Screenshot 20260613 141344

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ സര്‍ക്കാരിനെതിരെ നിയമസഭയില്‍ അഴിമതി ആരോപണമുയര്‍ത്തി പ്രതിപക്ഷം. മദ്യ കമ്പനിയായ ബക്കാര്‍ഡിയ്ക്ക് വേണ്ടിയാണ് നികുതി പരിഷ്‌കരണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ആരോപിച്ചു.

‎സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണം രേഖകളിൽ നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും. അഴിമതി ആരോപണം പ്രതിപക്ഷം ഉന്നയിച്ചത് നോട്ടീസിൽ പറയാതെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ ആരോപണം ഒരു കാരണവശാലും രേഖയിൽ കാണരുതെന്ന് മുഖ്യമന്ത്രി വി ഡി സതീശനും പറഞ്ഞു. പരിശോധിക്കും എന്നായിരുന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മറുപടി.

‎2023 ൽ മുൻ സർക്കാരിന്‍റെ കാലത്ത് ബക്കാഡി കമ്പനി സംസ്ഥാന നികുതി വകുപ്പിന് അപേക്ഷ നൽകിയിരുന്നെന്നും 3 വർഷം തങ്ങൾ ഒന്നും ചെയ്തില്ലെന്നും മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. പുതിയ സർക്കാർ വന്ന ശേഷം അസാധാരണ നീക്കമാണ് ഇതിലുണ്ടായതെന്നും പിന്നിൽ അഴിമതിയാണെന്നും ബാലഗോപാൽ പറഞ്ഞു.

‎മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്ന് മാനിഫെസ്റ്റോയില്‍ പറഞ്ഞിരുന്നുവല്ലോ എന്നും പിന്നെ ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതെങ്ങനെയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ജനവികാരം സര്‍ക്കാര്‍ ഉള്‍ക്കൊള്ളുമെന്ന ശുഭപ്രതീക്ഷയാണ് തനിക്കുള്ളതെന്നും വി എം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‎സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി 2024 – 25 വർഷത്തെ സിഎജി റിപ്പോർട്ട് സഭയിൽ. തീർപ്പാക്കാത്ത ബാധ്യത മാത്രം 3511 കോടി ആണ്. ദുരിതാശ്വാസ നിധിയിൽ നിന്ന് 262 കോടി സഞ്ചിത നിധിയിലേക്ക് ക്രമരഹിതമായി മാറ്റി എന്നും ധനമാനേജ്മെന്റിലും പാളിച്ച ഉണ്ടെന്നും സി എ ജി കണ്ടെത്തി.

‎സിനിമക്കാരെന്നോ സാധാരണക്കാരെന്നോ നോക്കില്ല കാരവാൻ ആണെങ്കിലും, ഡിജെ പാർട്ടിയാണെങ്കിലും ഫൈവ്സ്റ്റാർ ആണെങ്കിലും മയക്കുമരുന്നിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.

‎പൊതു ഭരണ വകുപ്പിലെ 28 ഉദ്യോഗസ്ഥര്‍ അടക്കം 50 ഓളം പേർ പോസ്റ്റിങ്ങ് ലഭിക്കാത്തതിനെത്തുടര്‍ന്ന് വീട്ടിലിരുന്ന് ശമ്പളം പറ്റുന്നു. മുന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നവര്‍ക്കാണ് തിരികെ വന്നിട്ടും പോസ്റ്റിങ്ങ് ലഭിക്കാത്തത്.

‎മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാൻ ശക്തമായി നടപ്പിലാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്താകെ ഇതുവരെ 2954 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3176 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‎സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത് സമ്മതിച്ച് മന്ത്രി സണ്ണി ജോസഫ്. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത് മാർച്ച് ഏപ്രിലിൽ വൈദ്യുതി കടം വാങ്ങിയിരുന്നു അത് ജൂണിൽ തിരിച്ച് കൊടുക്കണം സവിശേഷ സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു

‎ആരോഗ്യ വകുപ്പ് ഉന്നതരോട് തിരുവനന്തപുരത്ത് എത്താൻ അടിയന്തര നിർദ്ദേശം. ജില്ലാ മെഡിക്കൽ ഓഫീസർമാരും ഡെപ്യൂട്ടി ഡിഎംഒമാരും പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് വകുപ്പിന്റെ കർശന നിർദ്ദേശം.

‎പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന് മുസ്ലിംലീഗ് നേതാവ് എം കെ മുനീർ. വീഴ്ച വരുത്തിയത് പിണറായി വിജയൻ്റെ സർക്കാർ ആണെന്നും കരാർ ഒപ്പിടുന്നതിന് മുൻപ് വ്യവസ്ഥകളിൽ മാറ്റത്തിന് അവസരം ഉണ്ടായിരുന്നു. എന്നാൽ, ഇടതുപക്ഷം അത് ചെയ്തില്ല. സംസ്ഥാനത്തിന്റെ പരമാധികാരം പണയം വെച്ചുവെന്നും അദ്ദേഹം പറഞ്ഞു

‎രാജ്യസഭ കാലാവധി പൂർത്തിയായതിന് പിന്നാലെ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് ജോർജ് കുര്യൻ. ജോർജ് കുര്യനെ രാജ്യസഭയിലേക്ക് വീണ്ടും പരിഗണിച്ചിരുന്നില്ല. രാജി രാഷ്ട്രപതി അംഗീകരിച്ചു. ജോർജ് കുര്യൻ സംഘടന ചുമതലയിലേക്ക് മടങ്ങുമെന്നാണ് ലഭ്യമാകുന്ന സൂചന.

‎മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ഡിസ്കൗണ്ട് ബോർഡുകൾ സ്ഥാപിക്കുന്നത് വിലക്കുന്ന ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

‎കുന്നത്തുനാട് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി.വി.ശ്രീനിജന് എതിരെ വിജിലൻസ് അന്വേഷണം. സ്ലേറ്റ് എന്ന പേരില്‍ കുന്നത്തുനാട് മണ്ഡലത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയാണ് വിജിലന്‍സ് അന്വേഷണത്തിന്‍റെ പരിധിയിലേക്ക് വരുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെയ്സല്‍ ജബ്ബാറാണ് പരാതിക്കാരൻ.

‎നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ കടുത്ത നിയമലംഘനങ്ങൾ നടന്നതായി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. ഡ്രൈവർക്ക് ടിപ്പർ ഓടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. അപകടസമയത്ത് വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിലായിരുന്നുവെന്നും അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി.

‎കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ആരോപണവുമായി ചികിത്സക്കെത്തിയ ഒമ്പത് വയസ്സുകാരന്റെ കുടുംബം. വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ കുട്ടിക്ക് ഗ്യാസിന്റെ ഗുളിക മാത്രം നൽകി തിരിച്ചയച്ചെന്നാണ് പരാതി.

‎താത്കാലിക നിരോധനത്തിന് ശേഷം ടെലഗ്രാം ഇന്ത്യയിൽ ലഭ്യമായി തുടങ്ങി. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ആപ്പ് മടങ്ങിയെത്തി. നീറ്റ് പുനപരീക്ഷയുടെ പശ്ചാത്തലത്തിലാണ് ആപ്പിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

‎തമിഴ്‍നാടിൻറെ വികസനവും വളർച്ചയും മാത്രമാണ് ലക്ഷ്യമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി ജോസഫ് വിജയ്. സംസ്ഥാനത്തിന്റെ അവകാശത്തിൽ വിട്ടുവീഴ്ചയ്ക്കില്ല. ഞങ്ങൾ ആരുടേയും ടീം അല്ല, ജനത്തിന്റെ ടീം മാത്രം. കേന്ദ്രം ഭരിക്കുന്ന പാർട്ടിയോട് ആശയപരമായ എതിർപ്പുണ്ട്. എന്നാൽ കണ്ണടച്ച് എല്ലാ വിഷയത്തിലും കേന്ദ്രത്തെ എതിർക്കില്ലെന്നും വിജയ് പറഞ്ഞു

‎അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട്ട് തേടി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് യുപി സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. അതിനിടെ അയോധ്യ ക്ഷേത്രത്തിൻ്റെ ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റിന് നൽകി. ദൈനംദിന ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റ് ഏറ്റെടുത്തു.

സെനഗൽ ടീമിന് കളിക്കളത്തിന് പുറത്ത് പ്രതിസന്ധി. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സെനഗൽ ഫുട്ബോൾ ടീം. ടീമിന്റെ മുഖ്യ പരിശീലകൻ പാപ് ചിയാവിന് ശമ്പളം മുടങ്ങിയിട്ട് ഇപ്പോൾ അഞ്ച് മാസമായി എന്നാണ് പുറത്തുവരുന്ന വിവരം. താരങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങളെല്ലാം പൂർണ്ണമായി മുടങ്ങിയ അവസ്ഥയിലാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *