കെ. എം. സുജയാണ് പ്രതിയെ ശിക്ഷിച്ചത്.
പാലക്കാട് മണ്ണാർക്കാട് ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിൻ്റെ ഡോർ തെറിച്ചു പോയ സംഭവത്തില്‍ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ക്രമക്കേടുകൾ കണ്ടെത്തിയ എട്ടോളം വാഹനങ്ങൾക്കെതിരെ കേസെടുത്ത് 30,000 രൂപ പിഴ ചുമത്തിയതായി മണ്ണാർക്കാട് മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർ പിഎം രവികുമാർ അറിയിച്ചു.
ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലയിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ അടിച്ചുകൊന്ന ശേഷം ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ധൊലാന പൊലീസ് സ്റ്റേഷൻ പരിധിയിലെ ദെഹ്പ വിനായക്പൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
കെ അണ്ണാമലൈയുടെ രാജിയിൽ പ്രതികരണവുമായി ബിജെപി. അണ്ണാമലൈ രാജിവെച്ചതിൽ ഒരു നഷ്ടവും ഇല്ലെന്നും ലോകത്തെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപി എന്നും തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറഞ്ഞു. പ്രത്യയശാസ്ത്രത്തിൽ ആണ് പാർട്ടി വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബീഹാറിലെ ‘ഗോൾഡ്മാൻ’ എന്നറിയപ്പെടുന്ന ഇന്ദ്രജീത് കുമാർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന മാനിച്ച് സ്വർണ്ണം വാങ്ങുന്നത് താൽക്കാലികമായി നിർത്തി. രാജ്യതാൽപ്പര്യം മാനിച്ച് തന്റെ 12 കോടിയുടെ സ്വർണ്ണ നിക്ഷേപം രാജ്യത്തിന് സംഭാവന ചെയ്യാനും താൻ തയ്യാറാണെന്ന് 26-കാരനായ ഈ വ്യവസായി അറിയിച്ചു.
തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അണ്ണാമലൈ രാജിവച്ചത്. അണ്ണാമലൈയുടെ രാജി അംഗീകരിച്ചെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അറിയിച്ചു.
കർണാടകയിൽ ഡി കെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി രാജിവെച്ചു. ബെംഗളൂരു നഗര വികസന വകുപ്പ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി. പുതിയ മന്ത്രിസഭ രൂപീകരിച്ച് ദിവസങ്ങൾക്കകമാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.
കർണാടകയിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ അതൃപ്തി അറിയിച്ച് കെഎച്ച് മുനിയപ്പ കൂടി രംഗത്തെത്തിയതോടെ തർക്കം രൂക്ഷമായി. ഏറ്റവും സീനിയറായ തന്നെ അവഗണിച്ചെന്നാണ് മുനിയപ്പയുടെ വാദം.ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് ആണ് മുനിയപ്പയ്ക്ക് നൽകിയിരുന്നത്. എന്നാൽ സീനിയോറിറ്റി പരിഗണിച്ചുള്ള വകുപ്പ് വേണമെന്നാണ് മുനിയപ്പയുടെ ആവശ്യം.
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു. ജൂൺ 10-ന് പ്രധാനമന്ത്രി പദത്തിൽ തുടർച്ചയായി 4399 ദിവസങ്ങൾ പൂർത്തിയാക്കി രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ‘തുടർച്ചയായി’ ഭരണത്തിലിരുന്ന ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന റെക്കോർഡ് മോദി തിരുത്തിക്കുറിക്കും.
തമിഴ്‌നാട്ടിലെ രാജ്യസഭാ സീറ്റിലേക്ക് തന്റെ സ്ഥാനാർത്ഥിത്വത്തിന് സിപിഎമ്മിന്റെ പിന്തുണയുണ്ടെന്ന കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തിയുടെ വാദം സിപിഎം തള്ളി. ഈ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും സഖ്യകക്ഷികൾക്കിടയിൽ ഇത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നും സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
മുസ്ലീം ലീഗ് സ്ഥാപകൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ 131-ആം ജന്മവാർഷികത്തോടനുബന്ധിച്ച് ചെന്നൈയിൽ നടന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പങ്കെടുത്തു. ട്രിപ്ലിക്കെനിലെ കബറിടത്തിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകളിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ ലീഗ് നേതാക്കളും മുഖ്യമന്ത്രിക്കൊപ്പം പങ്കാളികളായി.
ചെന്നൈയിലെ തമിഴ്‌നാട് ഇലക്‌ട്രിസിറ്റി ബോർഡ് ആസ്ഥാനത്തുനിന്ന് ഔദ്യോഗിക വിവരങ്ങൾ അടങ്ങിയ 18 ഹാർഡ് ഡിസ്കുകൾ മോഷ്ടിക്കപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് സർക്കാർ വിപുലമായ അന്വേഷണത്തിന് ഉത്തരവിട്ടു.സംഭവത്തിൽ കൂടുതൽ വകുപ്പ് ഉദ്യോഗസ്ഥർക്കോ കരാറുകാർക്കോ പങ്കുണ്ടോ എന്ന് കണ്ടെത്താൻ സൈബർ ക്രൈം വിഭാഗവും തമിഴ്‌നാട് ഇലക്‌ട്രിസിറ്റി ബോർഡ് വിജിലൻസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.
തൃണമൂൽ കോൺഗ്രസിൻ്റെ മരവിപ്പിച്ച കമ്മിറ്റികൾ ഉടൻ പുന:സംഘടിപ്പിക്കണമെന്ന് ഋതബ്രത പക്ഷം. അംഗീകരിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് നീക്കം. ചിഹ്നത്തിലടക്കം അവകാശ വാദം ഉന്നയിക്കും. നേതാവെന്ന നിലയിൽ മമത ബാനർജിയെ അംഗീകരിക്കുമെന്നും അഭിഷേക് ബാനർജിയെ നേതാവായി കാണാനാവില്ലെന്നും ഋതബ്രത ബാനർജി വ്യക്തമാക്കി.
ആന്ധ്രാപ്രദേശിൽ ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന രാജ്യസഭാ സീറ്റ് പാർട്ടി ഉപേക്ഷിച്ചു. ഈ സീറ്റ് അണ്ണാമലൈക്ക് വേണ്ടി മാറ്റിവെച്ചതായിരുന്നു. പുതിയ തീരുമാനപ്രകാരം ആന്ധ്രയിലെ നാല് സീറ്റുകളിൽ മൂന്നെണ്ണം ടിഡിപിക്കും ഒരെണ്ണം ജനസേനയ്ക്കും നൽകും.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ വൻ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ. യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷ പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധികൾക്ക് ശേഷം വ്യോമഗതാഗതം പൂർണ്ണതോതിൽ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ നവീകരണം.
വർഷങ്ങളായി ഇന്ത്യ അമേരിക്കയുടെ നയങ്ങളെ ചൂഷണം ചെയ്യുകയാണെന്നും വൻതോതിൽ നികുതി ഈടാക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. എന്നാൽ തന്റെ നയങ്ങൾ ഇതിനെ തിരുത്തുന്നതാണെന്നും, മോദി നല്ല സുഹൃത്താണെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയെ വിശ്വസ്തവും പ്രധാനപ്പെട്ടതുമായ ഒരു ‘ആഗോള ശക്തി’ എന്ന് വിശേഷിപ്പിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വളരെ സങ്കീർണ്ണവും സൂക്ഷ്മവുമായ ഒന്നാണെന്ന് പുടിൻ വിലയിരുത്തി. ഇന്ത്യയും റഷ്യയും തമ്മിൽ സവിശേഷവും തന്ത്രപ്രധാനവുമായ പങ്കാളിത്തമാണ് ഉള്ളതെന്ന് പുടിൻ ആവർത്തിച്ചു.
ഒമാന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ടെർമിനലുകളിലൊന്നായ ‘മിന അൽ ഫഹൽ’ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും വിതരണവും ഒമാൻ താല്ക്കാലികമായി നിർത്തിവെച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ സൈനികർക്ക് നേരെ ആക്രമണമുണ്ടായാൽ ഇറാനെതിരെ വീണ്ടും പൂർണ്ണതോതിലുള്ള യുദ്ധം ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ശക്തമായ മുന്നറിയിപ്പ്. നിലവിലുള്ള താൽക്കാലിക വെടിനിർത്തൽ അവസാനിപ്പിച്ച് സൈനിക നടപടികളിലേക്ക് കടക്കാനുള്ള തന്‍റെ ഏക ‘റെഡ് ലൈൻ’ യുഎസ് സൈനികരുടെ ജീവനാണെന്നും ട്രംപ് വ്യക്തമാക്കി.
ഇസ്രയേൽ ലെബനൻ സമാധാന കരാർ തള്ളി സായുധ സംഘടനയായ ഹിസ്ബുല്ല. ഇസ്രായേലും ലെബനനും തമ്മിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ പൂർണ്ണമായി അവഗണിക്കുകയാണെന്നും അപമാനകരമായ കരാറിനെ ലെബനൻ ജനത തള്ളുമെന്നാണ് ഹിസ്ബുല്ല നേതൃത്വത്തിന്‍റെ പ്രഖ്യാപനം.
ഇറാൻ പരമാധികാരി അയത്തുള്ള മുജ്തബ ഖമനേയിയുമായി ഭാവിയിൽ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാനും പുതിയൊരു കരാറിലെത്താനുമുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ ഈ പ്രതികരണം.
ഇന്ത്യ സഖ്യ യോഗം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച ഡിഎംകെയുടെ അടുത്ത നീക്കങ്ങളിൽ ആകാംക്ഷയേറി. ഇന്ത്യ സഖ്യത്തിൽ സജീവമാകാൻ തൃണമൂൽ ശ്രമിക്കുമ്പോൾ ബിജെപി പാളയത്തിലേക്ക് കൂടുമാറണോയെന്നതിൽ രണ്ട് തട്ടിലാണ് ഡിഎംകെ.
കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം നാളെ നടക്കാനിരിക്കെ ജാഗ്രത കർശനമാക്കി ദില്ലി പൊലീസ്. ഇന്ത്യയിലേക്ക് തിരിച്ചെന്നും പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ വിമാനത്താവളത്തിലേക്ക് വരരുതെനന്നും സ്ഥാപകൻ അഭിജിത് ദീപ്കേ പറഞ്ഞു. സിപിഐ അടക്കം രാഷ്ട്രീയ പാർട്ടികളും പ്രമുഖരും കൂട്ടായ്മക്ക് പിന്തുണ അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് യുക്രൈന്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് എഴുതിയ തുറന്ന കത്തിലൂടെയാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി ഇക്കാര്യം ആവശ്യപ്പെട്ടത്. പുടിന്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സെലന്‍സ്‌കി തുറന്ന കത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ കാണുന്നു. അടുത്ത തിങ്കളാഴ്ചയാണ് ഷി ജിന്‍പിങ് ഉത്തര കൊറിയയില്‍ എത്തുന്നത്. ചൊവ്വാഴ്ച മടങ്ങും. ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് രണ്ട് രാജ്യങ്ങളുടെയും ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.
ഒമാനിലെ ഫഹൽ തുറമുഖത്ത് സ്ഫോടനം നടന്നെന്ന റിപ്പോർട്ടുകൾക്കിടയിലും പ്രവർത്തനം സാധാരണ നിലയിലാണെന്ന് ഒമാൻ ഓയിൽ ഡെവലപ്പ്മെന്‍റ് കമ്പനി അറിയിച്ചു. അതേസമയം, കുവൈത്ത് വിമാനത്താവളത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടു
