Screenshot 20260602 130745

കേരളത്തിൽ വീണ്ടും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്ര സർക്കാർ. രോഗവ്യാപനം തടയാൻ ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

‎കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിൽ ചികിത്സയിലുള്ള രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.

‎നിപ സ്ഥിരീകരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടർക്കും തനിക്കുമിടയിൽ ആശയകുഴപ്പമുണ്ടായില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. പുണെയിൽ നിന്നുള്ള റിപ്പോർട്ട് ലഭിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് താൻ സംസാരിച്ചതിന് ശേഷമാണ് കളക്ടർ വിവരം അറിയിച്ചതെന്നും, പുതിയ കളക്ടറുടെ പരിചയക്കുറവാകാം ഇതിന് കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

‎പകർച്ചപ്പനി ബാധിച്ച് 13,025 പേർ ഇന്നലെ ആശുപത്രികളിൽ ചികിത്സ തേടി. കൂടാതെ ഇന്നലെ മാത്രം നാലുപേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഒരു ഡെങ്കിപ്പനി മരണവും ഒരു എലിപ്പനി മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു.

‎സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി.

‎എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് അധികമായി ഈടാക്കുന്ന ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്ന നിർദേശത്തിൽ നിയമോപദേശം തേടാൻ സർക്കാർ. ദേശീയ മെഡിക്കൽ കമ്മീഷൻ്റെ നിർദേശത്തിലാണ് ഉപദേശം തേടുന്നത്. ആരോഗ്യ മന്ത്രി സ്വാശ്രയ മാനേജ്മെന്റുകളുമായി ഇന്ന് ചർച്ച നടത്തും.

‎എംജി സർവകലാശാലയിൽ താത്ക്കാലിക അധ്യാപക നിയമനത്തിൽ സംഘപരിവാർ അനുകൂലികളെ നിയമിക്കാൻ വൈസ് ചാൻസിലർ ശ്രമിക്കുന്നുവെന്ന് ഇടത് അധ്യാപക സംഘടന. വകുപ്പ് മേധാവികൾ നൽകിയ പട്ടിക വിസി തള്ളിയെന്നും ഇത് അക്കാദമിക മികവിനെ വെല്ലുവിളിക്കുന്ന നീക്കമാണെന്നും വിമർശനം.

‎മൂന്നുവർഷത്തിലധികമായി നികുതിയടയ്ക്കാത്തതിനെത്തുടർന്ന് സിപിഎം പാർട്ടി ഓഫീസുകൾക്കെതിരെ ഷൊർണൂർ നഗരസഭ റവന്യൂ റിക്കവറി നടപടിയെടുത്തു. കുളപ്പുള്ളി, ഷൊർണൂർ ലോക്കൽ കമ്മിറ്റി ഓഫീസുകൾക്കെതിരയാണ് നടപടി.

‎പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെയും വാഹനങ്ങളും ആക്രമിച്ച കേസിൽ ഏഴ് പ്രതികളെ കസ്റ്റഡിയിൽ വിട്ടു. കേസിലെ പ്രധാന പ്രതിയും സിപിഎം നേതാവുമായ ഐ.പി. ബിനുവിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി പോലീസിന് കർശന നിർദ്ദേശം നൽകി.

‎54.37 കിലോമീറ്റർ റോഡ് നാലുവരി പാതയാക്കുന്നതിനായി കേരളത്തിന് 1663.15 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി നിതിൻ ഗഡ്കരി. ദേശീയപാത 183-ൽ കൊല്ലം ബൈപ്പാസ് ജങ്ഷൻ മുതൽ അഞ്ചിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ റോഡ് നാലുവരി പതയാക്കുന്നതിനാണ് തുക അനുവദിച്ചതെന്ന് മന്ത്രി അറിയിച്ചു.

‎സംസ്ഥാനത്തെ ഐപിഎസ് അഴിച്ചുപണിയിൽ ഐജിമാരും എസ്പിമാരും അതൃപ്‌തർ. വടക്കൻ മേഖലയിൽ ഐജിയെ നിയമിച്ചില്ല, തെക്കൻ മേഖലയിൽ വർഷങ്ങളായി ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥനെ തൊട്ടില്ല എന്നെല്ലാമാണ് പരാതികൾ.

‎താരസംഘടനയായ അമ്മ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി അന്‍സിബ ഹസന്‍. സംഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമായി താൻ എന്തു ചെയ്തെന്ന് വ്യക്തമാക്കണമെന്നും കാരണം കാണിക്കൽ നോട്ടീസിൽ വ്യക്തത വരുത്തണമെന്നുമാണ് അന്‍സിബ അറിയിച്ചിരിക്കുന്നത്.

‎നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന അതിജീവിതയുടെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മെമ്മറി കാർഡ് – പെൻഡ്രൈവ് എന്നിവ രജിസ്ട്രാർക്ക് കൈമാറണം. സീൽഡ് കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

‎സിഎംആർഎൽ മാസപ്പടി കേസിൽ വീണ തൈക്കണ്ടിയിലിന് വീണ്ടും സമൻസ് അയച്ച് ഇഡി. ബുധനാഴ്ച കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാണ് നിർദേശം.

‎നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്ന് ഒറ്റയ്ക്കിരുത്തിയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യൽ ഉണ്ടാവും. കേസിൽ ശാസ്ത്രീയ തെളിവ് ശേഖരണമാണ് എസ്ഐടിയുടെ ലക്ഷ്യം.

‎മന്ത്രി സണ്ണി ജോസഫിന് പുതിയ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി ചന്ദ്രൻ തില്ലങ്കേരിയെ പരിഗണിക്കുന്നു. ബന്ധു നിയമന വിവാദത്തിന് പിന്നാലെ ബെന്നി തോമസ് രാജി വച്ചതിനെ തുടർന്നാണ് പുതിയ നിയമന നീക്കം .

‎തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന്റെ അറസ്റ്റിൽ പൊലീസ് നടത്തിയത് പട്ടി ഷോയെന്ന് മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ. ആകാശത്തേക്ക് വെടിവെച്ച സിഐ വിപിന്റേത് ചീപ്പ് ഹീറോയിസമാണെന്നും ശ്രീലേഖ വിമർശിച്ചു.

‎കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നിരീക്ഷണത്തിലായിരുന്ന രോഗിയെ കാണാതായി. പ്രത്യേക നിരീക്ഷണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന സ്ത്രീയെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.

‎തിരുവനന്തപുരം പാറശ്ശാലയിൽ ഇളകിവീണ പാറയ്ക്കടിയിൽ വയോധിക കുടുങ്ങി. രാജകുമാരി എന്ന അമ്പത് വയസുകാരിയ്ക്കാണ് പാറ പതിച്ച് പരുക്കേറ്റത്. വയോധികയുടെ അരയ്ക്ക് താഴോട്ട് പാറയുടെ അടിയിൽ കുടുങ്ങിയ നിലയിലായിരുന്നു.

‎കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ ജിപ്സം സീലിംഗ് അടർന്നുവീണ് രണ്ട് യാത്രക്കാരുടെ തലയ്ക്ക് പരിക്കേറ്റു. 2021ൽ മദ്രാസ് ഐഐടി നടത്തിയ പരിശോധനയിൽ കെട്ടിടത്തിന് അടക്കം ബലക്ഷയമുണ്ടെന്ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

‎ഇന്ത്യൻ ഷൂട്ടിങ് താരം ജസ്‌പാൽ റാണ അന്തരിച്ചു. ദില്ലിയിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമാണ് ജസ്പാൽ റാണ. പദ്മശ്രീ, അർജുന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. മികച്ച പരിശീലകനുള്ള ദ്രോണാചാര്യ അവാർഡും നേടിയിട്ടുണ്ട്.

‎തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ പഠിച്ച വിവിധ ഡിഎംകെ പാർട്ടി സമിതികൾ നേതൃത്വത്തിന് റിപ്പോർട്ട് നൽകി. നേതാക്കളുടെ ധാർഷ്ട്യം, പാർട്ടിയിലെ വിഭാഗീയത, താഴെത്തട്ടിലെ പ്രവർത്തകരെ അവഗണിച്ചുള്ള തീരുമാനം എന്നിവയാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

‎കള്ളക്കേസിൽ കുടുങ്ങി ലൈസൻസ് റദ്ദാക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 15 വർഷമായി നീതിക്കായി പോരാടിയ എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ കബീർ കപൂറിന് അദ്ദേഹത്തിന്റെ പൈലറ്റ് ലൈസൻസ് ഉടൻ പുനഃസ്ഥാപിച്ചു നൽകാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് (DGCA) കോടതി ഉത്തരവിട്ടു.

‎അഹമ്മദാബാദ് വിമാനാപകടം സംബന്ധിച്ച അന്തിമ റിപ്പോർട്ട് വൈകുന്നത് ചോദ്യം ചെയ്ത് പൈലറ്റുമാരുടെ സംഘടന. എയർ ഇന്ത്യയുടെ എഐ-171 വിമാനം തകർന്ന് ഒരു വർഷം പിന്നിട്ടിട്ടും, റിപ്പോർട്ട് സമർപ്പിക്കാൻ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് (എഎഐബി) സാധിക്കാത്തത് എന്തുകൊണ്ടെന്നാണ് ചോദ്യം.

‎ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ കല്ലേറ്. ദില്ലിയിൽ നിന്നും ജൽപായ്ഗുരിയിലേക്ക് പോയ ശതാബ്‌ദി എക്‌സ്‌പ്രസ് ട്രെയിനിലാണ് ആർ.എസ്.എസ് മേധാവി സഞ്ചരിച്ചിരുന്നത്. കല്ലേറുണ്ടായ ഉടൻ തന്നെ ആർപിഎഫും ലോക്കൽ പൊലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.

‎ഡൽഹിയിലെ തുഗ്ലക്കാബാദില്‍ ഉണ്ടായ തീപിടുത്തത്തില്‍ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. ഇന്ന് പുലർച്ചെയോടെയാണ് ദുരന്തമുണ്ടായത്. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ നിരവധി പേരെ കെട്ടിടത്തിൽ നിന്നും രക്ഷപെടുത്തി.

‎മധ്യപ്രദേശിൽ മൂന്ന് ബിജെപി സ്ഥാനാർത്ഥികളെയും രാജ്യസഭയിലേക്ക് വിജയികളായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. ഇതിനെതിരെ സംസ്ഥാനത്തെ എംഎൽഎമാരെ ഇന്ന് ദില്ലിയിൽ എത്തിച്ച് ശക്തമായി പ്രതിഷേധിക്കാനാണ് തീരുമാനം.

‎ഫിഫ ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തി ദക്ഷിണ കൊറിയ. പൊരുതി കളിച്ച ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കൊറിയ പരാജയപ്പെടുത്തിയത്. ഹ്വാങ് ഇന്‍-ബെയോം, ഓഹ് ഹ്യൂയോന്‍-ഗ്യൂ എന്നിവരാണ് കൊറിയയുടെ ഗോളുകള്‍ നേടിയത്. ലാഡിസ്ലാവ് ക്രെജ്‌സിയുടെ വകയായിരുന്നു ചെക്കിന്റെ ഏക ഗോള്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *