കോക്ക്റോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയ്ക്ക് തൊട്ടുമുൻപ് അതിവേഗ നീക്കവുമായി ദില്ലി പൊലീസ്. തിരംഗ യാത്രയ്ക്ക് എത്തിയ സിജെപി നേതാവ് അഭിജിത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ ദേശീയ പതാകയുമായി പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. സൗരവ് ഭരദ്വാദിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധത്തിനിടെ നേഹ ബോറയെയും പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു.
കൊണാട്ട് പ്ലെയിസിലെ തിരംഗ യാത്രയിൽ അടിയന്തര ഇടപെലിന് തയ്യാറാകാതെ സുപ്രീംകോടതി. എല്ലാവർക്കും നല്ല ബുദ്ധിയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സമരം കച്ചവടക്കാർക്ക് തിരിച്ചടിയായാൽ പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ കേസുകൾ യുഡിഎഫ് – ബിജെപി ഒത്തുകളിയുടെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരെയും കേൾക്കാതെ ഏകപക്ഷീയമായി എഫ്ഐആർ ഇടാമെന്ന് ഹൈക്കോടതി വിധി പ്രഖ്യാപിച്ചു.
മുസ്ലിം ലീഗ് മതവികാരം ഇളക്കിവിട്ട് വർഗീയത പ്രചരിപ്പിക്കുകയാണെന്ന് പി ജയരാജൻ. തൃക്കരിപ്പൂരിലെ പ്രചാരണത്തിൽ ലീഗ് പച്ചയായ വർഗീയതയാണ് അഴിച്ചുവിട്ടതെന്നും ആരോപിച്ചു. ലീഗിന്റെ വർഗീയത തടയുമെന്നും വരച്ച വരയിൽ നിർത്തുമെന്നും ജയരാജൻ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് ഭക്ഷ്യഭദ്രത ഉറപ്പാക്കുന്നതിനായി സപ്ലൈകോയുടെ നേതൃത്വത്തിലുള്ള നെല്ലുസംഭരണം വർധിപ്പിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. പൊതുവിതരണവകുപ്പിന്റെ സമഗ്രമായ നവീകരണവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സപ്ലൈകോ സ്റ്റോറുകളും നടപ്പാക്കും. ലോക ഭക്ഷ്യ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത.
തീര്ത്ഥാടന മുന്നൊരുക്കങ്ങള് വിലയിരുത്താന് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും. രാവിലെ ഒന്പതിന് നിലക്കലില് എത്തുന്ന മുഖ്യമന്ത്രി വി ഡി സതീശനും ദേവസ്വം മന്ത്രി കെ മുരളീധരനും തീര്ത്ഥാടന മുന്നൊരുക്കങ്ങള് പരിശോധിക്കും
നെടുമ്പാശേരി മിനികൂപ്പർ അപകടക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ ശക്തമായ വാദപ്രതിവാദങ്ങൾ നടന്നു. സ്കൂട്ടറിൽ 3 പേർ യാത്ര ചെയ്തതടക്കം ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചപ്പോൾ, പ്രതികൾ മദ്യപിച്ചിരുന്നതടക്കം പ്രോസിക്യൂഷനും ആയുധമാക്കി. നാളെയാകും വിധി.
കൊല്ലത്ത് നടക്കുന്ന ടേബിൾ ടെന്നിസ് ടൂർണമെൻ്റിനെതിരെ പരാതിയുമായി മത്സരാർത്ഥികളും പരിശീലകരും. മത്സരത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് ടൂർണമെൻ്റ് നടത്തുന്നതെന്നാണ് പരാതി.
കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് യുഡിഎഫ് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. സുധാ പിള്ള കമ്മിറ്റി റിപ്പോർട്ട് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും ഇത് ഭാവി തലമുറയോട് ചെയ്യുന്ന ക്രൂരതയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാസപ്പടി കേസിൽ പിണറായി വിജയന് ഇഡി സമൻസ് അയച്ചതിന് പിന്നിൽ യുഡിഎഫ്-ബിജെപി ഗൂഢാലോചനയാണെന്ന് സിപിഎം ആരോപിച്ചു. അമേരിക്കയിൽ നിന്ന് ട്രംപ് വന്ന് അന്വേഷിച്ചാലും പിണറായിയെ അഴിമതിക്കാരനാക്കാനാവില്ലെന്ന് എ വിജയരാഘവൻ അഭിപ്രായപ്പെട്ടു
തുലാമാസ പൂജകൾക്കായി ശബരിമലയിൽ നട തുറക്കുമ്പോൾ ദർശനത്തിനായി വൻ ബുക്കിംഗ്. നട തുറക്കുന്ന നാളെ മാത്രം 30,000 തീർഥാടകർ ഓൺലൈൻ വഴി ദർശനം ബുക്ക് ചെയ്തിട്ടുണ്ട്. ഇതോടെ വൻ ഭക്തജനത്തിരക്കാകും ക്ഷേത്രം സാക്ഷ്യം വഹിക്കുകയെന്ന് ഉറപ്പായി. പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ മണ്ഡലകാലത്തിന് സമാനമായ രീതിയിലുള്ള ബുക്കിങ് ആണ് തുടരുന്നത്.
മാറ്റിവച്ച ഹയർ സെക്കണ്ടറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ശനിയാഴ്ച രണ്ട് നേരമായി നടത്താനുള്ള തീരുമാനം തികച്ചും വിദ്യാർത്ഥിവിരുദ്ധമാണെന്നും തീരുമാനം പിൻവലിക്കണമെന്നും ഹയർസെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ. ഏറെ പ്രാധാന്യമേറിയ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ തികച്ചും ലാഘവത്വത്തോടെ കണ്ട് പ്രഹസനമാക്കുന്ന നടപടി ഏറെ പ്രതിഷേധാർഹമാണെന്നും എച്ച് എസ് എസ് ടി എ അഭിപ്രായപ്പെട്ടു.
ബോഡി ബില്ഡര്മാരായ ചിത്തരേശ് നടേശന്റയും ഷിനു ചൊവ്വയുടെയും പൊലീസ് നിയമനവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില് വിജിലന്സ് അന്വേഷണത്തിന് നേരിട്ട് ഉത്തരവിടാതെ ഹൈക്കോടതി. ചട്ടലംഘനം മാത്രം അഴിമതിയായി കണക്കാക്കാന് സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഹൂത്തി-സൗദി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ആശങ്കകളെ തുടർന്ന് റിയാദിൽ നടത്താൻ നിശ്ചയിച്ചിരുന്ന നിർണായക ഗൾഫ് – യൂറോപ്പ് ഉച്ചകോടി മാറ്റി വെച്ചു. ഈ മാസം 24 ന് നടത്താൻ തീരുമാനിച്ച ഉച്ചകോടിക്ക് പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല.
കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിയെ കുറിച്ചുള്ള പഠനത്തിനായി വീണ്ടും കമ്മിറ്റിയെ രൂപീകരിച്ച് സംസ്ഥാന സർക്കാർ. പ്രിയദർശിനി സർവീസുകൾ സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങൾ പഠിക്കാനാണ് കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി മെമ്പർ സുരേഷ് ബാബുവാണ് കമ്മിറ്റി ചെയർമാൻ.
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ തൃശ്ശൂർ സന്ദർശനം മാറ്റിവെച്ചു. കല്യാണിന്റെ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് വിജയ് എത്തില്ല. കനത്ത മഴയെ തുടർന്ന് ഹെലികോപ്റ്റർ മാർഗം വരാൻ കഴിയാത്തതുകൊണ്ടാണ് സന്ദർശനം മാറ്റിവെച്ചത്.
എറണാകുളം മുണ്ടംവേലിയിലെ പി ആൻ് റ്റി ലൈഫ് മിഷൻ ഫ്ലാറ്റ് വാസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്. ഫ്ലാറ്റ് വാസികളെ അടിയന്തരമായി മാറ്റിപാർപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.
മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന പറഞ്ഞ് നടത്തിയ തട്ടിപ്പിൽ മുന് കായിക മന്ത്രി വി അബ്ദുറഹിമാനെതിരായ വിജിലൻസ് അന്വേഷണത്തിന് സര്ക്കാര് ഗവർണ്ണരുടെ അനുമതി തേടി. ഫയൽ മുഖ്യമന്ത്രി ലോക്ഭവന് കൈമാറി.
പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ കേസുകൾ യുഡിഎഫ് – ബിജെപി ഒത്തുകളിയുടെ ഭാഗമെന്ന് എം വി ഗോവിന്ദൻ. എക്സാലോജിക് കേസിൽ തുമ്പില്ലെന്ന് മനസിലായതോടെ പുതിയ കേസ് വേണം എന്നായി. അതാണ് ഹവാല കേസെന്നും അദ്ദേഹം പറഞ്ഞു.
വടകര കാഫിര് സ്ക്രീൻഷോട്ട് കേസിൽ മൂന്നുപേരെ കൂടി പ്രതിചേര്ത്ത് പൊലീസ്. സ്ക്രീൻഷോട്ട് ഫേസ്ബുക്കിലൂടെ ഷെയര് ചെയ്ത തൃശ്ശൂര് സ്വദേശിയും ഡിവൈഎഫ്എഫ്ഐ പ്രവര്ത്തകനുമായ വഹാബ്, സിപിഎം പ്രവര്ത്തകരായ നാദാപുരം സ്വദേശി അതുൽ, തിരുവള്ളൂര് സ്വദേശി അതുൽപ്രസാദ് എന്നിവരെ പ്രതി ചേര്ത്ത് പൊലീസ് കോടതിയിൽ റിപ്പോര്ട്ട് നൽകി.
മിന്നൽ ഉൾപ്പെടെയുള്ള കെഎസ്ആർടിസി ദീർഘദൂര ബസുകളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി സീറ്റ് ബെൽറ്റ് ഏർപ്പെടുത്തുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. എംഎൽഎ അബിൻ വർക്കിയുടെ ചോദ്യത്തിന് മറുപടിയായി ഗതാഗത മന്ത്രി സി പി ജോൺ ആണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളാൽ രാജ്യതലസ്ഥാനം ഇന്നും സമര-സംഘർഷ ഭൂമിയായി. കോക്ക്റോച്ച് ജനത പാർട്ടി (സി ജെ പി) പ്രഖ്യാപിച്ച ‘തിരംഗ യാത്ര’യും ഇതിനൊപ്പം തന്നെ എസ് എഫ് ഐ, ഡി വൈ എഫ് ഐ, ഐസ, എ ഐ എസ് എഫ്, എ ഐ വൈ എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകളും പൗരാവകാശ പ്രവർത്തകരും ഒഴികിയെത്തിയതോടെ ദില്ലി സംഘർഷഭരിതമായി.
ദില്ലിയിലെ പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ എൻ എസ് യു ഐ നേതാവ് ആതിരയുടെ പരാതിയിൽ ഒളിച്ചുകളി തുടർന്ന് പൊലീസ്. പൊലീസുകാർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പുലർച്ചെ വരെ ആതിര അടക്കമുള്ള എൻ എസ് യു നേതാക്കൾ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.
ഡൽഹിയിൽ വിദ്യാർത്ഥിനികളെ ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിക്കെതിരെ രാഹുൽ ഗാന്ധി രംഗത്ത്. കേരളത്തിലും രാജസ്ഥാനിലും ശക്തമായ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അമിത് ഷായുടെ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസിന്റെ നടപടിയെ 1930ലെ ധർശന സത്യാഗ്രഹത്തോടാണ് അദ്ദേഹം ഉപമിച്ചത്.
സർക്കാർ ജീവനക്കാരുടെ സർവീസ് കാലാവധി 10 മുതൽ 15 വർഷമായി ചുരുക്കണമെന്ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി നിർദ്ദേശിച്ചു. യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനും ഒരു കുടുംബത്തിൽ ഒരാൾക്ക് മാത്രം സർക്കാർ ജോലി നൽകാനുമാണ് ഈ വിവാദ നിർദ്ദേശം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കാനഡ സന്ദർശിക്കും. ഡിസംബർ 11, 12 തീയതികളിലാകും നരേന്ദ്ര മോദി എത്തുക എന്ന് കാനഡ പ്രഖ്യാപിച്ചു. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് ശേഷം വഷളായ ഇന്ത്യ-കാനഡ ബന്ധം വീണ്ടും മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
കടുത്ത എതിർപ്പുകളെ തുടർന്ന് വോട്ടർ പട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർണായക മാറ്റങ്ങൾ വരുത്തി. 17 സംസ്ഥാനങ്ങളിൽ പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള എസ്എസ്ആർ നടപടികൾ ആരംഭിക്കാനും രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടർ പട്ടികയുടെ ഡിജിറ്റൽ കോപ്പികൾ നൽകാനും തീരുമാനിച്ചു.
സുരക്ഷാ കാരണങ്ങളാൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെക്കുന്നത് ഇന്ത്യൻ വിമാന കമ്പനികൾ നീട്ടി. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ തുടങ്ങിയവയാണ് ഒക്ടോബർ അവസാന വാരം വരെ സർവീസുകൾ റദ്ദാക്കിയത്. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകുകയോ തീയതി മാറ്റി നൽകുകയോ ചെയ്യുമെന്ന് കമ്പനികൾ അറിയിച്ചു.
