ടെലിവിഷന്‍, ഹോം അപ്ലയന്‍സ് വിഭാഗങ്ങളിലുള്ള ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ സാംസങ് ഇന്ത്യ. ചെലവ് വര്‍ധിച്ചതും വിശാലമായ പുനഃസംഘടനയും അടക്കമുള്ളവയാണ് നീക്കത്തിന് പിന്നില്‍. 80 മുതല്‍ 100 വരെ എക്സിക്യൂട്ടീവുകളെ കമ്പനി പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഘട്ടം ഘട്ടമായുള്ള പിരിച്ചുവിടല്‍ ഡയറക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ടീം ലീഡര്‍മാര്‍ ബ്രാഞ്ച്, ഏരിയ മാനജര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ വിവിധ തലങ്ങളിലുള്ള ജീവനക്കാരെ ബാധിക്കുമെന്നാണ് വിവരം. എഐ (നിര്‍മിതബുദ്ധി) മുന്നേറ്റത്തെത്തുടര്‍ന്ന് മെമ്മറി ചിപ്പുകളുടെ വില ഇരട്ടിയിലധികമായി വര്‍ദ്ധിച്ചത് ഇലക്ട്രോണിക് കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന സമയതാതണ് നീക്കം എന്നതാണ് ശ്രദ്ധേയം. രൂപയുടെ മൂല്യം, സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയിലുള്ള ഇടിവ്, അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വില എന്നിവയും കമ്പനികള്‍ക്കുമേല്‍ സമ്മര്‍ദം ഉണ്ടാക്കുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തിലെ ജീവനക്കാരെ പിരിച്ചുവിടലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
