20251220 141045 0000

സ്വർന്ന വില റെക്കോഡിലേക്ക്. ഒരു പവൻ സ്വര്‍ണത്തിന് ഇന്നത്തെ വില 1,01,600 രൂപ . ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കിൽ 12,700 രൂപ നൽകണം. ഡിസംബർ 15 നാണ് ചരിത്രത്തിലാദ്യമായി സ്വർണവില 99,000 കടന്നത്.അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്.

 

കേരളത്തിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള തീവ്ര പരിഷ്‌കരണ നടപടികളുടെ ഭാഗമായുള്ള കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശപ്രകാരം വോട്ടർമാരുടെ വിവരങ്ങൾ കുറ്റമറ്റതാക്കുന്നതിനാണ് ഈ നടപടി. 2026 ജനുവരി 1 യോഗ്യതാ തീയതിയായി നിശ്ചയിച്ചാണ് ഈ പുതുക്കൽ നടക്കുന്നത്. വീടുതോറുമുള്ള പരിശോധനയിലൂടെ അർഹരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുകയും, മരണപ്പെട്ടവർ, താമസം മാറിയവർ തുടങ്ങിയവരെ ഒഴിവാക്കുകയും ചെയ്യുന്ന സമഗ്രമായ പ്രക്രിയയാണിത്.

 

ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിൽ 8 പഞ്ചായത്തുകളിൽ ഓരോ വാർഡിലും കോട്ടയത്ത് മൂന്നു വാർഡുകളിലുമാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടികൾക്ക് മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകി. ആലപ്പുഴയിൽ നെടുമുടി, ചെറുതന, കരുവാറ്റ കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലാണ് രോഗബാധ. കോട്ടയത്ത് കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, വേളൂർ എന്നീ വാർഡുകളിലാണ് രോഗബാധ.

 

ശബരിമലയിലെ മണ്ഡലപൂജയ്ക്കായി അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഘോഷയാത്ര 26-ന് വൈകിട്ട് ശരംകുത്തിയിലെത്തും. തുടർന്ന് സന്നിധാനത്തേക്ക് ആനയിക്കുന്ന തങ്കയങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും. 27 ന് രാവിലെ 10.10 നും 11.30 നും ഇടയിലാണ് ഇക്കുറി മണ്ഡലപൂജ ചടങ്ങ്.

 

ശബരിമല ക്ഷേത്രത്തിലെ സ്വർണകൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ കേരളാ ഹൈക്കോടതിയെ അറിയിച്ചു. സ്വർണത്തിൻ്റെ കാലപഴക്കം നിർണയിക്കുന്നതിനുള്ള എഫ് എസ് എൽ റിപ്പോർട്ട് അന്തിമഘട്ടത്തിലാണ്. നിലവിൽ സംസ്ഥാന പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

 

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ജലാഭിമുഖ ഭാഗത്തെ ദൃശ്യങ്ങൾ ശേഖരിച്ച് ബലക്ഷയം വിലയിരുത്തുന്നതിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ ഉപയോഗിച്ചുള്ള പരിശോധന ഇന്ന് തുടങ്ങും. 1200 അടി നീളമുള്ള അണക്കെട്ട്, 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചാണ് ആദ്യഘട്ട പരിശോധന. ഇതിനു ശേഷം 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് പരിശോധിക്കും. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് ജലാഭിമുഖഭാഗത്ത് ഈ പരിശോധന നടത്തുന്നത്.

 

യുഡിഎഫിൽ മുസ്ലിം ലീഗിന്റെ കൈവശമുള്ള ഗുരുവായൂർ സീറ്റ് തിരികെ പിടിക്കണമെന്ന ആവശ്യമുയർത്തി തൃശ്ശൂർ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ഗുരുവായൂർ നിയമസഭാ സീറ്റ് കോൺഗ്രസിന് വേണമെന്നും, സ്ഥാനാർത്ഥി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് പ്രാദേശക തലത്തിൽ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് പ്രതികരിച്ചു.

 

കൊച്ചി മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ക്ലൈമും ഉന്നയിക്കില്ലെന്ന് ആവർത്തിച്ച് ദീപ്തി മേരി വർഗീസ്. കൊച്ചി മേയറുടെ കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനം എടുക്കുമെന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു. അതൊരു പൊളിറ്റിക്കൽ ഡിസിഷൻ ആയിരിക്കും. എന്തുതന്നെയായാലും താൻ അനുസരിക്കുമെന്നും വ്യക്തിപരമായ അഭിപ്രായങ്ങൾക്കൊന്നും ഇവിടെ സ്ഥാനമില്ലെന്നും ദീപ്തി പറഞ്ഞു.

 

പാലാ നഗരസഭ ഭരണം പിടിക്കാൻ എൽഡിഎഫ്. മൂന്ന് കൗൺസിലർമാറുള്ള പുളിക്കകണ്ടം കുടുംബവുമായി എൽഡിഎഫ് നേതാക്കൾ ചർച്ച നടത്തി. മന്ത്രി വി എൻ വാസവൻ, സിപിഎം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥ്, പാലായിലെ സിപിഎം നേതാക്കൾ എന്നിവരാണ് പുളിക്കകണ്ടം കുടുംബത്തെ നേരിട്ടെത്തി കണ്ടത്. പുളിക്കകണ്ടം കുടുംബാംഗങ്ങളായ കൗൺസിലേഴ്സ് മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ പരിഗണിക്കാമെന്ന് എൽഡിഎഫ് നേതാക്കൾ ഉറപ്പ് നൽകിയതായാണ് വിവരം.

 

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ നൽകിയ ജാമ്യ ഹർജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. ഹർജിയിൽ മറുപടി നൽകാൻ സർക്കാറിന് സിംഗിൾ ബഞ്ച് നിർദ്ദേശം നൽകി. സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും സ്പോൺസർ എന്ന നിലയിൽ 2019 ന് മുമ്പ് പലപ്പോഴായി 84 ലക്ഷം രൂപയുടെ സംഭാവന ശബരിമലയ്ക്ക് നൽകിയിട്ടുണ്ടെന്നുമാണ് ഗോവർദ്ധൻ ഹർജിയിൽ പറയുന്നത്.

 

കൊച്ചി ഉദയംപേരൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിന് രക്ഷകരായി എത്തിയത് മൂന്ന് ഡോക്ടർമാർ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയാക് ശസ്ത്രക്രിയ വിഭാഗം അസി.പ്രൊഫസർ ഡോ.ബി.മനൂപും കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്ററും , ഡോ.ദിദിയ കെ.തോമസും. ബൈക്ക് അപകടത്തിൽപ്പെട്ട കൊല്ലം സ്വദേശിയായ ലിനുവിന് ശ്വാസമെടുക്കാൻ കഴിയാത്ത വിധം പരിക്കേറ്റിരുന്നു തുടർന്ന് സ്ഥലത്തെത്തിയ ഡോക്ടർമാരായ ഇവർ നാട്ടുകാർ സംഘടിപ്പിച്ച് നൽകിയ ബ്ലെയിഡും സ്ട്രോയും ഉപയോഗിച്ച് കഴുത്തിൽ മുറിവുണ്ടാക്കി സ്ട്രോ കടത്തിവിട്ട് ശ്വാസഗതി തിരികെ പിടിക്കുകയായിരുന്നു. തുടർന്ന് ലിനുവിനെ ആംബുലൻസിൽ ആശുപത്രിയിലും എത്തിച്ചു.

 

കൊച്ചി ഉദയംപേരൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിന്‍റെ ജീവൻ നടുറോഡിൽ തിരികെ പിടിച്ച ഡോക്ടർമാരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിനിമാ കഥയെ വെല്ലുന്ന നടുറോഡിലെ ആ ശസ്ത്രക്രിയ ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തിയാണെന്ന് വി ഡി സതീശൻ കുറിച്ചു. പ്രിയപ്പെട്ട ഡോക്ടർമാരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

 

മതത്തിന്‍റെ പേരിലുള്ള അസഹിഷ്ണുത പെരുകുന്ന കാലത്ത് മനുഷ്യര്‍ തമ്മില്‍ ഉണ്ടാവേണ്ട പരസ്പരവിശ്വാസത്തെക്കുറിച്ച് സംസാരിച്ച് മമ്മൂട്ടി. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്‍റെ സമാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “നമ്മള്‍ ഇവിടെ പലപ്പോഴും നമ്മുടെ മതേതരത്വം അല്ലെങ്കില്‍ മതസഹിഷ്ണുത എന്നൊക്കെ പറഞ്ഞാണ് ഇപ്പോള്‍ സംസ്കാരത്തെപ്പറ്റി ഏറ്റവും കൂടുതല്‍ പറയുന്നത്. പക്ഷേ മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതമെന്ന് അദ്ദേഹം പറഞ്ഞു.

 

വെർച്വൽ അറസ്‌റ്റിലൂടെ ഒന്നര കോടി രൂപ തട്ടിയ കേസിൽ രാജ്യത്ത് 22 സ്ഥലങ്ങളിൽ തിരുവനന്തപുരം സി ബി ഐ യൂണിറ്റ് എസ് പിയുടെ നേതൃത്വത്തിൽ റെയ്‌ഡ്. രാജസ്ഥാൻ, മഹാരാഷ്ട, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. തൃശൂർ സ്വദേശിയിൽ നിന്നാണ് ഒന്നര കോടി തട്ടിയത്. തട്ടിപ്പ് പണം പോയ അക്കൗണ്ട് ഉടമകളുടെ വീട്ടിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്‌ഡ്.മൂന്ന് ദിവസം കൊണ്ടാണ് തൃശൂർ സ്വദേശിയുടെ ഒന്നര കോടി രൂപ സംഘം തട്ടിയത്.

 

ട്രെയിനുകളുടെ പേരും കാറ്റഗറിയും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ടി റെയിൽവേക്കെതിരെ രൂക്ഷവിമർശനവുമായി തിരുവനന്തപുരം കോർപ്പറേഷനിലെ ഗൗരീശപട്ടം വാർഡ് കൗൺസിലർ സി പാർവ്വതി. ചെന്നൈ മെയിൽ’ എന്ന് പേരുള്ള ട്രെയിനിൽ മെയിൽ/എക്സ്പ്രസ് ടിക്കറ്റുമായി യാത്ര ചെയ്തതിന് സൂപ്പർഫാസ്റ്റിലാണ് യാത്ര ചെയ്തതെന്ന് കാട്ടി ഫൈൻ ഈടാക്കിയ റെയിൽവേ നടപടിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് താനെന്ന് പാർവ്വതി വ്യക്തമാക്കി.

 

 

കോൺക്രീറ്റ് റോഡിന് നടുവിലൂടെ കുഴിയെടുത്ത് പൈപ്പ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. ചമ്പക്കുളം പഞ്ചായത്തിലെ തെക്കേക്കര വളയത്തില്‍ച്ചിറ റോഡിലാണ് കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡ് തകർത്തത്. മങ്കൊമ്പ്-ചമ്പക്കുളം റോഡില്‍നിന്നു റോഡിന്റെ വശത്തുകൂടി പൈപ്പ് സ്ഥാപിച്ചുവന്ന ശേഷം, കോൺക്രീറ്റ് റോഡ് തുടങ്ങുന്ന ഇടത്ത് എത്തിയപ്പോൾ റോഡിൻ്റെ നടുഭാഗത്ത് വെട്ടിപ്പൊളിക്കുകയായിരുന്നു. പൈപ്പ് സ്ഥാപിച്ചശേഷം വീണ്ടും കോൺക്രീറ്റ് ചെയ്യുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഭാവിയിൽ അറ്റകുറ്റപ്പണി വന്നാൽ വീണ്ടും റോഡ് പൊളിക്കേണ്ടി വരുമെന്ന ആശങ്ക നിലനിൽക്കുന്നു.

 

വാളയാർ ആൾക്കൂട്ടക്കൊല കേസിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. മർദനസമയത്ത് ഇവരും സ്ഥലത്ത് ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ചിലർ തമിഴ്നാട്ടിലേക്ക് കടന്നതായും പൊലീസ് പറയുന്നു. നേരത്തെ കേസിൽ അഞ്ചുപേരാണ് അറസ്റ്റിലായിരുന്നത്. ഇതിന് പുറമെയാണ് കൂടുതൽ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

 

രാമന്തളിയിലെ കൂട്ടമരണത്തിൽ കലാധരൻ്റെ ആത്മഹത്യാകുറിപ്പിലെ വിവരങ്ങൾ പുറത്ത്. കലാധരന്റെ ഭാര്യ കള്ളക്കേസുകൾ നൽകി നിരന്തരമായി മാനസികമായി പീഡിപ്പിച്ചതാണ് മരണകാരണമെന്നാണ് കത്തിലെ ഉള്ളടക്കം. കലാധരനും ഭാര്യ നയൻതാരയും തമ്മിൽ കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. രണ്ടു മക്കളെയും അമ്മയ്ക്ക് ഒപ്പം വിടാൻ കോടതി വിധി ഉണ്ടായി. തുടർന്ന് രണ്ടും ആറും വയസ്സുള്ള മക്കളെ കൊലപ്പെടുത്തിയ ശേഷം കലാധരനും അമ്മയും വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് വിവരം.

 

കടലിൽ കുളിക്കുന്നതിനിടെ കാണാതായ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവെ ചുഴിയിൽ പെട്ട പത്താം ക്ലാസുകാരന്‍റെ മൃതദേഹം കണ്ടെത്തി. നീണ്ടകര പുത്തൻതുറ ചെറുകരയിൽ രഞ്ജിത്തിന്‍റെയും പ്രിയങ്കയുടെയും മകൻ അമൽജിത്ത് (15) ആണ് മരിച്ചത്.ഈ മാസം 20ന് വൈകിട്ട് 6 മണിക്ക് ബേക്കറി ജങ്ഷന് സമീപം കടലിൽ കുളിക്കാൻ എത്തിയതായിരുന്നു അമൽജിത്തും സഹോദരൻ സൂര്യജിത്തും. കുളിക്കുന്നതിനിടെ ചുഴിയിൽ പെട്ട സഹോദരൻ സൂര്യജിത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമൽജിത്തിനെ കാണാതായത്.

 

രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയും അന്വേഷണ ഏജൻസികളെയും ബിജെപി സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ആയുധമാക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അഞ്ച് ദിവസത്തെ ജർമ്മനി സന്ദർശനത്തിനിടെ ബെർലിനിലെ ഹെർട്ടി സ്കൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ വിദേശമണ്ണിൽ ഇന്ത്യയെ അപമാനിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രാഹുലിനെതിരെ രംഗത്തെത്തി.

 

ബംഗ്ലാദേശിലേക്ക് മടങ്ങില്ലെന്നും രാഷ്ട്രീയഹത്യയ്ക്ക് അവസരം നൽകില്ലെന്നും നിയമപരമായ സർക്കാരും സ്വതന്ത്ര ജുഡീഷ്യറിയും ഉള്ളപ്പോഴേ മടങ്ങൂ എന്നും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കി. ദില്ലിക്കു പുറമെ അഗർത്തല, സിലിഗുഡി എന്നിവിടങ്ങളിലെ വീസ സർവ്വീസും ബംഗ്ളദേശ് നിർത്തിവെച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് വീസ സർവ്വീസ് നിർത്തിവയ്ക്കുന്നതായി ബംഗ്ളദേശ് അറിയിച്ചത്.

 

ബംഗ്ലാദേശിൽ ജെൻസി പ്രക്ഷോഭ നായകൻ ഉസ്‌മാൻ ഹാദി കൊല്ലപ്പെട്ടതിന് പിന്നാലെ മറ്റൊരു യുവ നേതാവിന് കൂടി വെടിയേറ്റു. നാഷണൽ സിറ്റിസൺ പാർട്ടി (NCP) നേതാവായ മുഹമ്മദ് മൊട്ടാലിബ് സിക്‌ദറിനാണ് തലക്ക് വെടിയേറ്റത്. 42കാരനായ ഇദ്ദേഹം അപകട നില തരണം ചെയ്തെന്നാണ് പൊലീസ് അറിയിക്കുന്നത്.

 

ബെംഗളൂരുവിൽ നിന്നുള്ള മലയാളി യാത്രക്കാരുടെ ദുരിതം പരിഗണിച്ച് ക്രിസ്മസ് അവധിക്കാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. കണ്ണൂരിലേക്കും കൊല്ലത്തേക്കുമാണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്.ബംഗളുരുവിൽ നിന്ന് നാളെ പുറപ്പെടുന്ന ട്രെയിൻ മറ്റന്നാൾ കണ്ണൂരിൽ എത്തും.

 

എൻഐഎ മേധാവി സ്ഥാനത്ത് നിന്ന് സദാനന്ദ് ദതെയെ മാറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം അനുമതി നൽകിയതോടെ, നിലവിൽ എൻഐഎ ഡയറക്ടർ ജനറലായ സദാനന്ദ് ദതെ മഹാരാഷ്ട്ര കേഡറിലേക്ക് മടങ്ങും. മഹാരാഷ്ട്രയിൽ പുതിയ പൊലീസ് മേധാവിയായി ഇദ്ദേഹം വൈകാതെ ചുമതലയേൽക്കും എന്നാണ് വിവരം. മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ല ഡിസംബർ 31-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

 

ഹരിയാനയിലെ സോനിപ്പത്തിൽ സിഎസ്ഐആർ-നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് രണ്ട് വിഷയങ്ങളുടെ ചോദ്യപേപ്പർ 37 വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇവരെ പിടികൂടിയത് ലൈഫ് സയൻസ് ,കെമിക്കൽ സയൻസ് പരീക്ഷകളുടെ പേപ്പറാണ് ചോർന്നത്.

 

നിർബന്ധിത മതപരിവർത്തനമാരോപിച്ച് അന്ധയായ യുവതിയെ ആക്രമിച്ച് ബിജെപി നേതാവ്. മധ്യപ്രദേശ് ജബൽപൂരിലെ വൈസ് പ്രസിഡന്റ് അഞ്ജു ഭാര്‍ഗവയാണ് പോലീസിന് മുന്നിൽവച്ച് യുവതിയെ ആക്രമിച്ചത്. മോശമായ പദപ്രയോഗങ്ങളും ബിജെപി നേതാവ് നടത്തി. നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. അജ്ഞതയും ക്രൂരതയുമാണ് ബിജെപിയിൽ വളരാനുള്ള ഉപായമെന്നും ഇത്തരക്കാർ സമൂഹത്തിന് അപമാനമെന്നും സുപ്രിയ ശ്രീനാറ്റ പറഞ്ഞു.

 

ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വളരെ നല്ല കാര്യങ്ങൾ ബിഹാറിൽ നടന്നിട്ടുണ്ടെന്നതിൽ സംശയമില്ലെന്നായിരുന്നു പ്രതികരണം. ബിഹാറിൽ മുമ്പ് കേട്ടതിനേക്കാൾ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടു എന്നും തരൂർ വിശദീകരിക്കുന്നു. പ്രഥമ നളന്ദ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ ബിഹാറിലെത്തിയപ്പോഴായിരുന്നു തരൂരിന്റെ പ്രതികരണം.

 

ഫീസ് വർധനവിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെ കാണാൻ വിസമ്മതിച്ച ബാർമർ കലക്ടർ ടീന ദാബിക്കെതിരെ പ്രതിഷേധം. കലക്ടർ ‘റീൽ സ്റ്റാർ’ ആണെന്ന് വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി. മാധ്യമ ശ്രദ്ധ ലഭിക്കുന്ന പരിപാടികളിൽ മാത്രമേ കലക്ടർക്ക് താത്പര്യമുളളൂവെന്നും വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഒരു ആത്മാർത്ഥതയുമില്ലെന്നുമാണ് വിമർശനം. രാജസ്ഥാൻ സർവകലാശാലയിലെ വിദ്യാർത്ഥികളാണ് ഫീസ് വർധനവിനെതിരെ പ്രതിഷേധിച്ചത്.

 

ദില്ലി വിമാനത്താവളത്തിൽ യാത്രക്കാരനെ മർദ്ദിച്ച എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് വീരേന്ദർ സെജ്‌വാളിനെതിരെ ഡൽഹി പോലീസ് കേസെടുത്തു. ഡിസംബർ 19 ന് സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ അങ്കിത് ദിവാനും കുടുംബവും സെക്യൂരിറ്റി പരിശോധനയ്ക്കായി കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം. സംഭവം വിവാദമായതോടെ എയർ ഇന്ത്യ എക്സ്പ്രസ് പ്രതിയായ പൈലറ്റിനെ സർവീസിൽ നിന്നും ഉടൻ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. സിവിൽ ഏവിയേഷൻ മന്ത്രാലയം സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

ദക്ഷിണ കൊറിയന്‍ സ്റ്റാര്‍ട്ടപ്പായ ഇന്നോസ്‌പേസിന്‍റെ കന്നി റോക്കറ്റ് വിക്ഷേപണം പരാജയം. ഡിസംബര്‍ 22-ന് ബ്രസീലിലെ അല്‍കാടാര വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ലിഫ്റ്റോഫ് ചെയ്‌ത ഹന്‍ബിറ്റ്-നാനോ റോക്കറ്റ് കുതിപ്പ് തുടങ്ങി ഏകദേശം ഒരു മിനിറ്റിന് ശേഷം അഗ്നിഗോളമാവുകയായിരുന്നു എന്ന് സ്‌പേസ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു. വിക്ഷേപണം പരാജയമായതോടെ, ഒരു റോക്കറ്റ് സ്വന്തമായി വികസിപ്പിച്ച് ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്നോസ്‌പേസിന്‍റെ ശ്രമം നീളുകയാണ്.

 

അമേരിക്കയിൽ വീണ്ടും വിമാനാപകടം. പൊള്ളലേറ്റ രോഗിയുമായി ടെക്‌സസിലേക്ക് വരികയായിരുന്ന മെക്‌സിക്കന്‍ നാവിക സേനയുടെ വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തിൽ രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ടെക്‌സസിലെ ഗാല്‍വെസ്റ്റണ്‍ ബേയിലാണ് വിമാനം അപകടത്തിൽപ്പെട്ടത്.

 

ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഒപ്പിട്ട ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിനെ രൂക്ഷമായി വിമർശിച്ച് ന്യൂസിലാൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ്. ഈ കരാർ സ്വതന്ത്രമോ നീതിയുക്തമോ അല്ലെന്നും ന്യൂസിലാൻഡിന് ഇതൊരു മോശം ഇടപാടാണെന്നും അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ ഒമ്പത് മാസത്തെ ചർച്ചകൾക്കൊടുവിൽ ഡിസംബർ 22 തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും ചേർന്ന് കരാർ പൂർത്തിയായ വിവരം പ്രഖ്യാപിച്ചത്. എന്നാൽ ഈ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം വിദേശകാര്യ മന്ത്രി തന്നെ ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.

 

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ പാകിസ്ഥാന്‍ താരങ്ങളോട് മോശമായി പെരുമാറിയ ഇന്ത്യൻ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വി ഐസിസിയെ സമീപിക്കും. മത്സരത്തില്‍ ഇന്ത്യൻ താരങ്ങളുടെ പെരുമാറ്റം മാന്യതക്ക് നിരക്കുന്നതായിരുന്നില്ലെന്ന് പാക് ടീം പരിശീലകനായിരുന്ന മുന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇന്ത്യൻ താരങ്ങളുടെ മോശം പെരുമാറ്റത്തിനെതിരെ ഐസിസിയെ സമീപിക്കുമെന്ന് നഖ്‌വി മാധ്യമങ്ങളോട് പറഞ്ഞത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *