പ്രമുഖ ജര്‍മ്മന്‍ ബാങ്കായ ദോയ്ചെ ബാങ്കിന്റെ ഇന്ത്യയിലെ റീട്ടെയില്‍, വെല്‍ത്ത് മാനേജ്മെന്റ് ബിസിനസുകള്‍ ഏറ്റെടുക്കാന്‍ കൊട്ടക് മഹീന്ദ്ര ബാങ്കും ഫെഡറല്‍ ബാങ്കും സജീവമായ ചര്‍ച്ചകളില്‍. തങ്ങളുടെ ഏക യൂറോപ്യന്‍ ഇതര റീട്ടെയില്‍ വിപണിയായ ഇന്ത്യയില്‍ നിന്ന് പൂര്‍ണമായി പുറത്തുകടക്കുന്നതിനുളള നീക്കങ്ങളിലാണ് ദോയ്ചെ ബാങ്ക്. ആഗോളതലത്തില്‍ ലാഭക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി സിഇഒ ക്രിസ്റ്റ്യന്‍ സേവിങ്ങിന്റെ നേതൃത്വത്തില്‍ നടക്കുന്ന വലിയ പുനഃസംഘടനയുടെ ഭാഗമായാണ് ദോയ്ചെ ബാങ്ക് ഈ വിഭാഗം വില്‍ക്കാന്‍ ഒരുങ്ങുന്നത്. വ്യക്തിഗത വായ്പകള്‍, മോര്‍ട്ട്ഗേജുകള്‍, കൂടാതെ വെല്‍ത്ത് മാനേജ്മെന്റ് ആസ്തികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് വില്‍പ്പനയ്ക്കുള്ള പോര്‍ട്ട്ഫോളിയോ. 2025 മാര്‍ച്ച് വരെ ഏകദേശം 25,038 കോടി രൂപയുടെ റീട്ടെയില്‍ ആസ്തികളാണ് ഈ വിഭാഗത്തിനുള്ളത്. ഈ ഏറ്റെടുക്കല്‍ വിജയകരമായാല്‍ കൊട്ടക്, ഫെഡറല്‍ ബാങ്കുകള്‍ക്ക് ദോയ്ചെ ബാങ്കിന്റെ ലാഭകരമായ വെല്‍ത്ത് മാനേജ്മെന്റ് സെഗ്മെന്റിലേക്കും റീട്ടെയില്‍ ബിസിനസ് ബുക്കിലേക്കും പ്രവേശനം ലഭിക്കും.
