സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ജനങ്ങളുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാക്കണമെന്നും കെഎസ്ഇബി . പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നത് വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകണമെങ്കിൽ പശ്ചിമേഷ്യയിലെ സംഘര്‍ഷം തീരണമെന്നും ഒപ്പം സംസ്ഥാനത്ത് മഴ പെയ്യണമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.
സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പുകടിയേറ്റ് ആംബുലൻസ് സഹായം തേടിയത് 23 പേർ. പാമ്പുകടി സംശയവുമായി ഒമ്പത് പേരും ആംബുലൻസ് വിളിച്ചു. എല്ലാവരെയും ആന്റിവെനം സൗകര്യമുള്ള ആശുപത്രിയിൽ എത്തിച്ചു.
കോഴിക്കോട് പേരാമ്പ്ര കണ്ണിപ്പൊയിലിൽ ചിത്രാഞ്ജലിയിൽ ശിവദാസന്റെ മകൾ അഞ്‌ജലി(36), പൂനൂർ സ്വദേശി മുഹമ്മദ് അൻസാർ(22) എന്നിവർക്ക് പാമ്പുകടിയേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർച്ചയായ ദിവസങ്ങളിൽ വീട്ടിൽ പെരുമ്പാമ്പിനെ പിടികൂടിയതോടെ ആശങ്കയിലായി പത്തനംതിട്ട കോന്നി ഇളകൊള്ളൂരിലെ കുടുംബം. തുടർച്ചയായ മൂന്നാം ദിവസവും വീട്ടില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടിയതോടെയാണ് കുടുംബം ഭീതിയിലായത്.
കോഴിക്കോട് കുറ്റ്യാടിയിൽ വീടിനുള്ളിൽ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെ വീട്ടിലെ വിവിധ മുറികളിൽ നിന്നായി പിടികൂടിയത്.
ചെറായി ബീച്ചിലെ റിസോർട്ടിന്റെ പുൽത്തകിടിയിൽ ഇരിക്കുമ്പോൾ തമിഴ്നാട് സ്വദേശിനിക്ക് പാമ്പ് കടിയേറ്റു. കോയമ്പത്തൂർ സ്വദേശി ശർമിള(38)യ്ക്കാണ് പാമ്പ് കടി ഏറ്റത്.
വന്യജീവി പാമ്പുകടി സംഭവത്തിൽ രാഷ്ട്രീയ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് സിറോ മലബാർ സഭ മുഖപത്രമായ ദീപിക. ഭരണസംവിധാനങ്ങൾ മകുടി ഊതുന്ന രാഷ്ട്രീയ പാമ്പാട്ടികൾ എന്നാണ് ദീപികയുടെ മുഖപ്രസംഗം. മേയ് നാലിനെങ്കിലും ഒരു സൂര്യനുദിക്കുമോ എന്നാണ് വിമർശനം.
സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ മുന്നറിയിപ്പിനിടെയും സംസ്ഥാനത്ത് ഇന്ന് താപനില മുന്നറിയിപ്പുമുണ്ട്.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയിലും രമേശ് ചെന്നിത്തലയെക്കുറിച്ച് വിശദമാക്കുന്ന ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന പരസ്യം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മുഖ്യമന്ത്രി ചര്‍ച്ചയിൽ മാധ്യമങ്ങള്‍ക്കാണ് വിലക്ക് വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നും ചാണ്ടി ഉമ്മൻ. പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിലെ വോട്ടെണ്ണൽ വെച്ചിരിക്കുന്നത് ഒരേ ഹാളിൽ ആണെന്നും ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു.
തൊണ്ടിമുതൽ തിരിമറി കേസിലെ ശിക്ഷാവിധിക്കെതിരെ മുൻ മന്ത്രി ആന്‍റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവും, ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്നാവശ്യവും അംഗീകരിച്ചില്ല.
കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവത്തിൽ ആയുധം കൊണ്ടുള്ള ആക്രമണം നടന്നു എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ എഎൻ ഷംസീർ. മന്ത്രിയെ കണ്ടപ്പോൾ അവർ വളരെ അവശയായ നിലയിലായിരുന്നുവെന്നും അതാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വിശദീകരിച്ചു.
ആഗോള അയ്യപ്പ സംഗമം നടത്തിപ്പുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 55 ലക്ഷം കൂടി നൽകി . എന്നാൽ ചെലവായ 7 കോടിയും കിട്ടണമെന്ന നിലപാടിലാണ് ഊരാളുങ്കൽ സൊസൈറ്റി.
വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് ആദ്യം നിർമ്മിച്ച 51 വീടുകളിൽ ഇന്ന് ഗൃഹപ്രവേശന ചടങ്ങ് നടക്കും. വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾ പങ്കെടുക്കും.
കുംഭമേള വൈറൽ താരത്തിൻ്റെ വിവാദ വിവാഹത്തില്‍ അന്വേഷണം ഊർജ്ജിതമാക്കാൻ മധ്യപ്രദേശ് പൊലീസ് വീണ്ടും കേരളത്തിലേക്കെത്തും. പട്ടികവർഗ കമ്മീഷൻ നിർദ്ദേശപ്രകാരം കേസിൽ പുതിയ വകുപ്പുകൾ ചേർക്കുമെന്നും പൊലീസ് പറയുന്നു.
ആലപ്പുഴയിൽ നിരോധത പുകയില ഉത്പന്നങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ പുറത്താക്കിയ നേതാവിന് വീണ്ടും അംഗത്വം നൽകി സിപിഐഎം. എ ഷാനവാസിനെയാണ് സിപിഐഎം തിരിച്ചെടുത്തത്.
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചികിത്സയുണ്ടായിരുന്ന തൃശ്ശൂർ സ്വദേശി രാകേഷാണ് മരിച്ചത്.
കേരളത്തിൽ ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ(57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
വരും ദിവസങ്ങളിൽ യുഎഇയിൽ താപനില ഗണ്യമായി വർധിക്കുമെന്നും അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ ചൂട് 43 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.
പശ്ചിമബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പോലീസ് നടത്തിയ സ്പെഷ്യൽ ബോംബ് ഡ്രൈവിൽ നൂറുകണക്കിന് നാടൻ ബോംബുകൾ പിടിച്ചെടുത്തു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ നിന്നടക്കം ബോംബുകൾ കണ്ടെത്തിയതോടെ പ്രശ്നബാധിത മേഖലകളിൽ സുരക്ഷ ശക്തമാക്കി.
രാജ്യത്ത് ചിലയിടങ്ങളിൽ ചൂട് 50 ഡിഗ്രി കടക്കുമ്പോൾ ജനങ്ങൾക്ക് വിചിത്രമായ ഉപദേശവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. എസി വേണ്ടെന്നും തന്റെ കാറിലോ ഓഫീസിലോ എസി ഉപയോഗിക്കാറില്ല. പകരം ചൂട് തട്ടാതിരിക്കാൻ കീശയിൽ ഒരു സവാള കരുതുകയാണ് ചെയ്യുകയെന്നും, ഇത് പണ്ടുകാലം മുതലുള്ള ശീലമാണെന്നും അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാർട്ടിയിലെ പ്രതിസന്ധി പരിഹരിക്കാൻ ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. പഞ്ചാബിലെയും ഡൽഹിയിലെയും എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. പാർട്ടി പിളർപ്പിന്റെ വക്കിലെത്തിയതോടെയാണ് നിർണായക നീക്കം.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ കുവൈത്ത് എയർവേയ്സ് സർവീസുകൾ വീണ്ടും ആരംഭിച്ചു. വ്യോമപാത വീണ്ടും തുറന്നതിനെ തുടർന്ന് ഞായറാഴ്ച മുതൽ സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിച്ചതായി കമ്പനി അറിയിച്ചു.
ഉത്തർപ്രദേശിലെ ജിമ്മിലെ പിറന്നാൾ ആഘോഷത്തിനിടെ ഉണ്ടായ തർക്കത്തിൽ 3 പേർ വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശ് ബുലന്ദ്ഷഹറിൽ ശനിയാഴ്ചയായിരുന്നു സംഭവം. അമർദീപ് സൈനി, മനീഷ് സൈനി, ആകാശ് സൈനി എന്നിവരാണ് കൊല്ലപ്പെട്ടത്.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഉണ്ടായ ചാവേർ ബോംബാക്രമണത്തിൽ പ്രതിരോധ മന്ത്രി സദിയോ കമാറയും അദ്ദേഹത്തിൻ്റെ രണ്ടാം ഭാര്യയും രണ്ട് പേരക്കുട്ടികളും കൊല്ലപ്പെട്ടു. സ്‌ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് മന്ത്രിയുടെ വസതിയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് സർക്കാർ വക്താവ് അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ ഊർജിതമാകുന്നതിനിടെ, ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്ഥാനിലെ സന്ദർശനത്തിന് ശേഷം റഷ്യയിലേക്ക് പുറപ്പെട്ടു.
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിനിടെ ഉണ്ടായ വെടിവയ്പ്പിനെ പരിഹസിച്ചു ഇറാൻ പുറത്തിറക്കിയ ആനിമേഷൻവീഡിയോ സോഷ്യൽ മീഡിയിൽ വൈറലാകുന്നു. ലെഗോ കളിപ്പാട്ടങ്ങളുടെ രൂപത്തിലുള്ള ആനിമേഷനിലൂടെ ട്രംപിന്റെ നേതൃത്വത്തെയും സുരക്ഷാ വീഴ്ചകളെയും പരിഹസിക്കുന്നതാണ് വീഡിയോ.
