20251128 141206 0000

മൂനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മുനമ്പം കമ്മീഷന്‍റെ പ്രവര്‍ത്തനം തുടരാമെന്നും അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് തടയണമെന്ന വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീലിലാണ് കോടതിയുടെ നടപടി. സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് കോടതി നോട്ടീസ് നൽകി. ജനുവരി 27ന് കേസ് വീണ്ടും പരിഗണിക്കും.

 

നടി ആക്രമിക്കപ്പെട്ട കേസിന്‍റെ കോടതി നടപടികളെ കുറിച്ച് വളച്ചൊടിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് മാധ്യമങ്ങൾക്കും അഭിഭാഷകർക്കും മുന്നറിയിപ്പ് നൽകി. കോടതിയെ മോശമായി ചിത്രീകരിക്കുന്നത് കോടതിയലക്ഷ്യ നടപടികൾക്ക് കാരണമാകുമെന്ന് ജഡ്ജി വ്യക്തമാക്കി. തന്നെക്കുറിച്ച് വ്യക്തിപരമായി വരുന്ന ലേഖനങ്ങളിൽ തനിക്ക് പ്രശ്നമില്ല. എന്നാൽ, കോടതി നടപടികളെ വളച്ചൊടിച്ചുള്ള റിപ്പോർട്ടിംഗുകൾ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ജഡ്ജി പറഞ്ഞു. കേസിന്‍റെ കോടതി നടപടികൾ റെക്കോർഡ് ചെയ്യുകയോ, മറ്റൊരിടത്തേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി.

 

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി ഇന്ന് തന്നെയുണ്ടാകും. 6 പ്രതികളുടെ ശിക്ഷാവിധിയാണ് ഇന്ന് പ്രഖ്യാപിക്കുക. പതിനൊന്നരയോടെയാണ് ആറ് പ്രതികളെയും കോടതിയിലെത്തിച്ചത്. വീട്ടിൽ അമ്മ മാത്രമേയുള്ളൂ, അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്ന് ഒന്നാം പ്രതി പൾസർ സുനിയെന്ന സുനിൽകുമാർ കോട‌തിയെ അറിയിച്ചു. രണ്ടാം പ്രതി മാർട്ടിൻ താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചു. മൂന്നാം പ്രതി മണികണ്ഠൻ കോടതിയെ അറിയിച്ചത് മനസറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ്. കുടുംബ പശ്ചാത്തലം പറഞ്ഞ് തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് നാലാം പ്രതി വിജീഷ് കോടതിക്ക് മുന്നിൽ പറഞ്ഞത്.

കേസിലെ അഞ്ചാം പ്രതി വടിവാൾ സലിമും പറഞ്ഞത് താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ്. ആറാം പ്രതി പ്രദീപും കരഞ്ഞുകൊണ്ടാണ് കോടതിയിൽ സംസാരിച്ചത്. പ്രതികളോട് സംസാരിച്ചതിന് ശേഷം, പങ്കാളിത്തം അനുസരിച്ചല്ലേ ശിക്ഷ വേണ്ടത് എന്നായിരുന്നു കോടതിയുടെ ചോദ്യം.

 

തനിക്കെതിരെ രൂക്ഷമായ സൈബർ അധിക്ഷേപം നടക്കുന്നുവെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. വ്യക്തി അധിക്ഷേപവും നുണ പ്രചരിപ്പിക്കലും ഉണ്ടാകുന്നുവെന്നും അഭിഭാഷക മാധ്യമങ്ങളോട് വ്യക്തമാക്കി. വക്കാലത്ത് അവസാനിച്ച ശേഷം കൂടുതൽ കാര്യങ്ങൾ‌ പറയാനുണ്ടെന്നും ടി ബി മിനി വ്യക്തമാക്കി. പച്ചക്കള്ളം പറഞ്ഞുള്ള സൈബര്‍ അധിക്ഷേപമാണ് നടക്കുന്നതെന്നും അഭിഭാഷക കൂട്ടിച്ചേര്‍ത്തു.

 

നടിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം ലഭിക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി അജകുമാർ. എട്ടാം പ്രതിയായ ദിലീപിനെതിരെയും ശക്തമായ തെളിവുകൾ ഹാജരാക്കിയെന്നാണ് വിശ്വസിക്കുന്നത്. എട്ടാം പ്രതി കുറ്റവിമുക്തമാക്കപ്പെട്ടത് എന്തുകൊണ്ടെന്ന് വിധി ന്യായം പരിശോധിച്ച ശേഷം മനസ്സിലാക്കും. വിധിന്യായം കാണാതെ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് പറയുന്നവരോട് സഹതപിക്കാൻ മാത്രമേ കഴിയൂവെന്നും കൂട്ടിച്ചേർത്തു.

 

തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കഴിഞ്ഞ 51 വർഷമായി മലയാള സിനിമയിൽ പ്രവർത്തിക്കുന്ന തന്‍റെ പേരും ചിത്രവും ദുരുപയോഗം ചെയ്താണ് സാമൂഹിക മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

 

തദ്ദേശ തെരഞ്ഞെടുപ്പിലെ പോരാട്ടത്തിനിടെ തലസ്ഥാന സിപിഎമ്മിൽ പൊട്ടിത്തറിയെന്ന് വിവരം. വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്– ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിലെ വാഗ്വാദവും പോര്‍വിളിയുമുണ്ടായി. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ സാന്നിധ്യത്തിലായിരുന്നു തർക്കങ്ങളത്രയും എന്നാണ് വിവരം.

 

തദ്ദേശതെര‍ഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂല ജനവിധി ഉണ്ടാകുമെന്നും ഭരണത്തുടർച്ചയിലേക്കുള്ള കാൽവെയ്പാകും ഫലമെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ജനങ്ങൾ ജീവിത അനുഭവങ്ങളെ മുൻ നിർത്തി വോട്ട് ചെയ്യും, അത് ഇടത് മുന്നണിക്ക് ഗുണം ചെയ്യും, ശബരിമല വിഷയം ജനം തിരിച്ചറിവോടെ പരിശോധിക്കുമെന്നും കുറ്റക്കാരെ പിടികൂടുന്നതിൽ സർക്കാരിന് അമാന്തമില്ലെന്നും ജനങ്ങൾക്ക് മുന്നിൽ ഒന്നും മറച്ചു വെയ്ക്കാനില്ലെന്നും എംഎ ബേബി പറഞ്ഞു.

 

സ്ത്രീലമ്പടൻ’ പ്രസ്താവനയിൽ മുഖ്യമന്ത്രിക്കെതിരെ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസിനെതിരായ സ്ത്രീലമ്പടൻ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി സ്വയം പ്രതിരോധത്തിൽ ആവുകയാണ് ചെയ്തതെന്ന് കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മുഖം വികൃതമായി. ആരാണ് ഈ ഉപദേശങ്ങൾ നൽകുന്നത്. മുഖ്യമന്ത്രി ആക്രമിച്ചാൽ കോൺഗ്രസ് ഭയക്കില്ല. സിപിഎമ്മിനെ കുറിച്ചും വിലയിരുത്താനുള്ള ഒന്നായി മുഖ്യമന്ത്രിയുടെ പ്രസ്താവന മാറി. രാഹുൽ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് ക്ലിയർ ആണെന്നും അദ്ദേഹം പറഞ്ഞു.

 

ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഡിസംബർ 18 ന് ജാമ്യഹർജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ആദ്യമായിട്ടാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ജാമ്യാപേക്ഷ നൽകുന്നത്. കേസിൽ അറസ്റ്റിലായ മറ്റ് പ്രതികള്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും അപ്പോഴൊന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി ജാമ്യാപേക്ഷ നൽകിയിരുന്നില്ല.

 

കോൺഗ്രസ് നേതാക്കൾക്കെതിരെ മുന്നറിയിപ്പുമായി മുസ്ലീം ലീഗ്. നേതാക്കൾ അപക്വമായ പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണമെന്നും, ഇത്തരം പ്രസ്താവനകൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമോ എന്ന് ആലോചിക്കണമെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു.ഇത് തൻ്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും മുസ്ലീം ലീഗിന്റെ ഔദ്യോഗിക നിലപാടാണ് വ്യക്തമാക്കുന്നതെന്നും പിഎംഎ സലാം അറിയിച്ചു.

 

രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ കോണ്‍ക്രീറ്റ് താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ വിവരം. ഒക്ടോബർ 22 നാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിനായി പത്തനംതിട്ടയില്‍ എത്തിയത്.രാഷ്ട്രപതിയുമായി പത്തനംതിട്ട പ്രമാടത്ത് ഇറങ്ങിയ വ്യോമസേനയുടെ ഹെലികോപ്ടറിന്‍റെ ടയറുകള്‍ പുതുതായി തയ്യാറാക്കിയ ഹെലിപ്പാഡിന്‍റെ കോണ്‍ക്രീറ്റിൽ താഴുകയായിരുന്നു. രാഷ്ട്രപതി ഇറങ്ങിയ ശേഷം പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് കോപ്റ്റര്‍ തള്ളി മാറ്റുികയായിരുന്നു.

 

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല. കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതിയാണ് തള്ളിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹർജിയിൽ പറയുന്നത്. അതേസമയം സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഡിസംബർ 18നാണ് പോറ്റിയുടെ ജാമ്യഹർജി പരിഗണിക്കുക.

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിരുവനന്തപുരം സിറ്റി കമ്മീഷണർ അന്വേഷിച്ചിരുന്ന ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി. എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാനിയാണ് അന്വേഷണ ഉദ്യോഗസ്ഥ. രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗകേസിന്റെ അന്വേഷണ ചുമതലയും എസ്പി പൂങ്കുഴലിക്കാണ്.

 

പീഡകരിലും ക്രിമിനലുകളിലും ഇടതെന്നും വലതെന്നും ഒരു വ്യത്യാസവുമില്ലെന്ന് ഡോ. സൗമ്യ സരിൻ. പിടി കുഞ്ഞുമുഹമ്മദിനെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു പ്രതികരണം. രൂപത്തിലും ഭാവത്തിലും വ്യത്യാസം ഉണ്ടെന്നേ ഉള്ളുവെന്നും മനസ്സാക്ഷിയുള്ള ഒരു പാർട്ടിക്കാരനും അത് സാധിക്കില്ല.കൃത്യമായ അന്വേഷണങ്ങളിലൂടെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവർക്ക് എതിരെയുള്ള ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ, പുറം ലോകം കാണിക്കാതെ അകത്തിടാനുള്ള നിയമവും നെഞ്ചുറപ്പുമാണ് ആവശ്യം! കേരളത്തിലെ സർക്കാരും നിയമസംവിധാനവും അത് കാണിക്കും എന്ന് തന്നെ വിശ്വസിക്കുന്നുവെന്നും ഡോ. സൌമ്യ സരിൻ ഫേസ്ബുക്കിൽ കുറിച്ചു

 

മൂന്നാർ കുണ്ടളയിൽ കടുവ ഇറങ്ങി എന്ന പേരിൽ നടക്കുന്നത് വ്യാജപ്രചരണമെന്ന് വനംവകുപ്പ്. പ്രചരിക്കുന്ന ദൃശ്യങ്ങൾ നാലുവർഷം മുമ്പുള്ളതാണെന്നും ഈ ദൃശ്യങ്ങൾ കേരളത്തിൽ നിന്നുള്ളതല്ലെന്നും ഛത്തീസ്ഗഡ് ബിജാപൂരിൽ 2021ൽ ഇറങ്ങിയ കടുവയും കുഞ്ഞുങ്ങളുമാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നും വനംവകുപ്പ് വിശദീകരിച്ചു. അനാവശ്യമായി ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി.

 

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തതിനും ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമിച്ചതിനും രണ്ടു പേര്‍ കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഇരട്ട വോട്ടിന് ശ്രമിച്ച യുവതിക്കും മൊറയൂര്‍ ഗ്രാമപഞ്ചായത്തില്‍ ആളുമാറി വോട്ട് രേഖപ്പെടുത്തിയ യുവാവിനുമെതിരെയാണ് കേസ്. സ്ഥാനാര്‍ഥികളുടെ ബൂത്ത് ഏജന്റുമാരുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ഫലപ്രദമായ ഇടപെടലോടെയാണ് സംഭവങ്ങള്‍ പുറത്തായത്.

 

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികൾക്കായി പാരഡ‍ി പാട്ടുണ്ടാക്കിയതിന് പ്രതിഫലം ലഭിച്ചില്ലെന്ന് ഗായകൻ അൻവർ. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പണം ലഭിച്ചില്ലെന്ന് ഗായകൻ പറഞ്ഞു. പണം ലഭിക്കാത്തതിൽ മുന്നറിയിപ്പായി മറ്റൊരു പാരഡി പാട്ടും ഗായകൻ പുറത്തിറക്കി. ആദ്യത്തെ നാല് വരിയാണ് ഇപ്പോൾ പുറത്തിറക്കുന്നതെന്നും ഇനിയും പണം ലഭിച്ചില്ലെങ്കിൽ പേര് വെളിപ്പെടുത്തി പാട്ടിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

മലയാറ്റൂരിൽ 19 വയസുകാരി ചിത്രപ്രിയയെ ആണ്‍ സുഹൃത്ത് അലന്‍ തലക്കടിച്ച് കൊന്നത് കൃത്യമായ ആസൂത്രണത്തോടെയെന്നും കൊലയ്ക്ക് മുന്‍പ് ഇരുവര്‍ക്കുമിടയില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതായും പൊലീസ് വ്യക്തമാക്കി. നേരത്തെ മുതലേ ശല്യം ചെയ്ത അലനെ പെൺകുട്ടി അകറ്റി നിര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.അതേസമയം പൊലീസ് കണ്ടെത്തലുകളിൽ സംശയമുന്നയിച്ച് കൊല്ലപ്പെട്ട ചിത്രപ്രിയയുടെ ബന്ധു ഇൻസ്റ്റഗ്രാം പോസ്റ്റിട്ടു. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത് ചിത്രപ്രിയ അല്ല എന്നാണ് ബന്ധു ശരത് ലാൽ പറയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നു. പൊലീസ് പറഞ്ഞ പല കാര്യങ്ങളിലും കളവുണ്ടെന്നും ശരത് ലാൽ പറയുന്നു.

 

ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പൂജപ്പുര സെൻട്രൽ ജയിലിലാണ് സംഭവം. ഹരിദാസ് എന്നയാളാണ് മരിച്ചത്. 58 വയസ്സായിരുന്നു. ജയിൽ വർക്ക്ഷോപ്പിനുള്ളിലാണ് ഇയാൾ ജീവനൊടുക്കിയത്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

 

തമിഴ്‌നാട് കേഡർ ഐഎഎസ് ഓഫീസറായ സുപ്രിയ സാഹുവിന് 2025-ലെ യുണൈറ്റഡ് നേഷൻസിന്റെ പരമോന്നത പരിസ്ഥിതി ബഹുമതിയായ ‘ചാമ്പ്യൻസ് ഓഫ് ദ എർത്ത്’ പുരസ്‌കാരം ലഭിച്ചു. പരിസ്ഥിതിക്കായി പ്രചോദനമാകുന്ന പ്രവർത്തന വിഭാഗത്തിലാണ് സുപ്രിയ സാഹുവിനെ യുഎൻ എൻവയോൺമെൻ്റ് പ്രോഗ്രാം (UNEP) തിരഞ്ഞെടുത്ത്.

 

സർക്കാർ പദ്ധതികളോ സാമ്പത്തിക പ്രോത്സാഹനങ്ങളോ അല്ല, പ്രത്യയശാസ്ത്രമാണ് സംസ്ഥാനത്തെ വോട്ടിംഗ് രീതികളെ നിർണയിക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 10,000 രൂപയോ ഒരു ലക്ഷം രൂപയോ ആകട്ടെ, എത്ര പണം വാഗ്ദാനം ചെയ്താലും ഒരു മുസ്ലീം വോട്ടർ ഒരിക്കലും തനിക്ക് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2026 ലെ അസം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ആകർഷിക്കുന്നതിനായി 21 ലക്ഷം സ്ത്രീകൾക്ക് 10,000 രൂപ വീതം കൈമാറുന്ന ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മഹിള റോസ്ഗർ യോജനയ്ക്ക് സമാനമായ എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ബിജെപി മുഖ്യമന്ത്രിയുടെ മറുപടി.

 

ഇൻഡിഗോ പ്രതിസന്ധിയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. നാല് ഫ്ലൈറ്റ് ഇൻഫർമേഷൻ ഓഫീസർമാരെ ഡിജിസിഎ നീക്കം ചെയ്തു. എയർലൈൻസ് സുരക്ഷ, പ്രവർത്തനക്ഷമത എന്നിവയുടെ മേൽനോട്ട ഉത്തരവാദിത്വം ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. അതേസമയം, ഇന്‍ഡിഗോ പ്രതിസന്ധിയിൽ വിശദീകരണം നൽകാൻ കമ്പനി സിഇഒയെ വീണ്ടും വിളിപ്പിച്ച് ഡിജിസിഎ. നാലംഗ സമിതിക്ക് മുന്നിൽ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് ഹാജരാകണമെന്നാണ് നിർദേശം.

 

മദ്യപിച്ച് സൈക്കിളോടിച്ചതിന് പിന്നാലെ ജപ്പാനിൽ ഏകദേശം 900 പേരുടെ കാർ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി. കറോടിക്കുമ്പോൾ ഇവർ അപകടം വരുത്താനുള്ള സാധ്യതയുണ്ട് എന്ന് കാണിച്ചാണ് ഇവരുടെ ലൈസൻസ് റദ്ദ് ചെയ്തിരിക്കുന്നത്. സൈക്കിൾ യാത്രക്കാർക്ക് കർശനമായ പിഴ ചുമത്തുന്ന ട്രാഫിക് നിയമങ്ങൾ അടുത്തിടെയാണ് ജപ്പാനിൽ നിലവിൽ വന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *