സംസ്ഥാനത്ത് പരസ്യ പ്രചരണം ഇന്ന് വൈകിട്ട് 6 മണിക്ക് അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു ഖേൽക്കർ. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി, വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് 48 മണിക്കൂർ മുമ്പ് പാലിക്കേണ്ട കർശനമായ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു.
തെരഞ്ഞെടുപ്പ് മുന്നോടിയായി വോട്ടർമാരുടെയും പോളിംഗ് സംവിധാനങ്ങളുടെയും കണക്ക് പുറത്തുവിട്ട് രത്തൻ യു ഖേൽക്കർ. പോളിംഗ് ദിനമായ ഏപ്രിൽ 9ന് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിനായി 30,471 പോളിംഗ് സ്റ്റേഷനുകളും 24 ഓക്സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പാലക്കാട് ജില്ലയിൽ പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന സ്ഥലങ്ങൾ കുറവാണെന്ന പരാതിയുമായി എൻജിഒ അസോസിയേഷൻ. കഴിഞ്ഞ തവണ പോളിങ് സാമഗ്രികൾ വിതരണം ചെയ്യാൻ 12 കേന്ദ്രങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ ഈ തവണ വെറും 3 കേന്ദ്രങ്ങൾ മാത്രമേ ഉള്ളൂ എന്നുമാണ് പരാതി.
ആദ്യ പിണറായി മന്ത്രിസഭയിലെ ജലസേചന മന്ത്രിയായിരുന്ന മാത്യു ടി തോമസിനെതിരെ മാത്യു കുഴൽനാടൻ എംഎല്‍എ. കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യ നിര്‍മിതമായിരുന്നുവെന്നും മാത്യു ടി തോമസ് സ്വകാര്യ കമ്പനികൾക്ക് ലാഭം ഉണ്ടാക്കാൻ സംസ്ഥാനത്തെ കുരുതി കൊടുത്തെന്നുമാണ് മാത്യു കുഴൽ നാടന്‍റെ ആരോപണം. ആരോപണത്തിന് തെളിവായി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടു.
മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദസന്ദേശം തന്‍റേതല്ലെന്നും എഐ ആണോയെന്ന് സംശയുണ്ടെന്നും ഇന്ന് തന്നെ നിയമ നടപടി സ്വീകരിക്കുമെന്നും കെ കൃഷ്ണൻകുട്ടി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ആരോപണമാണെന്നും മാത്യു ടി തോമസിനെ മോശക്കാരനാക്കാനാണ് ഇതെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. ആരോപണം മാത്യു ടി തോമസും നിഷേധിച്ചു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ മനസ് എൽഡിഎഫിനൊപ്പമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സിപിഎം ബിജെപി ഡീൽ ആരോപണം കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിമർശിച്ചു.
കെ സുധാകരന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രചരിച്ച കത്ത് വ്യാജമെന്നും തന്റെ പേരിലും കത്ത് പ്രചരിക്കുന്നുണ്ടെന്നും ഇതിനു പിന്നില്‍ സിപിഐഎം എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. താന്‍ രാഷ്ട്രീയ വനവാസത്തിന് പോകരുതെന്നാണ് ആഗ്രഹമെന്ന കെ സുധാകരന്റെ പ്രസ്താവന സ്‌നേഹ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം സിപിഎമ്മിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിൽ സാധാരണ ഉണ്ടാകാത്ത പ്രതിസന്ധിയാണ് ഇത്തവണ ഉണ്ടായത്. സാധാരണ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ പോലും സർക്കാരിനെതിരാണ്. മുഖ്യമന്ത്രി സ്വന്തം പ്രോഗ്രാം റിപ്പോർട്ട് ഇറക്കി. ജനങ്ങൾ സർക്കാരിന് ഒരു പ്രോഗ്രസ് റിപ്പോർട്ടും നൽകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി എന്ന നിലയിൽ രേവന്ത് റെഡ്ഡി പാലിക്കേണ്ട ചില മര്യാദകളുണ്ട്. അദ്ദേഹം അത് കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ പറയുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. രേവന്ത് റെഡ്ഡി നേരത്തെ മുഖ്യമന്ത്രി നീ പോ മോനേ വിജയാ എന്ന് വിളിച്ചിരുന്നു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡാഷ് മോൻ പരാമര്‍ശത്തിൽ പ്രതികരിച്ച് വിഡി സതീശൻ. ഒന്നൂകൂടെ ചോദിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ആ ഡാഷും കൂടി പൂരിപ്പിച്ചേനേയെന്നും ദൈവമേ അങ്ങനെയായിരുന്നെങ്കിൽ കേരളത്തിനത് എന്ത് നാണക്കേടാകുമായിരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.
എൻഡിഎക്ക് സീറ്റുകൾ ലഭിക്കാതിരിക്കാൻ ജാഗ്രത വേണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്. എസ്ഡിപിഐ മത്സരിക്കാത്ത മണ്ഡലങ്ങളിൽ കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത്തരം മണ്ഡലങ്ങളിൽ ആർക്ക് വോട്ട് നൽകണമെന്ന് പ്രവർത്തകർക്ക് നിർദേശം നൽകിയെന്നും ലത്തീഫ് പറഞ്ഞു.
ഡബിള്‍ ലോക്കും താക്കോലും പറയുന്നവര്‍ക്ക് അഹങ്കാരമാണെന്നും നേമത്ത് ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും രാജീവ് ചന്ദ്രശേഖര്‍. നേമത്തെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ശിവൻകുട്ടി വലിയ നേതാവാണെന്നും മന്ത്രിയാണെന്നും മാങ്ങയാണെന്നും ചക്കയാണെന്നുമൊക്കെയാണല്ലോ പറയുന്നതെന്നും അങ്ങനെയെങ്കിൽ വിവാദം ഉണ്ടാക്കാതെ വികസനം ചര്‍ച്ച ചെയ്യട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
താനൂരിനെ പാക്കിസ്ഥാനോട് ഉപമിച്ച് മന്ത്രി വി. അബ്ദുറഹ്മാൻ. താനൂരിൽ രണ്ട് മാച്ചുകൾ നമ്മൾ കളിച്ചു. അത് പാകിസ്ഥാനിലായിരുന്നു. രണ്ടിലും അവരെ തോൽപ്പിച്ചു. ഇനി മൂന്നാമത്തെ മാച്ച്, അത് ഹോം ഗ്രൗണ്ടിൽ ആണെന്നായിരുന്നു വി. അബ്ദുറഹ്മാൻ്റെ പരാമർശം. പിന്നാലെ വി. അബ്ദുറഹ്മാൻ താനൂരിനെ അവഹേളിച്ചെന്ന് മുസ്ലിം ലീഗ് വിമർശിച്ചു.
സിപിഎമ്മിനെ വിമർശിച്ച് ഒറ്റപ്പാലത്തെ സംവിധായകനും ബിജെപി സ്ഥാനാർത്ഥിയുമായ മേജർ രവി. ഒറ്റപ്പാലത്തെ മുൻ ബിജെപി സ്ഥാനാർത്ഥിക്ക് പി കെ ശശി 50 ലക്ഷം ഓഫർ ചെയ്തെന്ന സിപിഎമ്മിന്റെ ആരോപണം ഡേർട്ടി പൊളിറ്റിക്സാണെന്നാണ് മേജര്‍ രവിയുടെ വിമര്‍ശനം.
തന്‍റെ ജയം ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞെന്നും കൊട്ടാരക്കരയിൽ വിസ്മയം ഉണ്ടാകുമെന്നും അയിഷാ പോറ്റി. തനിക്കെതിരായ വ്യക്തി അധിക്ഷേപം പിള്ളേരുടെ അറിവുകേടാണെന്നും, താൻ രാഷ്ട്രീയ വഞ്ചന നടത്തിയിട്ടില്ല രാഷ്ട്രീയ വഞ്ചന നടത്തിയതിന്‍റെ കുറ്റബോധം സിപിഎമ്മിനെ ബാധിക്കുമെന്നും അയിഷ പോറ്റി പറഞ്ഞു.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍. യുവതീ പ്രവേശനം അനുവദിച്ചാല്‍ ആരാധനാ സ്വഭാവം മാറുമെന്ന് വാദം. വിശ്വാസ വിഷയത്തില്‍ കോടതികള്‍ ഇടപെടരുതെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ വാദങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എഴുതി നല്‍കി. യുവതീ പ്രവേശന ഹര്‍ജികളില്‍ വിശാല ഭരണഘടനാ ബെഞ്ചില്‍ ഇന്നുമുതല്‍ വാദം കേള്‍ക്കും.
മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പിഎ മാധവനുണ്ടായ അപകടം ദുരൂഹമാണെന്ന് മകൻ സമീർ എം നായർ. ഇക്കാര്യം ചൂണ്ടിക്കാട്ടി മകൻ പൊലീസിൽ പരാതി നൽകി. സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങളാണ് വാഹനം ഇടിച്ചതിന് കാരണമെന്നും വാഹനാപകടം നടക്കുന്ന സമയത്ത് പിഎ മാധവൻ മണലൂർ മണ്ഡലത്തിന്റെ ചുമതലക്കാരനായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
പാലക്കാട് കോങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. പാപ്പാൻ രാമൻ ആണ് മരിച്ചത്. കൊല്ലങ്കോട് ഗോവിന്ദൻ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. തടുക്കശ്ശേരി നാഗൻ കുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്.
വൈക്കത്ത് തലയാഴം സിപിഐ ഓഫീസിന് മുന്നിൽ കര്‍ഷകന്‍ തൂങ്ങിമരിച്ചു. സിപിഐക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടശേഷമാണ് കര്‍ഷകനായ പുളിക്കാശേരി ചെല്ലപ്പനാണ് ജീവനൊടുക്കിയത്. കൃഷിയുമായി മുന്നോട്ടു പോകാന്‍ സിപിഐ തടസം നിന്നെന്നും, എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സിപിഐ ആണെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റ്.
തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. 234 മണ്ഡലങ്ങളിലുമായി 4574 പത്രികകളാണ് സമര്‍പ്പിയ്ക്കപ്പെട്ടത്. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിയ്ക്കും.
സംഘർഷം, സൈനിക നടപടികൾ, മിസൈൽ ആക്രമണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് കുവൈത്തിലെ സൈബർക്രൈം വിഭാഗം മുന്നറിയിപ്പ് നൽകി. ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കുവൈത്ത് നിയമപ്രകാരം നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് സൈബർക്രൈം വിഭാഗം അറിയിച്ചു.
എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ രാജിവച്ചതായി ചൊവ്വാഴ്ച റിപ്പോർട്ട്. രാജി സന്നദ്ധത പ്രകടിപ്പിച്ചതായും തന്റെ തീരുമാനം എയർലൈൻ ബോർഡിനെ ഔദ്യോഗികമായി അറിയിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്തു. എയർലൈൻ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.
മണിപ്പൂരില്‍ ചൊവ്വാഴ്ച്ച പുലർച്ചെ വീടിന് നേരെയുണ്ടായ ബോംബേറില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. വീട്ടിൽ അമ്മയ്ക്കൊപ്പം ഉറങ്ങികിടക്കുകയായിരുന്ന അഞ്ച് വയസ്സുകാരനും ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് മരിച്ചത്. ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്രാങ് ട്രോങ്ലാവോബിയിലെ ജനവാസ മേഖലയിലേക്കാണ് ബോംബേറുണ്ടായത്.
എൽപിജി ക്ഷാമം രൂക്ഷമായതിന് പിന്നാലെ തൊഴിലാളികൾക്കായുള്ള അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട ഇരട്ടിയാക്കി കേന്ദ്രം. ദില്ലിയടക്കം പ്രധാന നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികൾ ഭക്ഷണം പാചകം ചെയ്യാൻ സിലിണ്ടർ കിട്ടാത്തതിനെ തുടർന്ന് നാട്ടിലേക്ക് പലായനം തുടങ്ങിയിരുന്നു. ഇത് വ്യവസായ ശാലകളിലടക്കം വലിയ പ്രതിസന്ധിയായതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ ഇടപെടൽ.
ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മുജ്തബ ഖമനെയി ഭരണ നിർവ്വഹണത്തിന് കഴിയാത്ത വിധം അശക്തനാണെന്നും കോം നഗരത്തിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുകൾ.
ട്രംപിന്റെ കടുത്ത ഭീഷണിക്കിടയിലും ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ. സൗദിയിലെ ഊർജ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ മിസൈൽ അവശിഷ്ടം വീണു. ഇതിനിടെ ഹോർമൂസിൽ ബഹ്റൈൻ മുന്നോട്ട് വെച്ച പ്രമേയത്തിൽ യുഎന്നിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. മിസൈൽ അവശിഷ്ടങ്ങൾ വീണതിനെ തുടർന്നുള്ള നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്.
ഇറാനിലെ വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും അണിനിരക്കാൻ പൗരന്മാരോട് ആഹ്വാനം ചെയ്ത് ഇറാൻ കായിക യുവജന മന്ത്രാലയം ഉപ മന്ത്രി അലിറേസ റഹീമി. ഉച്ചയ്ക്ക് 2 മണിക്ക് രാജ്യത്തുടനീളമുള്ള വൈദ്യുതി നിലയങ്ങൾക്ക് മുന്നിൽ യുവാക്കളും കലാകാരന്മാരും കായികതാരങ്ങളും ഉൾപ്ടെയുള്ളവർ മനുഷ്യച്ചങ്ങല തീർക്കണമെന്നാണ് അലിറേസ റഹീമി ആവശ്യപ്പെട്ടിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണി പരിഹസിച്ച് തള്ളി ഇറാൻ. ട്രംപിന്‍റേത് ഭ്രാന്തൻ പരാമർശങ്ങളാണെന്നും വീണ്ടുവിചാരമില്ലാത്ത ഭീഷണികൾ അമേരിക്കയുടെ അപമാനം ഇല്ലാതാക്കില്ലെന്നും ഇറാൻ സൈനിക നേതൃത്വം പരിഹസിച്ചു.
