f26a7cef 9d84 477b a438 037f5a5d032f 20250913 140628 0000

പമ്പാ മണപ്പുറത്ത് ആഗോള അയ്യപ്പസംഗമത്തിന് തിരിതെളിഞ്ഞു. തന്ത്രി മഹേഷ് മോഹനരര് നിലവിളക്കിൽ തിരിതെളിയിച്ചു. ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ചടങ്ങിനായി മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒരേ വാഹനത്തിലാണ് എത്തിയത്.

 

ആഗോള അയ്യപ്പ സംഗമത്തിന്‍റെ രജിസ്ട്രേഷന്‍ നടപടികള്‍ രാവിലെ ആറുമണി മുതൽ ആരംഭിച്ചിരുന്നു. കനത്ത സുരക്ഷയാണ് പമ്പാതീരത്തും സമീപ പ്രദേശത്തും ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തെ തുടര്‍ന്ന് മൂന്ന് സെഷനുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ശബരിമല വികസന മാസ്റ്റര്‍ പ്ലാന്‍, ശബരിമല കേന്ദ്രീകരിച്ചുള്ള ആധ്യാത്മിക ടൂറിസം, തീര്‍ഥാടന തിരക്ക് നിയന്ത്രണം അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളും നടക്കും. മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറും ആധ്യാത്മിക ടൂറിസം ചര്‍ച്ച പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായരും തിരക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ച റിട്ട. ഡിജിപി ജേക്കബ് പുന്നൂസും നയിക്കും.

 

ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ദേവസ്വം ബോര്‍ഡിന്റെ വരുമാനം സര്‍ക്കാര്‍ കൈക്കലാക്കുന്നുവെന്ന വ്യാജപ്രചാരണം ചിലര്‍ ഇപ്പോഴും നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ ഒരു പൈസ പോലും എടുക്കുന്നില്ലെന്നു മാത്രമല്ല, ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ അങ്ങോട്ടു പണം നല്‍കുക കൂടി ചെയ്യുന്നു അതുകൊണ്ടാണ് താരതമ്യേന തുച്ഛവരുമാനം മാത്രമുള്ള എത്രയോ ക്ഷേത്രങ്ങളില്‍ ഇന്നും അന്തിത്തിരി തെളിയുന്നതെന്നും അവിടങ്ങളിലെ ക്ഷേത്ര ജീവനക്കാര്‍ പട്ടിണിയിലാകാത്തത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

 

2016-17 മുതല്‍ 2025 വരെ, ദേവസ്വം സ്ഥാപനങ്ങളുടെ ആധുനികവത്ക്കരണത്തിനും വികസനത്തിനുമായി ആകെ 650 കോടിയോളം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 145 കോടി രൂപ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് 26 കോടി രൂപ, മലബാര്‍ ദേവസ്വം ബോര്‍ഡിന് 305 കോടി രൂപ, കൂടല്‍മാണിക്യം ദേവസ്വത്തിന് 4 കോടി രൂപ, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് 21 കോടി രൂപ, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് മൂന്നരക്കോടി രൂപ, ഹിന്ദുധര്‍മ്മ സ്ഥാപന ഭരണ വകുപ്പിന് 28 കോടി രൂപ എന്നിങ്ങനെയാണ് ദേവസ്വം ബോര്‍ഡുകള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും അനുവദിച്ച തുക എന്നും ആഗോള അയപ്പ സംഗമ ഉദ്ഘാടന പ്രസംഗത്തിനിടെ മുഖ്യമന്ത്രി വ്യക്തമാക്കി.

 

യഥാര്‍ത്ഥ ഭക്തരെ തിരിച്ചറിയാന്‍ വിഷമമില്ലെന്നും ഭഗവത്ഗീത തന്നെ യഥാര്‍ത്ഥ ഭക്തരുടെ സ്വഭാവം എന്താണെന്നുള്ളത് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്തന്റെ ലക്ഷണങ്ങള്‍ ഭഗവദ്ഗീതയുടെ 12-ാം അധ്യായത്തില്‍ 13 മുതല്‍ 20 വരെയുള്ള എട്ടു ശ്ലോകങ്ങളിലായാണുള്ളതെന്നും അതിന് നിരക്കുന്ന തരത്തിലുള്ള ഭക്തിയുള്ളവരുടെ സംഗമമാണ് സത്യത്തില്‍ ആഗോള അയ്യപ്പ സംഗമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ആഗോള അയ്യപ്പ സംഗമത്തിന് സമാനമായി സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കുന്നുവെന്നത് കള്ളപ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യങ്ങള്‍ യഥാര്‍ഥത്തില്‍ മനസ്സിലാക്കാതെയോ അല്ലെങ്കില്‍ മനസ്സിലാക്കിയിട്ടും സര്‍ക്കാരിനെതിരെ ഒരു നനഞ്ഞ പടക്കമെങ്കിലും എറിഞ്ഞ് കുറച്ചുപേരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാം എന്ന് കരുതിയോ ആവാം ഇത്തരം പ്രചാരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

ആഗോള അയ്യപ്പസംഗമത്തിൽ മുഖ്യമന്ത്രി സംസാരിച്ചത് കപടഭക്തനെപ്പോലെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായിയുടേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കപടഭക്തിയാണ് പിണറായി സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് ഭക്തര്‍ക്ക് അറിയാം സംഗമം ദേവസ്വം പ്രസിഡന്‍റിന്‍റേതാണെന്നാണ് പറച്ചിൽ എന്നാൽ പ്രചാരണ ബോര്‍ഡിൽ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുമാണെന്ന് സതീശൻ വിമര്‍ശിച്ചു.

 

ആഗോള അയ്യപ്പ സംഗമം വിജയമാണെന്നും ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട് ഇനിയും ഒരുപാട് ചര്‍ച്ചകള്‍ നടക്കണമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുവതി പ്രവേശന കാലത്തെ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നത് ന്യായമായ ആവശ്യമാണ്. എന്നാൽ, യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതി നൽകിയ സത്യവാങ്മൂലം തിരുത്തണമെന്ന് വാശി പിടിക്കേണ്ട ആവശ്യമില്ലെന്നും ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി മാത്രമാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശൻ പ്രതിപക്ഷം ഷണ്ഡന്മാ‍രാണെന്നും അധിക്ഷേപിച്ചു.

 

ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചിത്രം വെച്ച് സർക്കാർ ചെലവിൽ പത്രപരസ്യം നൽകി. പബ്ലിക് റിലേഷൻസ് വകുപ്പാണ് ഒരു പ്രമുഖ ദേശീയ ദിനപത്രത്തിൽ പരസ്യം നൽകിയത്. ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ഫണ്ടോ ദേവസ്വം ഫണ്ടോ ഉപയോഗിക്കില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നതാണ്.

 

ആഗോള അയ്യപ്പ സംഗമത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ആശംസ അറിയിച്ചിരുന്നുവെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ.നേരിട്ട് എത്താൻ കഴിഞ്ഞില്ലെങ്കിലും യോഗി ആദിത്യനാഥ് ഉൾപ്പെടെ ഉള്ളവരുടെ പിന്തുണ സംഗമത്തിനുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം സംഗമത്തിന് തമിഴ്നാട് ദേവസ്വം മന്ത്രിയും പിന്തുണ അറിയിച്ചു. മികച്ച അനുഭവം ആകുമെന്നായിരുന്നു തമിഴ്നാട് മന്ത്രി പി കെ ശേഖർ ബാബുവിന്‍റെ പ്രതികരണം.

 

യോഗി ആദിത്യനാഥിന്‍റെ കത്ത് പുറത്തുവന്നതോടെ സിപിഎം ബിജെപി ബന്ധം തെളിഞ്ഞെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. യോഗി ആദിത്യനാഥ് പിന്തുടരുന്ന അതേ പാതയാണ് കേരള സർക്കാരും പിന്തുടരുന്നതെന്നും ആഗോള അയ്യപ്പ സംഗമം ശുദ്ധതട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് സർക്കാരിന്‍റെ നീക്കമെന്നും, ഭഗവാന് എന്തിനാണ് പാറാവ് എന്നാണ് പണ്ട് നായനാർ ചോദിച്ചത്, ഇപ്പോൾ അയ്യപ്പന് പാറാവ് നിർത്തേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

 

ആഗോള അയ്യപ്പ സംഗമം വിജയിപ്പിക്കാൻ ജീവനക്കാരെ അയക്കണമെന്ന് നിർദേശിച്ചിരുന്നെന്നും എന്നാല്‍ ക്ഷേത്ര ഫണ്ട് കൊടുക്കണം എന്നത് സർക്കുലറിൽ വന്നതിനെ കുറിച്ച് അറിയില്ല എന്നും മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസു. ദേവസ്വം കമ്മീഷണർ ആണ് സർക്കുലർ പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

ആഗോള അയ്യപ്പ സംഗമത്തിന് എത്തുന്ന പ്രതിനിധികൾക്ക് ഉൾപ്പെടെ ഭക്ഷണം ഒരുക്കുന്നത് പഴയിടത്തിന്റെ മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ്. പഴയിടത്തിന്റെ നേതൃത്വത്തിൽ 40 ജീവനക്കാരാണ് കലവറയിൽ ഉള്ളത്. പമ്പാ തീരത്തെ പ്രധാന വേദിയോട് ചേർന്നും ഹിൽടോപ്പിലെ 7000 ചതുരശ്രയടി ജർമൻ ഹാങ്ങർ പന്തലിലും ആണ് ഭക്ഷണം വിളമ്പുന്നത്.

 

കേന്ദ്ര സഹമന്ത്രിയും തൃശൂര്‍ എം.പിയുമായ സുരേഷ് ഗോപി കലുങ്ക് സംവാദങ്ങള്‍ എന്ന പേരില്‍ ഫ്യൂഡല്‍ കാലഘട്ടത്തിലെ ദര്‍ബാറുകളെ അനുസ്മരിപ്പിക്കുന്ന യോഗങ്ങള്‍ സംഘടിപ്പിച്ച് പാവപ്പെട്ടവരെ പരിഹസിക്കുകയും പരദൂഷണം നടത്തുകയും ചെയ്യുന്ന പരിപാടി അപലപനീയമാണെന്ന് മന്ത്രി ആർ. ബിന്ദു. ജീവിതത്തിലാണോ സിനിമയിലാണോ താനെന്ന വിഭ്രമത്തിലാണ് അദ്ദേഹം എന്ന് തോന്നും വിധമാണ് സുരേഷ് ഗോപിയുടെ പ്രതികരണങ്ങള്‍. സിനിമകളില്‍ ആരാധകരെ ത്രസിപ്പിച്ച താരം ഡയലോഗുകളുമായി തന്നെ സമീപിക്കുന്ന സാധാരണക്കാരുടെ നെഞ്ചത്ത് കേറുന്ന രീതി തുടര്‍ച്ചയായി അദ്ദേഹത്തില്‍നിന്നും ഉണ്ടാവുന്നതു കൊണ്ടാണ് ഇതു പറയാന്‍ നിര്‍ബന്ധിതയാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

കലുങ്ക് സംവാദം വക്രീകരിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കരുതിക്കൂട്ടി ചില ആളുകളെ കൊണ്ടുനിർത്തി പരിപാടി വക്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അത് സ്വാഗതാർഹമല്ല. കരുവന്നൂരിൽ ഇ.ഡി സ്വത്ത്‌ കണ്ടു കെട്ടിയ കാര്യം നേരത്തെ പറഞ്ഞതാണ്. അത് ബാങ്ക് വഴി മാത്രമേ നൽകാൻ കഴിയൂ. പ്രധാനമന്ത്രി കുന്നംകുളത്ത് വന്നപ്പോൾ ഇക്കാര്യം പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

 

ലൈംഗിക പീഡന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മണ്ഡലത്തിൽ കാല് കുത്താൻ സമ്മതിക്കില്ലെന്ന് ബിജെപി. എംഎൽഎയുടെ ഓഫിസ് പൂട്ടാനെത്തിയ ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആരോപണ വിധേയനായ എംഎൽഎ ഇന്ന് ഓഫിസിലെത്തുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിന് പിന്നാലെ വെളുപ്പിന് നാല് മണി മുതൽ ബിജെപി പ്രവ‍ർത്തകർ എംഎൽഎ ഓഫീസിന് മുന്നിൽ നിലയുറപ്പിക്കുകയായിരുന്നു. നാണംകെട്ട ഒരു എംഎൽഎ പാലക്കാടിന് വേണ്ടെന്ന് ബിജെപി പ്രവ‍ർത്തകർ പറഞ്ഞു.

 

കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കര്‍ണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ. സുപ്രീംകോടതിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. കേന്ദ്രസർക്കാർ നൽകിയ അപ്പീലിലാണ് നടപടി. കേഡർ മാറ്റം നിലവിൽ പ്രായോഗികമല്ലെന്നാണ് കേന്ദ്ര നിലപാട്. ശിൽപ അടക്കം എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് നൽകി. കേസിൽ പിന്നീട് വിശദമായ വാദം കേൾക്കും.

 

അർബൻ ബാങ്കിലെ ബാധ്യത തീർക്കുമെന്ന ഉറപ്പ് കോൺഗ്രസ് നേതാക്കൾ ഇതുവരെ അറിയിച്ചിട്ടില്ലെന്നും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും എൻ എം വിജയന്റെ മരുമകൾ പത്മജ. ഇന്നലെ മാധ്യമങ്ങളിലൂടെ മാത്രമാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം കണ്ടതെന്നും പത്മജ പറഞ്ഞു. സെപ്റ്റംബർ 30 നുള്ളിൽ തന്നെ അർബൻ ബാങ്കിലെ ബാധ്യത തീർക്കണം. അല്ലാത്തപക്ഷം ഒക്ടോബർ 2 ന് ഡിസിസിക്ക് മുൻപിൽ സത്യാഗ്രഹം ഇരിക്കുക തന്നെ ചെയ്യുമെന്നും അവർ പറഞ്ഞു.

 

കോട്ടയം ആർപ്പൂക്കര ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ പിൻവശത്തു നിന്ന് തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥികഷ്ണങ്ങളും കണ്ടെത്തി. ഗ്രൗണ്ടിൽ ക്രിക്കറ്റ്‌ കളിച്ച കുട്ടികൾ ബോൾ കാട്ടിൽ പോയത് എടുക്കാൻ എത്തിയപ്പോഴാണ് അസ്ഥികഷ്ണങ്ങൾ കണ്ടെത്തിയത്. അസ്ഥികഷ്ണങ്ങൾക്ക് കാലപ്പഴക്കം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഗാന്ധിനഗർ പൊലീസ് വിശദമായ പരിശോധന നടത്തും.

 

കല്ലാമൂല ചേനപ്പാടിയില്‍ കരിമ്പുലിയിറങ്ങി. ചേനപ്പാടി പള്ളിക്കു സമീപം താമസിക്കുന്ന ഞാറക്കാടന്‍ സിറാജിന്റെ വീടിനരികിലാണ് കരിമ്പുലിയെത്തിയത്. വീട്ടു മുറ്റത്തായിരുന്ന സിറാജിന്റെ ഭാര്യ ജാസ്മിനെ കരിമ്പുലി അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. രണ്ട് മാസത്തിനിടെ ചേനപ്പാടി, വേപ്പിന്‍കുന്ന്, മരുതങ്ങാട് മേഖലയില്‍ ആറാം തവണയാണ് കരിമ്പുലിയിറങ്ങുന്നത്.

 

ഓൺലൈൻ ഷെയർ ട്രേഡിങിലൂടെ ലാഭമുണ്ടാക്കാമെന്ന പേരിൽ ആലപ്പുഴ കണ്ടല്ലൂർ സ്വദേശിയിൽ നിന്ന് പ്രതികൾ തട്ടിയ 25.5 ലക്ഷം രൂപയിൽ 10.86 ലക്ഷം ഉടനടി തിരികെ പിടിച്ച് സൈബർ ക്രൈം പൊലീസ്. കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസര്‍ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിൽ ആരംഭിച്ച

അന്വേഷണത്തിലൂടെ പരാതിക്കാരന്റെ പണം ട്രാൻസ്ഫർ ചെയ്ത ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി മരവിപ്പിക്കുകയും ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവിലൂടെ പരാതിക്കാരന്റെ പണം തിരികെ നൽകുകയുമായിരുന്നു.

 

തിരുവനന്തപുരം നഗരസഭാ കൗൺസിലറും ബിജെപി നേതാവുമായ അനിൽകുമാർ ജീവനൊടുക്കി. തിരുമല വാർഡ് കൗൺസിലറാണ്. തിരുമലയിലെ കൗൺസിലർ ഓഫീസിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിജെപി നേതൃത്വത്തിനെതിരെ അനിൽകുമാർ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

 

തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ അനിൽകുമാര്‍ ആത്മഹത്യ ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം. ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ വനിത മാധ്യമപ്രവര്‍ത്തകരെയടക്കം കയ്യേറ്റം ചെയ്യുകയായിരുന്നു. ക്യാമറകളും നശിപ്പിച്ചു.

 

തിരുവനന്തപുരം കുന്നത്തുകാലിൽ തെങ്ങ് വീണ് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ടു സ്ത്രീകള്‍ മരിച്ചു. കുന്നത്തുകാൽ ചാവടി സ്വദേശികളായ വസന്ത കുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്. ഇവരെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോലിക്കിടെ പാലത്തിന് ചുവട്ടിൽ വിശ്രമിക്കാനിരുന്നതായിരുന്നു തൊഴിലാളികൾ.

 

വോട്ട് ചോരിയിൽ ഒരു ഹൈഡ്രജൻ ബോംബ് ഉടൻ ഉണ്ടാകുമെന്നും അത് പൊട്ടിത്തെറിക്കുന്നതിലൂടെ എല്ലാം വെളിപ്പെടുമെന്നും രാഹുൽ ഗാന്ധി. വയനാട്ടിൽ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ നൽകുന്നില്ല. കർണാടക സിഐഡിക്ക് ഗ്യാനേഷ് കുമാർ വിവരങ്ങൾ നൽകാൻ തയ്യാറാവുന്നില്ല. വോട്ട് ചോരി നടത്തിയാണ് മോദി തെരഞ്ഞെടുപ്പ് വിജയിച്ചതെന്ന് ഇന്ത്യയിൽ ഒരാൾക്കും സംശയമില്ല എന്നും രാഹുൽ പറഞ്ഞു.

 

എന്നും പാർട്ടിയോട് ചേർന്നുനിൽക്കുമെന്നും തന്റെ പ്രതിബദ്ധത ആർക്കും ചോദ്യം ചെയ്യാനാവില്ലെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. അവസാനം വരെ തന്റെ പ്രവർത്തനം പാർട്ടിക്കു വേണ്ടി ആയിരിക്കുമെന്നും ഡി രാജ പറഞ്ഞു. സർക്കാർ ജോലി അടക്കം വേണ്ടെന്നു വച്ചാണ് പാർട്ടിയിൽ ചേർന്നതെന്നും ജനറൽ സെക്രട്ടറിയെക്കുറിച്ചുള്ള ചർച്ചകളോട് പ്രതികരിക്കുന്നില്ലെന്നും ഡി രാജ അറിയിച്ചു.

 

ഖത്തർ ആഭ്യന്തര സുരക്ഷാ സേനയിലെ ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ട ദോഹയിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ അന്താരാഷ്ട്രതലത്തിൽ അടിയന്തര നിയമനടപടികൾ സ്വീകരിക്കുന്നതിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ച്‌ ഖത്തർ. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനുള്ള നിയമ നടപടികൾ ഖത്തർ ഔദ്യോഗികമായി ആരംഭിച്ചു.

 

തമിഴക വെട്രി കഴകം പ്രസിഡന്‍റും സൂപ്പർതാരവുമായ വിജയുടെ സംസ്ഥാന പര്യടനം ഇന്ന് രണ്ടാം ദിവസത്തിൽ. നാഗപ്പട്ടണം ,തിരുവാരൂർ ജില്ലകളിലാണ് ഇന്ന് വിജയ് പര്യടനം നടത്തുക. കഴിഞ്ഞ ശനിയാഴ്ച തിരുച്ചിറപ്പള്ളിയിൽ നടത്തിയ റോഡ്ഷോ മദ്രാസ് ഹൈക്കോടതി പരോക്ഷമായി വിമർശിച്ച പശ്ചാത്തലത്തിൽ പ്രവർത്തകർക്ക് പത്തിന നിർദ്ദേശം ടിവികെ നൽകിയിട്ടുണ്ട്. വിജയുടെ റാലിയുടെ സമയത്ത് പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിക്കാനും സാധ്യതയുണ്ട്.

 

ഇന്ത്യ അമേരിക്ക വ്യാപാര കരാർ ചർച്ചകൾക്കായി വാണിജ്യമന്ത്രി പിയൂഷ് ഗോയൽ അടുത്തയാഴ്ച വാഷിംഗ്ടണ്ണിൽ എത്തും. വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്‍റെ നേതൃത്വത്തിലും ചർച്ച നടക്കും. യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായും ചർച്ച നടത്തും. അമേരിക്കൻ പ്രതിനിധി കഴിഞ്ഞ 16 ന് ഇന്ത്യയിലെത്തി നടത്തിയ ചർച്ചകളുടെ തുടർച്ചയാണ് കേന്ദ്രമന്ത്രിമാരുടെ ചർച്ച.

 

പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള പരസ്പര പ്രതിരോധ കരാറിൽ മറ്റ് അറബ് രാജ്യങ്ങളുടെ പ്രവേശനം തള്ളിക്കളയാനാവില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ആര്‍ക്ക് മുന്നിലും വാതിലുകൾ അടിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചുനാളുകളായി സൗദി സേനയ്ക്ക് പാകിസ്ഥാൻ പരിശീലനം നൽകുന്നുണ്ട്. അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങൾ അതിന്റെയെല്ലാം ഔപചാരികമായ ഒരു വിപുലീകരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

H1ബി വിസ അപേക്ഷ ഫീസ് കുത്തനെ വർധിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. ഫീസ് ഒരു ലക്ഷം ഡോളർ ആയി ഉയർത്തി. നിലവിൽ 1700നും 4500 ഡോളറിനും ഇടയിലാണ് ഫീസ്. ടെക് കമ്പനികൾക്ക് വൻ തിരിച്ചടിയാകും പുതിയ നടപടിയെന്നാണ് വിലയിരുത്തൽ. എന്നാൽ, ടെക്നോളജി രംഗത്ത് അമേരിക്കക്കാർക്ക് അവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള നടപടിയാണിതെന്ന് ട്രംപ് പ്രതികരിച്ചു.

 

എച്ച്1-ബി വീസ ഫീസ് വർധിപ്പിച്ച ട്രംപിൻ്റെ നടപടിക്ക് പിന്നാലെ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മെറ്റ്, മൈക്രോസോഫ്റ്റ് അടക്കം പ്രമുഖ കമ്പനികൾ. എല്ലാ എച്ച് -1 ബി വിസ ഉടമകളും കുറഞ്ഞത് 14 ദിവസത്തേക്കെങ്കിലും അമേരിക്ക വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ട കമ്പനികൾ, അമേരിക്കയ്ക്ക് പുറത്ത് താമസിക്കുന്ന എച്ച്1-ബി വീസ ഉടമകളോട് ഉടൻ മടങ്ങിവരാനും ആവശ്യപ്പെട്ടു.

 

പാക് ഭീകര സംഘടനകളായ ജെയ്‌ഷെ-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ എന്നിവർ അഫ്ഗാനിസ്ഥാൻ അതിർത്തിയിലേക്ക് കേന്ദ്രങ്ങൾ മാറ്റുന്നതായി റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ഇല്ലാതാക്കിയതിനെ പിന്നാലെയാണ് രണ്ട് സംഘടനകളും തങ്ങളുടെ താവളങ്ങൾ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലേക്ക് മാറ്റുന്നതായി രഹസ്യാന്വേഷണ സ്ഥാപനത്തിന് വിവരങ്ങൾ ലഭിച്ചെന്നാണ് റിപ്പോർട്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *