ഇന്ത്യയിലെ കാന്‍സര്‍ ബാധിതരിലെ മരണ നിരക്ക് ഞെട്ടിപ്പിക്കുന്നതെന്ന് പഠനം. രാജ്യത്തെ കാന്‍സര്‍ സ്ഥിരീകരിച്ച അഞ്ചില്‍ മൂന്ന് പേരും മരണത്തിന് കീഴടങ്ങുന്ന നിലയാണുള്ളതെന്നും ആഗോള കാന്‍സര്‍ ഡാറ്റ ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ മരണ നിരക്ക് കൂടുതലാണെന്നും പഠനം പറയുന്നു. ഗ്ലോബല്‍ കാന്‍സര്‍ ഒബ്സര്‍വേറ്ററി 2022, ഗ്ലോബല്‍ ഹെല്‍ത്ത് ഒബ്സര്‍വേറ്ററി എന്നിവയുടെ കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ വിവിധ പ്രായ വിഭാഗങ്ങള്‍, ലിംഗഭേദങ്ങള്‍ എന്നിവയിലെ 36 തരം അര്‍ബുദ രോഗാവസ്ഥകള്‍ പരിശോധിച്ചാണ് പഠനം ഇത്തരം ഒരു നിഗമനത്തിലെത്തുന്നത്. ദി ലാന്‍സെറ്റ് ഹെല്‍ത്ത് സൗത്ത് ഈസ്റ്റ് എഷ്യ ജേണലിലെ റിപ്പോര്‍ട്ട് പ്രകാരം യുഎസിലെ കാന്‍സര്‍ ബാധിതരില്‍ നാലില്‍ ഒന്നും, ചൈനയില്‍ രണ്ടില്‍ ഒന്നുമാണ്. കാന്‍സര്‍ രോഗമുക്തിയിലെ ഈ നിരാശപ്പെടുത്തുന്ന ഈ നിരക്ക് മറികടക്കുക എന്നതായിരിക്കും വരുന്ന രണ്ട് ദശകങ്ങളില്‍ ആരോഗ്യമേഖലയില്‍ ഇന്ത്യ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. സ്ത്രീകളിലെ കാന്‍സര്‍ രോഗബാധയാണ് രാജ്യം നേരിടുന്ന മറ്റൊരു പ്രതിസന്ധി. പുതിയ കാന്‍സര്‍ ബാധിതരില്‍ 30 ശതമാനവും സ്തനാര്‍ബുദ ബാധിതരാണ്. വയോജനങ്ങളിലാണ് രാജ്യത്ത് അര്‍ബുദ ബാധ ഏറ്റവും കൂടുതല്‍ സ്ഥിരീകരിക്കുന്നത്. 70 വയസ് പിന്നിട്ടവരാണ് ഈ പട്ടികയില്‍ കൂടുതല്‍. 15 – 45 വയസിന് ഇടയില്‍ ഉള്ളവരിലാണ് രോഗ ബാധിതരില്‍ രണ്ടാമതുള്ളത്.
ഇന്ത്യയിലെ കാന്‍സര്‍ മരണ നിരക്ക് ഞെട്ടിപ്പിക്കുന്നത്
