20251220 141045 0000

പാലക്കാട് വാളയാറില്‍ ആൾക്കൂട്ട കൊലപാതകത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഒരാഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറി ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണം. പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം, കേസില്‍ മൂന്ന് പേർ കൂടി കസ്റ്റഡിയിലെന്നാണ് സൂചന. ഒളിവിലുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

 

അട്ടപ്പാടി പാലൂരിൽ ആദിവാസി യുവാവിനെ പച്ചമരുന്നിന്‍റെ വേര് മോഷിട്ടിച്ചെന്നാരോപിച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി. പാലൂർ സ്വദേശി മണികണ്‌‌‌ഠന്‍റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. തലയൊട്ടി പൊട്ടിയതിനെ തുടർന്ന് മണികണ്ഠൻ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്. പൊലീസ് നടപടിയെടുത്തില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ആദിവാസികളിൽ നിന്ന് കാട്ടിലെ വേരുകൾ ശേഖരിച്ച് വിൽപ്പന നടത്തുന്ന രാമരാജ് എന്നയാളാണ് മണികണ്‌ഠനെ മർദിച്ചതെന്നാണ് വിവരം.

 

മലപ്പുറത്ത് പ്രതിപക്ഷമില്ലാതെ മുസ്ലിംലീഗ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ ആറ് മാസത്തിലൊരിക്കൽ പ്രതിപക്ഷ പാര്‍ട്ടികളെ കൂടി പങ്കെടുപ്പിച്ച് വികസന സഭ സംഘടിപ്പിക്കണമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർദേശം നല്കി. പ്രതിപക്ഷം എന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. പ്രതിപക്ഷം പറയേണ്ട കാര്യങ്ങൾ പാർട്ടി ശ്രദ്ധയിൽപ്പെടുത്തുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.

 

തൊടുപുഴ നഗരസഭാധ്യക്ഷ സ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസിൽ കലഹം. കോൺഗ്രസ് നേതൃത്വത്തിനെതിരെ തൊടുപുഴയിൽ പ്രതിഷേധ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. റബ്ബർ സ്റ്റാമ്പ് ചെയർപേഴ്സിനെ തൊടുപുഴയ്ക്ക് വേണ്ടെന്നാണ് പോസ്റ്ററിൽ പറയുന്നത്. ലിറ്റി ജോസിനെ നഗരസഭാ അധ്യക്ഷ ആക്കാനുള്ള നീക്കത്തിനെതിരെയാണ് ‘കോൺഗ്രസ് പ്രവർത്തകർ’ എന്ന പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

 

മേയര്‍ സ്ഥാനത്തെ ചൊല്ലി ഉയര്‍ന്ന അഭിപ്രായ ഭിന്നതയില്‍ പുകഞ്ഞ് കോണ്‍ഗ്രസ്. ദീപ്തി മേരി വര്‍ഗീസിന് മേയര്‍ സ്ഥാനം നിഷേധിച്ച നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് എറണാകുളം ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍. കെപിസിസി മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ നടത്തിയ പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദീപ്തി മേരി വര്‍ഗീസ് കെപിസിസി പ്രസിഡന്‍റിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കെപിസിസി വിഷയത്തില്‍ ഇടപെടില്ലെന്നാണ് സൂചന.

 

കൊച്ചി മേയർ സ്ഥാനം കൈവിട്ട് പോയതിന് പിന്നാലെ കടുത്ത അതൃപ്തിയുമായി ദീപ്തി മേരി വർഗീസ്. ഇനി മേയർ സ്ഥാനത്തേക്കില്ല എന്നാണ് ദീപ്തിയുടെ നിലപാട്. കൊച്ചി മേയർ ആകാം എന്ന് കരുതിയല്ല താൻ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയതെന്നും കെപിസിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു എന്ന പരാതി തനിക്കുണ്ടെന്നും കൂടുതൽ കൗൺസിലർമാരുടെ പിന്തുണ തനിക്ക് ഉണ്ടായിരുന്നു. എന്നാൽ രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം നിരസിക്കപ്പെട്ടുവെന്നും രാഷ്ട്രീയപ്രവർത്തനവും സംഘടനാ ചുമതലകളുമായി മുന്നോട്ടു പോകും എന്നും ദീപ്തി മേരി വർഗീസ് പ്രതികരിച്ചു.

 

കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കാത്തതിൽ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കല്യാണം കഴിച്ച് കൊടുക്കുന്ന വിചിത്ര നടപടിയാണ് ഉണ്ടായത് എന്നായിരുന്നു അജയ് തറയിലിന്റെ വിമർശനം. കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ നടന്നത് ഗ്രൂപ്പുകളുടെ നഗ്നനൃത്തമാണ്. ഡിസിസി പ്രസിഡൻ്റ് ഏകപക്ഷീയമായി പെരുമാറിയെന്നും അജയ് തറയില്‍ വിമർശിച്ചു.

 

കൊച്ചി മേയറെ തീരുമാനിച്ച നടപടിയിൽ അതൃപ്തി പരസ്യമാക്കി കെപിസിസി ജനറൽ സെക്രട്ടറി എം ആർ അഭിലാഷ്. കെപിസിസി ജനറൽ സെക്രട്ടറിക്ക് ദേശാഭിമാനി പത്രത്തിന്റെ വിലപോലും കൊടുത്തില്ലെന്നും മേയർ തെരഞ്ഞെടുപ്പിൽ ചിലരുടെ വ്യക്തി താൽപര്യങ്ങൾ പ്രതിഫലിച്ചുവെന്നും മേയറെയും ഡെപ്യൂട്ടി മേയറെയും തീരുമാനിക്കാൻ നിയോഗിച്ച കോർ കമ്മിറ്റി അംഗമായ എം ആർ അഭിലാഷ് ആരോപിച്ചു. മാനദണ്ഡങ്ങൾ എന്തുകൊണ്ട് ലംഘിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവും ഡിസിസി പ്രസിഡന്റും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

തിരുവനന്തപുരം മേയറെ ബിജെപി ഇന്ന് തീരുമാനിക്കും. വി വി രാജേഷാണോ ആർ ശ്രീലേഖയാണോ എന്നതിൽ ആകാംക്ഷ തുടരുകയാണ്. മറ്റൊരു സർപ്രൈസ് പേര് വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. ബിജെപിയിൽ ചർച്ചകൾ തുടരുകയാണ്. മേയര്‍ ആരാകുമെന്നതിൽ സസ്പെന്‍സ് തുടരട്ടെയെന്നാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

 

യുഡിഎഫ് വമ്പൻ നേട്ടം കൊയ്ത കോട്ടയത്ത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനത്തേക്ക് സമവായത്തിലെത്താൻ കഴിയാതെ നേതൃത്വം. ജില്ലാ പഞ്ചായത്തിലും കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലും ഒന്നിലധികം പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ആദ്യ ടേമിൽ കേരള കോൺഗ്രസിന് നൽകുന്ന പഞ്ചായത്തുകൾ സംബന്ധിച്ചും ധാരണയായിട്ടില്ല.

 

ഈരാറ്റുപേട്ട നഗരസഭയിൽ കോൺഗ്രസ്-മുസ്ലിം ലീഗ് തർക്കം. നഗരസഭ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയാണ് തർക്കം. നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ വൈസ് ചെയർമാൻ സ്ഥാനം മാത്രം നൽകാമെന്നാണ് മുസ്ലിം ലീഗ് നിലപാട്. ചെയർപേഴ്സൺ സ്ഥാനം ഇല്ലെങ്കിൽ ഭരണത്തിന്‍റെ ഭാഗമാകാനില്ലെന്ന കടുത്ത നിലപാടിലാണ് കോൺഗ്രസ്. ജില്ലാ നേതൃത്വം ഇടപെട്ടിട്ടും രണ്ട് പാർട്ടികളും വിട്ടുവീഴ്ചയ്ക്ക് ഇതുവരെ തയ്യാറായിട്ടില്ല.

 

സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്നും ആർക്കൊക്കെ പദവി നൽകണം, ആരയൊക്കെ ചേർക്കണം എന്നൊന്നും രാഷ്ടീയക്കാർ സമസ്ത നേതൃത്വത്തോട് പറയരുത്‌, അതൊക്കെ തീരുമാനിക്കാൻ യോഗ്യരായ നേതൃത്വം സമസ്തക്കുണ്ടെന്നും മുശാവറ അംഗം ഉമർ ഫൈസി മുക്കം വ്യക്തമാക്കി. സമസ്ത ജാഥയിൽ മലപ്പുറം തിരൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്തയെ ചുരുട്ടി മടക്കി തങ്ങളുടെ കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും രാഷ്ട്രീയക്കാരും ഭരണാധികാരികളും കരുതേണ്ടതില്ലെന്ന് തിരൂർ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കുറുക്കോളി മൊയ്തീനും പറഞ്ഞു.

 

നാഷണൽ ഹൈവേ അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവുമായി ഡോ. ശശി തരൂർ എം.പി നടത്തിയ നിർണ്ണായക ചർച്ചകൾക്കൊടുവിൽ ദേശീയപാത 66 വികസനത്തിൻ്റെ ഭാഗമായി തിരുവനന്തപുരം കുമരിച്ചന്തയിൽ നിർമ്മിക്കുന്ന വെഹിക്കുലർ അണ്ടർപാസിൻ്റെ വിസ്തീർണം വർദ്ധിപ്പിക്കാൻ തീരുമാനമായി. പദ്ധതിയുടെ തുടക്കത്തിൽ 20 മീറ്റർ വീതിയുള്ള ഒരൊറ്റ സ്പാൻ മാത്രമുള്ള അണ്ടർപാസ് ആയിരുന്നു വിഭാവനം ചെയ്തിരുന്നത്.തുടർന്ന്, നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ 30 മീറ്റർ വീതമുള്ള 3 സ്പാനുകൾ എന്ന പുതിയ നിർദ്ദേശത്തിന് എൻ.എച്ച്.എ.ഐ അംഗീകാരം നൽകുകയായിരുന്നു.

 

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ എസ്ഐടി സംഘം ബെല്ലാരിയിൽ. ഗോവർധന്റെ റൊഡ്ഡം ജ്വല്ലറിയിൽ സംഘം പരിശോധന നടത്തി. ഗോവർധനെ പ്രത്യേക സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇത് രണ്ടാം തവണയാണ് എസ്ഐടി സംഘം ബെല്ലാരിയിൽ എത്തുന്നത്. നേരത്തെ പരിശോധനയിൽ സ്വർണം പിടിച്ചെടുത്തിരുന്നു. അതേ സമയം, സ്വർണ്ണക്കടത്തിൽ ഡി മണിയെ പൊലീസ് ചോദ്യം ചെയ്യും. എസ്ഐടി സംഘം ഇന്ന് രാവിലെ ചെന്നൈയിലെത്തിയിരുന്നു. ഡി. മണി എന്നത് യഥാർത്ഥ പേരല്ല എന്നാണ് പൊലീസ് പറയുന്നത്.

 

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും. ഇരുവരും കൊല്ലം വിജിലൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. എ പത്മകുമാർ പ്രസിഡൻ്റായിരുന്ന ബോർഡിൽ ഇരുവരും അംഗങ്ങളായിരുന്നു. കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ഇതിനെ തുർന്ന് അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെയാണ് ഇരുവരുടെയും മുൻകൂർ ജാമ്യ നീക്കം.

 

കരോൾ സംഘത്തിനെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിൽ 2500 യൂണിറ്റിലും ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും. ആർഎസ്എസിന് തടയാൻ ചങ്കൂറ്റമുണ്ടെങ്കിൽ അതിനെ ആ രീതിയിൽ കൈകാര്യം ചെയ്യുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. കരോൾ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം മതസൗഹാർദ്ദം തകർക്കാനുള്ള ആർഎസ്എസ്- ബിജെപി നീക്കമെന്ന് കോൺഗ്രസും വിമർശിച്ചു.

 

ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവം’ പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ മുഖ്യാതിഥിയാകും.

 

ഗുരുവായൂർ മുനിസിപ്പാലിറ്റി ഒഴിഞ്ഞ ബിയർ കുപ്പികൾ കൊണ്ട് നിർമ്മിച്ച ക്രിസ്മസ് ട്രീക്കെതിരെ പ്രതിഷേധവുമായി യുഡിഎഫ്. ഗുരുവായൂർ ഈസ്റ്റ് ഗേറ്റിന് സമീപമുള്ള എ.കെ.ജി മെമ്മോറിയൽ ഗേറ്റിലാണ് മുനിസിപ്പാലിറ്റി ക്രിസ്മസ് ട്രീ സ്ഥാപിച്ചത്. ഒഴിഞ്ഞ മദ്യക്കുപ്പി കൊണ്ട് ക്രിസ്മസ് ട്രീ സ്ഥാപിച്ചതിനെതിരെ കോൺഗ്രസ് കൗൺസിലർ രംഗത്തെത്തി. ക്രിസ്മസ് ആഘോഷത്തിനായി മദ്യക്കുപ്പികൾ ഉപയോഗിക്കുന്നത് അനുചിതമാണെന്ന് ആരോപിച്ച് മറ്റ് പാർട്ടി നേതാക്കളും പിന്നീട് പ്രതിഷേധത്തിൽ പങ്കെടുത്തു.

 

നിർമ്മാണത്തിലിരുന്ന എൻ എച്ച് 66 റോഡിൽ കൂറ്റൻ വിള്ളൽ വീണതിന് പിന്നാലെ എംസി റോഡും തകർച്ചയിലേക്ക്. റോഡാകെ വിണ്ടു കീറാൻ തുടങ്ങി. റോഡിന് ബലക്ഷയം വ്യാപകമെന്നാണ് റിപ്പോർട്ട്. സർവേ നടത്തി റോഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തിരമായി നടത്തണമെന്നും റിപ്പോർട്ടിലുണ്ട്. അറ്റകുറ്റപ്പണി ഉടൻ വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിപി എഞ്ചിനീയറിങ് വിഭാഗം സർക്കാരിന് കത്ത് നൽകി.

 

ട്രെയിൻ യാത്രയ്ക്കിടയിൽ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു. സമസ്തി പൂരിൽ മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പോകുമ്പോഴായിരുന്നു കവർച്ച. ബാഗിൽ ഉണ്ടായ സ്വർണാഭരണങ്ങളും 40,000 രൂപയും മൊബൈൽ ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്. മഹിളാ അസോസിയേഷന്‍റെ ബിഹാർ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് പി കെ ശ്രീമതി കൊൽക്കത്തയിൽ നിന്ന് സമസ്ത പൂരിലേക്ക് ട്രെയിൻ യാത്ര നടത്തിയത്.

 

ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഇന്നലെ രാവിലെയാണ് പി ടി കുഞ്ഞുമുഹമ്മദ് കൻ്റോൺമെൻ്റ് സ്‌റ്റേഷനിൽ ഹാജരായത്. കുഞ്ഞുമുഹമ്മദിന് കോടതി നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു. കോടതി നിർദ്ദേശ പ്രകാരം സ്റ്റേഷൻ ജാമ്യത്തിലാണ് കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചത്. വനിതാ ചലച്ചിത്ര പ്രവർത്തകയാണ് മുൻ എംഎൽഎ കൂടിയായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്.

 

തിരുവനന്തപുരത്ത് വർക്കലക്ക് സമീപം അകത്തുമുറി സ്റ്റേഷനിൽ വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. കാസർകോട് തിരുവനന്തപുരം വന്ദേഭാരത് ആണ് ഓട്ടോയിൽ ഇടിച്ചത്. ഒരു മണിക്കൂറിനു ശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. കല്ലമ്പലം സ്വദേശി സുധിയാണ് ഓട്ടോ ഡ്രൈവർ. ഇയാൾ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. സുധിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

 

നെടുമങ്ങാട് പത്താം കല്ലിന് സമീപം പിക് അപ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകനും മരിച്ചു. അരുവിക്കര തമ്പുരാൻപാറ സ്വദേശി പ്രേമകുമാരി (54), മകൻ ഹരികൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. അമിത വേഗതയിലെത്തിയ പിക്ക് അപ് റോങ്ങ് സൈഡിലേക്ക് കയറി ഇവർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

 

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 8.55 നു ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിക്ഷേപിച്ചു. എൽവിഎം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. അമേരിക്കൻ കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്റെ ബ്ലൂബേർഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്.

 

ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ന്യായീകരണവുമായി ഇന്ത്യൻ റെയിൽവേ. പുതിയ നിരക്ക് പ്രകാരം, ഓർഡിനറി ക്ലാസിൽ 215 കിലോമീറ്ററിനപ്പുറമുള്ള യാത്രകളിൽ യാത്രക്കാർക്ക് കിലോമീറ്ററിന് 1 പൈസ അധികമായി നൽകണം. ഭൂരിഭാഗം ട്രെയിൻ യാത്രികരും ശരാശരി സഞ്ചരിക്കുന്നത് 154 കിലോമീറ്റർ ദൂരം മാത്രമാണെന്നും ടിക്കറ്റ് വർധന ഭൂരിഭാഗം പേരെയും ബാധിക്കില്ലെന്നാണ് റെയില്‍വേയുടെ വിശദീകരണം.

 

ഉന്നാവ് പീഡനക്കേസ് പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിംഗ് സെൻഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ദില്ലി ഹൈക്കോടതി മരവിപ്പിച്ചു. ക‌ർശന ഉപാധികളോടെയാണ് കുൽദീപ് സിംഗ് സെൻഗറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സുബ്രഹ്‌ണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. ആരോഗ്യകാരണങ്ങൾ അടക്കം ചൂണ്ടിക്കാട്ടി സെൻഗർ സമർപ്പിച്ച ഹർജിയിലാണ് ജാമ്യം.

 

ക്രിസ്ത്യൻ പള്ളിയിലെ പാസ്റ്ററെ ഭീഷണിപ്പെടുത്തുകയും ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങളെ ലക്ഷ്യമിട്ട് അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്നാരോപിച്ച് സത്യനിഷ്ഠ ആര്യ എന്ന വ്യക്തിക്കെതിരെ കോറമംഗല പൊലീസ് സ്റ്റേഷനിൽ പരാതി. പ്രതി മനഃപൂർവം പള്ളിയിൽ പ്രവേശിച്ച് പരിപാടി തടസ്സപ്പെടുത്തുകയും പാസ്റ്ററെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

 

രാജ്യം വിട്ട വ്യവസായി വിജയ് മല്യയോട് സുപ്രധാന ചോദ്യവുമായി ബോംബെ ഹൈക്കോടതി. ഇന്ത്യയിലേക്ക് എപ്പോൾ തിരിച്ചു വരാനാണ് ഉദ്ദേശിക്കുന്നതെന്നും കോടതിയുടെ അധികാര പരിധിയില്‍ എത്താതെ ഫ്യൂജിറ്റീവ് ഇക്കണോമിക് ഓഫ്‌ഫെന്‍ഡേഴ്‌സ് ആക്ട് (FEO Act) ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. തനിക്കെതിരെ ഫ്യൂജിറ്റീവ് ഇക്കണോമിക് ഓഫ്‌ഫെന്‍ഡര്‍ എന്ന് പ്രഖ്യാപിച്ച ഉത്തരവ് ചോദ്യം ചെയ്തും 2018ലെ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തും രണ്ട് ഹര്‍ജികളാണ് വിജയ് മല്യ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

 

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് യുവതിയെ ബലാത്സംഗം ചെയ്തെന്ന എപ്സ്റ്റീൻ ഫയലിലെ പരാമർശം തള്ളി നീതിന്യായ വകുപ്പ്. സ്ഥിരീകരിക്കാൻ സാധിക്കാത്ത ആരോപണമെന്ന രീതിയിലാണ് ട്രംപിനെതിരായ ബലാത്സംഗ ആരോപണം എപ്സ്റ്റീനിൽ ഉൾപ്പെട്ടത്. ഈ ആരോപണം ശരിയല്ലെന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയത്. ട്രംപ് വർഷങ്ങൾക്ക് മുൻപ് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാമർശം. ചൊവ്വാഴ്ചയാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്ത് വിട്ടത്. ഇതിൽ ഫെഡറൽ അന്വേഷണ സംഘങ്ങൾക്ക് നൽകിയ മൊഴികളും ഉൾപ്പെട്ടിരുന്നു. ഇതിലാണ് ട്രംപിനെതിരായ ആരോപണം ഉൾപ്പെടുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *