ബെംഗളുരു മെട്രോയുടെ നിര്‍മ്മാണത്തിലിരുന്ന തൂൺ തകർന്ന് വീണ് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. മെട്രോ നിര്‍മ്മാണത്തിൽ എന്ത് സുരക്ഷാ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു. ബെംഗളുരു മെട്രോക്ക് പുറമെ ബെംഗളുരു കോർപ്പറേഷൻ, കരാറുകാർ തുടങ്ങിയവരും കോടതി നടപടികൾ നേരിടേണ്ടി വരും. ജനുവരി 10നാണ് നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് അമ്മയും കുഞ്ഞും മരിച്ചത്. അപകടം നടന്ന സ്ഥലത്ത് ഹൈദരാബാദ് ഐഐടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി. ബെംഗളൂരു മെട്രോ ലിമിറ്റഡിന്റെ നിർദ്ദേശ പ്രകാരം ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസും പരിശോധനകൾ നടത്തി വരികയാണ്.
ബെംഗളുരു മെട്രോയുടെ തൂൺ തകർന്ന് വീണ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി
