Your paragraph text 3

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് കത്ത് നൽകി. മുഹമ്മദ് റിയാസിനെതിരെയും വീണക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നും കത്തിൽ ആവശ്യപ്പെടുന്നു. അതേസമയം, ഇഡിയുടെ കത്തിൽ ഡിജിപി നിയമോപദേശം തേടും.

‎സംസ്ഥാനത്ത് ഇന്നും അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകും. കൊടും ചൂടിൽ വൈദ്യുതി ആവശ്യകത ഉയര്‍ന്നതും ആവശ്യത്തിന് അനുസരിച്ച് വൈദ്യുതി കിട്ടാനില്ലാത്തതുമാണ് കാരണം.

‎തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സി പി എം വിശാല സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിച്ച കരട് റിപ്പോർട്ടിനെ സംബന്ധിച്ച് പാർട്ടിയിൽ വലിയ ആശയക്കുഴപ്പവും രൂക്ഷവിമർശനവും. രണ്ടാം ദിവസത്തിലേക്ക് കടന്ന സി പി എം. സംസ്ഥാന സമിതി യോഗത്തിലാണ് വിശാല സമിതിക്കായി സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കരട് റിപ്പോർട്ടിനെതിരെ നേതാക്കൾ രംഗത്തെത്തിയത്.

‎വാർത്താ‌ചോർച്ച തടയാൻ സംസ്ഥാന സമിതി അംഗങ്ങളുടെ ഫോൺ വിവരങ്ങളെടുക്കാൻ സമ്മതപത്രം ഒപ്പിട്ട് വാങ്ങി സിപിഎം.. വിശാല സംസ്ഥാന സമിതി നടക്കാനിരിക്കെയാണ് ഈ അസാധാരണ നടപടി. തിരുവനന്തപുരം ജില്ലാ നേതൃത്വമാണ് അംഗങ്ങളിൽ നിന്നും സമ്മതപത്രം ഒപ്പിട്ടുവാങ്ങിയത്.

‎കാന്തപുരം വിവാദവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ വിമർശനവുമായി സമസ്ത എപി സുന്നി വിഭാഗത്തിൻ്റെ മുഖപത്രമായ സിറാജിൽ ലേഖനം. തോൽവി ഇടതുപക്ഷത്തിന് അണികൾ നൽകിയ ശിക്ഷയാണെന്നും ഇതിൻ്റെ അരിശം പാർട്ടി പ്രവർത്തകരോടും സമുദായ സംഘടനകളോടും തീർക്കുന്നതിന് പകരം രോഗത്തിന് ചികിത്സിക്കുന്നതാണ് നല്ലതെന്നും ലേഖനത്തിൽ വിമർശനം.

‎ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ പാർട്ടി നിർദേശത്തെ വെല്ലുവിളിച്ച രമ്യ ഹരിദാസ് എം എൽ എയുടെ നടപടിയിൽ കടുത്ത അതൃപ്തി പരസ്യമാക്കി കെ പി സി സി പ്രസിഡന്‍റ് സണ്ണി ജോസഫ്. പാളയം പ്രദീപിനെ, അഡീഷണൽ പി എ ആയി നിയമിക്കാനായി കത്ത് കൊടുത്തത് അഭികാമ്യമല്ലെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

‎സ്പീക്കറുടെ ഓഫീസിനെ സംശയത്തിൽ ആക്കുന്ന ഇടപെടൽ അംഗീകരിക്കില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്പീക്കറുടെ ഓഫീസിന്‍റെ ഇൻഡിപെൻഡൻസിനെ ചോദ്യം ചെയ്യാൻ പാടില്ല, നിയമപരമായ പരിഹാരം ഉണ്ടാക്കുന്നതിന് മറ്റു മാർഗ്ഗങ്ങളുണ്ട്, രമ്യ ഹരിദാസ് നൽകിയ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും സ്പീക്കർ വ്യക്തമാക്കി.


‎ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ പാർട്ടി കടുപ്പിച്ചതോടെ രമ്യ ഹരിദാസ് അയയുന്നുവെന്ന് സൂചന. പാളയം പ്രദീപിനെ അഡീഷണൽ സ്റ്റാഫാക്കണമെന്നാവശ്യപ്പെട്ട് ഇതുവരെ കത്ത് നൽകിയില്ല. ഇന്ന് വീണ്ടും കത്ത് നൽകാൻ ആയിരുന്നു തീരുമാനം.

‎രമ്യ ഹരിദാസ് എം എൽ എയ്ക്കെതിരെ കെ മുരളീധരൻ. പാർട്ടി നടപടി എടുത്താൽ എംഎൽഎ ആയാലും ആരായാലും ബാധകമെന്നായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.

‎കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുതെന്ന് ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി. സംഘപരിവാർ ആശയങ്ങളുടെ സ്വാധീനത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു

‎ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ. നിർമാണം നടക്കുന്ന മേഖലകളിൽ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കും. പൊലീസ്, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ദേശീയപാതാ അതോറിറ്റി അധികൃതരും പങ്കെടുക്കും.

‎ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകി പരാതിക്കാരനായ പ്രവാസി വ്യവസായി ദിനേശ് മേനോന്റെ അഭിഭാഷകൻ. പാലാ സീറ്റ് ഒഴിവുള്ളതായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

‎കൊച്ചിയിൽ നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി. ഇടപ്പള്ളി ജംഗ്ഷന് സമീപം കളമശ്ശേരി തേവര റൂട്ടിൽ ഓടുന്ന കൃതിക ബസ് ഡ്രൈവറാണ് ഇറങ്ങിപ്പോയത്. ക്ലീനറുമായി തർക്കം ഉണ്ടായതിനെ തുടർന്നാണ് ബസ് നിർത്തിയുള്ള ഡ്രൈവർ ഇറങ്ങിപ്പോയത്.

‎കോഴിക്കോട് നഗരത്തിലെ പ്രമുഖ മള്‍ട്ടിപ്ലക്സ് തിയറ്ററുകളിലെ കഫേകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷ വകുപ്പുകള്‍ സംയുക്തമായി മിന്നല്‍ പരിശോധന നടത്തി.

‎അമ്പലപ്പുഴ എം എൽ എ ജി സുധാകരനെതിരെ വിമർശനവുമായി മുൻ എം എൽ എയും സി പി എം നേതാവുമായ എച്ച് സലാം. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സലാമിന്റെയും പാർട്ടിയുടെയും പേരിൽ പിരിച്ച ലക്ഷങ്ങളുടെ കണക്ക് പുറത്തുവിടാൻ തയ്യാറാണോയെന്ന് അദ്ദേഹം ചോദിച്ചു

‎ലോട്ടറി ടിക്കറ്റിന്‍റെ അവസാന നമ്പര്‍ ലെഡ് പെന്‍സില്‍ ഉപയോഗിച്ച് തിരുത്തി സമ്മാനത്തുക തട്ടിയെടുത്തയാൾ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസിന്‍റെ പിടിയില്‍. കൊല്ലം പുനലൂര്‍ സ്വദേശ് ഷാജ് (56) ആണ് അറസ്റ്റിലായത്.

‎കണ്ണൂർ മാങ്ങാട്ടിടത്തെ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. മാങ്ങാട്ടിടം സ്വദേശി ജ്യോതിഷ (27) യെ ഭർത്താവ് പാതിരിയാട് സ്വദേശി സജിൽ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

‎വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ. അഴീക്കോട്‌ മീൻകുന്ന് സ്വദേശി ഫസൽ ആണ് കണ്ണൂർ സിറ്റി പൊലീസിന്‍റെ പിടിയിലായത്. 1997ൽ അഴീക്കോട്‌ സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഫസൽ അറസ്റ്റിലായിരുന്നു.

‎തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നടത്തിയ മിസ, സർക്കാരിയ കമ്മീഷൻ പരാമർശങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷമായ ഡിഎംകെ നടത്തിയ ബഹളത്തെ തുടർന്ന് ഇന്നും നിയമസഭയിൽ കടുത്ത വാക്കേറ്റവും കയ്യാങ്കളിയും. അന്വേഷണത്തിലുള്ള കേസുകളിൽ പരാമർശം നടത്തുന്നത് കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണെന്നും അഭിപ്രായം ഉയർന്നു.

‎പാൻമസാല പരസ്യത്തിൽ അഭിനയിച്ചതിന് ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച നടപടിക്കെതിരെ പാൻമസാല കമ്പനി. ബോളിവുഡ് താരങ്ങൾക്കെതിരായ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി നിർത്തണമെന്ന് ആവശ്യപ്പെട്ട് കമ്പനി ദില്ലി ഹൈക്കോടതിയെ സമീപിച്ചു.

‎ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലായതിനാൽ ജാഗ്രത തുടരണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

‎ഉത്തർപ്രദേശിൽ ഗർഭിണിയുമായി പോയ ആംബുലൻസ് റോഡിലെ കുഴിയിൽ കുടുങ്ങി ഗർഭസ്ഥ ശിശു മരിച്ചു. ഗധ്വാർ സ്വദേശി പ്രദീപ് സിങ്ങിന്റെയും നിധിയുടെയും കുഞ്ഞാണ് മരിച്ചത്.

‎കർണാടകയിലെ ആമസോൺ വെയർഹൗസുകളിലും അനുബന്ധ വിതരണ കേന്ദ്രങ്ങളിലും ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ കോടിക്കണക്കിന് രൂപയുടെ ഭക്ഷ്യോൽപ്പന്നങ്ങളും മരുന്നുകളും പിടിച്ചെടുത്തു. ആറ് കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.

‎ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ധാരണയുണ്ടാക്കാൻ തിരക്കിട്ട നീക്കവുമായി ഇന്ത്യ. ഇറാനും യുഎഇക്കും ഇടയിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാനാണ് ശ്രമം. രണ്ട് രാജ്യങ്ങളുടെയും പ്രസിഡന്‍റുമാരുമായി നരേന്ദ്ര മോദി പ്രത്യേകം ചർച്ച നടത്തും.


‎കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള വഴികളും തൊഴിൽ മേഖലയിലെ സഹകരണവും സംബന്ധിച്ച് സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ ഉയർന്നതല ചർച്ചകൾ നടന്നു. ഇന്ത്യൻ വിദേശകാര്യ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി കീർത്തി വർധൻ സിങ്, സൗദിയിലെ പ്രമുഖ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്.

‎കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ അപക്വവും അനാവശ്യവുമാണെന്നും, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ഒരു തീരുമാനവുമില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ബിജെപിയെ പരാജയപ്പെടുത്താൻ ഒന്നിച്ച് നിൽക്കാനാണ് ഇന്ത്യ സഖ്യത്തിലെ ധാരണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‎ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ദില്ലിയിൽ കനത്ത ജാഗ്രത. സെപ്തംബർ 12, 13 തീയതികളിലാണ് ബ്രിക്സ് ഉച്ചകോടി ദില്ലിയിൽ നടക്കുക. വെള്ളിയാഴ്ചയോടെ ലോകനേതാക്കൾ ദില്ലിയിലേക്ക് എത്തും.

‎പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി ബോംബെ ഹൈക്കോടതി. പ്രധാനമന്ത്രിയെ കളളന്മാരുടെ തലവൻ എന്ന് വിളിച്ചതിനെതിരെയായിരുന്നു കേസ്. 2018 ൽ രാജസ്ഥാനിലായിരുന്നു കേസിനാസ്പദമായ പരാമർശം.

‎പാരീസിലെ ഈഫൽ ടവർ തൊഴിലാളികളുടെ പണിമുടക്ക് മൂലം അടച്ചിട്ടു. ഇന്ത്യയിൽ നിന്നുള്ള ഹൈന്ദവ സംഘടനയായ ബാപ്സുമായി ബന്ധപ്പെട്ട നൂറോളം വരുന്ന പ്രതിനിധി സംഘം ഈഫൽ ടവറിൽ നടത്തിയ സ്വകാര്യ സന്ദർശനത്തിനിടെ ഏജൻസി നൽകിയ നിർദേശമാണ് ജീവനക്കാരുടെ പണിമുടക്കിലേക്ക് നയിച്ചത്.


‎പശ്ചിമ ബംഗാളിൽ ദുർഗാപൂജയോട് അനുബന്ധിച്ച് പുറത്തിറക്കിയ പരസ്യം വിവാദത്തിൽ. പൂജക്ക് ആശംസകൾ നേർന്നുള്ള സർക്കാർ പരസ്യമാണ് വിവാദത്തിലായത്. പരസ്യത്തിൽ ഉപയോഗിച്ച ദുർഗയുടെ ചിത്രത്തിൽ 11 കൈകൾ ഉണ്ടായിരുന്നു. പത്ത് കൈകളാണ് വേണ്ടത്. ഇതോടെ മുഖ്യമന്ത്രി സുവേന്ദു അധികാരി പരസ്യമായി മാപ്പ് പറഞ്ഞു.


‎കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ ഇടപെടൽ തേടി പ്രതിപക്ഷത്ത് നിന്നുള്ള 32 എംപിമാർ. കുറ്റക്കാർക്കെതിരെ കർശനനടപടി ഉണ്ടാകുമെന്ന് പാ‍ർലമെന്റിൽ മന്ത്രിമാർ നൽകിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

‎കാവേരി തർക്കത്തിൽ തമിഴ്‌നാടിന്റെ കടുത്ത എതിർപ്പുകൾ തുടരുന്നതിനിടെ നിർദിഷ്ട മേകേദാട്ടു പദ്ധതിയുമായി മുന്നോട്ടുപോകാൻ ഉറച്ച് കർണാടക സർക്കാർ. പദ്ധതിയുടെ പുതുക്കിയ ഡിപിആർ കർണാടകം കേന്ദ്ര ജല കമ്മീഷന് സമർപ്പിച്ചു.

‎സൗദിയിൽ ഇറാൻ പിന്തുണയുള്ള യെമനി ഹൂതികളുടെ കനത്ത ആക്രമണം. നാല് നഗരങ്ങളെയും സുപ്രധാന എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെയും ആക്രമിച്ചു. 73 സാധാരണക്കാർക്ക് പരിക്കേറ്റു. സൗദിയിൽ ഒരിടവും സുരക്ഷിതമായിരിക്കില്ലെന്ന ഭീഷണിയും ഹൂതികൾ മുഴക്കി.

‎ജൂനിയർ ക്രിക്കറ്റിൽ ജനന തീയതി തിരുത്തി പ്രായ തട്ടിപ്പ് കാണിച്ചവര്‍ക്കെതിരെ കർശന നടപടിയുമായി ബിസിസിഐ. പ്രായത്തിൽ ക്രമക്കേട് കാട്ടിയതിനെ തുടർന്ന് അണ്ടർ-19 ഇന്ത്യൻ ടീമിൽ നിന്ന് ലെഗ് സ്പിന്നർ രോഹിത് യാദവിനെ പുറത്താക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *