20251128 141206 0000

ശബരിമല സ്വർണക്കൊള്ളയിൽ ഇഡി അന്വേഷണം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ഇഡിക്ക് മുഴുവൻ രേഖകളും നൽകാൻ കോടതി ഉത്തരവിട്ടു. റിമാൻഡ് റിപ്പോർട്ടും എഫ്ഐആറും അടക്കമുള്ള രേഖകൾ ഇഡിക്ക് കൈമാറും. കേസ് ഇഡിക്ക് കൈമാറുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിർപ്പ് വിജിലൻസ് കോടതി തള്ളി. ഇഡി സമാന്തര അന്വേഷണം നടത്തുന്നതിനെ എസ്ഐടി എതിർത്തിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ അപേക്ഷയിലാണ് കൊല്ലം വിജിലൻസ് കോടതി വിധി പറഞ്ഞത്.

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘ പരിവാർ നിയന്ത്രിക്കുന്ന യൂണിയൻ സർക്കാർ ഇതിലൂടെ രാജ്യത്തെ കർഷകത്തൊഴിലാളി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും പദ്ധതിയുടെ പേരും ഘടനയും മാറ്റുന്നത് ഗാന്ധിജിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

പോറ്റിയേ കേറ്റിയേ പാരഡി പാട്ട് വിവാദത്തിൽ കൂടുതൽ കേസെടുക്കേണ്ടെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് എഡിജിപി നിർദ്ദേശം നൽകി. പാട്ടിൻെറ അണിയറ പ്രവർത്തകർക്കെതിരെ എടുത്ത കേസിലെ തുടർ നടപടി മരവിപ്പിക്കും. തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹി നൽകിയ പരാതിയിൽ പാട്ടിന്‍റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുത്തത്.

 

വിവാദമായ പോറ്റിയേ കേറ്റിയേ പാരഡി ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്ത് നൽകി. പാട്ട് നീക്കണം എന്ന പൊലീസ് നിർദേശത്തിനെതിരെയാണ് വിഡി സതീശൻ്റെ കത്ത്. കോടതിയുടെ നിർദേശം ഇല്ലാത്ത സാഹചര്യത്തിൽ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. പാട്ട് നവമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റ, യുട്യൂബ് കമ്പനികളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരന്റെ മൊഴി സൈബർ പൊലീസ് രേഖപ്പെടുത്തുകയും ചെയ്യുമെന്നാണ് വിവരങ്ങൾ .

 

പോറ്റിയെ കേറ്റിയെ പാരഡിഗാനം നിരോധിച്ചാൽ നിരോധിച്ചവന്റെ വീടിന്റെ മുന്നിൽ കോൺഗ്രസ് നേതാക്കൾ പോയി പാടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സ്വർണം കക്കുന്നതാണ് തെറ്റ്, കട്ടവരെ കുറിച്ച് പാട്ട് പാടുന്നത് തെറ്റ് അല്ല, ഇതുമായി ബന്ധപ്പെട്ട് ജി സുധാകരന്റെ പോസ്റ്റ് ഉണ്ടെന്നും അത് തന്നെയാണ് പറയാൻ ഉള്ളതെന്നും കക്കുമ്പോൾ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ ഖനനത്തിൻ്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വിലയിരുത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ഹൈക്കോടതി. ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാവണം സമിതി രൂപീകരിക്കേണ്ടത്. സമിതിയിൽ ജലസേചന വകുപ്പ്, വനം വന്യജീവി വകുപ്പ്, തീര മാനേജ്മെൻ്റ് അതോറിറ്റി പ്രതിനിധികൾ എന്നിവർ ഉണ്ടാവണം. മണൽ ഖനനവുമായി ബന്ധപ്പെട്ട മുഴുവൻ പാരിസ്ഥിതിക വിഷയങ്ങളും വിദഗ്ധ സമിതി പരിശോധിക്കണം. ഈ സമിതിയുടെ നിർദ്ദേശമനുസരിച്ചാവണം തുടർ ഖനനമെന്നും കോടതി നിർദ്ദേശിച്ചു.

 

എലപ്പുള്ളി ബ്രൂവറിയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയിൽ വൻ തിരിച്ചടി. സർക്കാർ നൽകിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി. കാര്യമായ അപഗ്രഥനം നടത്താതെയാണ് പ്രാഥമിക അനുമതി നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി റദ്ദാക്കിയത്. ‘വേണ്ടത്ര പഠനം നടത്തിയില്ലെന്നും വിശദമായ പഠനം ഇക്കാര്യത്തിൽ വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയെ അവഹേളിച്ചന്ന കേസിൽ സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കലിനും തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അഡീ. ഒന്നാം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ, അതിജീവിതയുടെ പരാതിയനുസരിച്ച് സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്.

 

എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ പൊലീസ് മര്‍ദനത്തില്‍ പ്രതാപചന്ദ്രനെതിരായ നടപടി സസ്പെന്‍ഷനിലൊതുക്കരുതെന്ന് പരാതിക്കാരി. സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്നും മര്‍ദനമേറ്റ ഷൈമോളും ഭര്‍ത്താവ് ബെഞ്ചോയും ആവശ്യപ്പെട്ടു. സസ്പെന്‍ഷന് പിന്നാലെ പ്രതാപചന്ദ്രനെതിരെ പൊലീസിന്‍റെ വകുപ്പ് തല അന്വേഷണവും തുടങ്ങി.

 

ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷമുള്ള ശക്തമായ നിലപാടുകളുടെ പേരിലാണ് ഭീഷണി. ഫോൺ കോളിലൂടെയാണ് ആസിഡ് ഭീഷണി മുഴക്കിയതെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ഫോൺ വിളിച്ച നമ്പർ സഹിതം ഉടൻ തന്നെ പൊലീസിൽ പരാതി നൽകുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

 

പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലക്കെതിരായ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. 2022 ൽ മലപ്പുറത്ത് കലാപമുണ്ടാക്കാൻ ഉദ്ദേശിച്ച് പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിലെ തുടർ നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. അബ്ദുൾ മജീദ് എന്നയാൾ നൽകിയ പരാതിയിലാണ് ശശികലക്കെതിരെ പൊലീസ് കേസെടുത്തത്.

 

സിപിഐയിൽ വിമർശനവും സ്വയം വിമർശനവും ഇല്ലെന്ന് കെ കെ ശിവരാമന്‍ പറഞ്ഞു. സംഘടന തകർന്നു കിടക്കുന്ന അവസ്ഥയാണ്. ഇനി സാധാരണ പ്രവർത്തകൻ ആയി തുടരും.ഇത്രയും കാലം മുഴുവൻ സമയ പ്രവർത്തകൻ ആയിരുന്നു. ജില്ലയിലെ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം വ്യക്തിപരമായ താല്പര്യം വച്ച് പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന നേതൃത്വത്തേയും അദ്ദേഹം വിമർശിച്ചു.

 

ഐഎഫ്എഫ്കെയിൽ സിനിമകൾക്ക് അനുമതി നിഷേധിച്ചതിന് പുറമെ നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. മലയാളികള്‍ കാണാന്‍ ഏറെ ആഗ്രഹിക്കുന്ന സംവിധായകരാണിവര്‍. ഇത് മൂലം ഇവരുടെ സിനിമകളും ചലച്ചിത്രമേളയിൽ പ്രദര്‍ശിപ്പിക്കാനായില്ലെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.

 

 

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ദിനമായ ഇന്ന് 11 ചിത്രങ്ങൾ പ്രദർശിപ്പിക്കും. മുഖ്യമന്ത്രിയാണ് സമാപന സമ്മേളനത്തിലെ മുഖ്യാതിഥി. കേരളത്തിന്റെ അഭിമാനമായ മേളയ്ക്ക് മുപ്പതാം കൊല്ലം നേരിടേണ്ടി വന്നത് അസാധാരണമായ സാഹചര്യങ്ങളാണ്. ബാറ്റിൽഷിപ്പ് പോട്ടംകിൻ അടക്കം 19 സിനിമകൾക്ക് കേന്ദ്രം സെൻസർ ഇളവ് അനുവദിക്കാതെ വന്നതോടെയാണ് മേള പ്രതിസന്ധിയിലായത്. പിന്നാലെ കേന്ദ്രം ആറെണ്ണം ഒഴികെ മറ്റ് സിനിമകൾക്ക് സെൻസർ ഇളവ് നൽകി.

 

നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനും എതിരായ വഞ്ചനാ കേസിൽ തുടർ നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. കേസിൽ ഒത്ത് തീർപ്പ് ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് സ്റ്റേ നീട്ടിയത്. നടൻ നിവിൻ പോളി നായകനായ മഹാവീര്യർ ചിത്രത്തിന്റെ സഹനിർമാതാവ് വി എസ് ഷംനാസിന്റെ പരാതിയിലാണ് വഞ്ചനാ കേസ് എടുത്തത്. സിനിമാ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കേസിന് ആധാരം.

 

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതിയായ ടി കെ രജീഷിന് വീണ്ടും പരോൾ അനുവദിച്ചു. അഞ്ചുമാസത്തിനിടെ രണ്ടാമത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. 15 ദിവസത്തേക്കാണ് കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനായ ടി കെ രജീഷിന് പരോൾ ലഭിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ ചികിത്സക്കായാണ് ഇതിനു മുൻപ് പരോൾ അനുവദിച്ചിരുന്നത്. അതേ സമയം, സ്വാഭാവിക പരോൾ ആണ് രജീഷിന് അനുവദിച്ചതെന്നാണ് ജയിൽ വകുപ്പിന്റെ പ്രതികരണം.

 

ആലുവ മണപ്പുറത്ത്‌ എത്തിയ ഫോർട്ട് കൊച്ചി സ്വദേശികളായ യുവാക്കളെ വടി കൊണ്ട് തലയ്ക്ക് അടിച്ച ശേഷം മൊബൈൽ ഫോണും പണവും കവർന്ന കേസിൽ രണ്ട് പേർ പൊലീസിന്‍റെ പിടിയിലായി. വടി കൊണ്ട് തലയ്ക്ക് അടിയേറ്റ ലിയോൺ എന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാലക്കാട് വല്ലപ്പുഴ മനേക്കത്തോടി വീട്ടിൽ അനീസ് ബാബു (26), കടുങ്ങല്ലൂർ ഏലൂക്കര കാട്ടിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റാഫി (28) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

 

കോട്ടയം ഈരാറ്റുപേട്ടയിൽ നടക്കൽ സ്വദേശി സക്കീറിന്റെ മകൻ മിസ്ബായെ അധ്യാപകൻ മർദിച്ച സംഭവത്തിൽ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടി ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂളിൽ അധ്യാപകൻ സന്തോഷിന് എതിരെയാണ് പരാതി. പരീക്ഷക്ക് ചോദ്യം ചോദിച്ചത് കേട്ടില്ല എന്ന് പറഞ്ഞതിനാണ് അധ്യാപകൻ ഇടിച്ചതെന്ന് അഞ്ചാം ക്ലാസുകാരൻ പറഞ്ഞു. ഇടിച്ചതിനു ശേഷം ക്ലാസിന് പുറത്ത് പോകാൻ അധ്യാപകൻ സമ്മതിച്ചില്ലെന്നും കുട്ടി പറഞ്ഞു

 

തൊഴിലുറപ്പ് ഭേദഗതി ബില്‍ പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യുമ്പോള്‍ വിദേശ പര്യടനത്തിന് പോയ് രാഹുല്‍ ഗാന്ധിക്കെതിരെ ജോണ്‍ ബ്രിട്ടാസ് എപി. രാജ്യത്ത് ഫുൾടൈം പ്രതിപക്ഷ നേതാവ് വേണം ജനവിരുദ്ധ ബില്ല് പാർലമെൻ്റിൽ പരിഗണിക്കുമ്പോൾ രാഹുൽഗാന്ധി BMW ബൈക്ക് ഓടിക്കുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞ് ബൈക്ക് ഓടിച്ചാൽ പോരേയെന്നും കമ്പനി അവിടെതന്നെ ഉണ്ടാകുമല്ലോ പൂട്ടിപോകില്ലല്ലോയെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം രാഹുൽഗാന്ധിയുടെ അഭാവത്തിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർക്കും അതൃപ്‌തിയുണ്ട്.

 

ദില്ലിയിൽ വായു ഗുണനിലവാരം ഇന്ന് വളരെ മോശം വിഭാഗത്തിൽ. 382 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എ ക്യു ഐ. ഈ സാഹചര്യത്തിൽ ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വിഷപ്പുകക്കൊപ്പം കനത്ത മുടൽമഞ്ഞ് കൂടിയായതോടെ ജനജീവിതവും ഗതാഗതവും താറുമാറായ അവസ്ഥയിലാണ്. വ്യോമ ഗതാഗതത്തെ കനത്ത മൂടൽ മഞ്ഞ് ഗുരുതരമായി ബാധിച്ചിട്ടുണ്ട്. 73 വിമാന സർവീസുകളാണ് ഇന്ന് മാത്രം ദില്ലി വിമാനത്താവളത്തിൽ റദ്ദാക്കിയത്.

 

ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാന സർവീസ് കനത്ത പുകമഞ്ഞിനെ തുടർന്നു റദ്ദാക്കി. യാത്രക്കാർ സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയർഇന്ത്യ അധികൃതർ അറിയിച്ചിരിക്കുന്നത്. റീഫണ്ട്‌ 7 ദിവസത്തിനകം നൽകുമെന്നും അറിയിച്ചു. വിദേശത്തു നിന്ന് ദില്ലി വഴി തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്.

 

മുംബൈക്കടുത്ത് ഭയന്തറിൽ ഫ്ലാറ്റിനുള്ളിൽ പുള്ളിപ്പുലിയുടെ ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റു. ഫ്ലാറ്റ് സമുച്ചയത്തിൽ നിന്നും പുറത്തിറങ്ങി റോഡിലേക്ക് പ്രവേശിച്ച പുലിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പുലിയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്.

 

മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. നഞ്ചൻകോട് വെച്ചാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. KL 15 A 2444 എന്ന സ്വിഫ്റ്റ് ബസ് ആണ് കത്തിയത്. 44 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.

 

കുവൈത്തിൽ കടൽമാർഗം വൻതോതിൽ ലഹരിമരുന്ന് കടത്തിയ കേസിൽ നാല് ഇറാൻ സ്വദേശികൾക്ക് ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ കുവൈത്ത് അപ്പീൽ കോടതി ശരിവെച്ചു. ജസ്റ്റിസ് നസർ സലീം അൽ ഹൈദ് അധ്യക്ഷനായ അപ്പീൽ കോടതിയാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. വിൽപനയ്ക്കായി 322 കിലോഗ്രാം ഹാഷിഷ് രാജ്യത്തേക്ക് കടത്തിയെന്നാണ് പ്രതികൾക്കെതിരെയുള്ള കുറ്റം.

 

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങൾ പുറത്ത് വിട്ട് ഡെമോക്രാറ്റ് വിഭാഗം. നീതി ന്യായ വകുപ്പ് ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്ത് വിടാൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെയാണ് പുതിയ ചിത്രങ്ങൾ പുറത്ത് വന്നത്. മൈക്രോ സോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്സ്, ഗൂഗിൾ സഹ സ്ഥാപകൻ സെർജി ബ്രിൻ, ന്യൂയോർക്ക് ടൈംസിലെ കോളം എഴുത്തുകാരനായ ഡേവിഡ് ബ്രൂക്ക്സ് എന്നിവരുടെ ചിത്രങ്ങളാണ് വ്യാഴാഴ്ച പുറത്ത് വന്നത്. സമൂഹത്തിലെ വിവിധ മേഖലയിലെ ആളുകളുമായി ജെഫ്രി എപ്സ്റ്റീനുള്ള ബന്ധം വിശാലമാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന ചിത്രങ്ങളിലേറെയും.

 

ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടമായി വിമാനത്താവളത്തിലേക്ക് ഇടിച്ചിറങ്ങിയ ചെറുവിമാനം അഗ്നിഗോളമായി. യാത്രക്കാർ കൊല്ലപ്പെട്ടു. അമേരിക്കയിലെ നോർത്ത് കരോലിനയിലെ സ്റ്റേറ്റ്‌സ്‌വില്ലെ പ്രാദേശിക വിമാനത്താവളത്തിൽ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. അമേരിക്കൻ ഓട്ടോ റേസിംഗ് കമ്പനിയായ നാഷണൽ അസോസിയേഷൻ ഫോർ സ്റ്റോക്ക് കാർ ഓട്ടോ റേസിംഗിന്റെ മുൻ ഡ്രൈവറായ ഗ്രെഗ് ബിഫിളും കുടുംബവുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

 

റഷ്യ യുക്രൈയിൻ യുദ്ധത്തിൽ റഷ്യൻ കരസേനയിൽ ജോലി ചെയ്ത 26 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 202 ഇന്ത്യാക്കാരാണ് അനധികൃതമായി റഷ്യൻ സേനയിലുണ്ടായിരുന്നത് ഇതിൽ ഏഴ് പേരെ കാണാതായെന്നും 119 പേരെ തിരികെ എത്തിച്ചെന്നും കേന്ദ്രം അറിയിച്ചു. 50 പേരെ തിരികെ എത്തിക്കാൻ നടപടികൾ തുടരുകയാണ്. മലയാളികൾ അടക്കം റഷ്യൻ സേനയിൽ കുടുങ്ങിയെന്ന വാർത്തക്ക് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ ഇടപെടൽ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *