സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് തുടരുന്നു. 941 പഞ്ചായത്തുകൾ, 152 ബ്ലോക്കു പഞ്ചായത്തുകൾ,14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. പലയിടത്തും വിമതന്മാർ നിർണായകമാകും. തദ്ദേശ സ്ഥാപനങ്ങളിക്കുള്ള സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതൽ ഏഴു വരെ നടക്കും.
കോൺഗ്രസ് നേതാവ് നോട്ടീസ് നൽകിയ ശേഷം വിട്ടയച്ചു. അറസ്റ്റ് രേഖപ്പെടുത്തിയതായി അറിയില്ലെന്ന് ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം. ഇനി നിയമ പരമായി മുന്നോട്ട് പോകും. സ്റ്റേഷൻ ജാമ്യം അനുവദിച്ചുവെന്നും പ്രതികരണം. അതേ സമയം പൊലീസ് നാടകം കളിക്കുന്നുവെന്നും അയ്യപ്പൻ്റെ സ്വർണം കട്ടവർക്കെതിരെ യുഡിഎഫ് നടത്തുന്ന പോരാട്ടത്തിൽ പതിനായിരങ്ങൾ ഒപ്പം നിൽക്കുമെന്നും എൻ സുബ്രഹ്മണ്യൻ പ്രതികരിച്ചു. കേസെടുത്ത് നിശബ്ദമാക്കാമെന്ന് ആരും കരുതണ്ട. പുറത്തുവന്ന രണ്ട് ഫോട്ടോയും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ നിന്ന് ക്യാപ്ചർ ചെയ്തതാണ്. ആദ്യം ഇട്ട ഫോട്ടോ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തു. ഫോൺ പൊലീസ് വാങ്ങിവച്ചുവെന്നും എൻ സുബ്രഹ്മണ്യൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചെന്ന ആരോപണത്തിൽ എൻ സുബ്രഹ്മണ്യനെതിരെ പൊലീസ് കേസെടുത്തിരുന്നു. സുബ്രഹ്മണ്യന്റെ വീട്ടിൽ നിന്ന് ചേവായൂർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സുബ്രഹ്മണ്യനെതിരെ സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട് ജില്ലിയിലെ മുതിര്‍ന്ന നേതാവുമായ എന്‍ സുബ്രമണ്യന്‍ പോസ്റ്റിട്ടത്.
എൻ സുബ്രഹ്മണ്യനെതിരായ കേസിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേസെടുത്ത് ഭയപ്പെടുത്താൻ നോക്കേണ്ടെന്നും എഐ ഉപയോഗിച്ച് ഏറ്റവും കൂടുതൽ പ്രചാരണം നടത്തിയത് സിപിഎം ആണെന്നും അദ്ദേഹം പറഞ്ഞു. ഏകാധിപതി ആയ ഭരണാധികാരിയെ ആണ് കേരളത്തിൽ കാണുന്നത്. എഐ ടൂളുകൾ ഉപയോഗിച്ച് ഏറ്റവും അധികം പ്രചരണം നടത്തിയത് സിപിഎം ആണ്. രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ അടക്കം എത്ര പേർ പരാതി നൽകി. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
എൻ സുബ്രഹ്മണ്യനെതിരായ കേസ് രാഷ്ട്രീയ പക പോക്കലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്തുകൊണ്ട് സമാന ഫോട്ടോ ഇട്ട ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ കെസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. എത്രയോ ചിത്രങ്ങൾ ആരൊക്കെ പങ്കുവെക്കുന്നു. മുഖ്യമന്ത്രിക്ക് എതിരെ ആരും സംസാരിക്കരുത് എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുക്കാത്തത് ബിജെപിയുമായുള്ള ധാരണയുടെ ഭാഗമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തിൽ എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ 15 സീറ്റുകൾ നേടിയ എൽ ഡി എഫ് നേരത്തെ തന്നെ ജയമുറപ്പിച്ചിരുന്നു. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദര്‍ശിനി. സി പി എം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന പ്രിയദർശിനി മികച്ച ഭൂരിപക്ഷത്തിനാണ് കല്ലമ്പലത്ത് വിജയം സ്വന്തമാക്കിയത്.
പുന്നപ്ര പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ തർക്കം മുറുകുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് മുസ്ലിം ലീഗ് വിട്ടു നിൽക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. യുഡിഎഫ് ധാരണതെറ്റിച്ചുവെന്നാണ് ലീഗിൻ്റെ വാദം. വൈസ് പ്രസിഡന്റ് സ്ഥാനം ലീഗിന് നൽകുമെന്നായിരുന്നു ധാരണ. കോൺഗ്രസിന്റെ തോബിയാസ് ആണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി.
കോട്ടയത്ത് എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും 14 സീറ്റുകളുള്ള ഏറ്റവും വലിയ കക്ഷിയായ യുഡിഎഫ് വിട്ടുനിൽക്കും. പഞ്ചായത്തിൽ പ്രസിഡന്റ് പദവി ഇത്തവണ പട്ടിക വർഗ സംവരണമാണ്. എന്നാൽ പഞ്ചായത്തിൽ യുഡിഎഫിന് സംവരണാംഗമില്ല. എൽഡിഎഫിനും ബിജെപിക്കും ഓരോ പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള അംഗമുണ്ട്. യുഡിഎഫ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നാൽ ഇന്ന് ക്വാറം തികയില്ല. തെരഞ്ഞെടുപ്പും നടക്കില്ല.
എൽഡിഎഫ് , യുഡിഎഫ് മുന്നണികൾക്ക് ഏഴ് വീതം അംഗങ്ങളുള്ള വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിലെ കെ വി നഫീസ പ്രസിഡണ്ട്. പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ ലീഗ് സ്വതന്ത്രൻ ജാഫർ മാഷ് വോട്ട്മാറ്റികുത്തിയതോടെയാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫിന് ലഭിച്ചത്. യുഡിഎഫിനും എൽഡിഎഫിനും ഏഴ് വീതം അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. തളി ഡിവിഷനിൽ നിന്ന് മത്സരിച്ച ജാഫർ മാഷാണ് എൽഎഫിന് വോട്ട് ചെയ്തത്.
എറണാകുളത്ത് കോൺഗ്രസിൽ തർക്കങ്ങൾ തീരുന്നില്ല. ഏറ്റവും ഒടുവിൽ ഉമ തോമസ് എം എൽ എയാണ് പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലിയാണ് ഉമ തോമസും പാർട്ടി ജില്ലാ നേതൃത്വവും തമ്മിൽ തർക്കം രൂക്ഷമായത്. തൃക്കാക്കരയിലും കെ പി സി സി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടെന്നാണ് ഉമ തോമസ് എം എൽ എയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സി പ്രസിഡണ്ടിന്‍റ് സണ്ണി ജോസഫിന് ഉമ തോമസ് പരാതി നൽകി.
കൊല്ലം ജില്ലയിലെ ചിറക്കര പഞ്ചായത്തിൽ സ്വതന്ത്ര അംഗം പ്രസിഡൻ്റായി. യുഡിഎഫ് പിന്തുണയോടെയാണ് സിപിഎം മുൻ ലോക്കൽ സെക്രട്ടറിയായ ഉല്ലാസ് കൃഷ്‌ണൻ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടന്നപ്പോൾ യുഡിഎഫ് പിന്തുണയിൽ മത്സരിച്ച ഉല്ലാസ് കൃഷ്ണനും ബിജെപി സ്ഥാനാർത്ഥിക്കും ആറ് വീതം വോട്ട് ലഭിച്ചു. ഇതോടെ നറുക്കെടുപ്പ് നടത്തിയാണ് ഉല്ലാസ് കൃഷ്ണൻ പ്രസിഡൻ്റായത്.
തിരുവനന്തപുരം മേയർ പദവി ലഭിക്കാത്തതിൽ അതൃപ്തി തുടർന്ന് മുൻ ഡിജിപി ആർ. ശ്രീലേഖ. താൻ അപമാനിതയായെന്ന വികാരമാണ് ശ്രീലേഖ നേതാക്കളോട് പങ്കുവെച്ചത്. ശ്രീലേഖയെ അനുനയിപ്പിക്കാൻ പല ശ്രമങ്ങളും നേതാക്കൾ നടത്തിയെങ്കിലും ഈ ശ്രമങ്ങളൊന്നും ഫലം കണ്ടില്ലെന്നാണ് വിവരം. എങ്കിലും സമവായ ശ്രമം തുടരുകയാണ് നേതാക്കൾ. പുതിയ മേയർക്ക് ആശംസ പോസ്റ്റ് പോലും പങ്കുവെക്കാതെയാണ് ശ്രീലേഖയുടെ പ്രതിഷേധം.
പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിൽ അസാധാരണ പ്രതിസന്ധി. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് ഭൂരിഭാഗം അംഗങ്ങളും വിട്ടുനിന്നതോടെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടി വന്നു. വെങ്ങോല പഞ്ചായത്തിലെ കക്ഷി നിലയിൽ മുൻതൂക്കം യുഡിഎഫിനാണ്, ഒൻപത് അംഗങ്ങൾ. എന്നാൽ പഞ്ചായത്ത് അധ്യക്ഷ പദത്തിലേക്ക് ജയിക്കാൻ മറ്റ് കക്ഷികളുടെ സഹായമോ, വോട്ടെടുപ്പിലെ പങ്കാളിത്തമോ ആവശ്യമാണ്. ഇത് ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
കുമരകം പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ യുഡിഎഫിന് വിജയം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച യുഡിഎഫ് സ്വതന്ത്രൻ എപി ഗോപിക്ക് ബിജെപി അംഗവും വോട്ട് ചെയ്‌തതാണ് അട്ടിമറിക്ക് കാരണം. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ യുഡിഎഫിനും മറുവശത്ത് എൽഡിഎഫിനും 8 വീതം വോട്ടാണ് കിട്ടിയത്. ഇതോടെ പ്രസിഡൻ്റിനെ നറുക്കെടുപ്പിലൂടെ കണ്ടെത്താൻ തീരുമാനിച്ചു. നറുക്കെടുപ്പിൽ എപി ഗോപിയെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു.
എൽഡിഎഫ് പിടിച്ചെടുത്ത കൽപ്പറ്റ മൂപ്പൈനാട് പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ പ്രസിഡൻറ് സ്ഥാനം യുഡിഎഫിന് ലഭിച്ചു.യുഡിഎഫിലെ സുധയാണ് മൂപ്പൈനാട് പഞ്ചായത്തിൽ പ്രസിഡൻറ്. യുഡിഎഫിൽ നിന്ന് 25 വർഷത്തിനുശേഷം എൽഡിഎഫ് പിടിച്ചെടുത്ത പഞ്ചായത്താണ് മൂപ്പൈനാട്. എൽഡിഎഫിന് ഒമ്പതും യുഡിഎഫിന് എട്ടും അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒരു വോട്ട് അസാധുവായതോടെയാണ് ഇവിടെ നറുക്കെടുപ്പ് നടത്തേണ്ടി വന്നത്. നറുക്ക് യുഡിഎഫിന് വീണതോട് എട്ട് അംഗങ്ങളുള്ള യുഡിഎഫ് പഞ്ചായത്ത് ഭരിക്കും.
തൃശൂർ കോർപ്പറേഷൻ മേയർ പദവിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി മേയർ ഡോ നിജി ജസ്റ്റിൻ. ലാലി ജയിംസ് ഉയർത്തിയ വിവാദങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്ന് നിജി ജസ്റ്റിൻ പറഞ്ഞു. പാർട്ടി ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും പറഞ്ഞ നിജി, ലാലി ജെയിംസിന് ഗാന്ധിയേയും ബൈബിളിനെ ഉദ്ധരിച്ച് കൊണ്ടായിരുന്നു മറുപടി നൽകിയത് .
ലാലി ജെയിംസിന്റെ ആരോപണങ്ങൾക്ക് പിന്നാലെ സാമൂഹിക മാധ്യമത്തിലൂടെ ഫോട്ടോ പങ്കുവെച്ച് തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്. കള്ളിമുണ്ടുടുത്ത് ടിവിഎസിൽ യാത്ര ചെയ്യുന്ന ഫോട്ടോ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. തൃശ്ശൂർ മേയർ പദവി പണം വാങ്ങി വിറ്റെന്നും പണമില്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴഞ്ഞെന്നും തുടങ്ങി ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ലാലി ജെയിംസ് ഉന്നയിച്ചിരുന്നത്.
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ കരട് പട്ടിക വന്നതിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആദ്യ യോഗം ഇന്ന് ചേർന്നു. കണ്ടെത്താനായില്ലെന്നത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി 24.08 ലക്ഷം പേരെ ഒഴിവാക്കിയതിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. പകുതിയിലധികം പേരെ കണ്ടെത്താനായെന്നാണ് സി പി എമ്മും കോണ്‍ഗ്രസും ഉള്‍പ്പെടയുള്ള പാര്‍ട്ടികളുടെ വാദം. ഒഴിവാക്കപ്പെട്ടവര്‍ പുതിയ വോട്ടര്‍മാരെന്ന നിലയിൽ അപേക്ഷ നൽകണമെന്നതിലും എതിര്‍പ്പുണ്ട്.
ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീർത്ഥാടകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡലകാലത്തിന് പരിസമാപ്തിയാകും. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.
മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ വികാരാധീനനായി എസ്ഐടി ചോദ്യം ചെയ്ത ഡി മണി. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയല്ലെന്നും എസ്ഐടിയുടെ ചോദ്യങ്ങൾക്ക് എല്ലാം മറുപടി പറഞ്ഞെന്നും മണി പറഞ്ഞു. കേരളത്തില്‍ ഒരു ബിസിനസും തനിക്കില്ല, നിരപരാധിയാണ്. ചെറിയ ബിസിനസ് മാത്രമാണ് തനിക്കുള്ളത്. തന്നെ വേട്ടയാടരുത്. എന്തിനാണ് അന്വേഷണം എന്ന് തന്നെ അറിയില്ല. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു സാധാരണക്കാരനാണ്. ഒരു ചെറിയ ഗ്രാമത്തില്‍ ജീവിക്കുന്ന ഒരു ചെറിയ ആളാണ് താൻ എന്നാണ് മണി മാധ്യമങ്ങളോട് പറഞ്ഞത്.
ആലപ്പുഴയിൽ വാഹന പരിശോധനയ്ക്കിടെ അപകടം. അപടത്തിൽ പരിക്കേറ്റ യുവാവിനെ പൊലിസ് വഴിയിൽ ഉപേക്ഷിച്ചെന്ന് പരാതി. ആലപ്പുഴ കൊമ്മാടി സ്വദേശികളായ അനിൽ രാജേന്ദ്രൻ, രാഹുൽ എന്നിവർക്കാണ് ദുരനുഭവം ഉണ്ടായത്. എറണാകുളം കണ്ണമാലി പൊലീസിനെതിരെയാണ് പരാതി. പരിക്കേറ്റ അനിൽ രാജേന്ദ്രൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.അതേസമയം, യുവാക്കൾ മദ്യപിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൈകാണിച്ചിട്ടും ബൈക്ക് നിർത്തിയില്ലെന്നും സിപിഒ ബിജുമോനെ ബൈക്കിലുള്ളവർ ഇടിച്ചിട്ടെന്നും പൊലീസ് പറഞ്ഞു.
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തിൽ കടുത്ത ആശങ്ക അറിയിച്ചും മുന്നറിയിപ്പ് നൽകിയും ഇന്ത്യ. ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ തുടരുന്ന അതിക്രമങ്ങൾ ആശങ്കാജനകമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അടുത്തിടെ നടന്ന ഹിന്ദു യുവാക്കളുടെ കൊലപാതകത്തെ അങ്ങേയറ്റം ഖേദകരമെന്ന് വിശേഷിപ്പിച്ച വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ, ഇന്ത്യക്കെതിരെ ബംഗ്ലാദേശിൽ തെറ്റായ പ്രചാരണം നടക്കുന്നു എന്നും കൂട്ടിച്ചേർത്തു.
റോഡരികിൽ നിസ്കരിക്കുകയായിരുന്ന യുവാവിൻ്റെ നേരെ ഓഫ് റോഡ് വാഹനം ഓടിച്ചുകയറ്റി. വെസ്റ്റ് ബാങ്കിലാണ് സംഭവം. പലസ്‌തീൻകാരനായ യുവാവിനെയാണ് ഇസ്രയേൽ സൈനികൻ വാഹനം ഇടിപ്പിച്ചുവീഴ്ത്തിയത്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
ഉന്നാവോ ബലാത്സംഗ കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയിൽ. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ദില്ലി ഹൈക്കോടതി വിധി യുക്തിഹീനവും നിയമവിരുദ്ധവുമാണെന്നാണ് സിബിഐ വാദം. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവാണ് ദില്ലി ഹൈക്കോടതി മരവിപ്പിച്ചത്.
ജയിലിന് പുറത്തിറങ്ങിയാൽ കുടുംബത്തെ ഇല്ലാതെയാക്കുമെന്ന് പ്രതിയായ മുൻ ബിജെപി എം എൽ എ കുൽദീപ് സെൻഗാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഉന്നാവോ ബലാത്സംഗ കേസിലെ അതിജീവിതയുടെ അമ്മ. പ്രതി പുറത്തിറങ്ങുന്ന സാഹചര്യത്തിൽ തന്റെ കുടുംബത്തിൻറെ സുരക്ഷയിൽ വലിയ ആശങ്കയുണ്ടെന്നും പുറത്തിറങ്ങാൻ പോലും പേടിയാണെന്നും അതിജീവിതയുടെ അമ്മ പ്രതികരിച്ചു.
ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ അമേരിക്കയിൽ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയതിനും സ്വന്തം വീടിന് തീയിടാൻ ശ്രമിച്ചതിനുമാണ് പൊലീസ് നടപടി. ടെക്‌സസ് സർവകലാശാലയിലെ അവസാന വർഷ വിദ്യാർത്ഥി മനോജ് സായ് ലെല്ലയാണ് അറസ്റ്റിലായത്. മനോജ് തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന് കുടുംബാംഗങ്ങളാണ് പൊലീസിനെ അറിയിച്ചത്.
രാജസ്ഥാനിലെ ചോമുവിൽ സംഘർഷം. 110 പേർ അറസ്റ്റിൽ. പ്രദേശത്ത് ഇൻ്റർനെറ്റ് സേവനം റദ്ദാക്കി. പള്ളിയുടെ ഭൂമി സംബന്ധിച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം രൂക്ഷമായതിനെ തുടർന്നാണ് നടപടി. ഇന്നലെ കൈയേറ്റം നീക്കാൻ ശ്രമിച്ച പൊലീസിന് നേരെ കല്ലെറിഞ്ഞവരെയാണ് പിടികൂടിയത്. പ്രദേശത്ത് കനത്ത ജാഗ്രത തുടരുന്നു.
കുവൈത്തിലെ ഫർവാനിയയിലെ ഒരു അപ്പാർട്ട്മെന്‍റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം ഉണ്ടായത്. ഫർവാനിയ, സുബ്ഹാൻ എന്നീ അഗ്നിശമന നിലയങ്ങളിൽ നിന്നുള്ള സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ആം ആദ്മി പാർട്ടിയുടെ (എഎപി) രണ്ട് കൗൺസിലർമാർ ബിജെപിയിലേക്ക് കൂറുമാറിയതോടെ ഛണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ വാശിയേറി. ഭരണകക്ഷിയായ എഎപി-കോൺഗ്രസ് സഖ്യത്തിനൊപ്പം ബിജെപിക്കും നിലവിൽ 18 അംഗങ്ങളുടെ പിന്തുണയായി. ജനുവരിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോർപറേഷൻ ഭരണം ബിജെപി പിടിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് വ്യോമഗതാഗതം പ്രതിസന്ധിയിലായി. ഇന്നലെ മാത്രം ആയിരത്തിലധികം വിമാന സർവീസുകളാണ് വിവിധ വിമാനക്കമ്പനികൾ റദ്ദാക്കിയത്. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലും മധ്യ-പടിഞ്ഞാറൻ മേഖലകളിലും ശൈത്യകാല കൊടുങ്കാറ്റും ശക്തമായ മഞ്ഞുവീഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ശനിയാഴ്ച പുലർച്ചെ റഷ്യയുടെ വൻ സൈനിക ആക്രമണം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാണെന്നും യുക്രെയ്ൻ ഉദ്യോഗസ്ഥർ അറിയിച്ചു. ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യ കീവിനെ ലക്ഷ്യം വെക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള നിർണ്ണായക ചർച്ചയ്ക്കായി യുക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി യുഎസിലേക്ക് തിരിക്കാനിരിക്കെയാണ് ആക്രമണം എന്നത് ശ്രദ്ധേയമാണ്.
