മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘കിരീടം’ സാങ്കേതികമായി കൂടുതല്‍ മികവുറ്റതാക്കി വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. ജൂലായ് 10ന് ആണ് മോഹന്‍ലാല്‍-ലോഹിതദാസ്- സിബി മലയില്‍ ടീമിന്റെ ഈ ക്ലാസിക് ചിത്രം റീ റിലീസിനൊരുങ്ങുന്നത്. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ കിരീടം, 37 വര്‍ഷങ്ങള്‍ക്കിപ്പുറം 4കെ ദൃശ്യമേന്മയിലും ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് ക്വാളിറ്റിയിലുമായിരിക്കും തിയറ്ററുകളിലെത്തുക. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാകെ തകര്‍ത്ത്, ഒരു ചെറുപ്പക്കാരനെ കുറ്റവാളിയും ഗുണ്ടയുമാക്കി അയാളുടെ ശിരസില്‍ ഉറച്ചുപോയ മുള്‍ക്കിരീടം ആണ് ലോഹിതദാസ് സിബി മലയില്‍ കൂട്ടുകെട്ടിലൂടെ കിരീടം എന്ന മികച്ച ക്ലാസിക്കായി മാറിയത്. മോഹന്‍ലാല്‍-തിലകന്‍ കൂട്ടുകെട്ട് സ്‌ക്രീനില്‍ തകര്‍ത്തഭിനയിച്ച ആ ചിത്രത്തില്‍ മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, പാര്‍വതി, മുരളി, കൊച്ചിന്‍ ഹനീഫ, കവിയൂര്‍ പൊന്നമ്മ, മോഹന്‍രാജ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു, ജഗദീഷ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.
