മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അറിയിച്ചു. മോചനത്തിനായി ഇറാൻ ഇടപെടുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് നേരത്തെ വന്നിരുന്നു. നിമിഷയുടെ മാത്രമല്ല മറ്റു പലരുടെയും മോചനത്തിനായി ശ്രമിക്കുന്നുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ചിരുന്നു. നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് കേന്ദ്ര മന്ത്രി കീർത്തിവർധൻ സിംഗ് മറുപടി നൽകി. ഇനിയുള്ള നടപടികൾക്കായി നിമിഷപ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മിൽ ചർച്ച തുടരുകയാണെന്നും വിദേശ കാര്യ മന്ത്രി പറഞ്ഞു.
നിമിഷ പ്രിയയുടെ മോചനത്തിൽ ഇടപെടുന്നതായി സ്ഥിരീകരിച്ച് ഇറാൻ
