തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെ തൃശ്ശൂര്‍ പൂരം നടത്താൻ ധാരണയായി. സാധാരണ ഒരു മണിക്കൂർ നേരമുള്ള കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനും തീരുമാനമായി. വെടിക്കെട്ട് ഒഴിവാക്കാമെന്നും മറ്റു ചടങ്ങുകൾ പതിവ് പോലെ നടത്തണമെന്നുമായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്. തൃശ്ശൂർ കളക്ടറേറ്റിൽ ദേവസ്വം മന്ത്രി വി എൻ വാസവന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
മുണ്ടത്തിക്കോട് സംയുക്ത പരിശോധനയില്‍ നാല് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തിയെന്ന് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ്. 10 മൊബൈല്‍ ഫോണ്‍ അവശിഷ്ടങ്ങളും കണ്ടെത്തി. സംഭവ സമയത്ത് 37 പേര്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. നാല് പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ പുരയുടെ ചുറ്റിനും വയലിൽ ഓരോ കൈ അകലത്തിൽ പൊലീസിന്റെ മാസ്സ് സെർച്ച്. അസ്വാഭാവികമായി കാണുന്നത് എല്ലാം കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.
മുണ്ടത്തിക്കോട് അപകടത്തില്‍ പരിക്കേറ്റ് ഐസിയുവിലുള്ള നാല് പേരിൽ ഒരാളുടെ നില മെച്ചപ്പെട്ടു. ബേൺസ് ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
പാറമേക്കാവിന്റെ പടക്കനിർമാണശാല ഉടമ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. ലൈസൻസിൽ അനുവദിച്ചതിനെക്കാൾ കൂടുതൽ പടക്കങ്ങളും വെടിമരുന്നും സൂക്ഷിച്ചെന്ന തഹസിൽദാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.
പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മുണ്ടത്തിക്കോട് സ്ഫോടനത്തിൽ നിന്നും ലഭിച്ച മനുഷ്യ ശരീരഭാഗങ്ങൾ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ലഭിക്കുന്ന മൃതദേഹങ്ങൾക്ക് സമാനമായ രീതിയിലെന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ.
സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയല്‍ റൂം തുറന്നതില്‍ കോഴിക്കോട് ഡിസിസി നിയമ നടപടിയിലേക്ക്. വീഴ്ച വരുത്തിയ റിട്ടേണിങ് ഓഫീസര്‍ക്കെതിരെ നടപടി വൈകുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.
വീഡിയോയും ഡോക്യൂമെന്ററിയും പുസ്തകങ്ങളുമായി നേതാക്കള്‍. രമേശ് ചെന്നിത്തലയെ വാഴ്ത്തി ജനനായകൻ വീഡിയോ രംഗത്തെത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യൂമെന്ററി ഷൂട്ട് അവസാന ഘട്ടത്തിലാണ്. അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ തെരെഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തകം അണിയറയിൽ പുരോഗമിക്കുകയാണ്.
കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം അനവസരത്തിലാണെന്ന് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി യോഗത്തിൽ വിമർശനം. ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തിൽ ലീഗിന് അഭിപ്രായം ഉണ്ടെന്നും ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്നും യോഗത്തിൽ പറഞ്ഞു.
എൻ്റെ സ്വപ്നത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി എന്ന തലക്കെട്ടോടെ അജയ് തറയിലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. വിദ്യാർത്ഥി യുവജന പോരാട്ടങ്ങളിലൂടെ കടന്നുവന്നവൻ ആകണം അടുത്ത മുഖ്യമന്ത്രിയെന്നും ഒരു ദിവസമെങ്കിലും ജയിലിൽ കിടന്നവനും ഒരിറ്റ് വെള്ളമെങ്കിലും ജലപീരങ്കിയിൽ നിന്ന് ശരീരത്തിൽ പതിച്ചവനുമാകണം മുഖ്യമന്ത്രിയെന്ന് അജയ് തറയിൽ ഫേസ്ബുക്കില്‍ കുറിച്ചു.
പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് പരാതിയില്‍ പാലക്കാട് ജില്ലാ കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കുക.
പള്ളിപ്പെരുനാളിന് അയ്യപ്പ ഭക്തിഗാനവും ക്ഷേത്രോത്സവത്തിൽ യേശുദേവൻ്റെ സ്തുതിയും ഒക്കെ ചെയ്തെന്നിരിക്കുമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കഴിഞ്ഞ ദിവസം നന്ദഗോവിന്ദം ഭജൻസിനെ വിമർശിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല രംഗത്തെത്തിയിരുന്നു.
എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ അജി കൃഷ്ണന് പോക്സോ കേസിൽ ദില്ലി സാകേത് കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ ഏഴാം തീയ്യതി വരെയാണ് അജി കൃഷ്ണന് പരിരക്ഷ നൽകിയത്.
ചികിത്സയ്ക്കാൻ പണമില്ലാതെ വലഞ്ഞ് ബ്രഹ്മഗിരി ഡവലപ്മെന്‍റ് സൊസൈറ്റിയിൽ നിക്ഷേപം നടത്തിയ കുടുംബം. 41 ലക്ഷത്തിന്‍റെ നിക്ഷേപമുള്ള പുൽപ്പള്ളി സ്വദേശി റോയ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തരമായി പണം നൽകണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.
തിരുവനന്തപുരത്ത് എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് അഴൂരിലാണ് സംഭവം. മൂലയിൽ വീട്ടിൽ ദിലീപ് അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്.
കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം വി (37)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കിണർ പണിക്കിടെയാണ് സനൽ കുഴഞ്ഞുവീണത്.
മലപ്പുറം വണ്ടൂരിൽ നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു. ഇസാ ജോണിനാണ് പൊള്ളലേറ്റത്. മുറ്റത്ത് കളിക്കുമ്പോഴാണ് കുട്ടിക്ക് സൂര്യാതപമേറ്റത്.
തമിഴ്നാട്ടിൽ വോട്ടിംഗ് പുരോഗമിക്കുന്നു. 234 നിയമസഭാ സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. ആകെ 4023 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ചു കോടി 73 ലക്ഷം വോട്ടർമാർ ആണ് ആകെയുള്ളത്. സൂപ്പർ താരം അജിത്താണ് തമിഴ്നാട്ടിൽ ആദ്യം വോട്ട് ചെയ്‌ത വ്യക്തി.
തമിഴ്നാട്ടിലെ പോളിങ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം നേതാവ് വിജയ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. പോളിങ് രാത്രി 8 മണി വരെ ആക്കണം, ബസ് സർവീസ് നടത്താൻ നിർദേശം നൽകണം, ബൂത്തുകളിൽ മേൽനോട്ടത്തിനായി ഒരു ഓഫീസറെ നിയമിക്കണം എന്നീ ആവശ്യങ്ങളാണ് കത്തിലുള്ളത്.
രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന ബംഗാളിൽ ഇന്ന് പതിനാറു ജില്ലകളിലെ 152 മണ്ഡലങ്ങളിൽ പോളിങ്ങ് പുരോഗമിക്കുന്നു. ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് 29 ന് നടക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കെതിരായ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ജനങ്ങളെ വഞ്ചിക്കുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജി വെക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്. പ്രധാനമന്ത്രിക്കെതിരായ ‘തീവ്രവാദി’ പരാമർശത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഖർഗെയ്ക്ക് നോട്ടീസ് നൽകിയത്.
തെക്കൻ ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ വനിതാ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. ലെബനീസ് മാധ്യമപ്രവർത്തക അമൽ ഖലീൽ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകയ്ക്കും പരിക്കേറ്റു. തെക്കൻ ലബനനിലെ അൽ-തൈരി എന്ന സ്ഥലത്ത് വാർത്താ റിപ്പോർട്ട് ചെയ്യാൻ എത്തിയതായിരുന്നു ഇരുവരും.
സൗദി അറേബ്യയിൽ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട നാലുപേരുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു യമൻ സ്വദേശിയുടെയും, മൂന്ന് എത്യോപ്യൻ പൗരന്മാരുടെയും ശിക്ഷയാണ് നടപ്പിലാക്കിയത്.
പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 25 രൂപ മുതല്‍ 28 രൂപ വരെ വര്‍ധനയുണ്ടാകുമെന്ന പ്രചാരണം തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ യാതൊരു നീക്കവും സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.
അധികാരത്തിലേറി ദിവസങ്ങൾക്കുള്ളിൽ തന്നെ നേപ്പാളിലെ രണ്ട് മന്ത്രിമാർ ദിവസങ്ങൾക്കുള്ളിൽ രാജിവച്ചു. അതിർത്തിയിലെ ഉപരോധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന ആരോപണങ്ങൾക്കിടയിലാണ് മന്ത്രിമാരുടെ ഈ പിന്മാറ്റം.
ഇസ്രയേൽ-ലെബനോൺ രണ്ടാം ഘട്ട ചർച്ച ഇന്ന് വാഷിങ്ടണ്ണിൽ നടക്കും. വെടിനിർത്തൽ ഒരു മാസം നീട്ടാൻ ലെബനോൺ ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 10 ദിവസത്തേക്കാണ് വെടിനിർത്തൽ.
വംശീയ പരാമർശം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ ജനിച്ചവർക്കുള്ള നിയമപരമായ പൗരത്വത്തെയും പരിരക്ഷകളെയും വിമർശിച്ചായിരുന്നു പോസ്റ്റ്.
അമേരിക്കയും ഇസ്രയേലും നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾ തുടരുന്നതിനാൽ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫ്. അമേരിക്കയുടെ നാവിക ഉപരോധം ആഗോള സമ്പദ് വ്യവസ്ഥയെ ബന്ദിയാക്കിയിരിക്കുകയാണെന്നും ഗാലിബഫ് കുറ്റപ്പെടുത്തി.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്താൻ തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. കൂടിക്കാഴ്ച സമാധാന കരാറുകൾ അന്തിമമാക്കുന്ന സമയത്തായിരിക്കുമെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ്.
