ഇന്ത്യന്‍ കാര്‍ വിപണിയിലെ ഏറ്റവും ആവശ്യക്കാരുള്ള വിഭാഗം എസ്യുവികളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് മഹീന്ദ്രയുടെ എക്സ്യുവി 3 എക്സ്ഒ. ബുക്കിങ് ആരംഭിച്ച് ആദ്യ പത്തു മിനുറ്റില്‍ തന്നെ 27,000 ബുക്കിങാണ് എക്സ്യുവി 3 എക്സ്ഒയ്ക്ക് ലഭിച്ചത്. ഒരു മണിക്കൂര്‍ പൂര്‍ത്തിയാക്കും മുമ്പേ അരലക്ഷം ബുക്കിങ് സ്വന്തമാക്കി എക്സ്യുവി 3 എക്സ്ഒ റെക്കോഡ് സ്വന്തമാക്കുകയും ചെയ്തു. സബ് കോംപാക്ട് എസ് യു വി വിഭാഗത്തില്‍ പെടുന്ന വാഹനമാണ് മഹീന്ദ്രയുടെ എക്സ്യുവി 3 എക്സ്ഒ. ആകര്‍ഷണീയമായ ഡിസൈനും ആഡംബരം നിറഞ്ഞ ഇന്റീരിയറും മികച്ച ഫീച്ചറുകളും ആധുനിക സാങ്കേതികവിദ്യകളും ഉയര്‍ന്ന സുരക്ഷാ ഫീച്ചറുകളുമാണ് ഈ എസ് യു വിയെ തുടക്കത്തിലേ ഹിറ്റാക്കിയിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പാണ് 11,000 രൂപക്ക് എക്സ്യുവി 3 എക്സ്ഒ ബുക്കു ചെയ്യാനാകുമെന്ന് മഹീന്ദ്ര അറിയിച്ചത്. മെയ് 26 മുതല്‍ ബുക്കു ചെയ്ത ഉടമകള്‍ക്ക് വാഹനം വിതരണം ചെയ്യുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. സെഗ്മെന്റില്‍ ആദ്യമായി ലെവല്‍ 2 അഡാസ് ഫീച്ചറുകളും 10 അഡ്വാന്‍സ്ഡ് ഡ്രൈവിങ് അസിസ്റ്റ് ഫീച്ചറുകളും മോശം കാലാവസ്ഥയില്‍ സഹായത്തിനെത്തുന്ന റഡാര്‍ സാങ്കേതികവിദ്യയുമെല്ലാം ഈ എസ് യു വിയെ വേറിട്ടതാക്കുന്നുണ്ട്. കൂട്ടിയിടി മുന്നറിയിപ്പ് സംവിധാനവും ഓട്ടമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങും ഇതിലുണ്ട്. വിഭാഗത്തിലെ തന്നെ വലിയ സ്കൈ റൂഫും 360 ഡിഗ്രി സറൗണ്ട് വ്യൂ സിസ്റ്റവും ബ്ലൈന്‍ഡ് വ്യൂ മോണിറ്ററും പുതു അനുഭവങ്ങള്‍ സമ്മാനിക്കും.
ഒരു മണിക്കൂറിനുള്ളില്‍ അരലക്ഷം ബുക്കിംഗുമായി മഹീന്ദ്ര
