മാംസാഹാരങ്ങള്‍ ഒഴിവാക്കി സസ്യാഹാരത്തിലേക്ക് മാറുന്നത് ദഹനവ്യവസ്ഥയ്ക്കും കുടലിന്റെ ആരോഗ്യത്തിലും ഗണ്യമായ മാറ്റങ്ങള്‍ കൊണ്ടു വരുമെന്ന് ചെന്നൈ അപ്പോളോ ക്ലിനിക്കിലെ ഫാമിലി ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ. യശോദ കുമാര്‍ റെഡ്ഡി പറയുന്നു. സസ്യാഹാരത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനം സുഗമമാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. മാത്രമല്ല, ഇത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. നാരുകള്‍ കൂടുതലായി കഴിക്കുന്നത് മലവിസര്‍ജനം സുഗമമാക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും. കൃത്യമായ സസ്യാഹാരം ശീലമാക്കുന്നത് ചീത്ത കൊളസ്ട്രോള്‍, രക്തസമ്മര്‍ദം, അമിതവണ്ണം, പ്രമേഹം എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി വെളുത്തുള്ളി, ഉള്ളി, ഓട്സ്, ബാര്‍ലി, പയറുവര്‍ഗ്ഗങ്ങള്‍, വാഴപ്പഴം, തൈര്, മോര്, ഇഡ്ഡലി, ദോശ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് കുടലിലെ നല്ല ബാക്ടീരിയയെ പ്രോത്സാഹിപ്പിക്കും പ്രീബയോട്ടിക്‌സായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ മാംസാഹാരത്തില്‍ നിന്ന് പെട്ടെന്ന് സസ്യാഹാരത്തിലേക്ക് മാറുമ്പോള്‍ ചിലര്‍ക്ക് ഗ്യാസ്, വയറുവീര്‍ക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം. സാവധാനം നാരുകളുടെ അളവ് കൂട്ടുകയും അതനുസരിച്ച് വെള്ളം കുടിക്കുകയും ചെയ്യുന്നത് ആരോഗ്യകരമായ ഒരു സസ്യാഹാര ഡയറ്റ് പിന്തുടരാന്‍ സഹായിക്കും. എന്നാല്‍ കൃത്യമായ ക്രമീകരണമില്ലെങ്കില്‍ ഇതേ ഭക്ഷണരീതി ആരോഗ്യത്തെ വിപരീതമായി ബാധിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. വിറ്റാമിന്‍ ബി12, ഇരുമ്പ്, കാല്‍സ്യം, ഒമേഗ-3 കൊഴുപ്പുകള്‍ എന്നിവയുടെ കുറവിന് ഈ രീതി ചിലപ്പോള്‍ കാരണമായേക്കാം. ഇത് എല്ലു പൊട്ടുക, ഇന്‍സുലിന്‍ പ്രതിരോധം, മറ്റ് മെറ്റബോളിക് പ്രശ്‌നങ്ങള്‍ എന്നിവയുടെ അപകടസാധ്യത വര്‍ധിപ്പിച്ചേക്കാം.
മാംസാഹാരങ്ങള്‍ ഒഴിവാക്കി ആരോഗ്യം മെച്ചപ്പെടുത്താം
