കാര്‍ഷിക സര്‍വകലാശാലയുടെ ജനറല്‍ കൗണ്‍സിലിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം നടത്തിയതില്‍ കൃഷിമന്ത്രി ടി. സിദ്ദിഖ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. സര്‍വകലാശാലയുടെ പ്രോ-ചാന്‍സലര്‍ എന്ന നിലയിലോ സര്‍ക്കാരിന്റെ ഭാഗമായ കൃഷിമന്ത്രി എന്ന നിലയിലോ തന്നോട് യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് നാമനിര്‍ദേശം ചെയ്തതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
നാടും നഗരവും ശ്രീകൃഷ്ണജയന്തി ആഘോഷം. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നാടെങ്ങും മനോഹരമായ ശോഭാ യാത്രകള്‍. ഉറിയടി മത്സരങ്ങളില്‍ പങ്കെടുത്ത് കുരുന്നുകള്‍.
മട്ടാഞ്ചേരിയില്‍ വന്‍ ലഹരിവേട്ട. ചക്കരയിടുക്കില്‍ രണ്ട് കിലോയ്ക്കടുത്ത് എംഡിഎംഎ പിടികൂടി. 36 കാരന്‍ നൗഫല്‍ അറസ്റ്റില്‍.
കേരളം പിഎം ശ്രീയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് അയക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എസ്എസ്‌കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയിലാണ് നിലപാട് അറിയിച്ചത്. ആര്‍ടിഇ പദ്ധതി ഒഴികെ ഉള്ള എസ്എസ്‌കെ ഫണ്ടുകള്‍ക്ക് പി എം ശ്രീ നിര്‍ബന്ധമാക്കുകയാണ് കേന്ദ്രം.
മള്‍ട്ടി പ്ലക്സ് തിയേറ്ററുകളില്‍ കുടിവെള്ളം തടയുകയും അവര്‍ ലഭ്യമാക്കുന്ന വെള്ളത്തിന് അമിത വില ഈടാക്കുകയും ചെയ്യുന്നതിനെതിരേ നടപടിയെടുക്കുമെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. പായ്ക്കു ചെയ്യാത്ത പോപ്കോണിന് അമിത വില ഈടാക്കുന്ന സംഭവത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
പാലാ നഗരസഭയിലെ കൂറുമാറിയ യുഡിഎഫ് കൗണ്‍സിലര്‍മാരെ അയോഗ്യരാക്കാന്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കൂറുമാറിയ കൗണ്‍ലിര്‍മാര്‍ ഈ മാസം 22ന് ഹാജരാകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേട്ടീസ് നല്‍കി. ചെയര്‍പേഴ്സണ്‍ മായ രാഹുല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ്.
മുഖ്യമന്ത്രിയും മന്ത്രിമാരും കോഴിക്കോട് ഐഐഎമ്മിലെ ക്ലാസ്റൂമില്‍. കേരളത്തിന്റെ വികസന സാധ്യകള്‍, എഐ അടക്കമുള്ളവയില്‍ സാങ്കേതിക പരിജ്ഞാനം എന്നിവ ലക്ഷ്യമിട്ടാണു പരിശീലനം.
തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ പരാജയത്തിന് ഒട്ടേറെ കാരണങ്ങളുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. പത്രക്കാര്‍ക്ക് പിണറായിയേയോ മറ്റേതെങ്കിലും നേതാവിനേയോ കുറ്റപ്പെടുത്തിയാല്‍ മതി. വലതുപക്ഷ സാധ്യതകളും വര്‍ഗീയ കൂട്ടുകെട്ടും പരാജയ കാരണമാണ്. പാര്‍ട്ടി നിലപാടിനൊപ്പം ജനങ്ങളെ അണിനിരത്താന്‍ സംഘടനാപരമായി വീഴ്ചയുണ്ടായി. ആ വീഴ്ച എല്ലാവരും ഷെയര്‍ ചെയ്ത് എടുക്കട്ടെയെന്നും എ വിജയരാഘവന്‍ പറഞ്ഞു.
കേരളത്തില്‍ പ്രതിപക്ഷ ഉപനേതൃ പദവി സിപിഎം, സിപിഐ നേതാക്കള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. പിണറായിയും മറ്റ് നേതാക്കളും പറഞ്ഞതില്‍ വൈരുദ്ധ്യമില്ലെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട സി പി എം – സി പി ഐ തര്‍ക്കം പൊതുവേദിയില്‍ ചര്‍ച്ചയാക്കേണ്ടതല്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. എല്‍ ഡി എഫിന് പരിഹരിക്കാവുന്ന വിഷയമേ ഉള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരു വര്‍ഷം മുമ്പ് നടന്ന പ്രസവശേഷമുള്ള ചികിത്സയിലെ പിഴവുമൂലം ഒരു വയസുള്ള കുട്ടിയുടെ ശരീരത്തില്‍ കുടുങ്ങിയ സൂചി കണ്ടെത്തി. കോഴിക്കോട് സ്വദേശി അഞ്ജു വിനീഷിന്റെ കുഞ്ഞിന്റെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയയിലൂടെ സൂചി പുറത്തെടുത്തു. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് മാതാപിതാക്കള്‍ പരാതി നല്‍കി.
ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടുകയാണെന്ന് കാന്തപുരം എ പി അബൂബകര്‍ മുസ്ലലിയാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. പ്രകോപനങ്ങളില്‍ വീഴരുതെന്നും പക്വതയോടെയും വിവേകത്തോടെയും ഇടപെടണമെന്നും കാന്തപുരം കുറിച്ചു.
കാന്തപുരത്തിന്റെ പ്രസ്താവന ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും ഭരണഘടനയ്ക്കു മുകളിലല്ല മത ശാസനയെന്നും പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മതവിശ്വാസികളോട് മാത്രമാണ് പ്രസ്താവന എന്ന കാന്തപുരം വിഭാഗം നേതാക്കളുടെ ന്യായീകരണവും മുതിര്‍ന്ന നേതാവ് തള്ളി.
കോടശ്ശേരി പഞ്ചായത്തിലെ ചായ്പന്‍കുഴി സര്‍ക്കാര്‍ യുപി സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു. അവധി ദിവസമായതിനാല്‍ ആളപമായമില്ല. സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗവും ഓപ്പണ്‍ സ്റ്റേജുമാണ് തകര്‍ന്നു വീണത്. മലയോര ഹൈവേ നിര്‍മ്മാണത്തിനു റോഡ് പൊളിച്ചിട്ട ഭാഗത്തെ മതിലാണ് ആദ്യം ഇടിഞ്ഞു വീണത്. പിറകേ ക്ലാസു നടത്തുന്ന കെട്ടിടഭാഗവും തകര്‍ന്നു.
വായ്പ കുടിശിക വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി കെഎസ്എഫ്ഇ. കുടിശ്ശികയുള്ളവര്‍ക്ക് പരമാവധി 60 ശതമാനം വരെ പലിശ ഇളവ് ലഭിക്കും. സെപ്റ്റംബര്‍ 7 മുതല്‍ വിമുക്തി 26 ആരംഭിക്കും. ചിട്ടികളിലും വായ്പകളിലും കുടിശ്ശിക വരുത്തിയവര്‍ക്ക് ആനുകൂല്യം ലഭിക്കും.
നഗരൂര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി. കോടതി ഉത്തരവുമായി കസ്റ്റഡിയിലുള്ള ബൈക്ക് തിരികെ വാങ്ങുന്നതിനായി ഉടമ സ്റ്റേഷനിലെത്തിയപ്പോഴാണ് വാഹനം കാണാനില്ലെന്ന വിവരം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
ലഹരി കച്ചവടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ കേസുകള്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എത്തുന്നു. പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസിന് പുറമേ കൂടുതല്‍ കേസുകളുടെ വിവരങ്ങള്‍ ഇ ഡി ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചു.
ആലപ്പുഴ ചുനക്കര കോമല്ലൂരില്‍ പ്രവര്‍ത്തിച്ചുവന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പൊതുജനങ്ങളില്‍നിന്ന് പണയമായി സ്വീകരിച്ച സ്വര്‍ണം തിരിമറി നടത്തി കോടികള്‍ തട്ടിയ കേസില്‍ ഒന്നാം പ്രതിയായ സ്ഥാപനയുടമ അറസ്റ്റിലായി. ചുനക്കര കോമല്ലൂരിലെ ശ്രീലകം ഫിനാന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയായ രാധാകൃഷ്ണ പിള്ളയാണ് പിടിയിലായത്.
പാലക്കാട് മെഡിക്കല്‍ കോളേജില്‍ മരുന്നും അടിസ്ഥാന സൗകര്യങ്ങളും ഇല്ലെന്നു ചൂണ്ടിക്കാട്ടി ഹൗസ് സര്‍ജന്മാരുടെ സമരം. ഇതിനിടെ പ്രതിഷേധവുമായി ജനങ്ങളും. മെഡിക്കല്‍ കോളേജിന്റെ ശോച്യാവസ്ഥക്കെതിരേ രോഗികളും കൂട്ടിരിപ്പുകാരും സമര രംഗത്തെത്തി.
ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന്റെ ഭാഗമായുള്ള ആദ്യ ആളില്ലാ ദൗത്യത്തിന്റെ വിക്ഷേപണം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന്‍ അറിയിച്ചു. ഈ ദൗത്യവുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പഞ്ചാബിലെ തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് (എസ്ഐആര്‍) ശേഷം പുറത്തിറക്കിയ കരട് വോട്ടര്‍പട്ടികയില്‍നിന്ന് കോണ്‍ഗ്രസ് എംപിയും പുറത്ത്. രണ്ടുവട്ടം പട്യാലയില്‍നിന്ന് ലോക്സഭാംഗമായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ധരംവീര ഗാന്ധിയാണ് കരട് പട്ടികയില്‍നിന്ന് പുറത്തായത്. കുടുംബാംഗങ്ങളുടെ പേരുകളും കരട് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്നും എംപി പറഞ്ഞു.
സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ‘ബിലോങ്ങിങ് എ ജേര്‍ണി ഓഫ് ലവ്’ എന്ന പുസ്തകം ഇന്ത്യയില്‍ ഹാര്‍പ്പര്‍ കോളിന്‍സ് പുറത്തിറക്കും. നവംബര്‍ 10 ന് പുസ്തകം പുറത്തിറങ്ങുമെന്ന് ഹാര്‍പ്പര്‍ കോളിന്‍സ് അറിയിച്ചു.
എയര്‍ഇന്ത്യയുടെ ഫുക്കെറ്റ്-ഡല്‍ഹി വിമാനം പറക്കുന്ന ഉയരത്തില്‍നിന്ന് പെട്ടെന്ന് താഴേക്കു പതിച്ച സംഭവത്തില്‍ പൈലറ്റിന്റെ ശരീരത്തില്‍ ലഹരിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
തമിഴ്നാട്ടില്‍ മദ്യത്തിന്റെ ചില്ലറവില്‍പ്പന സ്വകാര്യമേഖലയ്ക്ക് നല്‍കാന്‍ വിജയ് സര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ കീഴിലുള്ള തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ വഴി നടക്കുന്ന മദ്യ വില്പന സ്വകാര്യവത്ക്കരിക്കാനാണ് നീക്കം.
എസ്.എഫ്.ഐ. നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റുകള്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതിയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്റ്റേ ചെയ്തു.
പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്കു കോക്ക്റോച്ച് ജനതാപാര്‍ട്ടി മാര്‍ച്ച്. ജന്തര്‍ മന്തര്‍ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിയുടെ അച്ഛന്റെ തല അടിച്ചു പൊളിച്ചയാളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. മാര്‍ച്ച് പൊലീസ് തടഞ്ഞു.
ജമ്മു കശ്മീരിലെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ പാര്‍ക്കിങ്ങിനിടെ ഇന്‍ഡിഗോ വിമാനം തൂണിലിടിച്ച് അപകടം. നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ തൂണ്‍ ഒരു വശത്തേക്ക് ചരിഞ്ഞു.
മ്യാന്‍മറില്‍ വിമാനത്തിന് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയില്‍ അറസ്റ്റിലായ ഏഴ് വിദേശികള്‍. എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സായുധ സംഘങ്ങള്‍ക്ക് ഇവര്‍ പരിശീലനം നല്‍കിയെന്ന് കണ്ടെത്തല്‍.
യുക്രെയ്ന്‍ ഊര്‍ജ കമ്പനിയായ നാഫ്‌റ്റോഗ്യാസിന് 422 കോടി ഡോളര്‍ (ഏകദേശം 39,600 കോടി രൂപ) നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നോര്‍വേ ഒരു റഷ്യന്‍ കപ്പല്‍ പിടിച്ചെടുത്തു. 2014 ല്‍ റഷ്യ ക്രൈമിയ പിടിച്ചെടുത്തപ്പോള്‍, നാഫ്‌റ്റോഗ്യാസിന്റെ ആസ്തികളും വാതകപാടങ്ങളും പൈപ്പ് ലൈനുകളും കൈവശപ്പെടുത്തിയതിനാണ് ഈ നഷ്ടപരിഹാരം.
നേപ്പാള്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 1200 കടന്നു; 5,000 പേരെ കാണാനില്ലെന്ന് നേപ്പാള്‍ ദുരന്തനിവാരണ അതോറിറ്റി. സഹായ വിതരണം കഠിനതരമെന്ന് ഐക്യരാഷ്ട്രസഭ.
നേപ്പാളിലെ പ്രളയത്തില്‍ രസുവ ജില്ലയിലെ ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. ദുരന്തം സംഭവിച്ച് ഒന്‍പതുദിവസത്തിന് ശേഷമാണ് രണ്ടുപേരെ തുരങ്കത്തിനുള്ളില്‍നിന്ന് രക്ഷിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ 25 പാക് സൈനികരെ കൊലപ്പെടുത്തിയെന്നും മൂന്ന് സൈനിക വാഹനങ്ങള്‍ തകര്‍ത്തുവെന്നും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). രണ്ട് ആക്രമണങ്ങളിലായാണ് കൂട്ടക്കുരുതി നടത്തിയത്.
ഇന്ത്യന്‍ കമ്പനി ഉള്‍പ്പെടുന്ന പ്രതിരോധ കരാറുമായി ബന്ധപ്പെട്ട 70 മില്യണ്‍ യൂറോയുടെ അഴിമതി ആരോപണത്തിനു പിറകേ രാജിവച്ച് എസ്‌തോണിയന്‍ പ്രതിരോധമന്ത്രി ഹന്നോ പെവ്കര്‍. വെടിക്കോപ്പുകള്‍ വിറ്റ് യാതൊരു മുന്‍പരിചയവുമില്ലാത്ത ഇന്ത്യന്‍ കമ്പനിക്ക് ഏകദേശം 769 കോടി രൂപയുടെ കരാര്‍ നല്‍കിയതിലാണ് വന്‍ ക്രമക്കേട് ആരോപണം ഉയര്‍ന്നത്.
ഇറാനെതിരെ വലിയ ആക്രമണങ്ങളൊന്നും നടക്കുന്നില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ മാത്രമാണ് അമേരിക്ക നടത്തുന്നതെന്നാണ് വാന്‍സ് വിശദീകരിക്കുന്നത്.
.
പ്രായത്തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് താരം രോഹിത് യാദവിന് ബിസിസിഐ രണ്ടു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി.
വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഹോങ്കോംഗിനെ 137 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമി ഫൈനലില്‍ കടന്നു. ഓപ്പണര്‍ സ്മൃതി മന്ദാനയുടെ സെഞ്ചുറിയുടെ കരുത്തിലാണ് ഗ്രൂപ്പ് എ-യിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ വന്‍ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോംഗ് 56 റണ്‍സിന് ഓള്‍ ഔട്ടായി.
ജപ്പാനിലെ ഐച്ചി-നാഗോയയില്‍ ഈ മാസം നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ താരം വി.വി.എസ് ലക്ഷ്മണിനെ നിയമിച്ചു. മുന്‍ താരം സുനില്‍ ജോഷി, ഹൃഷികേശ് കനിത്കര്‍, പുതിയ ഫീല്‍ഡിംഗ് പരിശീലകന്‍ ശുഭദീപ് ഘോഷ് എന്നിവരാണ് സഹപരിശീലകര്‍.
അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സ്പാനിഷ് മധ്യനിര താരം മാര്‍ക്കോസ് ല്ലോറന്റെ. 31-ാം വയസില്‍ അപ്രതീക്ഷിതമായാണ് അത്‌ലറ്റിക്കോ മാഡ്രിഡ് താരം വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചത്.
യു.എസ്. ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ടു മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. 47 പൈസ ഉയര്‍ന്ന് 94.26 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ വിദേശനാണ്യം സമാഹരിക്കാനായതാണ് രൂപയ്ക്ക് കരുത്തായത്. ആര്‍.ബി.ഐ.യുടെ കണക്കുപ്രകാരം പ്രത്യേക നിക്ഷേപ പദ്ധതികളിലൂടെ 136.38 ബില്യണ്‍ ഡോളറാണ് സമാഹരിച്ചത്. ആഗോളതലത്തില്‍ ഡോളര്‍ സൂചികയിലുണ്ടായ ഇടിവും ഏഷ്യന്‍ കറന്‍സികളുടെ തിരിച്ചുവരവും രൂപയ്ക്ക് അനുകൂലമായി. എഫ്.സി.എന്‍.ആര്‍. വഴി 100 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അതിനേക്കാള്‍ കൂടുതല്‍ തുക ബാങ്കുകളിലെത്തി. ഡോളര്‍ സൂചിക 99.50-ന് താഴേക്ക് പതിച്ചതും ജപ്പാനീസ് യെന്നിലുണ്ടായ മുന്നേറ്റവും ഡോളറിന്റെ കരുത്തു കുറച്ചു. ഇതും ഏഷ്യന്‍ കറന്‍സികളിലുണ്ടായ ഉണര്‍വും രൂപയ്ക്ക് ഗുണകരമായി മാറിയിട്ടുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് എന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക നാഴികക്കല്ലായി തങ്ങളുടെ പുതിയ തലമുറ സാങ്കേതികവിദ്യയായ ജിപിടി-6 ആസ്ട്ര ഓപ്പണ്‍എഐ പുറത്തിറക്കി. മനുഷ്യനേക്കാള്‍ മികച്ച രീതിയില്‍ സങ്കീര്‍ണമായ വിവിധ ജോലികള്‍ ചെയ്യാന്‍ സോഫ്‌റ്റ്വെയറുകളെ പ്രാപ്തമാക്കുന്ന എജിഐയുടെ ആദ്യ ഘട്ടമായി ഈ മോഡല്‍ ഭാവിയില്‍ വിലയിരുത്തപ്പെടും. നിലവില്‍ കമ്പനിയുടെ ‘ഡേബ്രേക്ക്’ പ്രോഗ്രാമിലെ അംഗീകൃത ടെസ്റ്റര്‍മാര്‍ക്കും ബിസിനസ് ഉപഭോക്താക്കള്‍ക്കുമാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്. വൈകാതെ തന്നെ സൈബര്‍ സുരക്ഷാ ഗാര്‍ഡ്‌റെയിലുകളോടെ പെയ്ഡ് ചാറ്റ്ജിപിടി ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാക്കും. മനുഷ്യസഹായമില്ലാതെ തന്നെ ‘സീറോ-ഡേ എക്സ്പ്ലോയിറ്റുകള്‍’ കണ്ടെത്താനും വികസിപ്പിക്കാനും ശേഷിയുള്ള ഒരു ‘നിര്‍ണായക സൈബര്‍ സുരക്ഷാ പരിധി’ ജിപിടി-6 ആസ്ട്ര കൈവരിച്ചിട്ടുണ്ട്.
‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ‘വര്‍ണ്ണജാലമേ…’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. വിനായക് ശശികുമാറിന്റെ ഹൃദയഹാരിയായ വരികളും വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന മനംതൊടും ഈണവും കെ എസ് ഹരിശങ്കറിന്റേയും പൂര്‍ണ്ണിമ കണ്ണന്റേയും മധുരമാര്‍ന്ന ശബ്ദവുമായാണ് ഗാനം എത്തിയിരിക്കുന്നത്. ബോക്സ് ഓഫീസില്‍ സര്‍വ്വകാല കളക്ഷന്‍ റെക്കോര്‍ഡുകള്‍ കാറ്റില്‍പ്പറത്തി കുതിക്കുകയാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ് എ ഡി ഒരുക്കിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. ഇതിനകം 200 കോടി ക്ലബ്ബില്‍ കയറിയ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് ഡബ്ബ്ഡ് പതിപ്പ് കൂടി ഇന്ന് തിയറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. അതോടൊപ്പം തന്നെ ചിത്രത്തിലേതായി പുറത്തിറങ്ങിയ ‘സോള്‍മേറ്റ്സ്’ എന്ന ഹ്രസ്വചിത്രവും യൂട്യൂബില്‍ വൈറലായി കഴിഞ്ഞു.
പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘ഖലീഫ’ 50 കോടി ക്ലബില്‍. ചിത്രത്തിലെ നായക കഥാപാത്രമായ ആമിര്‍ അലിയായുള്ള പൃഥ്വിരാജ് സുകുമാരന്റെ മികച്ച പ്രകടനമാണ് ഖലീഫയുടെ ഹൈലൈറ്റ്. മാമ്പറക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തുന്ന മോഹന്‍ലാല്‍, ഐവര്‍ അലക്സാണ്ടര്‍ എന്ന അതിഥി കഥാപാത്രമായി എത്തുന്ന ടോവിനോ തോമസ് എന്നിവരുടെ സാന്നിധ്യവും ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യത സമ്മാനിച്ചിരുന്നു. ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷ്, തെലുങ്ക് താരം മാളവിക ശര്‍മ്മ, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകന്‍, വൈഷ്ണവി, റുഷിന്‍, ആനന്ദ് മന്മഥന്‍, ഡോണ്‍ മൈക്കല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ആണ് രണ്ടാം ഭാഗത്തിലെ നായകന്‍.
ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ മികച്ച വില്‍പ്പനയുമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. 2026 ഓഗസ്റ്റില്‍ 5,79,162 ഇരുചക്രവാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. 2025 ഓഗസ്റ്റില്‍ 5,34,861 യൂണിറ്റുകളായിരുന്നു വില്‍പ്പന. ഇതോടെ വാര്‍ഷിക വില്‍പ്പനയില്‍ 8.28 ശതമാനം വളര്‍ച്ചയാണ് ഹോണ്ട രേഖപ്പെടുത്തിയത്. ഓഗസ്റ്റില്‍ പ്രതിമാസ വില്‍പ്പനയിലും 6.67 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഓഗസ്റ്റില്‍ ഹോണ്ടയുടെ ആഭ്യന്തര വില്‍പ്പന 5,17,329 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 4,81,021 യൂണിറ്റുകളാണ് കമ്പനി വിറ്റത്. ഇന്ത്യയില്‍ നിന്ന് 2026 ഓഗസ്റ്റില്‍ ഹോണ്ട 61,833 ഇരുചക്രവാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. 2025 ഓഗസ്റ്റില്‍ 53,840 യൂണിറ്റുകളായിരുന്നു കയറ്റുമതി. വാര്‍ഷികാടിസ്ഥാനത്തില്‍ കയറ്റുമതി 14.85 ശതമാനം ഉയര്‍ന്നു. ഓഗസ്റ്റിലെ ആകെ വില്‍പ്പനയില്‍ കയറ്റുമതിയുടെ വിഹിതം 10.68 ശതമാനമായിരുന്നു.
സ്വന്തം കഥയാണ് ഗ്രന്ഥകാരി വിസ്തരിക്കുന്നതെങ്കിലും അത് സ്വാഭാവികമായും കുടുംബത്തിലേക്കും നാട്ടിലേക്കും പടര്‍ന്നു പോകുന്നു. അരനൂറ്റാണ്ട് മുമ്പത്തെ മലബാറിന്റെ ചിത്രം വ്യക്തമായി ഈ ഓര്‍മ്മക്കുറിപ്പുകളില്‍നിന്നും കിട്ടും. നാട്ടിന്‍പുറത്തിന്റെ നാഡിമിടിപ്പുകള്‍ അനവദ്യസുന്ദരമായ രീതിയില്‍ ആവിഷ്‌കരിച്ച ആഖ്യായികയാണ് ഈ പുസ്തകം. വ്യത്യസ്ത മാനസികനിലകളുള്ള വ്യക്തികളുടെ അകതാരിലെ ആശയങ്ങളെ അവധാനതയോടെ കോറിയിടുന്നുണ്ട് എഴുത്തുകാരി. മാപ്പിളപ്പെണ്ണിന്റെ ലോകം എത്ര വ്യത്യസ്തമാണെന്ന് ഇതിലെ വരികള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ‘ഇമ്മുട്ടിയും ബീച്ചുണ്ണിയും : ഏറനാടന്‍ ഓര്‍മ്മക്കുറിപ്പുകള്‍’. പി.വി സുബൈദ. മാതൃഭൂമി. വില 212 രൂപ.
അമേരിക്കന്‍ ജേണല്‍ ഓഫ് റെസ്പിറേറ്ററി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനില്‍ നടത്തിയ പഠനത്തില്‍, ഒരു ദിവസം അഞ്ച് സിഗരറ്റില്‍ താഴെ വലിക്കുന്ന പുകവലിക്കാരില്‍ പോലും, ആറ് മാസത്തിനുള്ളില്‍ ശ്വാസകോശത്തില്‍ വീക്കം സംഭവിക്കാമെന്ന് കണ്ടെത്തി. പുകവലി ഉപേക്ഷിച്ചതിനു ശേഷം സാധാരണ നിലയിലേക്ക് മടങ്ങാന്‍ കുറഞ്ഞത് ആറ് മാസമെടുക്കും. അതുകൊണ്ടാണ് പുകവലി നിര്‍ത്തിയതിനുശേഷവും രോഗബാധിതരാകുന്നത്. ശ്വാസകോശത്തിന്റെ വീണ്ടെടുക്കല്‍ സമയക്രമമനുസരിച്ച് 20 മിനിറ്റിനുള്ളില്‍ ഹൃദയമിടിപ്പ് കുറയാന്‍ തുടങ്ങുന്നു. 72 മണിക്കൂറിനുള്ളില്‍ ശ്വാസനാളങ്ങള്‍ വിശ്രമിക്കുമ്പോള്‍ ശ്വസനം മെച്ചപ്പെടുന്നു. ഒന്നു മുതല്‍ ഒമ്പതു മാസത്തിനുള്ളില്‍ സിലിയറി പ്രവര്‍ത്തനം ക്രമേണ പുനഃസ്ഥാപിക്കപ്പെടുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാത സാധ്യത പകുതിയായി കുറയുന്നു. അഞ്ച് മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ പക്ഷാഘാതത്തിനും ശ്വാസകോശ അര്‍ബുദത്തിനും സാധ്യത ഗണ്യമായി കുറയുന്നു. നിക്കോട്ടിന്‍ ആസക്തി ശാരീരികം മാത്രമല്ല, നാഡീവ്യവസ്ഥയ്ക്കും ബാധിക്കുന്നു. ഇച്ഛാശക്തി കൊണ്ട് മാത്രം നിക്കോട്ടിനെതിരെ പോരാടാന്‍ ശ്രമിക്കരുത്. നിക്കോട്ടിന്‍ നിങ്ങളുടെ തലച്ചോറിന്റെ പ്രതിഫല പാതകളെ പുനഃക്രമീകരിക്കുന്നു, അതുകൊണ്ടാണ് ആസക്തികള്‍ വളരെ തീവ്രമായി അനുഭവപ്പെടുന്നത്. ആസക്തി സാധാരണയായി മൂന്ന് മുതല്‍ അഞ്ച് മിനിറ്റ് വരെ മാത്രമേ ഉയരുകയുള്ളൂ. നിങ്ങള്‍ക്ക് ആ സമയം കൈകാര്യം ചെയ്യാന്‍ കഴിയുമെങ്കില്‍, ക്രമേണ ഈ ചക്രം തകര്‍ക്കാന്‍ കഴിയും.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 94.46, പൗണ്ട് – 127.87, യൂറോ – 109.81, സ്വിസ് ഫ്രാങ്ക് – 116.85, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 68.03, ബഹറിന്‍ ദിനാര്‍ – 251.06, കുവൈത്ത് ദിനാര്‍ -305.79, ഒമാനി റിയാല്‍ – 245.69, സൗദി റിയാല്‍ – 25.34, യു.എ.ഇ ദിര്‍ഹം – 25.74, ഖത്തര്‍ റിയാല്‍ – 25.91, കനേഡിയന്‍ ഡോളര്‍ – 68.44.
