2023 ജൂണിലാണ് ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി മാരുതി സുസുക്കി ജിമ്നി അവതരിപ്പിക്കുന്നത്. ഓഫ് റോഡ് മികവുള്ള 5 ഡോര്‍ എസ്യുവിയായ ജിമ്നിയുടെ വില്പന ഒരു ലക്ഷം യൂണിറ്റുകള്‍ എന്ന കടമ്പ കടന്നിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 1,02,024 ജിമ്നികള് വിറ്റുവെന്നാണ് കണക്ക്. 2025 ഏപ്രില്‍ വരെയുള്ള കണക്കെടുത്താല്‍ ഇന്ത്യന്‍ വിപണിയില്‍ 26,180 യൂണിറ്റുകള്‍ വിറ്റുപോയപ്പോള്‍ വിദേശത്ത് 75,844 യൂണിറ്റുകള്‍ വിറ്റിട്ടുണ്ട്. ഒരു ലക്ഷം എന്ന വലിയ നാഴികക്കല്ലു പിന്നിട്ടപ്പോഴും വില്പനയുടെ കണക്കുകളില്‍ എതിരാളിയായ മഹീന്ദ്ര ഥാറിനേക്കാള്‍ ഏറെ പിന്നിലാണ് ജിമ്നി. മാരുതി സുസുക്കി ജിമ്നിയുടെ 3 ഡോര്‍ വകഭേദത്തിന് രാജ്യാന്തര വിപണിയില്‍ നല്ല സ്വീകാര്യതയാണ്. ഇതിന്റെ തുടര്‍ച്ചക്കായി 5 ഡോര്‍ ജിമ്നിയെ ഇന്ത്യയില്‍ കമ്പനി അവതരിപ്പിച്ചു. ഇന്ത്യയില്‍ 12.75 ലക്ഷം രൂപയാണ് വില. 1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്ജിന് 105എച്ച്പി കരുത്തും 134എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ട്രാന്സ്മിഷന്. ഇന്ധനക്ഷമത 16.94 കിലോമീറ്റര്‍. ഓട്ടമാറ്റിക്കിന് ലിറ്ററിന് 16.39 കിലോമീറ്റര്‍.
ഒരു ലക്ഷം യൂണിറ്റ് കടന്ന് ജിമ്നിയുടെ വില്പന
