ഇന്ത്യയുടെ ഭാഗമാണോ കേരളം എന്ന സംശയം ജനിപ്പിക്കുന്നതാണ് കേന്ദ്രബജറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പരിഹസിച്ചു. രാജ്യത്തിന്റെ ആവശ്യങ്ങൾ വിസ്മരിച്ചുകൊണ്ട് കോർപ്പറേറ്റുകളുടെ താല്പര്യങ്ങൾ മാത്രം പരിഗണിച്ച് ആണ് ഇന്നത്തെ ബജറ്റ് പ്രഖ്യാപനം നടത്തിയത്. പാർലമെന്റ് തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രഖ്യാപനം ആയിട്ട് മാത്രമേ ഇന്നത്തെ ഇടക്കാല ബജറ്റിനെ കാണാൻ ആകൂ എന്നും വി ഡി സതീശൻ പറഞ്ഞു. ഇന്നത്തെ ബജറ്റ് തീർത്തും നിരാശാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പെട്രോൾ ഡീസൽ വില കുറച്ചില്ല, നാരീ ശക്തി എന്ന് അഭിമാനത്തോടെ പറയുമ്പോഴും ഗാർഹിക സിലിണ്ടറികളുടെ വില കുറയ്ക്കാൻ പോലും കേന്ദ്രസർക്കാർ തയ്യാറായില്ല. കർഷകസമൂഹത്തോടും തികച്ച അവഗണനയാണ് ഈ ബജറ്റ് കാണിച്ചത്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നുള്ള സ്ഥിരം പല്ലവി തന്നെയാണ് ഈ ബജറ്റിലും ഉൾപ്പെടുത്തിയിട്ടുള്ളതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
പാവങ്ങളോട് യാതൊരു കരുണയും കാണിക്കാതെ കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമുള്ള ബഡ്ജറ്റ് ആണ് ഇന്ന് കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പിനു മുൻപുള്ള ഇടക്കാല ബഡ്ജറ്റ് ആണ് ഇന്ന് അവതരിപ്പിച്ചത്. അടുത്ത പൊതു ബജറ്റും ഞങ്ങൾ തന്നെ അവതരിപ്പിക്കും എന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.