സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യന്‍ പണം 2024 ല്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ച് 354 കോടി സ്വിസ് ഫ്രാങ്കായി (ഏകദേശം 37,600 കോടി രൂപ). 2021 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. ബാങ്ക് ചാനലുകളിലൂടെയും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലൂടെയും ലഭിച്ച ഫണ്ടുകളില്‍ നിന്നാണ് നിക്ഷേപത്തിന്റെ ഭൂരിഭാഗവുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യക്തിഗത ഉപഭോക്താക്കളില്‍ നിന്നുളള നേരിട്ട് നിക്ഷേപങ്ങള്‍ 34.6 കോടി സ്വിസ് ഫ്രാങ്കാണ് (ഏകദേശം 3,675 കോടി രൂപ). ഇന്ത്യയുമായി ബന്ധപ്പെട്ട മൊത്തം ഫണ്ടുകളുടെ പത്തിലൊന്ന് മാത്രമാണ് ഇത്തരത്തിലുളള നിക്ഷേപങ്ങള്‍. കഴിഞ്ഞ ദശകത്തില്‍ സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ നിക്ഷേപത്തില്‍ ഏകദേശം 18 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2015 ല്‍ ഏകദേശം 42.5 കോടി ഫ്രാങ്ക് ആയിരുന്നത് 2024 ല്‍ 34.6 കോടി സ്വിസ് ഫ്രാങ്കായി. 2023 ല്‍ നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയായ 104 കോടി സ്വിസ് ഫ്രാങ്കില്‍ ഇന്ത്യന്‍ നിക്ഷേപം എത്തിയിരുന്നു. 2006 ലെ 650 കോടി സ്വിസ് ഫ്രാങ്കിന്റെ നിക്ഷേപമാണ് എക്കാലത്തെയും ഉയര്‍ന്ന നിരക്ക്. സ്വിസ് ബാങ്കുകളിലെ ഫണ്ടുകളുടെ കാര്യത്തില്‍ ഇന്ത്യ ആഗോളതലത്തില്‍ 48-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു, കഴിഞ്ഞ വര്‍ഷം 67-ാം സ്ഥാനത്തായിരുന്നു. 2022 അവസാനത്തോടെ ഇന്ത്യയുടെ റാങ്കിംഗ് 46-ാം സ്ഥാനത്തായിരുന്നു. പാകിസ്ഥാന്റെ നിക്ഷേപം 27.2 കോടി സ്വിസ് ഫ്രാങ്കായി കുറഞ്ഞു. അതേസമയം ബംഗ്ലാദേശിന്റെ ഫണ്ട് 58.9 കോടി സ്വിസ് ഫ്രാങ്കായി കുത്തനെ ഉയരുകയും ചെയ്തു.
സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ പണം മൂന്നിരട്ടിയായി
