20251128 141206 0000

പാലക്കാട് അട്ടപ്പാടിയില്‍ നവജാത ശിശുമരിച്ചു. ഷോളയൂർ സ്വർണ്ണപിരിവിൽ സുമിത്രയുടെ മകനാണ് മരിച്ചത്. ആറ് മാസം ഗർഭിണിയായിരുന്ന സുമിത്ര ഇന്ന് രാവിലെ വീട്ടിൽ തന്നെ പ്രസവിക്കുകയായിരുന്നു. പിന്നാലെ അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചു. സംഭവത്തില്‍ ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. ജില്ലാ മെഡിക്കൽ ഓഫീസർ, ഐ.സി.ഡി.എസ് എന്നിവരോടാണ് കളക്ടർ റിപ്പോർട്ട്‌ തേടിയിരിക്കുന്നത്. ആശുപത്രിക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.

 

സ്ഥിരമായി കുഞ്ഞ് മരിക്കുന്ന കാര്യത്തിൽ വിശദമായ പരിശോധനയ്ക്കായി അട്ടപ്പാടിയിലെ സുമിത്രയെ മെഡിക്കൽ കോളജിലേക്ക് മാറ്റും. സുമിത്രയുടെ ആറാമത്തെ പ്രസവമായിരുന്നു ഇത്. ഇതുവരെ നടന്ന പ്രസവങ്ങളിലെല്ലാം കുഞ്ഞുങ്ങൾ മരിച്ചിരുന്നു. ഇത്തവണ മാർച്ചിലായിരുന്നു പ്രസവം നടക്കേണ്ടിയിരുന്നത്. എന്നാൽ ആറുമാസമായപ്പോൾ പ്രസവം നടന്നു, കുഞ്ഞ് മരിച്ചു. യുവതിയെ കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിഷയത്തിൽ ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് സുമിത്രയെ വിശദ പരിശോധനയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

 

നടിയെ ആക്രമിച്ച കേസിൽ അതിവേഗ അപ്പീൽ നീക്കവുമായി സംസ്ഥാന സർക്കാർ. വിചാരണക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീൽ നല്‍കുന്നതിനായി ഇന്നുതന്നെ നടപടികൾ തുടങ്ങും. അപ്പീൽ നടപടികൾക്ക് ശുപാർശ ചെയ്ത് സ്പെഷൽ പ്രോസിക്യൂട്ടർ സർക്കാരിന് കത്ത് നൽകി. പ്രോസിക്യൂട്ടറുടെ അപേക്ഷ കിട്ടിയാൽ നിയമോപദേശം നൽകുമെന്ന് ഡിജിപി ഇന്നലെ അറിയിച്ചിരുന്നു. അപ്പീൽ സാധ്യത പരിശോധിച്ച് ഉടൻ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. അതേസമയം, അതീജീവിതയ്ക്ക് പിന്തുണയുമായി കൂടുതൽ നടിമാർ രംഗത്തുവന്നു.

 

എറണാകുളത്തപ്പൻ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്ന് നടൻ ദിലീപ് പിന്മാറിയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. നാളെയാണ് ക്ഷേത്രത്തിൽ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ ദിലീപിൻ്റെ പിന്മാറ്റത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകൾ ദിലീപിനെതിരെ എതിർപ്പ് ഉയർത്തിയെന്നാണ് വിവരം.

 

നടിയെ ആക്രമിച്ച സംഭവത്തിന് തൊട്ടുമുമ്പ് പ്രധാന പ്രതിയായ പൾസർ സുനി ശ്രീലക്ഷ്മി എന്ന് പേരുളള യുവതിയുമായി ഫോണിൽ സംസാരിച്ചുവെന്നും ഈ സ്ത്രീക്ക് ഈ കൃത്യത്തെപ്പറ്റി അറിയാമായിരുന്നോ എന്നതിന് പോലും പ്രൊസിക്യൂഷന് കൃത്യമായ വിശദീകരണമില്ലെന്നും കോടതി. ഈ സ്ത്രീയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്നും കോടതി ചോദിച്ചു. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന്‍റെ വീഴ്ചകൾ എണ്ണിപ്പറയുന്നതിനിടെയാണ് നിർണായകമായ ചോദ്യങ്ങൾ കോടതി ഉന്നയിച്ചത്.

 

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതിയ്ക്കെതിരായ അതിജീവിതയുടെ സാമൂഹിക മാധ്യമത്തിലെ കുറിപ്പ് ചർച്ചയാവുന്നതിനിടെ വൈറലായി കേസിൽ ശിക്ഷിക്കപ്പെട്ട പ്രധാനപ്രതിയുടെ റീലുകൾ. കൂളിംഗ് ഗ്ലാസ് ധരിച്ച്, മൊബൈലിൽ സംസാരിച്ച് മാസ് ബിജിഎമ്മുമായുള്ള പൾസർ സുനിയുടെ റീൽ വീഡിയോകൾ അടുത്തിടെ വൈറലായിരുന്നു. പാർക്ക‍ർ ഫോട്ടോഗ്രാഫി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് പൾസർ സുനിയുടെ മാസ് റീലുകൾ തുടർച്ചയായി വരുന്നത്.

 

കോൺഗ്രസിന് ദിശാബോധവും നയവും ഇല്ലാതായെന്ന അവലോകനം ട്വിറ്ററിൽ പങ്കുവച്ച് ശശി തരൂർ. കോൺഗ്രസ് വെറും പ്രതിപക്ഷമായി മാറുന്നു എന്നും ബദൽ നയം ഇല്ലാതെ എതിർപ്പ് മാത്രമായി കോൺഗ്രസ് മാറുന്നു എന്നും നിരീക്ഷണം ഉണ്ട്. തരൂരിനെ കോൺഗ്രസ് ഒതുക്കുന്നു എന്നും അവലോകനത്തിലുണ്ട്. പാവങ്ങളുടെ മിശിഹ ആകാൻ നോക്കിയ കോൺഗ്രസ് ബിജെപിക്കു മുന്നിൽ പരാജയപ്പെട്ടു. നിരീക്ഷണം ‘യാഥാർത്ഥ്യം’ എന്നും ചിന്താപരമെന്നും തരൂർ വിലയിരുത്തുന്നു.

 

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്‍റെ രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലൻസ് കോടതി തള്ളി. പാളികൾ കൈമാറിയതിൽ തിരുവാഭരണം കമ്മീഷണർക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ, ഉദ്യോഗസ്ഥൻ എന്ന നിലയിൽ സുധീഷ് കുമാറിനും പങ്കുണ്ടെന്ന് പ്രോസിക്യൂഷനും വാദിച്ചു.

 

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ഒന്നാമത്തെ കേസിലാണിത്. മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ആദ്യത്തെ പരാതിയിൽ വിശദമായ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചുവെങ്കിലും വ്യാഴാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം, കേസിൽ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് തുടരും. ഇത് രാഹുലിന് താൽക്കാലിക ആശ്വാസമാണ്.

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ ഇടങ്ങളിൽ അധിക്ഷേപക്കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർജാമ്യ വാദം കേൾക്കുന്നത് നാളത്തേക്ക് മാറ്റി. രാഹുൽ ഈശ്വരിന്റെ വാദം ഇന്ന് വീണ്ടും കേൾക്കും. അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്.

 

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോട് പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോവരുതെന്നും പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശം. ബലാത്സംഗക്കേസുകളിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിൻ്റെ ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കുക.

 

അടൂർ മുണ്ടപ്പള്ളിയിൽ സ്കൂട്ടറിൽ ക്ഷേത്രദർശനത്തിന് ഇറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. വീടിന് പുറത്തിറങ്ങിയ രാഹുലിന് പിന്നാലെ പൊലീസ് സംഘം പാഞ്ഞെത്തുകയായിരുന്നു. ഇന്നലെയാണ് അടൂരിലെ വീട്ടിൽ രാഹുലെത്തിയത്. കേസുമായി ബന്ധപ്പെട്ട് എറണാകുളത്ത് അഭിഭാഷകരെ കണ്ടാണ് രാഹുൽ വീട്ടിലെത്തിയത്. തുടർന്ന് ഇന്ന് രാവിലെ ക്ഷേത്രത്തിലേക്ക് പുറപ്പെട്ട രാഹുലിൻ്റെ പുറകെ കാവലിലുള്ള പൊലീസ് പാഞ്ഞെത്തി. എന്നാൽ കുറച്ച് സമയത്തിന് ശേഷം രാഹുൽ തിരിച്ചെത്തുകയും ചെയ്തു.

 

തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തിലെ കോൺഗ്രസിൽ താഴേ തട്ടിൽ ഗ്രൂപ്പിസം അവസാനിച്ചുവെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.മുതിർന്ന നേതാക്കളെ എല്ലാവരും ആദരിക്കുന്നുണ്ടെങ്കിലും അവർ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ചാൽ പ്രവർത്തകർ അംഗീകരിക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ പങ്കവെയ്ക്കാതെയും മുകളിൽ നിന്നും അടിച്ചേൽപ്പിക്കാതെയും സ്ഥാനാർത്ഥി നിർണ്ണയം കീഴ്ഘടകങ്ങൾക്ക് വിട്ടുകൊടുക്കുകയും ഒരുമയോടെ പ്രവർത്തിക്കുകയും ചെയ്തതു കൊണ്ടാണ് ചരിത്രവിജയം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

 

കണ്ണൂർ പാനൂരിൽ വടിവാൾ സംഘം അക്രമം നടത്തിയ സംഭവത്തിൽ സിപിഎം പ്രവർത്തകരായ പാറാട് സ്വദേശികളായ അമൽ, ശ്രീജു, ജീവൻ, റെനീഷ്, സച്ചിൻ എന്നിവരെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. രാമന്തളിയിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിലും പയ്യന്നൂരിൽ യുഡിഎഫ് ഓഫീസിനുനേരെ അക്രമം നടത്തിയ സംഭവത്തിലും പ്രതികളെ പിടികൂടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി പയ്യന്നൂർ പൊലീസ് പറഞ്ഞു.

 

വണ്ടൂര്‍ പോരൂര്‍ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ പരാജയപ്പെട്ടതിന്റെ ദേഷ്യത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് എല്‍ഡിഎഫ് പ്രവര്‍ത്തകന്റെ ബൈക്ക് അടിച്ചുതകര്‍ത്തതായി കേസ്. യുഡിഎഫ് സ്ഥാനാര്‍ഥി ബിന്‍സിയുടെ ഭര്‍ത്താവ് കെ അനൂപാണ് തോറ്റ ദേഷ്യത്തില്‍ ആക്രമണം നടത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സ്വപ്ന യുടെ വിജയാഹ്ലാദ പ്രകടന ത്തിനുനേരെ പ്രകോപനം സൃഷ്ടിച്ചാണ് അനൂപ് പ്രശ്‌നം തുടങ്ങിവെച്ചത്.

 

കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനെതിരെ പൊലീസ് കേസെടുത്തു. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐയും സിനിമാതാരവുമായ പി ശിവദാസനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ആയ ശിവദാസൻ ഓടിച്ച കാർ കലുങ്കിൽ ഇടിച്ചു അപകടമുണ്ടാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മട്ടന്നൂർ പൊലീസ് കേസെടുത്തത്.

 

എസ്എൻഡിപിക്കെതിരെ ഡിവൈഎഫ്ഐ നേതാവും സിപിഎം സ്ഥാനാര്‍ത്ഥിയുടെ മകനുമായ യുവാവ് രംഗത്ത്. പത്തനംതിട്ട ഏറത്തു പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭന ബാലന്‍റെ മകൻ അഭിജിത്ത് ബാലൻ ആണ് എസ്എൻഡിപി ശാഖാ യോഗത്തിന്‍റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമിട്ടത്. തെരഞ്ഞെടുപ്പിൽ തോറ്റതോടെ എസ്എൻഡിപി എന്ന പേരിൽ ഇനി ആരും വീട്ടിൽ കയറരുതെന്നാണ് ഡിവൈഎഫ്ഐ നേതാവ് കൂടിയായ അഭിജിത്തിന്‍റെ രോഷ പ്രകടനം. മരിച്ചാൽ കുഴിച്ചിടാൻ വരേണ്ടെന്നും വീട്ടിൽ കൊടി കെട്ടാൻ വരേണ്ടെന്നുമാണ് അഭിജിത്ത് ഗ്രൂപ്പിലിട്ട സന്ദേശം.

 

ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത് നൃത്തം വെച്ചതിൽ വിശദീകരണവുമായി സിപിഎം സ്ഥാനാര്‍ത്ഥി അഞ്ജു സന്ദീപ്. മരിക്കുന്നതുവരെ സഖാവായിരിക്കുമെന്ന് പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ 24ാം വാര്‍ഡിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച അഞ്ജു സന്ദീപ് വ്യക്തമാക്കി. പാര്‍ട്ടി നോക്കിയല്ല ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആഹ്ലാദ പ്രകനടത്തിൽ പങ്കെടുത്തതെന്നും വ്യക്തിപരമായ ബന്ധങ്ങള്‍ കാരണമാണ് ഒപ്പം നൃത്തം വെച്ചതെന്നും അഞ്ജു സന്ദീപ് പറഞ്ഞു.

 

മലപ്പുറം തെന്നലയിൽ കടുത്ത സ്ത്രീ വിരുദ്ധ പ്രസംഗവുമായി സി.പി.എം നേതാവ്. തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ വിവാഹം ചെയ്തു കൊണ്ടുവന്ന പെൺകുട്ടികളെ മുസ്ലീം ലീഗ് രംഗത്തിറക്കിയെന്ന് സി.പി.എം മുൻ ലോക്കൽ സെക്രട്ടറി സൈയ്തലവി മജീദ് ആരോപിച്ചു. അന്യ ആണുങ്ങളുടെ മുന്നിൽ ഒരു വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടു വന്ന പെണ്ണുങ്ങളെ കൊണ്ടുവന്ന് മുന്നിൽ കാഴ്ച്ചവെക്കുകയല്ല ചെയ്യേണ്ടതെന്നും സൈയ്തലവി മജീദ് അധിക്ഷേപിച്ചു.

 

വളാഞ്ചേരിയിൽ കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ് ശിഹാബുദ്ദീൻ. മുസ്ലീം ലീഗ് പ്രവർത്തകർക്ക് നേരെ കയ്യോങ്ങിയാൽ ആ കൈകൾ വെട്ടി മാറ്റുമെന്നാണ് ശിഹാബുദ്ദീൻ എന്ന ബാവ വെല്ലുവിളിച്ചത്. തല്ലിയവരെ തിരിച്ചു തല്ലാതെ പോവില്ലെന്നും വീട്ടിൽ കയറി കാൽ തല്ലിയൊടിക്കുമെന്നും ശിഹാബുദ്ദീൻ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നിരവധിയിടങ്ങളിലാണ് കൊലവിളി പ്രസംഗവും ആക്രമണവും നടക്കുന്നത്.

 

യുഡിഎഫ് വിജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി മരിച്ച മുസ്ലിം ലീഗ് പ്രവർത്തകന് നാടിന്റെ വിട. താന്‍ ഏറെ സ്‌നേഹിച്ച പാര്‍ട്ടിയുടെ വിജയം മനം നിറഞ്ഞൊന്ന് ആഘോഷിക്കാനായിരുന്നു ലീഗ് പ്രവര്‍ത്തകനായ ഇര്‍ഷാദ് ശനിയാഴ്ച സ്‌കൂട്ടറുമെടുത്ത് പുളിക്കല്‍ പറവൂര്‍ റോഡിലേക്ക് ഇറങ്ങി തിരിച്ചത്. എന്നാല്‍ ചെറുകാവിലെ യുഡിഎഫ് വിജയാഘോഷത്തിനിടെ തന്റെ സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന പടക്കം അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചാണ് ഇര്‍ഷാദ് മരണപ്പെട്ടത്.

 

ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ സഹോദരൻ ഷാജി ബേബി ജോൺ അന്തരിച്ചു. 65 വയസ്സായിരുന്നു. ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭൗതിക ശരീരം നാളെ കൊല്ലത്ത് എത്തിക്കും.

 

മൂന്നു രാജ്യങ്ങളിലേക്ക് നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ജോർദ്ദാനിലാണ് മോദിയുടെ ആദ്യ സന്ദർശനം. രാവിലെ പത്തുമണിയോടെയാണ് മോദി ജോർദ്ദാനിലേക്ക് പുറപ്പെട്ടത്. ജോർദ്ദാൻ കൂടാതെ എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളും മോദി സന്ദർശിക്കുന്നുണ്ട്. അതേസമയം ജോർദ്ദാനിലെത്തുന്ന നരേന്ദ്ര മോദി, അബ്ദുള്ള രണ്ടാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തും.

 

പ്രവാസികൾ നാടുകളിലേക്ക് അയക്കുന്ന സാധനങ്ങൾ കാർഗോ ഏജൻസികളുടെ ഗോഡൗണുകളിൽ കെട്ടികിടക്കുന്നു. ലക്ഷണക്കിന് കിലോ സാധനങ്ങളാണ് ഇങ്ങനെ കെട്ടിക്കിടന്നും കരിഞ്ചന്തയിൽ മറിച്ചു വിറ്റും പ്രവാസികൾ വഞ്ചിതരാവുന്നതെന്ന് ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐ.ഡി.എ) ഭാരവാഹികൾ റിയാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനധികൃത ഏജൻറുമാരാണ് തട്ടിപ്പുനടത്തുന്നതെന്നും അവർ ആരോപിച്ചു.

 

നിതിൻ നബീൻ ജനുവരിയിൽ പുതിയ ബിജെപി അദ്ധ്യക്ഷനായി ചുമതലയേറ്റേക്കും.നബീൻറെ നിയമനം അപ്രതീക്ഷിതം എന്ന‌് പാർട്ടി നേതാക്കൾ വിലയിരുത്തുന്നു.ബിജെപി പാർലമെൻററി ബോർഡ് യോഗം ചേർന്നാണ് നിതിൻ നബീനെ ഈ സ്ഥാനത്തേക്ക് നിയമിക്കാൻ നിശ്ചയിച്ചത്.നാല്പത്തഞ്ചുകാരനായ നിതിൻ നബീനെ നിശ്ചയിച്ചതു വഴി യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ മടിയില്ലെന്ന സന്ദേശം ബിജെപി പ്രകടമാക്കുകയാണ്.

 

ഹോങ്കോങിലെ ജനാധിപത്യ പാർട്ടികൾ ചൈനീസ് ഏകാധിപത്യത്തിന്‍റെ ഭീഷണിക്ക് മുന്നിൽ അടിയറവു പറഞ്ഞു. ചൈനീസ് സമ്മ‍ർദ്ദത്തെ തുടർന്ന് ഹോങ്കോങ്ങിലെ അവസാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയും പിരിച്ച് വിടാനുള്ള വോട്ടെടുപ്പ് ഞായറാഴ്ച്ച നടന്നു. വോട്ടെടുപ്പിൽ 97 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയതിനെ തുടർന്ന് പാര്‍ട്ടി പ്രവ‍ർത്തനം അവസാനിപ്പിച്ചു. ഭൂരിപക്ഷം പേരും പിരിച്ച് വിടലിന് അനുകൂലമായി വോട്ട് ചെയ്തെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ടു ചെയ്തു.

 

യുഎഇയിൽ ഞായറാഴ്ച പെയ്തത് കനത്ത മഴ. ഇടിയോടു കൂടിയ കനത്ത മഴയും മിന്നലും രാജ്യത്ത് അനുഭവപ്പെട്ടു. അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പും അബുദാബി പൊലീസും ദുബൈ പൊലീസും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

വോട്ട് ചോരി റാലിയിലെ പരാമര്‍ശത്തില്‍ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മോദിയുടെ ശവക്കുഴി തോണ്ടുമെന്ന് പറഞ്ഞത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തലാണെന്നും ഇത്തരം തരംതാഴ്ന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്നും രാഹുൽ ഗാന്ധിയും, മല്ലികാർജുൻ ഖർഗെയും മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു. വോട്ട് കൊള്ള ആരോപണം ഉന്നയിച്ചുള്ള പ്രചാരണം ശക്തമാക്കിക്കൊണ്ടാണ് ദില്ലി രാംലീല മൈതാനത്ത് ഇന്നലെ കൂറ്റൻ റാലി നടന്നത്.

 

അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസിയുടെ ദില്ലി സന്ദര്‍ശനം വൈകുന്നു. ദില്ലിയിലെ കനത്ത മൂടല്‍മഞ്ഞുകാരണം മെസി ഡല്‍ഹിയിലെത്തേണ്ട വിമാനത്തിന് ഇതുവരെ മുംബൈയില്‍ നിന്ന് പുറപ്പെടാനായിട്ടില്ല. ഉച്ചക്ക് രണ്ടരയോടെ ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെത്തുമെന്ന് കരുതിയിരുന്ന മെസി വൈകിട്ട് നാലു മണിയോടെ മാത്രമെ എത്തൂവെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകള്‍.

 

സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികരും അമേരിക്കൻ പൗരനായ ഭാഷാ സഹായിയും കൊല്ലപ്പെട്ടതായി അമേരിക്ക. മൂന്ന് സൈനികർക്ക് ആക്രമണത്തിൽ പരിക്കേറ്റതായാണ് അമേരിക്ക വിശദമാക്കുന്നത്. സംഭവത്തിൽ രണ്ട് സിറിയക്കാർക്കും പരിക്കേറ്റതായാണ് സിറിയയുടെ ഔദ്യോഗിക മാധ്യമം വിശദമാക്കിയിട്ടുള്ളത്. ഐസ്ഐസ് ആക്രമണത്തിന് ഗുരുതരമായ തിരിച്ചടിയുണ്ടാകുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശദമാക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *