20251017 141017 0000

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ ഭരണസമിതി വരും. ടികെ ദേവകുമാര്‍ പ്രസിഡന്‍റായേക്കും. ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലുണ്ടാകും. വിളപ്പിൽ രാധാകൃഷ്ണൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സിപിഐയുടെ പ്രതിനിധിയാകും. നിലവിലെ ബോഡിന്‍റെ കാലാവധി നീട്ടാത്തത് ഗവർണർ ഉടക്കിട്ടേക്കുമെന്ന ഭയത്താൽ നിലവിലെ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി നീട്ടേണ്ടതില്ലെന്നാണ് തീരുമാനം.

 

ശബരിമല സ്വർണകൊള്ളയില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് ഭീമ ഹർജി നൽകും ഇതിനായി ഒരു കോടി അയ്യപ്പ ഭക്തരുടെ ഒപ്പ് ശേഖരിക്കുമെന്ന് ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു. 25 കേന്ദ്രങ്ങളിൽ അയ്യപ്പ സംഗമം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല ഇതിന് പിറകിലുള്ളതെന്നും എൻ വാസു പ്രസിഡന്‍റ് ആയത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പ്രത്യേക താല്പര്യം കൊണ്ടാണെന്നും .എന്ത് കൊണ്ടാണ് എൻ വാസുവിനെ അറസ്റ്റ് ചെയ്യാത്തതെന്നും എംടി രമേശ് ചോദിച്ചു.

 

തദ്ദേശ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ജില്ലയിലാകെ 24,11,963 വോട്ടർമാർ. 11,42,127 പേർ പുരുഷന്മാരും 12,69,765 പേർ സ്ത്രീകളുമാണ്. 22 ട്രാൻസ്‌ജെൻഡർമാരുമുണ്ട്. 49 പ്രവാസിവോട്ടർമാരും പട്ടികയിൽ ഇടംപിടിച്ചു. നേരത്തേ, പ്രസിദ്ധീകരിച്ച പട്ടികയിലേതിനേക്കാൾ 8,129 പേർ പുതിയ പട്ടികയിലുണ്ട്.

 

സംസ്ഥാനത്ത് നാലര വർഷത്തിനുള്ളിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 6000 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു. നെടുമങ്ങാട് കെ. വി.എസ്.എം ഗവ. കോളേജിൽ പുതിയ ഹിസ്റ്ററി ബ്ലോക്കിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 

തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്കിന് പിടി ഉഷ വാഗ്ദാനം ചെയ്ത തുക നഷ്ടപ്പെടുത്തിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. 19 കോടിയാണ് നഷ്ടപ്പെടുത്തിയത്. പിന്നീട് ഈ തുക കൊണ്ടാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയം സിന്തറ്റിക്ക് ട്രാക്ക് ആക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന കോഫി ടൈം പരിപാടിയിലാണ് സുരേഷ് ഗോപിയുടെ ആരോപണം.

 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസംഗിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ വളയത്ത് ഡിവൈഎഫ്ഐ പ്രകടനം. യുഡിഎഫ് സംഘടിപ്പിച്ച ജനപക്ഷ യാത്രയുടെ സമാപനത്തിലെ പ്രസംഗത്തിനെതിരെയാണ് പ്രതിഷേധം. ഉദ്ഘാടകനായ ഷാഫി പറമ്പിൽ എംപി വേദി വിട്ടതിന് പിന്നാലെയാണ് പ്രകോപന മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയത്.

 

ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാറിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്. ഗണേഷ്‍കുമാറിനെ നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിപ്പിക്കണമെന്ന് കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുള്‍ അസീസ് പരസ്യമായി ആഹ്വാനം ചെയ്തു. ഗണേഷ് കുമാർ കായ് ഫലമുള്ള മരമാണെന്നും കായ്ക്കാത്ത മച്ചി മരങ്ങളെ തിരിച്ചറിയണമെന്നും അബ്ദുൾ അസീസ് പ്രസംഗത്തിൽ പറഞ്ഞു.

 

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് റാപ്പര്‍ വേടന് നൽകിയതിൽ പ്രതികരിച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി. വേടന് അവാര്‍ഡ് നൽകിയതിനെക്കുറിച്ച് ചലച്ചിത്ര അവാര്‍ഡ് നിര്‍ണയിച്ച ജൂറിയോട് ചോദിക്കേണ്ടതാണെന്നും താൻ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ലെന്നും കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു .വിവർശനവും സുദർശനവുമൊക്കെയുണ്ടാവുമെന്നും അത് അതിന്‍റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം പഴയ രചനകൾ മാത്രമല്ല മികച്ചതെന്നും ജൂറി ഏകകണ്ഠമായാണ് വേടന് അവാർഡ് നൽകാൻ തീരുമാനിച്ചതെന്നും സംസ്ഥാന ചലച്ചിത്ര ജൂറി അംഗം ഗായത്രി അശോകൻ പറഞ്ഞു.

 

രാഹുല്‍ ഗാന്ധിയോട് സഹതാപം മാത്രമേയുള്ളൂവെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണ്‍. ഹരിയാണയില്‍ വോട്ട് കൊള്ള ആരോപിച്ച് കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബി. ഗോപാലകൃഷ്ണന്റെ പഴയ വീഡിയോദൃശ്യങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധിയോട് സഹതാപം മാത്രമേയുള്ളൂ, വേറൊന്നുമില്ലെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

 

തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയര്‍ പാര്‍ട്ടിയുമായി പരസ്യധാരണക്കില്ലെന്ന് യുഡിഎഫ്. കോഴിക്കോട് ജില്ലയിലടക്കം വെൽഫെയര്‍ പാര്‍ട്ടിയുമായി പരസ്യധാരണയുണ്ടാകില്ലെന്ന് മുസ്ലീം ലീഗും കോണ്‍ഗ്രസും വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കണ്ടാണ് പുതിയ തീരുമാനം.

 

പട്ടാമ്പി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച ടിപി ഷാജി വീണ്ടും കോണ്‍ഗ്രസിൽ ചേര്‍ന്നു. ഷാജിക്ക് തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് സ്വീകരണം നൽകി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഷാജിയെ സ്വീകരിച്ചു. ടിപി ഷാജിക്കൊപ്പമുള്ള വി ഫോര്‍ പട്ടാമ്പി പ്രവര്‍ത്തകരും കോണ്‍ഗ്രസിൽ ചേര്‍ന്നു.

 

തിരുവല്ലയിൽ പ്രണയപ്പകയിൽ 19 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട അയിരൂർ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസിലാണ് പ്രതി അജിൻ റെജി മാത്യുവിനെ പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2019 മാർച്ച് 12ന് തിരുവല്ലയിൽ വെച്ചാണ് ക്രൂര കൊലപാതകം നടന്നത്.

 

മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ കലാക്രമണത്തിൽ എഴു വള്ളങ്ങൾ തകര്‍ന്നു. ഇന്നലെ വൈകീട്ട് മീൻപിടുത്തം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബര്‍ വള്ളങ്ങളാണ് അപ്രതീക്ഷിതമായി ഉണ്ടായ കടലാക്രമണത്തിൽ നശിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു കടലേറ്റം. പൊന്നാനിയിൽ നിന്ന് ഫീഷറീസിന്‍റെ ബോട്ട് എത്തിച്ച് തകർന്ന വള്ളങ്ങൾ കരയിലേക്ക് എത്തിക്കുന്നതിനായി നടപടികൾ തുടങ്ങി.

 

കോവളം ബീച്ചിലെയും പരിസര പ്രദേശങ്ങളിലെയും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ക്കായി 1.19 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉൾപ്പടെ പരാതികൾ ഉയർന്നിരുന്നു. തെരുവ് വിളക്കുകൾ തെളിയാത്തതും ആവശ്യമായ സിസിടിവികളിലില്ലാത്തതും വിനോദ സഞ്ചാരികൾക്ക് പോലും പലപ്പോഴും ഭീഷണിയായിരുന്നു.

 

ഏഴിമല നാവിക അക്കാദമിയുടെ ഭാഗമായുള്ള ഐഎൻഎസ് സാമോറിന്റെ കമാൻഡിങ് ഓഫീസർ ശ്രീകുമാർ കെ. പിള്ളയെ കൈക്കൂലി കേസിൽ നാവികസേനാ ഇന്റലിജൻസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. നിർമാണപ്രവർത്തനങ്ങൾക്ക് കരാറുകാരിൽനിന്ന് പണം കൈപ്പറ്റിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.

 

വർക്കലയിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാർ മദ്യലഹരിയിലായിരുവെന്നതിന് ഡിജിറ്റൽ തെളിവും പുറത്ത്. ട്രെയിൻ കയറുന്നതിന് മുമ്പ് പ്രതിയും ബന്ധുവും ചേർന്ന് മദ്യപിച്ചതായി ബാറിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിലെ പ്രധാന സാക്ഷിയെ അന്വേഷിക്കുകയാണ് പൊലീസ്. ട്രെയിനിൽ നിന്നും പിടിച്ചുതള്ളിയ രണ്ടാമത്തെ പെൺകുട്ടിയെ സഹായിച്ച സാക്ഷിയെ തേടിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്.

 

വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ചാലക്കുടി കോടശേരി നായരങ്ങാടി സ്വദേശി തെക്കിനിയത്ത് വീട്ടില്‍ ബിബിനെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

 

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്ഥയിൽ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണു (48) ആണ് ഇന്നലെ മരിച്ചത്. വേണുവിന് ആവശ്യമായ ചികിത്സ നൽകിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. ആൻജിയോഗ്രാമിന് ആശുപത്രിയിൽ എത്തിച്ച വേണുവിന് 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി.

 

എറണാകുളം അങ്കമാലി കറുക്കുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മൂമ്മ റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവർ കുഞ്ഞിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം.

 

കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. തമിഴ്നാട് വിരുതനഗർ ജില്ലയിലെ ബന്ദൽക്കുടി സ്റ്റേഷനിലെ എസ് ഐ നാഗരാജൻ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. നവംബര്‍ മൂന്നിന് രാത്രിയാണ് ഇയാൾ പൊലീസിന്‍റെ കയ്യില്‍ നിന്ന് ചാടിപ്പോയത്.

 

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനത്തിലാണ് തമിഴ് നാട് ഭരിക്കുന്ന പാർട്ടിയായ ഡിഎംകെ. തമിഴ് വോട്ടുകൾ കൂടുതലുള്ള പീരുമേട്, ദേവികുളം എന്നീ താലൂക്കുകളിലെ പഞ്ചായത്തുകളിലാണ് ഡിഎംകെ സ്ഥാനാർത്ഥികളെ രംഗത്തിറക്കുക. ഇടുക്കിയിലെ അതിർത്തി താലൂക്കുകളായ പീരുമേട്, ഉടുമ്പൻചോല, ദേവികുളം എന്നിവിടങ്ങളിലെ തോട്ടം തൊഴിലാളികൾക്കിടയിൽ തങ്ങൾക്ക് സ്വാധീനമുണ്ടെന്നാണ് ഡിഎംകെയുടെ വാദം.

 

ബിഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകിട്ട് 6 വരെയാണ് പോളിങ്. 1314 സ്ഥാനാർഥികളാണ് 3.75 കോടി വോട്ടർമാരുടെ പിന്തുണ തേടി മത്സര രംഗത്തുള്ളത്. ഇന്ത്യ സംഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് അടക്കമുള്ള സ്ഥാനാർഥികൾ ഇന്ന് ജനവിധി തേടുന്നുണ്ട്.

 

മുഖ്യമന്ത്രി പിണറായി വിജയൻ കുവൈത്തിലെത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ എംബസി പ്രതിനിധികളും ലോക കേരള സഭ അംഗങ്ങളും, മലയാളം മിഷൻ, കല കുവൈത്ത് ഭാരവാഹികളും ചേർന്ന് ഔദ്യോഗിക സ്വീകരണം നൽകി. ഇന്ന് കുവൈത്ത് സർക്കാർ പ്രതിനിധികളുമായുള്ള പ്രധാന കൂടിക്കാഴ്ചകളും ചർച്ചകളും നടക്കും. നാളെ വൈകീട്ട് 4.30ന് നടക്കുന്ന മഹാസമ്മേളനത്തിൽ മുഖ്യമന്ത്രി കുവൈത്തിലെ മലയാളികളെ നേരിട്ട് അഭിസംബോധന ചെയ്യും.

 

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ മത്സരിച്ച നിരവധി ഇന്ത്യൻ വംശജർക്കും മിന്നും വിജയം. മലയാളിയായ റോബിൻ ഇലക്കാട്ട് മൂന്നാം തവണയും ടെക്സസിലെ മിസ്സോറി സിറ്റിയുടെ സാരഥിയാകും. വൻ ജനപിന്തുണയോടെയാണ് റോബിൻ ജയിച്ചു കയറിയത്. വിർജീനിയയിലെ പുതിയ ലെഫ്റ്റനന്റ് ഗവർണറും ജനിച്ചത് ഇന്ത്യയിലാണ്.

 

രാഹുൽ ഗാന്ധി നടത്തിയ ഓപ്പറേഷൻ സർക്കാർ ചോരി ആരോപണത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി ഹരിയാനയിലെ വോട്ടര്‍. രാഹുൽ ഗാന്ധി പരാമർശിച്ച ‘സ്വീറ്റി’ യഥാർത്ഥ വോട്ടറെന്ന് റിപ്പോർട്ട്. 2012 ൽ കിട്ടിയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ടു ചെയ്തു എന്ന് സ്വീറ്റി ഒരു ഇംഗ്ലീഷ് മാധ്യമത്തോട് വ്യക്തമാക്കി. വോട്ടർ പട്ടികയിൽ ബ്രസീലിയൻ മോഡലിന്‍റെ ചിത്രം വന്നതെങ്ങനെ എന്നറിയില്ലെന്നും സ്വീറ്റി പ്രതികരിച്ചു.

 

ഹരിയാനയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്ത്. ആരോപണത്തിൽ രേഖാമൂലം പരാതി നൽകണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ഇന്നലെയാണ് ഹരിയാനയിൽ വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടന്നുവെന്നും കോൺഗ്രസിനെ തോൽപ്പിക്കാൻ വൻ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് രാഹുൽ രാഗത്തെത്തിയത്.

 

ദില്ലി കലാപത്തിലെ വിശാല ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഉമർ ഖാലിദ് അടക്കമുള്ള പ്രതികളുടെ ജാമ്യപേക്ഷയിൽ സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. കഴിഞ്ഞ തവണ കേസിൽ പ്രോസിക്യൂഷൻ വാദിച്ച മീരാൻ ഹൈദർ ഗൂഢാലോചന കുറ്റത്തിൽ തന്നെ ഉൾപ്പെടുത്താനാവില്ലെന്ന് ഉമർ ഖാലിദ് വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷൻ സമർപ്പിച്ച ഫോട്ടോയിൽ മീരാൻ ഹൈദറില്ലെന്ന് ഉമർ ഖാലിദിന്‍റെ അഭിഭാഷകനായ സിദ്ധാർഥ് അഗർവാൾ ചൂണ്ടികാട്ടി.

 

ഗുരുനാനാക് ദേവിന്റെ ‘പ്രകാശ് പൂർബ്’ ആഘോഷങ്ങൾക്കായി ഏകദേശം 2,000 സിഖ് തീർത്ഥാടകരെ അട്ടാരി-വാഗ അതിർത്തി വഴി പാകിസ്ഥാനിലേക്ക് കടത്തി വിടപ്പോൾ ഹിന്ദുക്കളെ തടഞ്ഞതായി റിപ്പോർട്ട്. പാക് അധികൃതർ ഹിന്ദു തീർത്ഥാടകരെ തടഞ്ഞുനിർത്തി തിരികെ പോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

 

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷവേളയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മധ്യസ്ഥത വഹിച്ചുവെന്ന വാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എട്ടു യുദ്ധവിമാനങ്ങളാണ് സംഘര്‍ഷവേളയില്‍ വെടിവെച്ചുവീഴ്ത്തപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഏഴ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചുവീഴ്ത്തിയെന്നായിരുന്നു .ട്രംപിന്റെ വാദം.

 

പരീക്ഷണയോട്ടത്തിനിടെ മുംബൈ മോണോറെയില്‍ ട്രെയിന്‍ പാളം തെറ്റി ബീമിലിടിച്ചു. ബുധനാഴ്ച രാവിലെ വഡാല ഡിപ്പോയിലായിരുന്നു സംഭവം. അപകടത്തില്‍ ട്രെയിന്‍ ക്യാപ്റ്റന്‍ അടക്കം മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ട്രെയിനില്‍ യാത്രക്കാരുണ്ടായിരുന്നില്ല.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *