മലപ്പുറത്തിന്റെ മലയോര പ്രദേശമായ കരുവാരകുണ്ട് മേഖലയിൽ ശക്തമായ മഴയെ തുടർന്ന് മലവെള്ളപ്പാച്ചിൽ. ഒലിപ്പുഴ, കല്ലൻ പുഴ തുടങ്ങിയ പുഴയിലും തോടുകളിലുമാണ് വലിയ മലവെള്ളപ്പാച്ചിലുണ്ടായത്. കേന്ദ്ര കാലാവസ്ഥാവകുപ്പ് മലപ്പുറത്തിന് പുറമേ പാലക്കാടും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുമുണ്ട്. ശക്തമായ മഴ പെയ്യുന്ന പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ കരുതിയിരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
