വിദേശ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളെ അമിതമായി ആശ്രയിക്കുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്കും സാങ്കേതിക സ്വാതന്ത്ര്യത്തിനും വലിയ ഭീഷണിയാണെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനമായ ബേണ്‍സ്‌റ്റൈന്‍. കൃത്യമായ പ്രതിരോധ നടപടികള്‍ ഇല്ലെങ്കില്‍ ഭാവിയില്‍ ഇന്ത്യ ഒരു ‘എ.ഐ ബ്ലാക്ക്ഔട്ട്’ നേരിടേണ്ടി വന്നേക്കാമെന്നും ബേണ്‍സ്‌റ്റൈന്‍ മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങള്‍ വിദേശ പൗരന്മാര്‍ക്ക് അത്യാധുനിക എ.ഐ മോഡലുകള്‍ നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍, ഇന്ത്യന്‍ ഐ.ടി മേഖലയുടെയും കമ്പനികളുടെയും പ്രവര്‍ത്തനം ഒറ്റരാത്രികൊണ്ട് സ്തംഭിച്ചേക്കാം. ഡാറ്റാ ചോര്‍ച്ചയും അമിത വിലയും ഇതിന്റെ മറ്റ് വെല്ലുവിളികളാണെന്നും ബേണ്‍സ്‌റ്റൈന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള എ.ഐ വിപണി ചുരുക്കം ചില വന്‍കിട കമ്പനികളിലേക്ക് ചുരുങ്ങുന്നതിന് മുന്‍പ് ഇന്ത്യ സ്വന്തം ഫൗണ്ടേഷണല്‍ മോഡലുകള്‍ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നാണ് വിദേശ ബ്രോക്കറേജ് സ്ഥാപനം പറഞ്ഞുവെക്കുന്നത്.
ഇന്ത്യയെ കാത്തിരിക്കുന്നത് ‘എ.ഐ ബ്ലാക്ക്ഔട്ട്’
